UPDATES

വിദേശം

രോഗം പോപ്പിനോ അതോ പള്ളിക്കോ?

Avatar

ടീം അഴിമുഖം

പോപ് ഫ്രാന്‍സിസിന്റെ ആരോഗ്യ നില സംബന്ധിച്ച് പുതിയ വാര്‍ത്ത വന്നതോടെ വത്തിക്കാന്‍ വീണ്ടും കിംവദന്തികളുടേയും ഉപജാപങ്ങളുടെയും പിടിയിലമര്‍ന്നിരിക്കുന്നു. ഇറ്റാലിയന്‍ ദിനപത്രമായ ക്വൊറ്റിഡ്യാനോ നാസ്യോനാലെ ബുധനാഴ്ചയാണ് പോപ് ഫ്രാന്‍സിസ് ബ്രെയിന്‍ ട്യൂമര്‍ രോഗിയാണെന്ന് ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത ശക്തമായി ഒന്നിലേറെ തവണ വത്തിക്കാന്‍ നിഷേധിച്ചിട്ടുണ്ട്. പോപിന്റെ അധികാരം അട്ടിമറിക്കാന്‍ സഭയ്ക്കകത്തു നടക്കുന്ന നീക്കത്തില്‍ പോപ് ഫ്രാന്‍സിസ് ഇരയാക്കപ്പെട്ടിരിക്കുകയാണെന്നാണ് തൊട്ടടുത്ത ദിവസം വത്തിക്കാന്‍ വക്താവ് പ്രതികരിച്ചത്. ഈ വാര്‍ത്ത തിരുസന്നിധാനത്തിനു ചുറ്റുമുള്ള കപട സൂത്രങ്ങളും ഉപജാപങ്ങളും നിറഞ്ഞ അന്തരീക്ഷത്തെ കൂടുതല്‍ ചൂടുപിടിപ്പിച്ചിരിക്കുന്നു.

അടിസ്ഥാനരഹിതമായ പോപിന്റെ രോഗ വാര്‍ത്ത 78-കാരനായ പോപിനെ അപകീര്‍ത്തിപ്പെടുത്താനും അദ്ദേഹത്തിന്റെ അധികാരം ക്ഷയിച്ചെന്നു വരുത്തിത്തീര്‍ക്കാനുമുള്ള ശത്രുക്കളുടെ ശ്രമമാണെന്ന് കത്തോലിക്ക സഭാ നേതൃത്വത്തിലുള്ള കര്‍ദിനാള്‍മാരും മറ്റും പറയുന്നു. ‘ചിലര്‍ക്ക് പോപിനെ പിടിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ഞങ്ങളെ (സിനഡ്) സ്വാധീക്കാനുള്ള ശ്രമമായിരിക്കും ഒരു പക്ഷേ ഈ പ്രചാരണം,’ പോപ് ഫ്രാന്‍സിസിന്റെ നിലപാടുകളോട് യോജിക്കുന്ന ജര്‍മ്മനിയില്‍ നിന്നുള്ള പുരോഗമനവാദിയായ ഒരു കര്‍ദിനാള്‍ പറയുന്നു. സിനഡിന്റെ അനന്തരഫലങ്ങളെക്കുറിച്ച് സഭയ്ക്കകത്തും പുറത്തുമുള്ള ചിലര്‍ക്ക് ശങ്കയുണ്ട്. ഈ രോഗ വാര്‍ത്ത സിനഡ് സമ്മേളനത്തിന്റെ അവസാനദിന ചര്‍ച്ചകളെ അലങ്കോലപ്പെടുത്താനുളള ഒരു ശ്രമമാണെന്നും അദ്ദേഹം പറയുന്നു.

വാര്‍ത്തയ്ക്കു പിന്നില്‍ ഗുഢാലോചനയുണ്ടെന്ന തരത്തിലാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. പോപ് ഫ്രാന്‍സിസിന്റെ പരിഷ്‌കരണ അജണ്ടയോടും സ്വവര്‍ഗബന്ധം പുര്‍ത്തുന്നവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പയോടും എതിര്‍പ്പുള്ള, വത്തിക്കാന്റെ പരമ്പരാഗത മാര്‍ഗത്തില്‍ നിന്നുള്ള വ്യതിചലനത്തില്‍ വിറളിപൂണ്ട സഭയിലെ യാഥാസ്ഥിതിക വിഭാഗമായിരിക്കാം ഇതിനു പിന്നിലെന്ന് മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു.

‘മരിച്ച പോപ്പിനെ ആര്‍ക്ക് വേണം?’ എന്നാണ് ഇല്‍ ജിയോര്‍നെയില്‍ എന്ന യാഥാസ്ഥിതിക പത്രത്തിന്റെ തലക്കെട്ട്. കത്തോലിക്ക പള്ളി ‘അരാജകത്വത്തി’ലമര്‍ന്നിരിക്കുകയാണ് എന്നും പത്രം പറയുന്നു. 

ക്വൊറ്റിഡ്യാനോ നാസ്യോനാലെ പത്രത്തിന് പോപിന്റെ രോഗ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തത് ആരായാലും അവരുടെ ലക്ഷ്യം പോപിന്റെ നിയമസാധുത അട്ടിമറിക്കുകയാണെന്ന് മുന്‍നിര വത്തിക്കാന്‍ വിദഗ്ധനായ മാസിമോ ഫ്രാന്‍കോ പറയുന്നു. തങ്ങള്‍ നോട്ടമിട്ടിട്ടുണ്ടെന്ന് പോപ് ഫ്രാന്‍സിസിനെ അറിയിക്കാന്‍ അദ്ദേഹത്തിന്റെ ശത്രുക്കള്‍ കെട്ടിച്ചമച്ചതായിരിക്കാം ഈ കഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മസ്തിഷ്‌കം ശരിയായി പ്രവര്‍ത്തിക്കാത്തതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ വിവാദ നടപടികളും പ്രസ്താവനകളും എന്നു വരുത്തിത്തീര്‍ക്കാന്‍ പോപിന്റെ ബുദ്ധി കൂര്‍മ്മത സംബന്ധിച്ച് സംശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും സംശയിക്കപ്പെടണമെന്ന് അദ്ദേഹം പറയുന്നു. പോപിന്റെ ചില പ്രസ്താവനകളോടും തീരുമാനങ്ങളോടും യാഥാസ്ഥിതികര്‍ക്കിടയില്‍ വിയോജിപ്പ് കൂടി വരുന്നതിനിടെയാണ് ഈ പ്രചരണമെന്നതും ശ്രദ്ധേയമാണ്.

അതേസമയം ഈ ഗൂഢാലോചനയ്ക്കു പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പോപിന് മാരകമല്ലാത്ത ബ്രെയിന്‍ ട്യൂമറാണെന്ന വാര്‍ത്ത നിഷേധിച്ച വത്തിക്കാന്‍ അദ്ദേഹം ആരോഗ്യവാനാണെന്ന് വ്യക്തമാക്കുകയും ചെയ്തു. മൂന്ന് തവണയാണ് ഈ വാര്‍ത്ത നിഷേധിച്ച് വത്തിക്കാന്‍ ശക്തമായി പ്രതികരിച്ചത്. വിശ്വാസ്യ യോഗ്യമല്ലാത്തതും നീതീകരണമില്ലാത്തതും മനസ്സാക്ഷിക്കു വിരുദ്ധവുമായ പ്രവര്‍ത്തിയെന്നാണ് ഈ വാര്‍ത്ത കെട്ടിച്ചമയ്ക്കലിനെ വത്തിക്കാന്‍ വിശേഷിപ്പിച്ചത്.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആഴ്ചതോറുമുള്ള വിശ്വാസി സംഗമത്തില്‍ പങ്കെടുത്ത ശേഷം മൂന്നാഴ്ച നീളുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു വരികയാണിപ്പോള്‍ പോപ്. പോപ് നല്ല ആരോഗ്യവാനാണെന്ന് തനിക്കു ഉറപ്പുപറയാന്‍ കഴിയുമെന്ന് വത്തിക്കാന്‍ മുഖ്യ വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം താന്‍ വ്യക്തിപരമായും വത്തിക്കാന്‍ ഉദ്യോഗസ്ഥരും പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘പോപ് രോഗിയാണ്’ എന്ന തലക്കെട്ടോടെയാണ് ക്വൊറ്റിഡ്യാനോ നാസ്യോനാലെ ഒന്നാം പേജില്‍ പോപിന്റെ രോഗ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പോപിന്റെ പതാകയുള്ള ഒരു ഹെലികോപ്ടറില്‍ ടസ്‌കാനിയില്‍ നിന്നും വത്തിക്കാനിലേക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു ജാപ്പനീസ് ഡോക്ടറെയും സംഘത്തേയും പോപിനെ പരിശോധിക്കാനായി രഹസ്യമായി കൊണ്ടുവന്നതായാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. പോപിന്റെ മസ്തിഷ്‌കത്തില്‍ ഒരു ചെറിയ കറുത്ത ഭാഗം പരിശോധനയില്‍ കണ്ടെത്തിയെന്നും എന്നാല്‍ ഇത് ശസ്ത്രക്രിയയില്ലാതെ സുഖപ്പെടുത്താവുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍ ജാപ്പനീസ് ഡോക്ടര്‍ പോപിനെ സന്ദര്‍ശിച്ചിട്ടില്ലെന്നും വാര്‍ത്തയില്‍ പറയുന്ന പോലുള്ള പരിശോധന നടന്നിട്ടില്ലെന്നും ഫാദര്‍ ഫെഡറിക്കോ വ്യക്തമാക്കി. പോപിനെ പരിശോധിച്ച ജാപ്പനീസ് ജോക്ടര്‍ തകാനൊറി ഫുക്കുഷിമയാണെന്നും വാര്‍ത്തയുണ്ടായിരുന്നു. അമേരിക്കയിലെ കരോലിന ന്യൂറോസയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്ന ഫുക്കുഷിമയുമായി ബന്ധപ്പെട്ടവര്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമെന്നു പറഞ്ഞ് തള്ളിയിട്ടുണ്ട്. വത്തിക്കാനില്‍ ഒരുമിച്ചു കൂടിയ ആയിക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം നിന്ന് ഫുക്കുഷിമ പോപിനെ ഹസ്തദാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തെ ചികിത്സിച്ചിട്ടില്ലെന്നും കരോലിന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫുക്കുഷിമയുടെ പ്രാക്ടീസ് അഡ്മിനിസ്‌ട്രേറ്റര്‍ ലോറി റാഡ്ക്ലിഫ് പറയുന്നു.

പോപ് പദവിയില്‍ ചുരുങ്ങിയ കാലയളവാണ് തനിക്കുള്ളതെന്ന് വിശ്വസിക്കുന്നതായും ജീവിതകാലം മുഴവന്‍ സഭയെ നയിക്കുന്നതിനു പകരം തന്റെ മുന്‍ഗാമിയെ പോലെ സ്ഥാനമൊഴിയാന്‍ ഒരുക്കമാണെന്നും സ്ഥാനമേറ്റെടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ മാര്‍ച്ചില്‍ ഒരു ടിവി അഭിമുഖത്തില്‍ പോപ് ഫ്രാന്‍സിസ് പറഞ്ഞിരുന്നു. വാതം മൂലമുള്ള കാല്‍വേദന മാറ്റി നിര്‍ത്തിയാല്‍ നല്ല ആരോഗ്യത്തോടെയാണ് കഴിഞ്ഞ മാസങ്ങളില്‍ പൊതുവേദികളില്‍ പോപ് പ്രത്യക്ഷപ്പെട്ടിരുന്നത്. കാല്‍വേദനയ്ക്ക് സ്ഥിരമായി തെറാപ്പിയും ചെയ്യുന്നുണ്ട്. ചെറു പ്രായത്തില്‍ പിടിപെട്ട ഒരു രോഗത്തെ തുടര്‍ന്ന് ശ്വാസ കോശത്തിന്റെ ഒരു ഭാഗം നഷ്ടമായിട്ടുണ്ട് എന്നതുമൊഴിച്ചാല്‍ പോപിന് മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉള്ളതായി സ്ഥിരീകരണമില്ല.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍