UPDATES

വിദേശം

ലൈംഗികത മുതല്‍ ലോകരാഷ്ട്രീയം വരെ; പോപ്പ് ഫ്രാന്‍സിസ് നയിക്കുകയാണ്

Avatar

ഫ്‌ലാവിയ ക്രൗസ് ജാക്‌സണ്‍, അലെസ്സാന്ദ്ര മിഗ്ലിയാസിയോ
(ബ്ലൂംബര്‍ഗ് ന്യൂസ്)

അദ്ദേഹം ഒരു സ്വവര്‍ഗാനുരാഗിയെ കണ്ടു, മുയലുകളെപ്പോലെ പെറ്റുപെരുകരുതെന്ന് കത്തോലിക്കരോടു പറഞ്ഞു. ഒരു മുസ്ലീം സ്ത്രീയുടെ കാലുകഴുകി. ഇതെല്ലാം കടുംപിടുത്തത്തെ മറികടക്കാന്‍ അദ്ദേഹം തയ്യാറാണെന്നത് പോലെ തോന്നിക്കുമെങ്കിലും പോപ് ഫ്രാന്‍സിസിന്റെ താത്പര്യം ഭൗമരാഷ്ട്രീയത്തിലാണ്. 

പദവിയിലെത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ ലൈംഗിക പീഡകരായ പുരോഹിതരെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്നും ക്യൂബ-യുഎസ് ബന്ധം ശരിയാക്കാനുള്ള മധ്യസ്ഥതയ്ക്കും ആഗോള കാലാവസ്ഥ കരാറിനു വേണ്ടിയും ഇടപെടുന്ന സ്ഥിതിയിലേക്ക് അദ്ദേഹം ചര്‍ച്ചകളെ മാറ്റി. സെപ്റ്റംബര്‍ മാസത്തില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന മതനേതാവ് കൂടിയായ ആദ്യത്തെ രാഷ്ട്രനേതാവായിരിക്കും അദ്ദേഹം. 

‘അദ്ദേഹത്തിന് ലഭിച്ച ലോകത്തിന്റെ ശ്രദ്ധ ഉപയോഗപ്പെടുത്തകയാണ്,’ റോമിലെ ഹോളിക്രോസ് രാഷ്ട്രീയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോണ്‍ വൗക് പറയുന്നു. 

ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ വിവാഹം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്നൊക്കെ തലയൂരിക്കൊണ്ട് ലോക രാഷ്ട്രീയത്തില്‍, സാമ്പത്തിക പ്രതിസന്ധി മുതല്‍ ചൈനയുമായുള്ള ബന്ധം വരെ, ഇടപെടുകയാണ് ഫ്രാന്‍സിസ്.

1980കളില്‍ പോപ് ജോണ്‍ പോളിന്റെ ഏക അജണ്ട കമ്മ്യൂണിസത്തെ തകര്‍ക്കലായിരുന്നു. ബെനഡിക്ട് 16 ാമന്‍ ആകട്ടെ ഗ്രന്ഥങ്ങളില്‍ ഉത്തരം തേടിയ ഒരു പഴമട്ടുകാരനും. ഫ്രാന്‍സിസാകട്ടെ വത്തിക്കാന്റെ മതിലുകള്‍ക്ക് പുറത്തുള്ള വിശാലമായ നയ അജണ്ടകളെയാണ് പുണരുന്നത്. 

ഏതാണ്ടൊരു ഒബാമ ശൈലിയില്‍, തന്റെ മുന്‍ഗാമിയില്‍ നിന്നും വുത്യസ്തമായി ഏഷ്യയിലെ പുതിയ ശക്തികളുമായി ബന്ധം പുതുക്കാനും അദ്ദേഹം ശ്രമം തുടങ്ങി. ക്യൂബയുടെ കാര്യത്തില്‍ നേടിയ വിജയം ചൈനയില്‍ ഏതുതരത്തില്‍ പകര്‍ത്താനാകും എന്നതാണു ഫ്രാന്‍സിസ് നേരിടുന്ന വെല്ലുവിളി. ബിഷപ്പുമാരെ വാഴിക്കാനുള്ള അവകാശത്തിലടക്കം. 1951 മുതല്‍ ലോകത്തെ ഏറ്റവും ജനങ്ങളുള്ള രാഷ്ട്രവും കത്തോലിക്കാ സഭയും തര്‍ക്കത്തിലാണ്. 

ഇരുകൂട്ടരും ചില ചെറിയ സൂചനകള്‍ നല്‍കുന്നുണ്ട്. ഫ്രാന്‍സിസ് റോമില്‍ വെച്ചു ദലൈ ലാമയെ കണ്ടില്ല; കണ്ടിരുന്നെങ്കില്‍ അത് ചൈന സര്‍ക്കാരിനെ അലോസരപ്പെടുത്തുമായിരുന്നു. പ്രസിഡന്‍റ് സി ജീന്‍പിങ് ഫ്രാന്‍സിസിനെ ചൈനയുടെ വ്യോമപാതയിലൂടെ പറക്കാന്‍ അനുവദിച്ചു; ആദ്യമായാണ് ഒരു പോപിന് ഈ അനുമതി ലഭിക്കുന്നത്. 

എന്നാല്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. ചൈനയെ പ്രീണിപ്പിക്കാന്‍ തായ്‌വാനെ കയ്യൊഴിയണം. ബിഷപ്പുമാരെ വാഴിക്കാനുള്ള അവകാശം സ്വന്തമായി കയ്യാളുന്ന ചൈന അതു വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഏതാണ്ട് 12 ദശലക്ഷം കത്തോലിക്കര്‍ ചൈനയിലുണ്ട്. അയര്‍ലണ്ടിനേക്കാള്‍ മൂന്നിരട്ടി. തായ്‌വാനില്‍ വെറും 3 ലക്ഷവും.

സോവിയറ്റ് യൂണിയനെ വകവെയ്ക്കാതെ ജോണ്‍ പോള്‍ രണ്ടാമന്‍ പദവിയിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ ജന്മനാടായ അന്ന് കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന പോളണ്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 

ഫ്രാന്‍സിസ് പോപ്പായപ്പോള്‍ അദ്ദേഹത്തെ ഒരു വിദേശ നയ വിദഗ്ദ്ധനായി കണ്ടവര്‍ വിരളമാണ്. ജോണ്‍ 23, പയസ് 12 എന്നീ വത്തിക്കാന്‍ ദൂതരായിരുന്ന മുന്‍ഗാമികളെ പോലെ അത്തരമൊരു പരിചയവും ഉണ്ടായിരുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ താത്പര്യം എന്നുമുണ്ടായിരുന്നു എന്നു അടുത്തിടപഴകിയവര്‍ പറയുന്നു. 

എന്നാല്‍ ഫ്രാന്‍സിസിന്റെ ശ്രമങ്ങളെ എല്ലാവരും അത്ര ഉത്സാഹത്തിലല്ല സ്വീകരിച്ചത്.കൊറിയകള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിനുള്ള ആഹ്വാനത്തിന് പ്യോങ്യാങ് നിശ്ശബ്ദത പാലിച്ചു. ഉപഭൂഖണ്ഡത്തില്‍ അദ്ദേഹം എത്തിയ ദിവസം കടലിലേക്ക് മിസൈലുകള്‍ വിടുകയാണ് വടക്കന്‍ കൊറിയ ചെയ്തത്. 

വത്തിക്കാനിലെ പൂന്തോട്ടത്തില്‍ ഒരുമിച്ച് ചെടി നടാനും പരസ്പരം ചുംബിക്കാനുമൊക്കെ ഫ്രാന്‍സിസ് പലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹമൂദ് അബ്ബാസിനെയും അന്നത്തെ ഇസ്രയേല്‍ പ്രസിഡന്‍റ് ഷിമോന്‍ പെരസിനെയും പ്രേരിപ്പിച്ചു. ബത്‌ലഹെമില്‍ ‘സ്വതന്ത്ര പലസ്തീന്‍’ എന്നെഴുതിയ ഒരു ചുവരിനടുത്ത് പ്രാര്‍ത്ഥിച്ചെങ്കിലും ആ സന്ദര്‍ശനത്തെ സംഘര്‍ഷങ്ങള്‍ നിഴല്‍മൂടിയിരുന്നു.

എന്നാല്‍ ക്യൂബയുടെ കാര്യത്തില്‍, യു എസും ക്യൂബയും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിലും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം വിജയിച്ചിരുന്നു. 

തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ സംഘത്തെ തെരഞ്ഞെടുക്കുന്നതിലും പോപ്പിന്റെ അന്താരാഷ്ട്ര വീക്ഷണം പ്രകടമായിരുന്നു. അടുത്ത പോപ് ഏഷ്യയിലോ ആഫ്രിക്കയിലോ നിന്നുള്ള ഒരാളാകും എന്ന അനുമാനമുണ്ട്. 

വിമര്‍ശകരായ ബോസ്റ്റണ്‍ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍കിനെ പോലുള്ളവരെ നീക്കം ചെയ്തുകൊണ്ട് നടത്തിയ പുനസംഘടനയില്‍ യാഥാസ്ഥിതികര്‍ക്ക് അമര്‍ഷമുണ്ട്. 

സഭയുടെ നടത്തിപ്പിനുള്ള ഉദ്യോഗസ്ഥവൃന്ദത്തെ വെട്ടിക്കുറക്കാനും പദ്ധതിയുണ്ട്. വത്തിക്കാന്‍ ബാങ്ക് നടത്തിപ്പില്‍ പിടിപ്പുകേട് കാണിച്ചവരെ പിരിച്ചുവിട്ട പോപ്, ബിഷപ്പുമാരോട് ലിമോസിനില്‍ നിന്നുമിറങ്ങി ബസില്‍ യാത്ര ചെയ്യാനും ആവശ്യപ്പെട്ടു. 

എന്നാല്‍ ഇതൊന്നും പലര്‍ക്കും സ്വീകാര്യമല്ല. പാരമ്പര്യവാദികള്‍ ഇത്തരം പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്നു. ഉദാരവാദികള്‍ ഇതിലൊന്നും കാമ്പില്ലെന്ന് കുറ്റപ്പെടുത്തുന്നു. വത്തിക്കാനില്‍ വരുത്തിയ മാറ്റങ്ങള്‍ ആഭ്യന്തര ശത്രുക്കളെ സൃഷ്ടിച്ചു. സ്വവര്‍ഗാനുരാഗികളോടുള്ള സഹിഷ്ണുത ഒരു വശത്ത് പ്രശംസയും മറുവശത്ത് ഇത് വൈകിയെത്തിയതിനുള്ള പരിഭവവും. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ശൈലിയില്‍ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് പോപ് ഇപ്പൊഴും മനസ് തുറന്നിട്ടില്ല. 

എന്തൊക്കെയായാലും പോപ് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ട്വിറ്ററില്‍ ഒരു വര്‍ഷം 8 ദശലക്ഷം പേരാണ് കൂടുതലായി പോപ്പിനെ പിന്തുടരാന്‍ എത്തിയത്. തന്റെ മുന്‍ഗാമിയേക്കാള്‍ മൂന്നു മടങ്ങ് ആളുകളാണ് ഫ്രാന്‍സിസിനെ കേള്‍ക്കാനെത്തുന്നത്.

വൈദികരുള്‍പ്പെട്ട ലൈംഗിക പീഡന വിഷയങ്ങളില്‍ ബനഡിക്റ്റിനേക്കാള്‍ തുറന്ന സമീപനമാണ് ഫ്രാന്‍സിസിനുള്ളതെന്ന് ആളുകള്‍ കരുതുന്നതായാണ് പല അഭിപ്രായ സര്‍വേകളും കാണിക്കുന്നത്. 

ഫാസിസ്റ്റ് വാഴ്ചയില്‍ നിന്നും പലായനം ചെയ്ത ബ്യൂണസ് അയേഴ്‌സിലെ സമ്പന്നരായ ഇറ്റലി കുടുംബത്തിലാണ് പോപ്, ജോര്‍ജ് ബെര്‍ഗോഗ്ലിയോ,ജനിച്ചത്. അഞ്ചു മക്കളില്‍ മൂത്തയാള്‍. മുത്തശ്ശി റോസ കഥകള്‍ പറന്നുകൊടുക്കുക മാത്രമല്ല മുതലാളിത്തത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് അവന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുകയും ശവക്കച്ചകള്‍ക്ക് കീശകളില്ല എന്നു ഓര്‍മിപ്പിക്കുകയും ചെയ്തു. 

പിന്നീട് ഫ്രാന്‍സിസ് കിനിഞ്ഞിറങ്ങുന്ന മുതലാളിത്തത്തെ ആക്രമിച്ചത് ഈ അറിവില്‍ നിന്നാണ്. സെപ്തംബറില്‍ യു എസ് കോണ്‍ഗ്രസില്‍ സംസാരിക്കും ഫ്രാന്‍സിസ്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ ചെയ്ത രീതിയിലാണെങ്കില്‍ നിലപാടില്‍ മാറ്റമുണ്ടാകില്ല. കഴിഞ്ഞ മാസം ഫിലിപ്പീന്‍സില്‍ നിന്നും മടങ്ങും വഴി കുടിയേറ്റക്കാരോടുള്ള ആദരസൂചകമായി മെക്‌സികോ അതിര്‍ത്തിയിലൂടെ യു എസില്‍ വരാന്‍ ആഗ്രഹിക്കുന്ന് എന്നു അദ്ദേഹം പറഞ്ഞു. 

കോര്‍പ്പറേറ്റ് അത്യാര്‍ത്തിയും വരുമാന അസന്തുലിതാവസ്ഥയുമാണ് തന്റെ മുന്‍ഗണനകളെന്ന് പോപ് പറയുന്നു. ആഗോള താപനത്തെക്കുറിച്ച് ഒരു രേഖ പുറപ്പെടുവിക്കുമെന്നും പോപ് വെളിപ്പെടുത്തുന്നുണ്ട്. ഡിസംബറില്‍ പാരീസില്‍ വെച്ചു ഒരു കാലാവസ്ഥ ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം യു എസിനെ നിര്‍ബന്ധിക്കും. 

80 വയസിലേക്ക് അടുക്കുന്ന ഫ്രാന്‍സിസ് കാര്യങ്ങള്‍ പെട്ടന്നു നടത്താന്‍ ധൃതി കാണിക്കുന്നതില്‍ അത്ഭുതമില്ല. ഫ്രാന്‍സിസ് ഒരഭിമുഖത്തില്‍ പറഞ്ഞു,’എന്റെയീ പ്രായത്തില്‍ എനിക്ക് നഷ്ടപ്പെടാന്‍ അധികമില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍