മിഷേല്‍ ബൂര്‍സ്റ്റെയിന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)
പോപ്പ് ഫ്രാന്‍സിസിന്റെ വക്താവും വത്തിക്കാന്‍ പ്രസ് ഓഫിസ് ഡയറക്ടറുമായി ഫോക്‌സ്, ടൈം മുന്‍ റിപ്പോര്‍ട്ടറായ ഗ്രഗ് ബുര്‍ക്കിനെ നിയമിച്ചു. സെയ്ന്റ് ലൂയിസില്‍നിന്നുള്ള അന്‍പത്തിയാറുകാരനായ ബുര്‍ക്ക് ഈ സ്ഥാനത്തെത്തുന്ന ആദ്യ അമേരിക്കക്കാരനാണ്. ഡപ്യുട്ടി വക്താവായി സ്പാനിഷ് ജേണലിസ്റ്റ് പലോമ ഗാര്‍സിയ ഒവേജെറോയെയും മാര്‍പാപ്പ നിയമിച്ചു. സഭയുടെ വാര്‍ത്താവിനിമയ അധികാരസ്ഥാനങ്ങളില്‍ ഒരു വനിതയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്.
10 വര്‍ഷമായി മാര്‍പാപ്പയുടെ വക്താവായിരുന്ന റവ. ഫെഡറിക്കോ ലൊംബാര്‍ഡിക്കു പകരമായാണ് ബുര്‍ക്കിന്റെ നിയമനം. ഇറ്റലിക്കാരനായ ഈശോസഭാംഗമായ ലൊംബാര്‍ഡി പ്രവര്‍ത്തനശൈലിയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. എഴുപത്തിമൂന്നുകാരനായ ലൊംബാര്‍ഡി വത്തിക്കാന്‍ പ്രസ് ഓഫിസ് ഡയറക്ടര്‍ സ്ഥാനത്തിനു പുറമെ 1991 മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ വത്തിക്കാന്‍ റേഡിയോയുടെ തലവനുമായിരുന്നു. സഭയുടെ ഏറ്റവും വലിയ വാര്‍ത്താവിനിമയ മാധ്യമമാണ് വത്തിക്കാന്‍ റേഡിയോ.
വത്തിക്കാന്‍ ഡപ്യൂട്ടി വക്താവായി നിയമിക്കപ്പെട്ട പലോമ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണെന്ന് നാഷനല്‍ കാത്തലിക് റജിസ്റ്റര്‍ പറയുന്നു. സ്പാനിഷ് റേഡിയോ ശൃംഖലയായ കോപിന്റെ റോം, വത്തിക്കാന്‍ റിപ്പോര്‍ട്ടറായിരുന്നു നാല്‍പതുകാരിയായ പലോമ.
പ്രധാനമായും ഇറ്റാലിയന്‍ ഭാഷയില്‍ പ്രവര്‍ത്തിക്കുന്നതും റോമന്‍ സമയക്രമമനുസരിച്ച് ഉച്ചകഴിയുന്നതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായ, വന്‍ ഉദ്യോഗസ്ഥവൃന്ദവും ഇഴഞ്ഞുനീങ്ങുന്ന പ്രവര്‍ത്തന വേഗവുമുള്ള വത്തിക്കാന്‍ വാര്‍ത്താവിനിമയ സംവിധാനത്തെ ആഗോളപ്രവണതകള്‍ക്കൊപ്പം 24 മണിക്കൂര്‍ പ്രവര്‍ത്തനരീതിയിലേക്കെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആധുനിക വാര്‍ത്താവിനിമയ പ്രസ്ഥാനമായി ഉയരാനുള്ള, ഒറ്റ നഗര രാജ്യവും ആഗോള സുവിശേഷപ്രസ്ഥാനവുമായ വത്തിക്കാന്റെ ശ്രമത്തിന് ഇപ്പോഴത്തെ മാര്‍പാപ്പയുടെ വാര്‍ത്താപ്രാധാന്യവും സെലിബ്രിറ്റി പദവിയും സഹായകമായേക്കും.
ഡിസംബര്‍ മുതല്‍ ഡപ്യൂട്ടി വക്താവായി പ്രവര്‍ത്തിക്കുന്ന ബുര്‍ക്കിന് മാര്‍പാപ്പയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നവരുമായി ഇടപഴകി പരിചയമുണ്ട്. അമേരിക്കന്‍ ഭാഷയും സംസ്‌കാരവും വാര്‍ത്താശൈലിയുമായി പരിചിതനാണെന്നതിനാല്‍ അമേരിക്കന്‍ വാര്‍ത്താലേഖകര്‍ക്കും ബുര്‍ക്ക് അഭിമതനാണ്.
രണ്ട് അത്മായര്‍ കത്തോലിക്കാ സഭയുടെ വക്താക്കളായി വന്നത് നാടകീയമാണെന്ന് ദീര്‍ഘകാലമായി വത്തിക്കാന്‍ റിപ്പോര്‍ട്ടറായ റോക്കോ പാല്‍മോ പറയുന്നു. വക്താക്കളായേക്കുമെന്നു കരുതപ്പെട്ടിരുന്ന മറ്റുള്ളവര്‍ വൈദികരായിരുന്നു.
‘വക്താക്കള്‍ ഇരുവരും സാധാരണക്കാരാണെന്നത് അസാധാരണമാണ്. വത്തിക്കാനില്‍ നിന്ന് വൈദികരുടെ അഭിപ്രായങ്ങള്‍ ഇനി നിങ്ങള്‍ കേള്‍ക്കില്ല,’ പാല്‍മോ പറഞ്ഞു.
ആധുനിക വാര്‍ത്താലോകം കൈകാര്യം ചെയ്യാന്‍ പലോമയ്ക്കും ബുര്‍ക്കിനുമൊപ്പം നില്‍ക്കാന്‍ കഴിവുള്ള വൈദികര്‍ ഇല്ല എന്നതാണ് മറ്റൊരു കാര്യം.
1960കളിലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കത്തോലിക്കാ സഭയില്‍ അത്മായര്‍ക്കു പ്രധാന നേതൃത്വ റോളുകള്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അമേരിക്കയില്‍ മിക്ക മെത്രാന്മാരുടെയും വക്താക്കള്‍ സാധാരണക്കാരാണ്. വത്തിക്കാനില്‍ ഇത് പുതുമയാണെങ്കിലും.
ഇറ്റലിക്കു പുറത്തുനിന്നുള്ള രണ്ടുപേര്‍ വരുന്നു എന്നതാണ് മറ്റൊരു പ്രധാനമാറ്റം. ‘ അത് പ്രധാനമാണ്. വത്തിക്കാന്‍ ഇപ്പോഴും സ്വയം ഇറ്റലിക്കാരായാണ് പരിഗണിക്കുന്നത്,’ വിസ്പര്‍ ഇന്‍ദ്‌ലോഗിയ എന്ന പ്രശസ്ത സഭാ വാര്‍ത്താ ബ്ലോഗ് എഴുത്തുകാരനായ പാല്‍മോ ചൂണ്ടിക്കാട്ടുന്നു.
പുതിയ വക്താക്കളുടെ നിയമനം മൂന്നുകാര്യങ്ങളാണ് കാണിക്കുന്നതെന്ന് വത്തിക്കാന്‍ അനലിസ്റ്റായ ജോണ്‍ അലന്‍ പറയുന്നു. ഒന്ന്: അര്‍ജന്റീനക്കാരനായ പോപ്പ് അമേരിക്ക വിരുദ്ധനാണെന്ന ചിന്ത മാറ്റുന്നു. ഉന്നതതല ഉദ്യോഗസ്ഥര്‍ മികവുറ്റവരായിരിക്കണമെന്ന് പോപ്പ് കരുതുന്നു. കൂടുതല്‍ യാഥാസ്ഥിതികമായ ഒരു കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ളയാള്‍ക്ക് ഉയര്‍ന്ന പദവി നല്‍കുന്നു. ഓപസ് ദെയി എന്ന കത്തോലിക്കാ സമൂഹത്തില്‍നിന്നുള്ളയാളാണ് ബുര്‍ക്ക്. അത്മായരില്‍ ബ്രഹ്മചര്യം പാലിക്കുന്നവര്‍ ന്യൂമെററി എന്നാണ് ഓപസ് ദെയി സമൂഹത്തില്‍ അറിയപ്പെടുന്നത്. ബുര്‍ക്ക് ന്യൂമെററിയാണെന്ന് അലന്‍ ചൂണ്ടിക്കാട്ടുന്നു.
പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ വക്താവ് വര്‍ഷങ്ങളോളം ഓപസ് ദെയി സമൂഹത്തില്‍നിന്നായിരുന്നു. ജോവാക്വിന്‍ നവരോവാല്‍സ് എന്ന ഇദ്ദേഹം ലൊംബാര്‍ഡിയില്‍നിന്നു വ്യത്യസ്തനായി മാര്‍പാപ്പയുടെ അടുത്ത ഉപദേശകനായിരുന്നു. ലൊംബാര്‍ഡി ജനപ്രീതിയുള്ളയാളാണെങ്കിലും മാര്‍പാപ്പയുടെ പ്രവര്‍ത്തനോദ്ദേശ്യങ്ങള്‍ ആധികാരികമായി വ്യാഖ്യാനിക്കാന്‍ കഴിവില്ലാത്തയാളാണെന്നു കരുതപ്പെട്ടിരുന്നു.
പലോമയുടെ തിരഞ്ഞെടുപ്പാണ് ഏറ്റവും പ്രധാനമെന്ന് അലന്‍ ചൂണ്ടിക്കാട്ടുന്നു. ‘സഭാകാര്യങ്ങളില്‍ പുരോഹിതരെ മാത്രം ആശ്രയിക്കുന്നതിന്റെ അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു തന്നിട്ടുള്ള പോപ്പ് ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം പലോമയുടെ നിയമനം പ്രവൃത്തിയിലൂടെയുള്ള ഉദാഹരണമാണ്.’
പലോമ സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ചൈനീസ് ഭാഷകളില്‍ പ്രാവീണ്യമുള്ളയാളാണെന്ന് നാഷനല്‍ കാത്തലിക് റജിസ്റ്റര്‍ പറയുന്നു.