UPDATES

വിദേശം

പോപ്പ് ഫ്രാന്‍സിസ് ആഫ്രിക്കയോട് പറഞ്ഞത്

Avatar

കെവിന്‍ സീഫ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നവംബര്‍ അവസാന വാരം പോപ്പ് ഫ്രാന്‍സിസ് കെനിയയില്‍ സന്ദര്‍ശനം നടത്തി. പോപ്പിന്‍റെ ആദ്യ ആഫ്രിക്കന്‍ സന്ദര്‍ശനമായിരുന്നു അത്. ലോകത്തെ ഏറ്റവും ദരിദ്രരായ സമൂഹങ്ങളെയും അന്തമില്ലാത്ത സംഘര്‍ഷങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന രാഷ്ട്രങ്ങളെയും ഈ അഞ്ചുദിവസത്തെ സന്ദര്‍ശനത്തില്‍ പോപ്പ് മുഖാമുഖം കണ്ടു.

കെനിയ,ഉഗാണ്ട,യുദ്ധം കീറിമുറിച്ച സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവടങ്ങളിലാണ് ഫ്രാന്‍സിസ് സന്ദര്‍ശനം നടത്തിയത്. സഭയുടെ ത്വരിതഗതിയില്‍ വളരുന്ന ഒരു ജനവിഭാഗത്തോടാണ് ഈ സന്ദര്‍ശനത്തില്‍ അദ്ദേഹം നേരിട്ടു സംസാരിച്ചത്. താന്‍ ഊന്നല്‍ നല്‍കുന്ന പ്രധാന വിഷയങ്ങള്‍ത്തന്നെ അദ്ദേഹം അവതരിപ്പിച്ചു: ആഗോള ദാരിദ്ര്യം, കാലാവസ്ഥാ മാറ്റം, വിശ്വാസങ്ങള്‍ക്കിടയിലെ ബഹുമാനം.

കെനിയയിലെ രാഷ്ട്രീയ,മത നേതാക്കളോടായുള്ള ഒരു പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു,“ഭയം, പരസ്പരാവിശ്വാസം, ദാരിദ്ര്യത്തിലും നിരാശയിലും നിന്നുണ്ടാകുന്ന മടുപ്പ് എന്നിവയാണ് ആക്രമത്തെയും ഏറ്റുമുട്ടലുകളെയും ഭീകരവാദത്തെയും വളര്‍ത്തുന്നത്.” കേട്ടിരുന്ന 2,000ത്തോളം പേര്‍ ഇടക്കിടെ കയ്യടിച്ചിരുന്നു.

കെനിയയില്‍ അദ്ദേഹം കണ്ടിരിക്കുക പാവപ്പെട്ട മനുഷ്യരുടെ ജീവിത നിലവാരം ഇനിയും ഉയര്‍ത്താന്‍ കഴിയാത്ത ഒരു കോസ്മോപൊളിറ്റന്‍ ആഫ്രിക്കന്‍ തലസ്ഥാനമാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് 40 ശതമാനത്തിലേറെ കെനിയക്കാരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.

കെനിയ അതിന്റെ ചരിത്രത്തിലെതന്നെ വലിയ അഴിമതി വിവാദത്തെ നേരിടുമ്പോഴാണ് പോപ്പിന്റെ സന്ദര്‍ശനം. പൊതുമുതല്‍ കൊള്ളയടിച്ചെന്ന ആരോപണത്തില്‍ അഞ്ചു മുതിര്‍ന്ന മന്ത്രിമാരെ പുറത്താക്കിയിരിക്കുന്നു.

അഴിമതിയെക്കുറിച്ച് ഫ്രാന്‍സിസ് കഴിഞ്ഞ ജൂലായില്‍ പറഞ്ഞത്,“അത് സമൂഹത്തെ ബാധിച്ച ഗാങ്ഗ്റീന്‍ ആണ്” എന്നാണ്.

കെനിയയിലെ നേതാക്കളോട് “സത്യസന്ധവും സുതാര്യവുമായി സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും, ഉത്തരവാദിത്തമുള്ള സാമ്പത്തിക വികസന മാതൃകകള്‍ പ്രോത്സാഹിപ്പിക്കാനും” പോപ് ആഹ്വാനം ചെയ്തു.

നെയ്റോബിയില്‍ വിമാനമിറങ്ങിയ പോപ്പിനെ സ്വാഹിലി ഭാഷയില്‍ ‘കരിബു കെനിയ, പാപ’/ കെനിയയിലേക്ക് സ്വാഗതം പോപ്, എന്ന് പാട്ടുപാടി നൃത്തം ചെയ്ത് സ്വീകരിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. വിമാനത്താവളത്തില്‍ നിന്നുള്ള ദേശീയപാത നിറയെ പോപ്പിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ തൂങ്ങിക്കിടന്നു.

കെനിയയിലെ ഡെയിലി നാഷന്‍ ദിനപത്രത്തില്‍ വന്ന തലക്കെട്ട്,“ആനന്ദക്കണ്ണീര്‍, പോപ്പ്   ഫ്രാന്‍സിസ് കെനിയയില്‍” എന്നാണ്.

പോപ്പിന്റെ ലാളിത്യത്തില്‍ നിന്നും രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പലതും പഠിക്കാമെന്ന് ചിലര്‍ പറഞ്ഞു. ഒരു സാധാരണ കാറിലാണ് അദ്ദേഹം വിമാനത്താവളത്തില്‍ നിന്നും പോയത്. “ഏത് സാധാരണ കെനിയക്കാരനും ഉപയോഗിയ്ക്കുന്ന തരത്തിലൊരു കാര്‍,”പത്രം പറഞ്ഞു.

പോപ്പിന് സ്വാഗതം പറയവെ രാജ്യത്തെ ബാധിച്ച അഴിമതിയെക്കുറിച്ചും പ്രസിഡണ്ട് ഉഹൂര്‍ കെന്യാത പറഞ്ഞു. “അന്യായമായ ലാഭത്തിനു വേണ്ടി അഴിമതി ജനങ്ങളെയും നമ്മുടെ പരിസ്ഥിതിയേയും ബലികഴിക്കുന്നു.”

സ്വവര്‍ഗരതിക്ക് ജീവപര്യന്തം തടവേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തുനിഞ്ഞ ഉഗാണ്ടയില്‍ ലിംഗ നീതി, ലൈംഗികത എന്നീ വിഷയങ്ങളെക്കുറിച്ച് പോപ് സംസാരിക്കും എന്നാണ് പലരും കരുതിയത്. സ്വവര്‍ഗാനുരാഗികളായ കത്തോലിക്കരെ സ്വീകരിക്കാന്‍ ഫ്രാന്‍സിസ് കുറെക്കൂടി തയ്യാറാണെങ്കിലും അത്തരം വിഷയങ്ങളില്‍ ദീര്‍ഘമായി നിലപാടുകള്‍ അവതരിപ്പിക്കുമെന്ന് ആരും കരുതുന്നില്ല.

ആഫ്രിക്കയിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പോപ്പിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി. കെനിയയില്‍ പ്രത്യേകിച്ചും, സൊമാലിയ ആസ്ഥാനമായ അല്‍-ശബാബ് എന്ന ഇസ്ളാമിക തീവ്രവാദി സംഘത്തിന്റെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണിത്. 2013-ല്‍ നെയ്റോബിയിലെ വാണിജ്യ സമുച്ചയത്തില്‍ നടന്ന ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്‍ കിഴക്കന്‍ കെനിയയിലെ സര്‍വ്വകലാശാല വളപ്പില്‍ നടന്ന ആക്രമണത്തില്‍ 147 പേരാണ് കൊല്ലപ്പെട്ടത്.

ഫ്രാന്‍സിസ് സന്ദര്‍ശിച്ച സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 2013-നു ശേഷം ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ 5,000-ത്തിലേറെ ജീവനുകളാണ് പൊലിഞ്ഞത്. ഇപ്പൊഴും കനത്ത പോരാട്ടം നടക്കുന്ന പ്രദേശമാനത്ത്. ഇതാദ്യമായാണ് ഒരു പോപ് ഇത്തരത്തിലൊരു സംഘര്‍ഷ പ്രദേശം സന്ദര്‍ശിക്കുന്നത്. യു.എന്‍ താവളങ്ങളടക്കം ഇവിടെ അരക്ഷിതമാണ്. കഴിഞ്ഞ മാസം ബറ്റാങ്ഗാഫോ അഭയാര്‍ത്ഥി താവളത്തില്‍ കയറിയ വിമത പോരാളികള്‍ കൂടാരങ്ങള്‍ക്ക് തീവെച്ചു. ഏതാണ്ട് 5,500-ലേറെ പേര്‍ക്കു മറ്റിടങ്ങളില്‍ അഭയം തേടേണ്ടതായി വന്നു.

എന്നാല്‍ ഇതൊന്നും ഫ്രാന്‍സിസിനെ പിന്തിരിപ്പിച്ചില്ല. കെനിയയിലേക്ക് പറക്കും വഴി സുരക്ഷ സാഹചര്യത്തില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്,“ഞാന്‍ കൂടുതല്‍ പേടിക്കുന്നത് കൊതുകുകളെയാണ്” എന്ന് പോപ്പ് മറുപടി നല്കി.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍