UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോണ്‍ സൈറ്റുകള്‍; വേണ്ടത് സംവാദമാണ്, സെന്‍സര്‍ഷിപ്പ് അല്ല

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

പക്വമായ ഒരു ജനാധിപത്യസങ്കല്‍പവുമായി ഒത്തുപോകുന്ന ഒന്നല്ല സെന്‍സര്‍ഷിപ്പ്. പക്ഷെ, തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ സദാചാര പോലീസാവുന്നത് തടയാന്‍ പലപ്പോഴും ഇത്തരം ജനാധിപത്യസങ്കല്‍പങ്ങള്‍ക്ക് സാധിക്കാറില്ല. അവലോകനത്തില്‍, ‘സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്’ കാരണമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കുള്ള 800ല്‍ പരം വെബ്‌സൈറ്റുകള്‍ തടഞ്ഞുവെക്കാന്‍ ദേശീയ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലൈംഗിക ചിത്ര നിര്‍മാണത്തിനായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച പരാജയത്തില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയ സംഭവുമായി ചില കേന്ദ്രങ്ങളെങ്കിലും സര്‍ക്കാരിന്റെ ഈ ഗൂഢനീക്കത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ വീഴ്ചയില്‍ ആശങ്ക രേഖപ്പെടുത്തിയ പരമോന്നത നീതിപീഠം പക്ഷെ സര്‍ക്കാരിന്റെ പ്രതികരണത്തിന് കാത്തിരിക്കാന്‍ തയ്യാറാവുകയായിരുന്നു. അത്തരത്തിലുള്ള ഒരു നിയമ ഉത്തരവ് വ്യക്തിസ്വാതന്ത്ര്യ തത്വങ്ങളുടെ ലംഘനം ആകുമെന്നതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വെബ്‌സൈറ്റുകള്‍ നിരോധിച്ചുകൊണ്ട് ഇടക്കാല ഉത്തരവിറക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

പക്ഷെ ജനങ്ങളെ ധാര്‍മ്മിക മൂല്യങ്ങള്‍ പഠിപ്പിക്കാനുള്ള വ്യഗ്രത മൂത്ത സര്‍ക്കാര്‍, തങ്ങള്‍ സ്വകാര്യമായി എന്ത് കാണണം എന്ന് തീരുമാനിക്കാനുള്ള മുതിര്‍ന്ന പൗരന്മാരുടെ അവകാശത്തിന് മേല്‍ കൈകടത്തിക്കൊണ്ട് പ്രതികരിച്ചിരിക്കുകയാണ്. പരിശോധനയ്‌ക്കോ നിയന്ത്രണത്തിനോ വിധേയമാക്കാതെ ഒരു സര്‍വസ്വതന്ത്ര മേഖലയായി നിലനില്‍ക്കാന്‍ ഡിജിറ്റല്‍ ലോകത്തെ അനുവദിക്കണം എന്ന അര്‍ത്ഥത്തിലല്ല ഇതിവിടെ പറയുന്നത്. പക്ഷെ ഈ മാധ്യമത്തിലൂടെ ലൈംഗിക ചിത്രങ്ങള്‍ കാണണോ വേണ്ടയോ എന്നത് തികച്ചു വ്യക്തിപരമായ ഒരു സംഗതിയായി കാണണമെന്ന് മാത്രമാണ് ഇവിടെ വിവക്ഷ. എന്താണ് മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം എന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തമായ ഒരു നിര്‍വചനം നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ ധാര്‍മ്മികതയെയും സദാചാരത്തെയും കുറിച്ചുള്ള അതിന്റെ അധികാരബലപ്രയോഗം നടത്തുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച്, പൗരന്മാരുടെ മേല്‍ ഏകപക്ഷീയമായ പെരുമാറ്റച്ചട്ടം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല തന്നെ. മറിച്ച്, എന്താണ് അപമര്യാദയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ എന്ന് വ്യാഖ്യാനിക്കുന്നതിനായി സര്‍ക്കാരും അതിന്റെ നിയമവും പൗരന്മാരും തമ്മില്‍ ക്ഷമാപൂര്‍ണവും തുറന്നതുമായി ഒരു സംവാദം നടത്തുക എന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കേണ്ടത്.

ഫലപ്രദമല്ലാത്തതും എന്നാല്‍ ഭീതിജനകവുമായ പരിശോധനാ, പരിഹാര രീതികളാണ് നിലനില്‍ക്കുന്നത് എന്നതിനാല്‍ തന്നെ ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ അസ്വീകാര്യവുമാണ്. ആക്ഷേപാര്‍ഹമായ പരാമര്‍ശങ്ങളെയും ഉള്ളടക്കങ്ങളെയും നിയന്ത്രിക്കുന്നതിനുള്ള സംവിധാനം വിവരസാങ്കേതികവിദ്യ ചട്ടത്തില്‍ തന്നെ നിലവിലുണ്ട് എന്ന കാര്യവും ഓര്‍ക്കണം. വൈരനിര്യാതനബുദ്ധിയുള്ള ഭരണകൂടങ്ങള്‍ ഇത്തരം നിയമങ്ങളെയും ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന കാര്യവും പരിഗണിക്കേണ്ടതാണ്. 

സര്‍ക്കാരിന്റെ പക്കലുള്ള പരിമിതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് അസംഖ്യം വരുന്ന പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സൈറ്റുകള്‍ തടയുക എന്നത് തീര്‍ത്തും അസാധ്യമായ നിര്‍ദ്ദേശമാകയാല്‍, കണ്ണുംപൂട്ടിയുള്ള നിരോധനത്തിനേക്കാല്‍ എന്തുകൊണ്ടും ഫലപ്രദം ഒരു സംവാദം തന്നെയായിരിക്കും. മാത്രമല്ല, നിയമവിരുദ്ധമായതിന് മേലുള്ള കൂട്ടായ ആര്‍ത്തി കാലാകാലങ്ങളില്‍ വര്‍ദ്ധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ ലൈംഗിക സൈറ്റുകള്‍ കാണുന്നത് നിരോധിച്ചാല്‍ അത് ഒളിഞ്ഞുനോട്ടത്തെ നിര്‍മാര്‍ജ്ജനം ചെയ്യുകയല്ല മറിച്ച് ശക്തിപ്പെടുത്തുകയാവും ചെയ്യുക.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍