UPDATES

വിദേശം

പരിസ്ഥിതി: പോപ്പ് ഫ്രാന്‍സിസ് അത്ഭുത പ്രവര്‍ത്തികള്‍ കാണിക്കുമോ?

Avatar

മിഷേല്‍ ബൂര്‍സ്റ്റീന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മതേതരമായ കാലാവസ്ഥ മുന്നേറ്റത്തിന് പ്രതീക്ഷിക്കാത്ത ഒരു കേന്ദ്രത്തില്‍ നിന്നും നീര്‍ണായകമായ പിന്തുണ ലഭിക്കാന്‍ പോകുന്നു; പോപ് ഫ്രാന്‍സിസിന്റെ. 

പരിസ്ഥിതിയെക്കുറിച്ച് സഭയുടെ ഏറ്റവും ആധികാരികമായ ഒരു രേഖയുടെ മിനുക്കുപണികളിലാണ് ഫ്രാന്‍സിസ് പാപ്പ. സാമ്പത്തികവും, ആഗോള വികസനവും, രാഷ്ട്രീയവും എല്ലാം കൂടി വിവാദമായൊരു വിഷയം. ഫ്രാന്‍സിസിന്റെ അടുത്ത വൃത്തങ്ങളല്ലാതെ ആരും ഇത് കണ്ടിട്ടില്ലെങ്കിലും അനുകൂലവും പ്രതികൂലവുമായി ഇതൊരു നിര്‍ണായകരേഖയായിരിക്കും എന്ന അഭ്യൂഹങ്ങളും വാദങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഈ വേനല്‍ക്കാലമാദ്യം പ്രസിദ്ധീകരിക്കുമെന്നു കരുതുന്ന ബിഷപ്പുമാര്‍ക്കും മറ്റുമായി പോപ് അയക്കുന്ന ഈ കത്ത് ഇതാദ്യമായാണ് ഒരു പൊതുപ്രശ്‌നത്തെ സ്വാധീനിക്കാന്‍ തരത്തില്‍ ഇറക്കുന്നതെന്ന് സഭ ചരിത്രകാരന്‍മാര്‍ പറയുന്നു. ഡിസംബറിലാണ് യു.എന്‍ കാലാവസ്ഥ വ്യതിയാന ഉച്ചകോടി. 

ഈ വിഷയത്തില്‍ പോപ് കാതലായ ചില ആശങ്കകള്‍ ഉന്നയിക്കും എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. കൂടുതല്‍ വിശാലാര്‍ത്ഥത്തില്‍ ദാരിദ്ര്യം, ഗര്‍ഭച്ഛിദ്രം എന്നിവ പോലെ ഭൂമിയുടെ ആരോഗ്യവും കാത്തലിക് സാമൂഹ്യ ആശങ്കയുടെ ഗണത്തില്‍ പെടും. 

ആഗോള അസമത്വവും പരിസ്ഥിതിയെ നാശവുമാണ് ‘മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ രണ്ടു പ്രശ്‌നങ്ങള്‍,’ എന്നാണ് രേഖ തയ്യാറാക്കാന്‍ സഹായിച്ച കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍ പറഞ്ഞത്. ‘മുതലാളിത്തവും കമ്മ്യൂണിസവും തമ്മിലുള്ള ചില താരതമ്യ പഠനങ്ങള്‍ നടത്തുകയല്ല പോപ്… മനുഷ്യരാശി അത്യധികം ഉഴുതുമറിച്ചെന്നും കുറച്ചു മാത്രമേ ബാക്കിവെച്ചുള്ളൂ എന്നുമാണ് അദ്ദേഹം പറയുന്നതു.’

പതിറ്റാണ്ടുകളായുള്ള മതേതര പ്രചാരണങ്ങള്‍ക്ക് മാറ്റമുണ്ടാക്കാന്‍ കഴിയാത്തിടത്ത്, മത സംഘങ്ങള്‍ക്ക് ചില ചലനമുണ്ടാക്കാന്‍ കഴിയുമെന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. അടുത്തിറങ്ങിയ ‘നോഹ’ എന്ന ചലച്ചിത്രം പാരിസ്ഥിതിക മതത്തെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നതാണെന്ന് കരുതുന്നു. എങ്കിലും പോപ്പിന്റെ ഇടപെടലിന്റെ വ്യാപ്തി വളരെ വലുതാണ്. 

പാരിസ്ഥിതിക മുന്നേറ്റങ്ങള്‍ ഇതുവരെയും നിയമത്തിലും, ശാസ്ത്രത്തിലും, രാഷ്ട്രീയത്തിലുമാണ് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചതെന്നും മൂല്യങ്ങളിലും മതത്തിലുമല്ലെന്നാണ് മത പണ്ഡിതരുടെ അഭിപ്രായം. 

പരിസ്ഥിതിവാദവും ആഗോള താപനവും കത്തോലിക്ക പള്ളിക്ക് പുതിയ വിഷയങ്ങളല്ല. സഭാനേതാക്കള്‍ മുന്‍ പോപ് ബെനഡിക്ട് അടക്കം ആഗോളവത്കരണത്തിന്റെ പാരിസ്ഥിതിക, ധാര്‍മിക, സാമ്പത്തിക ആഘാതങ്ങള്‍ നേരത്തെതന്നെ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇത് ഒരു പോപ് നല്‍കുന്ന സന്ദേശമായി ഇതുവരെ പുറപ്പെടുവിച്ചിരുന്നില്ല. 

പക്ഷേ ദൈവശാസ്ത്രവും പരിസ്ഥിതിയുമായി ഫ്രാന്‍സിസ് എങ്ങനെ ബന്ധിപ്പിക്കും എന്നത് കണ്ടറിയണം. അവിടെയാണ് വിവാദവും ഉണ്ടാകുക. 

സമഗ്ര പാരിസ്ഥിതിക വിജ്ഞാനം എന്നു ഫ്രാന്‍സിസും ബനഡിക്ടും വിളിക്കുന്ന ഒരു വിശാല പാരിസ്ഥിതിക ചട്ടക്കൂടാണ് അദ്ദേഹം സമര്‍പ്പിക്കുക എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. എല്ലാ ജീവജാലങ്ങള്‍ക്കും കൂടിയുള്ളൊരു പദ്ധതിയാണ് ദൈവത്തിന്റെതെന്നും, മാലിന്യം, പാഴാക്കല്‍, വരുമാനത്തിലെ അസന്തുലിതത്വം എന്നിവ കുറക്കാന്‍ മാത്രമല്ല പരമ്പരാഗത വിവാഹത്തിനും ലൈംഗിക മൂല്യങ്ങള്‍ക്കും വേണ്ടിയും അത് വാദിക്കുന്നു. 

പക്ഷേ ഫ്രാന്‍സിസ് അതൊക്കെ വെറുതെ പറഞ്ഞുപോവുക മാത്രമേയുള്ളൂ അതോ കുറിക്കു കൊള്ളിക്കുമോ? മനുഷ്യരാണ് ആഗോളതാപനം സൃഷ്ടിക്കുന്നതെന്ന വാദഗതി മിക്ക റിപ്പബ്ലിക്കന്‍മാരും, യാഥാസ്ഥിതിക ക്രിസ്ത്യാനികളും, സ്വതന്ത്ര വിപണിയും അംഗീകരിക്കാത്ത വാദം അവതരിപ്പിക്കാന്‍ അദ്ദേഹം, ഒരു പോപ്പാണെങ്കില്‍ കൂടി തയ്യാറാകുമോ? അതോ ഉത്പത്തി പുസ്തകം മറ്റ് ജീവികള്‍ക്ക് മേല്‍ മനുഷ്യനു നല്‍കുന്ന മേധാവിത്തം ഉപേക്ഷിച്ച് പരിസ്ഥിതിയെ കണക്കിലെടുക്കുന്ന പുതിയൊരു ദൈവശാസ്ത്ര ചിന്ത ഉണ്ടാക്കുമോ?

ഇതൊക്കെ വിവാദമാകുന്ന ചോദ്യങ്ങളാണ്. ഫ്രാന്‍സിസിന്റെ ഉത്തരങ്ങള്‍ കാത്തലിക് സമൂഹത്തിനു പുറത്തും സ്വാധീനം ചെലുത്തും. എങ്ങനെയാണ് അദ്ദേഹം സഭാവിശ്വാസികളുടെ പ്രതികരണം രൂപപ്പെടുത്തുക എന്നതും അറിയില്ല. തങ്ങളുടെ നിക്ഷേപങ്ങളിലും, രാഷ്ട്രീയ ശ്രമങ്ങളിലും, പ്രഭാഷണങ്ങളിലും ബിഷപ്പുമാര്‍ ഇതിന് പ്രാമുഖ്യം നല്‍കുമോ?

സാധാരണഗതിയില്‍ ഇത്തരം സഭാശാസനങ്ങള്‍ക്ക് വലിയ പ്രാധാന്യം ആണെങ്കിലും അടുത്ത കാലത്തായി ഗര്‍ഭനിരോധനം, വിവാഹമോചനം എന്നീ വിഷയങ്ങളില്‍ വിശ്വാസികളില്‍ ഇതൊന്നും അത്രകണ്ട് അനുസരിച്ചില്ല. ഫ്രാന്‍സിസിന്റെ പുതിയ രേഖ സഭക്ക് കുഞ്ഞാടുകളിലുള്ള സ്വാധീനം എത്രയെന്നതിന്റെ സൂചിക കൂടിയാകും. 

ദൈവശാസ്ത്ര പണ്ഡിതരും, ശാസ്ത്രവാദികളും മാസങ്ങളായി ഈ രേഖയെക്കുറിച്ച് സംസാരിക്കുന്നു. 

മതകാര്യങ്ങളിലാണ് അല്ലാതെ ശാസ്ത്രീയ വസ്തുതകള്‍ സംബന്ധിച്ച വിഷയങ്ങളിലല്ല പോപ്പിന്റെ ഉപദേശം വിശ്വാസികള്‍ കേള്‍ക്കേണ്ടതെന്ന് പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയിലെ ക്രിസ്ത്യന്‍ യാഥാസ്ഥിതികനായ അദ്ധ്യാപകന്‍ റോബര്‍ ജോര്‍ജ് ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ മാസികയില്‍ എഴുതി. ‘പോപ്പിന് ഇത്തരം പരീക്ഷണ നിരീക്ഷണ വസ്തുതകളെക്കുറിച്ച് പഠിപ്പിക്കാനുള്ള ആധികാരികതയോ ഉള്‍ക്കാഴ്ച്ചയോ ഇല്ല. കാലാവസ്ഥാ മാറ്റം മനുഷ്യപ്രവര്‍ത്തി മൂലമാണെന്ന് പോപ്പിന് പറയാനാവില്ല, ദൈവം അദ്ദേഹത്തോടത് പറയാനും പോകുന്നില്ല.’

‘സകലതിലും കയറി തലയിടുന്ന ഒരു അഹംഭാവിയാണയാള്‍. ഈ തന്‍പ്രാമാണിത്തം മൂലം ഭൗമരാഷ്ട്രീയ കാര്യങ്ങളിലേക്ക് എടുത്തുചാടി. ഇപ്പോഴിതാ കാലാവസ്ഥയും.’ മറ്റൊരു First Things എഴുത്തുകാരി മൗറീന്‍ മുല്ലാര്‍ക്കി പറഞ്ഞു. 

പാരിസ്ഥിതിക ബോധവും മതാത്മകതയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നു ഗവേഷകര്‍ പറയുന്നു. 

എന്നാല്‍ യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍ എന്നും പരിസ്ഥിതിവാദത്തിനെതിരാണ്. അതൊരുതരം ഭൂമി ആരാധനയാണെന്നും ഒരു തരത്തില്‍ ഒരു മതമാണെന്നും അവര്‍ ഭയക്കുന്നു. 

ഫ്രാന്‍സിസ് രണ്ടു തരത്തില്‍ സ്വാധീനിക്കാം എന്നാണ് പാരിസ്ഥിതിക വിഷയങ്ങള്‍ ശ്രദ്ധിക്കുന്ന ദൈവശാസ്ത്ര പണ്ഡിത ക്രിസ്റ്റ്യാന പെപ്പാട് പറയുന്നത്. 

ഒന്ന്, മറ്റ് മാര്‍പ്പാപ്പമാര്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പറഞ്ഞിരുന്ന പോലെ ഈ പാരിസ്ഥിതിക ആശങ്കകള്‍ എങ്ങനെ പാവങ്ങളെ ബാധിക്കും എന്നത് അദ്ദേഹം രൂപപ്പെടുത്തും. ഉദാഹരണത്തിന് ശുദ്ധമായ കുടിവെള്ളം, ദരിദ്രരുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന കാലാവസ്ഥാ മാറ്റങ്ങള്‍. പിന്നെ, പരിസ്ഥിതി ദൈവത്തിന്റെ സമ്മാനമാണെന്നും മനുഷ്യരുടെ ആശങ്കകള്‍ക്കപ്പുറത്തും സൃഷ്ടിയോട് നമുക്ക് ചുമതലകളുണ്ടെന്നും സഭാപാഠങ്ങളെ അദ്ദേഹം മുന്നോട്ട് കൊണ്ടുപോകും. 

സൃഷ്ടിയുടെ കേന്ദ്രത്തില്‍ മനുഷ്യനെ പ്രതിഷ്ഠിക്കാത്ത ഒരു ആശയം കടുത്ത വിവാദമുണ്ടാക്കും. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ ഇത് രണ്ടും ചെയ്യാതെ ആഗോള താപനത്തില്‍ മനുഷ്യരുടെ പങ്കിനെ ബൈബിളിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനായിരിക്കും ഫ്രാന്‍സിസ് ശ്രമിക്കുക എന്നാണ് കാത്തലിക് സര്‍വ്വകലാശാലയിലെ ചാഡ് പെക്‌നോല്ദ് പറയുന്നത്. പരിസ്ഥിതിയുമായുള്ള നമ്മുടെ വിട്ടുപോരല്‍ ആദമിന്റെയും ഹവ്വയുടെയും കാലത്ത് തുടങ്ങിയതാണ്. സൃഷ്ടിയുടെ ക്രമത്തോടുള്ള ആശ്രിതത്വത്തെ കൈവെടിയല്‍. 

എന്നാല്‍ മുന്‍നിലപാടുകള്‍ നോക്കിയാല്‍ പോപ് നയ, ആത്മീയ പരിഹാരങ്ങള്‍ രണ്ടും നിര്‍ദേശിക്കാനാണ് സാധ്യത. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ജെബ് ബുഷും റിക് സന്റോറാമും അടക്കമുള്ള രാഷ്ട്രീയ നേതൃത്വം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കിയിരിക്കുകയാണ് യു.എസ് രാഷ്ട്രീയ നിരീക്ഷകര്‍. 

തന്റെ മാര്‍പ്പാപ്പ നാമം ജന്തുക്കളുടെയും പരിസ്ഥിതിയുടെയും രക്ഷകന്റെത് തെരഞ്ഞെടുത്ത ഫ്രാന്‍സിസ് ലോകമെങ്ങുമുള്ള പരിസ്ഥിതിവാദികളുടെ പ്രതീക്ഷ വലിയ തോതില്‍ ഉയര്‍ത്തിയിരിക്കുകയാണ്. 

ഫ്രാന്‍സിസ് അത്ഭുത പ്രവര്‍ത്തികള്‍ കാണിക്കുമോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍