UPDATES

സാംബ- 2014

മുടന്തിയോടുന്ന പോര്‍ച്ചുഗല്‍; കറുത്ത കുതിരയായ ബെല്‍ജിയം: ഇന്ന് കളി കൊഴുക്കും – ഇന്ത്യന്‍ താരം എന്‍.പി പ്രദീപ് എഴുതുന്നു

Avatar

എന്‍.പി പ്രദീപ്

മുടന്തിയോടുന്നൊരു പോര്‍ക്കുതിരയുടെ മേല്‍ പന്തയം കെട്ടുമോ? പോര്‍ച്ചുഗല്‍ ടീം ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ തോന്നിപ്പോകുന്ന കാര്യമാണ്. ആദ്യ മത്സരത്തിനിറങ്ങും മുമ്പുവരെ അവര്‍ കടലാസിലെങ്കിലും കരുത്തരായിരുന്നു. പക്ഷേ അന്നത്തെ ആ ജര്‍മ്മന്‍ പടയോട്ടത്തിനുശേഷം അവര്‍ വെറും നനഞ്ഞ കടലാസായിപ്പോയോ എന്നൊരു സംശയം. കഴിഞ്ഞ കളിയില്‍ അവര്‍ മോശമായാണ് കളിച്ചത്. അതിനര്‍ഹിച്ച തോല്‍വിയും കിട്ടി. ആ തോല്‍വി പറങ്കിപ്പടയുടെ പോരായ്മകളെല്ലാം തുറന്നുകാട്ടുന്നതുമായിരുന്നു. ബ്രസീലില്‍ എത്തുമ്പോഴും ആദ്യ കളിക്കു തയ്യാറെടുക്കുമ്പോഴും പോര്‍ച്ചുഗല്‍ ടീമിന്റെ കളിമികവിനെക്കുറിച്ച് ആരും ഇത്ര വേവലാതിപ്പെട്ടു കണ്ടിരുന്നില്ല.

 

മറ്റൊരു കാര്യത്തിലായിരുന്നു എല്ലാവരുേയും ആശങ്ക. സൂപ്പര്‍ താരം ക്രിസ്യാനോ റൊണാള്‍ഡോയുടെ പരുക്ക്. അത് ഭേദമാകുമോ? അദ്ദേഹം കളിക്കുമോ? ഈ ചോദ്യങ്ങളും സംശയങ്ങളും സങ്കടങ്ങളുമായിരുന്നു എവിടേയും. റൊണാല്‍ഡോ കളിച്ചു. പക്ഷെ അദ്ദേഹത്തില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്ന കളിയല്ലായിരുന്നെന്നുമാത്രം. അത് മറ്റൊരുകാര്യം ബോധ്യപ്പെടുത്തി. റൊണാള്‍ഡോ പൂര്‍ണമായും ഫിറ്റല്ലെന്ന സത്യം. സ്വന്തം ടീമിനോടു ക്രിസ്ത്യാനോ കാണിച്ചത് വിലപറയാനാവാത്ത ആത്മാര്‍ത്ഥയായിരുന്നു. എന്നാല്‍ ബാക്കിയുള്ളവരോ? എങ്ങിനെ നീതീകരിക്കാനാവും പെപ്പെയേ? ആ ചുവപ്പു കാര്‍ഡിന് അയാള്‍ സമാധാനം പറയേണ്ടത് സ്വന്തം നാടിനോടായിരിക്കും.

 

 

മൗട്ടിഞ്ഞോയും അല്‍മേഡിയായും ഒക്കെ കളത്തില്‍ അങ്ങിങ്ങോടി നടന്നാല്‍ പോര, ഗോളടിക്കണം. കഴിഞ്ഞ ദിവസം പരിശീലനത്തിടയില്‍ നിന്ന് ക്രിസ്ത്യാനോ പിന്‍വാങ്ങിയതായി വാര്‍ത്ത കണ്ടു. ഇനി ക്രിസ്ത്യാനോ കളിച്ചില്ലെങ്കില്‍! കപ്പിത്താനില്ലാതെ നിയന്ത്രണം വിട്ട കപ്പലായി തകാനായിരിക്കും വിധി. കരയ്ക്കിരുന്നു തുഴയാനല്ലേ പൗളോ ബെന്റോ എന്ന കോച്ചിന് കഴിയൂ. ഇന്നത്തെ കളിയില്‍ യു എസ് എ ആണ് അവരുടെ എതിരാളികള്‍. ഘാനയുടെ വന്യതയെ കശക്കിയെറിഞ്ഞ് വരുന്നവരാണവര്‍. പോര്‍ച്ചുഗല്‍ തോറ്റിട്ടു വരുമ്പോള്‍ യു എസ് എ വരുന്നത് വിജയവുമായിട്ടാണ്.

 

ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ അവര്‍ കളിക്കു മുമ്പേ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചിട്ടുണ്ട്. പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ നിരാശകൊണ്ട് മുഖം കുനിച്ചു നില്‍ക്കുമ്പോള്‍ യു എസ് എയുടെ ക്യാപ്റ്റന്‍ ക്ലിന്റ് ഡെമ്പസി മികച്ച ഫോമിന്റെ കരുത്തിലാണ്. ടീം ഹോവാര്‍ഡ് എന്ന അവരുടെ ഗോളിയും ഫോമില്‍. പോര്‍ച്ചുഗലിന് ഇന്ന് ഒട്ടും സുഖകരമമാകില്ല കാര്യങ്ങള്‍. അടുത്ത റൗണ്ടിലേക്ക് പോകണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍, അത് ആത്മാര്‍ത്ഥമാണെങ്കില്‍- ജയം അതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കാനിട വരുത്തരുത്.

 

 

ബെല്‍ജിയവും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നുണ്ട്. റഷ്യയാണ് എതിര്‍പക്ഷത്ത്. കറുത്ത കുതിരകളെന്ന വിളിപ്പേരു വീണ ടീമാണല്ലോ ബെല്‍ജിയം. എന്നാല്‍ ആദ്യ മത്സരത്തില്‍ അവര്‍ കടുത്ത സംഘര്‍ഷം അനുഭവിച്ചു; ജയിച്ചു. എന്നാല്‍ അതില്‍ അത്ര വലിയ മേന്മയൊന്നും പറയാനില്ല. ഇന്ന് റഷ്യയ്‌ക്കെതിരേയും അവര്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. റഷ്യ കഴിഞ്ഞ കളിയില്‍ ദക്ഷിണ കൊറിയയോട് സമനില വഴങ്ങിയ ടീമാണ്. അതും ഒരു ഗോളിന് പിന്നിട്ടു നിന്നശേഷം. കൈവിട്ടുപോയ വിജയം ഇന്ന് പ്രാവര്‍ത്തികമാക്കാനാകും റഷ്യക്കാര്‍ കളിക്കുക. രണ്ടുപേരും ജയിക്കാനായി കളിക്കുമ്പോള്‍ കളി കൊഴുക്കും.

സമനിലയുടെ ആശ്വാസവുമായി ഏഷ്യന്‍ ടീമായ ദക്ഷിണകൊറിയ ഇന്ന് അള്‍ജീരിയയെ നേരിടുകയാണ്. അള്‍ജീരയക്കാര്‍ ശക്തരാണ്; ശരീരംകൊണ്ട്. ആ കായികബലത്തെ തോല്‍പ്പിച്ച് ഈ ലോകകപ്പിലെ ആദ്യത്തെ ഏഷ്യന്‍ വിജയം കൊറിയ സാധ്യമാക്കട്ടെ എന്ന് ആഗ്രഹിക്കാം.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍