UPDATES

വിദേശം

കുടിയേറ്റക്കാരുടെ പാദം കഴുകല്‍; ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കുന്ന സൂചന

Avatar

ഇലാഹി ഇസാദി
(വാഷിങ്ടണ്‍ പോസ്റ്റ്)

മാലി, എറിത്രിയ, സിറിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നു വന്നവരായിരുന്നു അവര്‍. അവരില്‍ മുസ്ലിങ്ങളും ഹിന്ദുക്കളും കത്തോലിക്കരും കോപ്റ്റിക് ക്രിസ്ത്യാനികളുമുണ്ടായിരുന്നു. ഇവരില്‍ ഓരോരുത്തരുടെയും മുന്‍പില്‍ മുട്ടുകുത്തി പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ അവരുടെ പാദം കഴുകി.

റോമിനു പുറത്തുള്ള അഭയാര്‍ത്ഥികളുടെ കേന്ദ്രത്തിലായിരുന്നു ചടങ്ങ്. യൂറോപ്പിലെങ്ങും അഭയാര്‍ത്ഥികള്‍ക്കെതിരെ ജനവികാരം ഉയരുകയും ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റ ബ്രസല്‍സ് ആക്രമണം ഇതു കൂടുതല്‍ തീവ്രമാക്കുകയും ചെയ്യുന്ന കാലത്താണ് മാര്‍പാപ്പ കുടിയേറ്റക്കാരുടെ കാല്‍ കഴുകിയത്.

‘നാമെല്ലാവരും – മുസ്ലിങ്ങളും ഹിന്ദുക്കളും കത്തോലിക്കരും കോപ്റ്റുകളും പ്രൊട്ടസ്റ്റന്റുകാരുമായ സഹോദരന്മാരും സഹോദരികളും – ഒരുമിച്ച് സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു’,  മാര്‍പാപ്പ പറഞ്ഞു.

1950കള്‍ മുതലാണ് പാദം കഴുകല്‍ പെസഹാ വ്യാഴാഴ്ച ചടങ്ങുകളുടെ ഭാഗമായത്. അന്ത്യ അത്താഴസമയത്ത് ക്രിസ്തു 12 ശിഷ്യരുടെ പാദം കഴുകിയതിന്റെ സ്മരണ പുതുക്കലാണിത്. ക്രിസ്തുവിന്റെ എളിമയെക്കൂടി സൂചിപ്പിക്കുന്നതാണ് ചടങ്ങ്.

മാര്‍പാപ്പ പാദം കഴുകിയ പല കുടിയേറ്റക്കാരും ചടങ്ങില്‍ കണ്ണീരോടെയാണു പങ്കെടുത്തത്. 2013ല്‍ സ്ഥാനമേറ്റയുടന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുസ്ലിങ്ങളുടെ പാദം കഴുകിയിരുന്നു.

വ്യാഴാഴ്ചത്തെ ചടങ്ങില്‍ വന്‍ ജനക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല. ബ്രസല്‍സ് ആക്രമണത്തെ അപലപിച്ച മാര്‍പാപ്പ ഇത്തരം അക്രമങ്ങള്‍ക്കു പിന്നിലുള്ളവരെ വിമര്‍ശിച്ചു. ‘ആയുധനിര്‍മാതാക്കളും കച്ചവടക്കാരും ചോര ചിന്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവര്‍ സമാധാനം കാംക്ഷിക്കുന്നില്ല. അവര്‍ക്ക് സാഹോദര്യമല്ല, യുദ്ധമാണു വേണ്ടത്,’ മാര്‍പാപ്പ പറഞ്ഞു.

‘ഞാനും നിങ്ങളും, നാം എല്ലാവരും വ്യത്യസ്ത മതങ്ങളിലും സംസ്‌കാരങ്ങളിലും പെട്ടവരാണെങ്കിലും ഒരേ പിതാവിന്റെ മക്കളാണ്, സഹോദരങ്ങളാണ് – ഈ സാഹോദര്യം തകര്‍ക്കാന്‍ ആയുധങ്ങള്‍ വാങ്ങുന്നവരും’. ‘ ഇന്ന് യേശുക്രിസ്തുവിനെ അനുകരിച്ച് ഞാന്‍ നിങ്ങള്‍ 12 പേരുടെ കാല്‍ കഴുകുമ്പോള്‍ നമുക്ക് സാഹോദര്യം പ്രകടിപ്പിക്കാം. നമുക്കു പറയാം – ഞങ്ങള്‍ വ്യത്യസ്തരാണ്, ഞങ്ങള്‍ വ്യത്യസ്തരാണ്, ഞങ്ങള്‍ക്ക് പല സംസ്‌കാരങ്ങളും മതങ്ങളുമുണ്ട്. പക്ഷേ ഞങ്ങള്‍ സഹോദരരാണ്. ഞങ്ങള്‍ സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു.’

എട്ടു പുരുഷന്മാരും നാലു സ്ത്രീകളും ചടങ്ങില്‍ പങ്കെടുത്തതായി വത്തിക്കാന്‍ അറിയിച്ചതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഇറ്റലിയില്‍നിന്നുള്ള കത്തോലിക്കന്‍, മൂന്ന് എറിത്രിയന്‍ കോപ്റ്റിക് ക്രിസ്ത്യാനികള്‍, നൈജീരിയയില്‍നിന്നുള്ള നാലു കത്തോലിക്കര്‍, മാലി, സിറിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് മുസ്ലിങ്ങള്‍, ഇന്ത്യയില്‍നിന്നുള്ള ഹിന്ദു എന്നിവര്‍ ഉള്‍പ്പെടുന്നു.

മാര്‍പാപ്പ കുടിയേറ്റക്കാരില്‍ ഒരാളുടെ പാദം ചുംബിക്കുന്നതിന്റെ ചിത്രം മാര്‍പാപ്പയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പേജിലുണ്ട്.

യൂറോപ്പിലെ അഭയാര്‍ത്ഥി, കുടിയേറ്റ പ്രശ്‌നങ്ങളെപ്പറ്റി നേരത്തെയും സംസാരിച്ചിട്ടുള്ള മാര്‍പാപ്പ കുടിയേറ്റം ഘടനാപരമായ യാഥാര്‍ത്ഥ്യമാണെന്നും സുരക്ഷയും അഭയാര്‍ത്ഥികളെ സഹായിക്കുന്നതും തമ്മില്‍ തുലനം കണ്ടെത്താന്‍ യൂറോപ്പിനാകണമെന്നും പറഞ്ഞിരുന്നു.

‘ദാരിദ്ര്യം, വിശപ്പ്, ചൂഷണം, എല്ലാവര്‍ക്കും തുല്യ അവകാശമുള്ള ഭൂമിയിലെ വിഭവങ്ങളുടെ അസന്തുലിത വിഭജനം എന്നിവയില്‍നിന്നു രക്ഷ തേടി, മെച്ചപ്പെട്ട ജീവിതം അന്വേഷിക്കുന്ന സഹോദരങ്ങളാണ് കുടിയേറ്റക്കാര്‍’ എന്ന് ഈ വര്‍ഷം ആദ്യം മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍