UPDATES

എബി ബേബി എന്തിന് 25 കഴുതകളെ വളര്‍ത്തുന്നു

‘ഇയ്യോബിന് ആയിരം പെണ്‍ കഴുതകള്‍ ഉണ്ടായിരുന്നു’. ബൈബിളിലെ ഈ വാക്യത്തിന് എറണാകുളം രാമമംഗലം സ്വദേശി എബി ബേബിയുടെ ജീവിതം എന്നു കൂടി അര്‍ത്ഥമുണ്ട്

‘ഇയ്യോബിന് ആയിരം പെണ്‍കഴുതകള്‍ ഉണ്ടായിരുന്നു’. ബൈബിളിലെ ഈ വാക്യത്തിന് എറണാകുളം രാമമംഗലം സ്വദേശി എബി ബേബിയുടെ ജീവിതം എന്നു കൂടി അര്‍ത്ഥമുണ്ട്.

കുട്ടിക്കാലത്ത് നമ്മള്‍ വായിച്ചും കേട്ടും അറിഞ്ഞ കഥകളിലൊക്കെ കഴുത ഏറ്റവും ബുദ്ധികുറഞ്ഞ ഒരു മൃഗമാണ്. അതുകൊണ്ട് തന്നെ ഒരാളുടെ  ബുദ്ധിയുടെ നിലവാരം അളക്കാനാണ് പലപ്പോഴും നമ്മള്‍ കഴുത എന്ന വാക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ബാംഗ്ലൂര്‍ നഗരത്തിലെ ഐടി കമ്പനിയിലുണ്ടായിരുന്ന ജോലിയും കളഞ്ഞ് കുറച്ചു കഴുതകളെ വളര്‍ത്താന്‍ ഇറങ്ങിത്തിരിച്ച എബി ബേബിയുടെ ജീവിതം നമ്മളുടെ ഈ മണ്ടന്‍ ധാരണകളെ തിരുത്തുക തന്നെ ചെയ്യും.

കഴുതപ്പാലിന്‍റെ പോഷക ഗുണം മനസ്സിലാക്കിയും അതില്‍ നിന്നുണ്ടാക്കുന്ന സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണി മൂല്യം അറിഞ്ഞു കൊണ്ടും കൃത്യമായ ആസൂത്രണത്തോടെയാണ് എബി ബേബി കഴുതകളെ വളര്‍ത്തുന്നത്. ഇന്ത്യയില്‍ എന്നല്ല ഏഷ്യയില്‍ തന്നെ ഇങ്ങനെ ഒരു സംരംഭം വേറെ ഇല്ലെന്നും എബി പറയുന്നു. കഴുതപ്പാലില്‍ നിന്ന് സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉണ്ടാക്കി വിപണിയില്‍ എത്തിക്കുകയാണ് എബി ബേബി ചെയ്യുന്നത്. ഒരുപാട് നാളത്തെ പഠനത്തിനും അലച്ചിലിനും ഒടുവിലാണ് എബി ഇതിലേക്ക് എത്തുന്നത്. dolphiniba എന്ന വെബ്സൈറ്റിലൂടെയാണ് എബി തന്‍റെ ഉത്പ്പന്നം വില്‍ക്കുന്നത്.

കഴുത നമ്മള്‍ കരുതുന്നതുപോലെ അത്ര നിസ്സാര ജീവിയല്ല എന്നാണ് എബിയുടെ അഭിപ്രായം. ജറുസലേമിലേക്കുള്ള കഴുതപ്പുറത്ത് എറിയുള്ള യേശു ക്രിസ്തുവിന്റെ യാത്ര ഏറെ പ്രസിദ്ധമാണ്. ദൈവീകമായ തിരഞ്ഞെടുപ്പിന് തെറ്റ് പറ്റത്തില്ല. ഇയ്യോബിന് ആയിരം പെണ്‍കഴുതകള്‍ ഉണ്ടായിരുന്നു എന്ന ബൈബിളിലെ ഒരൊറ്റ വാചകമാണ് എന്നെ ഇങ്ങനെ ഒരു സംരംഭത്തില്‍ എത്തിച്ചത്. പെണ്‍കഴുതകളെ വളര്‍ത്തണമെങ്കില്‍ അത് പാലിന് വേണ്ടി മാത്രമായിരിക്കും. അന്നത്തെ മനുഷ്യരുടെ റിച്ച്നസിന് അതും ഒരു കാരണമായേക്കാം. ഇതൊക്കെയാണ് തന്നെ ഇതിലേക്ക് എടുത്തു ചാടാന്‍ പ്രേരിപ്പിച്ചതെന്ന് എബി പറയുന്നു.

സത്യത്തില്‍ ഭാരം വലിക്കാനാണെങ്കില്‍ ആണ്‍ കഴുതയുടെ ആവശ്യമേയുള്ളൂ. ഒരിക്കലും ആയിരം പെണ്‍കഴുതകളെ ലോഡ് എടുക്കാനായിട്ട് വളര്‍ത്തില്ല. അത് പാലിന്‍റെ ഉപയോഗത്തിനാണെന്ന് ഉറപ്പാണ്. അങ്ങനെ ചിന്തിച്ചിട്ടാണ് ഞാന്‍ ഇതിന്റെ പിറകെ പോകുന്നത്. അതിനെ ഡൊമസ്റ്റിക്കേറ്റ് ചെയ്യുക എന്നുള്ളത് അതിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. എന്തെങ്കിലും യുണീക് ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യണം എന്ന് നേരത്തെ തന്നെ ആഗ്രഹം ഉണ്ടായിരുന്നു. ഞാന്‍ ഒരു ഐ ടി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു. അതിനകത്തുള്ള കോമ്പറ്റീഷനും ഓരോ ദിവസവും അത് കൂടി വരുന്നതും ഒക്കെ ആലോചിച്ചപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ തന്നെ കമ്പനികളില്‍ നിന്ന് ആളുകളെ പിരിച്ചു വിടുകയാണ്. അവര്‍ക്കിനി ഒരു ജോലി കണ്ടെത്തുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം കൊമ്പറ്ററ്റീവ് ആയിട്ടുള്ള മാര്‍ക്കറ്റില്‍ യുണീക് ആയിട്ടുള്ള ഒരു പ്രൊഡക്ട് കൊണ്ട് വന്നാല്‍ നമ്മുടെ പിറകെ ആളുകള്‍ വരും. അങ്ങനെയൊക്കെ ആലോചിച്ചിട്ടാണ് ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നത്. ഇതിന്റെ വിപണി മൂല്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ഇതിനകത്തേക്ക് ഇറങ്ങുന്നത്.

ഫെയര്‍നസിന്റെ കാര്യത്തില്‍ നമ്മള്‍ എപ്പോഴും ഉത്കണ്ഠാകുലരാണ്. അതിനുവേണ്ടി ഒരുപാട് പണം ചിലവാക്കാനും നമ്മള്‍ക്ക് മടിയില്ല. പക്ഷേ കിട്ടുന്നത് പലപ്പോഴും കെമിക്കല്‍സ് അടങ്ങിയ ക്രീമുകളാണ്. അതുകൊണ്ട് അതിനൊരു നാച്ചുറല്‍ സൊലൂഷന്‍ കൊടുക്കാനാണ് ഞാന്‍ ആലോചിച്ചത്. അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ കൊണ്ട് ഈ സംരംഭത്തിലേക്ക് വരികയായിരുന്നു. 

എല്ലാവരും നല്ല രീതിയില്‍ സ്വപ്നം കണ്ട് ജീവിക്കുന്ന കാലത്ത് ഞാന്‍ ആ സ്വപ്നങ്ങളെ കഷ്ടപ്പെട്ട് എത്തിപ്പിടിക്കുകയായിരുന്നു. ഐടി ഫീല്‍ഡില്‍ നല്ലൊരു ജോലി നേടി. ജീവിതത്തില്‍ ഒറ്റപ്പെടുന്ന ചില അനുഭവങ്ങള്‍ ഉണ്ടായി. അതില്‍ നിന്നൊക്കെ എന്‍റെതായ രീതിയില്‍ തികച്ചും വ്യത്യസ്തമായ ഒരു തിരിച്ചു വരവ് നടത്തണം എന്നു ഞാന്‍ ആഗ്രഹിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായി ഒത്തിരി പേര്‍ ആദ്യമൊക്കെ എന്നെ ഒരുപാട് നിരുത്സാഹപ്പെടുത്തി. എല്ലാരും തന്നെ എതിര്‍ത്തു. നിനക്കു വട്ടാണോ എന്ന് ചോദിച്ചവരും ഉണ്ട്. അതിനൊന്നിനും ഞാന്‍ ചെവി കൊടുത്തില്ല. കാരണം വെല്ലുവിളികള്‍ എനിക്കിഷ്ടമായിരുന്നു.

കഴുതപ്പാലിന്‍റെ സൌന്ദര്യ വര്‍ദ്ധക സാധ്യതകള്‍ പൌരാണിക കാലം മുതല്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തന്റെ സൗന്ദര്യവും യൗവനവും നിലനിർത്താനായി 700 കഴുതകളുടെ പാലില്‍ നിത്യവും നീരാടിയിരുന്നതായും കഥകളുണ്ട്. റോമാ ചക്രവർത്തിയായിരുന്ന നീറോയുടെ രണ്ടാം ഭാര്യ സാബിനയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെ സഹോദരി പൗളിനും കഴുതപ്പാല്‍ സൌന്ദര്യ വര്‍ദ്ധക വസ്തുവായി ഉപയോഗിച്ചതായി പറയപ്പെടുന്നു. കഴുതപ്പാല്‍ മുഖത്തെ പാടുകള്‍ മാറ്റുമെന്നും ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുമെന്നും വാര്‍ദ്ധക്യത്തിന്‍റെ ചുളിവുകള്‍ മാറ്റുമെന്നും എബി പറയുന്നു.

പിന്നെ ഇതിന്റെ പാലിന്‍റെ ഗുണങ്ങള്‍. എ, ബി1, ബി6, സി, ഡി എന്നിങ്ങനെ വൈറ്റമിന്‍ സമ്പന്നമാണിത്. ഇന്‍റര്‍നെറ്റ് ഇത്രയും വ്യാപകമായ കാലത്ത് ആര്‍ക്കും തന്നെ കഴുതപ്പാലിന്‍റെ ഗുണങ്ങളെ കുറിച്ചും അതിന്‍റെ വിലയെ കുറിച്ചും സെര്‍ച്ച് ചെയ്തു നോക്കാവുന്നതാണ്. അതിനെക്കുറിച്ച് ഒരുപാട് റിസര്‍ച്ചുകള്‍ നടക്കുന്നുണ്ട്. 2015-ല്‍ അമേരിക്കയിലൊക്കെ കഴുതപ്പാലിനെ ഒഫീഷ്യലായി അംഗീകരിച്ചിട്ടുണ്ട്. പ്രാധാനമായും പാണ്ടുപോലെയുള്ള രോഗങ്ങള്‍ക്ക് കഴുതപ്പാല് ഉപയോഗിക്കും. ഓട്ടിസം പോലുള്ള അസുഖങ്ങള്‍ക്കും വൈറ്റമിന്‍ ഡെഫിഷന്‍സി എന്നിവയ്ക്കും കഴുതപ്പാല് ഉപയോഗിക്കുന്നുണ്ട്. പശുവിന്‍ പാല്‍ അലര്‍ജിയായിട്ടുളവര്‍ക്കും ഒട്ടകപ്പാല് പോലെ തന്നെ കഴുതപ്പാലും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഓരോരുത്തരും ദിവസം ഒരു 30 മില്ലി കഴുതപ്പാല് കുടിക്കുകയാണെങ്കില്‍ ഡോക്ടറെ അകറ്റി നിര്‍ത്താന്‍ കഴിയും എന്ന് എനിക്കുറപ്പിച്ച് പറയാന്‍ കഴിയും. കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്ക് കഴുതപ്പാല്‍ നല്ലതാണ്. ഒത്തിരി ഹെല്‍ത്തിയായിട്ടുള്ള ന്യൂട്രിയന്‍സ് ഇതിലുണ്ട്. അതുകൊണ്ട് ഇന്നുള്ള വൈറ്റമിന്‍ സപ്ലിമെന്റ്സിനേക്കാളും കൃത്രിമമായ ഫുഡ് സപ്ലിമെന്‍റിനെക്കാളുമൊക്കെ കഴുതപ്പാല് ഒരു നാച്ചുറാലായിട്ടുള്ള റെമഡി ആയിട്ടും ഉപയോഗിക്കാവുന്നതാണ്.

 

ഈ അറിവുകളൊക്കെയാണ് എബിയെ കഴുതകളെ അന്വേഷിച്ചുള്ള യാത്രകളിലേക്ക് നയിക്കുന്നത്. ലക്ഷണമൊത്ത കഴുതകളെ തേടി എബി നടത്തിയ യാത്രകള്‍ക്ക് കണക്കില്ല. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ആന്ധ്രയിലെയുമൊക്കെ ഗ്രാമങ്ങളിലൂടെ എബി നിരവധി തവണ അലഞ്ഞു നടന്നിട്ടുണ്ട്. ഒരെണ്ണത്തിന് 25000 രൂപ കൊടുത്താണ് മുപ്പത്തിരണ്ട് കഴുതകളെ എബി വാങ്ങിയത്. കൂട്ടത്തില്‍ ഒരേയൊരു ആണ്‍ കഴുതയെ ഉണ്ടായിരുന്നുള്ളൂ.

കഴുതകളെ കളക്ട് ചെയ്യാനും അതിനെ കുറിച്ച് പഠിക്കാനും ഒക്കെ ആയിട്ട് ഞാന്‍ ഒരുപാട് യാത്രകള്‍ ചെയ്തു. ആദ്യത്തെ അനുഭവമായതു കൊണ്ട് ഒരുപാട് എക്സ്പെന്‍സീവ് ആയിരുന്നു. ബാംഗ്ലൂരില്‍ ഒക്കെ ഒരു കഴുതയ്ക്ക് അറുപതിനായിരം രൂപയൊക്കെയാണ് വില. ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ അതായത് അമേരിക്കയിലൊക്കെ ഒരു നല്ല കഴുതയുടെ വില 1200 ഡോളറാണ്. കഴുതയെ കുറിച്ച് ഒന്നും അറിയാത്തവര്‍ ആരും കഴുതയെ വാങ്ങാനും വളര്‍ത്താനും മിനക്കെടില്ല. കഴുതയെ കുറിച്ച് നന്നായി അറിയാവുന്നവര്‍ മാത്രമേ അതിനു തയാറാകൂ. ഒരു പ്യൂയര്‍ ഇന്ത്യന്‍ കഴുതയ്ക്ക് ഇത്രയും റേറ്റുണ്ട്.

കുതിരയും കഴുതയും കൂടെ ഇണ ചേര്‍ന്നുണ്ടാകുന്നതാണ് കോവര്‍ കഴുത. അതിനെ ലോഡിംഗിന് വേണ്ടിയിട്ടാണ് വളര്‍ത്തുന്നത്. പ്യൂയര്‍ ഇന്ത്യന്‍ കഴുതയ്ക്ക് ഭയങ്കര ഡിമാന്‍റ് ആണ്. ഇന്ത്യയില്‍ അതിന്റെ വാല്യു നന്നായി തിരിച്ചരിയുന്നവര്‍ തമിഴന്‍മാരും കന്നടക്കാരുമാണ്. കുറച്ചൊക്കെ തെലുങ്കരും കാണുമായിരിക്കും. പക്ഷേ തമിഴരാണ് അത് നന്നായി ഉപയോഗിക്കുന്നത്. ഓരോ വീടിന്‍റെ മുന്നിലും കഴുതയെ കൊണ്ടു വന്ന് കറന്നു കൊടുത്തിട്ട് പത്തു മില്ലി പാലിന് നൂറും നൂറ്റമ്പതും രൂപയൊക്കെയാണ് അവര്‍ വാങ്ങുന്നത്. ബാംഗ്ലൂരിലും മഹാരാഷ്ട്രയിലും ഒക്കെ അങ്ങനെ ചെയ്യുന്നുണ്ട്. അതൊക്കെ ദൈനംദിന വരുമാനം എന്ന രീതിയില്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്. പാലിന് വേണ്ടി മാത്രമാണ് അവര്‍ അത് ചെയ്യുന്നത്. പാലില്‍ നിന്നു സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉണ്ടാക്കുന്ന സംരംഭം ഞങ്ങള്‍ അല്ലാതെ മറ്റാരും ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. ഇത് ചെയ്താല്‍ ക്ലിക്കാകും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.

തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നാണ് ഞാന്‍ കഴുതകളെ കൊണ്ട് വന്നത്. അതായത് തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്ന്. കറവയുള്ള കഴുതകളെ തന്നെയാണ് കൊണ്ട് വന്നത്. തുടക്കത്തില്‍ 32 എണ്ണം ഉണ്ടായിരുന്നു. പിന്നെ അത് 36 ആയി. അതില്‍ നിന്ന് 15 എണ്ണം ചത്തുപോയി. ഇപ്പോള്‍ ഇരുപത്തിയഞ്ചെണ്ണം ഉണ്ട്.

കഴുതയെ വളര്‍ത്തുന്നത് പശുവിനെയോ എരുമയെയോ ആടിനെയോ വളര്‍ത്തുന്നത് പോലെ അത്ര എളുപ്പമല്ല എന്നും എബി പറയുന്നു. ഒന്ന് ഇതിനെ വളര്‍ത്തുന്നത് ഹൈലി എക്സ്പെന്‍സീവ് ആണ്. കീടനാശിനികള്‍ ഉപയോഗിച്ച പുല്ലോ തവിടുകളോ ഒന്നും കഴുതയ്ക്ക് കൊടുക്കാന്‍ പറ്റില്ല. അതിന്‍റെ ഡൈജസ്റ്റീവ് സിസ്റ്റം മനുഷ്യന്റേത് പോലെ സെന്‍സിറ്റീവ് ആണ്. അതിനെ മെരുക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

കന്നുകാലികളെ വളര്‍ത്തുന്നതിനെക്കാള്‍ റിസ്ക്കുണ്ട് കഴുതകളെ വളര്‍ത്താന്‍. എനിക്കു മെഡിക്കല്‍ സപ്പോര്‍ട്ട് തരുന്നത് ഡോക്ടര്‍ സുധീഷ് ആണ്. ആര്‍മിയില്‍ മേജര്‍ ആയിട്ട് വിആര്‍എസ് എടുത്ത ആളാണ്. അദ്ദേഹം മണ്ണുത്തി വെറ്റിനറി കോളേജിലെ അസിസ്റ്റന്‍റ് സര്‍ജനും പ്രൊഫസറുമാണ്. അദ്ദേഹം എന്നോടു പറഞ്ഞു, നിങ്ങള്‍ ആദ്യം രണ്ടെണ്ണത്തിനെ വളര്‍ത്തി നോക്കൂ. കാരണം ഒരു ആനയെ വളര്‍ത്തുന്ന പോലെയാണ് ഇതിനെ വളര്‍ത്തുന്നതെന്ന്. ഞാന്‍ ആലോചിച്ചു നോക്കിയപ്പോള്‍ രണ്ടെണ്ണത്തിനെ വളര്‍ത്തുന്നതും കുറെ എണ്ണത്തിനെ ഒരുമിച്ച് വളര്‍ത്തുന്നതും എന്നെ സംബന്ധിച്ച് ഒരുപോലെയാണ്. പിന്നെ എനിക്ക് ഇതില്‍ ഒരു പാഷന്‍ കൂടി ഉണ്ടായിരുന്നു.

ഹൈ റസിസ്റ്റന്‍സ് ഉള്ള ജീവിയാണ് കഴുത. എന്നാല്‍ കീടനാശിനി ഉപയോഗിച്ച ഭക്ഷണം ഇത് താങ്ങില്ല. പകൽ മുഴുവൻ മേഞ്ഞു നടന്നാലും വിശപ്പു തീരാത്ത മൃഗമാണ് കഴുത. പച്ചപ്പുല്ലിനു പുറമേ ഗോതമ്പു തവിട്, അരിത്തവിട്, ചോളത്തവിട് എന്നിവ ചേർന്ന സമീകൃതാഹാരമാണ് കൊടുക്കുന്നത്. കുതിരയുടെ ഭക്ഷണക്രമം മാതൃകയായെടുത്ത് അതിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ് കഴുതയുടെ മെനു തീരുമാനിച്ചതെന്ന് എബി പറയുന്നു. മാത്രമല്ല ഓര്‍ഗാനിക് ആയി കൃഷി ചെയ്ത അരിയുടെയും ഗോതമ്പിന്‍റെയും തവിടാണ് എബി കഴുതകള്‍ക്ക് കൊടുക്കുന്നത്. മാത്രമല്ല ഇതിനായി ഒരേക്കറോളം സ്ഥലത്തു പുല്‍കൃഷിയും ചെയ്യുന്നുണ്ട് എബി.

കഴുതയ്ക്ക് ബുദ്ധിയില്ലെന്ന് പറയുന്നത് വെറുതെയാണ്. അതിനു വളര്‍ത്തുന്നവരെ തിരിച്ചറിയാനൊക്കെ കഴിയും. പക്ഷേ, അതിനെ ഇണക്കിയെടുക്കണം. ഓരോന്നിന്റെയും പ്രകൃതം അറിയണം. എന്നാലേ അതിനെ ഇണക്കാന്‍ കഴിയൂ എന്നാണ് എബിയുടെ അനുഭവം. പതിമൂന്നു മാസങ്ങള്‍ നീളുന്നതാണ് കഴുതയുടെ ഗര്‍ഭകാലം. ഒരു കഴുതയില്‍ നിന്ന് അമ്പതു മുതല്‍ നൂറു മില്ലി വരെയൊക്കെ പാല്‍ കിട്ടും. കൂടിയാല്‍ മുന്നൂറ് മുതല്‍ നാനൂറ് മില്ലി വരെ പാല്‍ കിട്ടുന്ന കഴുതകള്‍ ഉണ്ട്. പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ ഒരു മാസമെങ്കിലും കുടിപ്പിച്ചില്ലെങ്കിൽ അവയുടെ അതിജീവന സാധ്യത കുറയും. അനാപ്ലാസ്മോസിസ് രോഗം ബാധിച്ചാണ് എബിയുടെ പതിനഞ്ചു കഴുതകൾ ഒരുമിച്ച് ചത്തുപോയത്. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് എബി കഴുതകളെ പരിപാലിക്കുന്നത്. കഴുത കടിക്കുകയും തൊഴിക്കുകുകയും ചെയ്യും. കറക്കാനിരിക്കുമ്പോള്‍ തലതിരിച്ച് ഒരടിവച്ചു തന്നാൽ ചിലപ്പോള്‍ അസ്ഥി ഒടിഞ്ഞെന്നിരിക്കും. ചുരുക്കത്തിൽ ഫാം നടത്തിപ്പ് അത്ര എളുപ്പമല്ലെന്നാണ് എബിയുടെ അഭിപ്രായം.

ബാംഗ്ലൂരിലും നാട്ടിലും ആയിട്ടയിരുന്നു എബിയുടെ വിദ്യാഭ്യാസം. കുറെക്കാലം എബി ജോലി ചെയ്തിരുന്നതും ബാംഗ്ലൂരിലായിരുന്നു. ഐടി കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് ഇത്തരം ഒരാശയം എബിയുടെ മനസ്സില്‍ കയറിക്കൂടുന്നത്. ഞാന്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്നത് കൊണ്ട് ഐടി രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ഒന്നു ചെയ്യണം എന്നു തോന്നി. നല്ലൊരു മാര്‍ക്കറ്റാണ് അത്. അധികം പേരൊന്നും അവിടെ എന്‍റര്ടൈന്‍ ചെയ്യുന്നില്ല. അതുകൊണ്ട് അവരിലേക്ക് എത്തിപ്പെടുക എന്ന രീതിയില്‍ അവരെ കണ്‍സ്യൂമര്‍ ആയി കണ്ടിട്ടാണ് ഇത് ഡിസൈന്‍ ചെയ്യുന്നത് തന്നെ. ബ്യൂട്ടി വേര്‍ഴ്സസ് ഐടി എന്നൊരിത് അതിനകത്ത് ഉണ്ടായിരുന്നു. അതായത് ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ ഒരുപാട് നേരം അതിനകത്ത് ഇരിക്കുന്നത് കൊണ്ട് ഫേസ് എപ്പോഴും ഡള്‍ ആയിരിക്കും. ആ സ്ട്രസ്സും സ്ട്രെയിനും ഒക്കെ എടുത്തു കളഞ്ഞ് ഫെയര്‍നെസ് കൊടുക്കുക എന്ന രീതിയില്‍ ആണ് ഞങ്ങള്‍ തുടക്കം മുതല്‍ തന്നെ അതിനകത്ത് ഫോക്കസ് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും മറ്റും കഴുതപ്പാല്‍ കൊണ്ട് വന്നു ഫെയര്‍നെസ് ക്രീമുകള്‍ ഉണ്ടാക്കുക എന്നതായിരുന്നു എബിയുടെ ആദ്യത്തെ തീരുമാനം. എന്നാല്‍ ശുദ്ധമായ പാല്‍ കിട്ടണമെങ്കില്‍ സ്വന്തമായി ഫാം തുടങ്ങണം എന്ന അവസ്ഥയില്‍ എത്തുകയായിരുന്നു.

അഞ്ചെട്ടുവര്‍ഷത്തെ അധ്വാനവും റിസര്‍ച്ചും യാത്രകളും ഒക്കെ ആയിട്ടാണ് ഞാന്‍ ഇതിനകത്തേക്ക് വന്നിരിക്കുന്നത്. ഇതിപ്പോള്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട് ഒന്നര വര്‍ഷമായി. ശരിക്കും പറഞ്ഞാല്‍ ഫാം തുടങ്ങുക എന്നത് എന്‍റെ പ്ലാനില്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് കഴുതപ്പാല്‍ മതിയായിരുന്നു. പക്ഷേ വെള്ളം ചേര്‍ക്കാതെ ഡോങ്കി മില്‍ക്ക് ഒന്നും കിട്ടത്തില്ല. ആമസോണ്‍ പോലെയുള്ള സൈറ്റുകളില്‍ നിന്നൊക്കെയുള്ള പ്രൊഡക്ടുകള്‍ നമ്മള്‍ വരുത്തി നോക്കിയിട്ടുണ്ട്. അതിനകത്തൊന്നും ഡോങ്കി മില്‍ക്ക് ഇല്ല. അങ്ങനെയാണ് ഡോങ്കി മില്‍ക്ക് കിട്ടണമെങ്കില്‍ ഫാം തുടങ്ങണം എന്ന ഒരവസ്ഥ വരുന്നത്. അതുകൊണ്ടാണ് ഇതിനകത്തേക്ക് ഇറങ്ങിയത്.

ഇരുപതിനായിരം കോടിയിലധികം ചിലവഴിക്കപ്പെടുന്ന സൌന്ദര്യ വര്‍ദ്ധക മാര്‍ക്കറ്റില്‍ ജെനുവിന്‍ ആയിട്ടുള്ള പ്രൊഡക്ടുകള്‍ കുറവാണെന്നാണ് എബിയുടെ അഭിപ്രായം. അത്തരം പ്രൊഡക്ടുകള്‍ അവകാശപ്പെടുന്ന മാറ്റങ്ങളൊന്നും സ്കിന്നില്‍ ഉണ്ടാക്കുന്നില്ല എന്നും എബി പറയുന്നു. എറണാകുളത്തെ രാമമംഗലത്താണ് എബിയുടെ Dolphin iba എന്ന മാനുഫാക്ച്വറിംഗ് യൂണിറ്റ്. നൂറു ശതമാനം നാച്വറലായിട്ടുള്ള ഇന്‍ഗ്രേഡിയന്‍സ് ഉപയോഗിക്കുന്നതുകൊണ്ട് ഡോള്‍ഫിന്‍ ഐ ബി എ യുടെ പ്രൊഡക്ടുകള്‍ ഉപയോഗിച്ചാല്‍ നാലു ദിവസം കൊണ്ട് നോട്ടീസബിള്‍ ആയിട്ടുള്ള റിസള്‍ട്ട് ഉണ്ടാക്കും എന്നാണ് എബി പറയുന്നത്.

കഴുതപ്പാലും പപ്പായയും കറ്റാര്‍വാഴയും ഒക്കെയാണ് ഇവിടെ ഇന്‍ഗ്രീഡിയന്‍റായി ഉപയോഗിക്കുന്നത്. ഡോള്‍ഫിന്‍ ഐബിഎ പ്രൊഡക്ടുകളില്‍ സ്കിന്നിന് പറ്റിയ എല്ലാ ക്രീമുകളും ഉണ്ട്. ഫെയര്‍നെസ് ക്രീം ഒരു മോണിംഗ് ക്രീമും ഒരു ഈവനിംഗ് ക്രീമും ആണ്. നാലേ കാല്‍ ലിറ്റര്‍ കഴുത പാല്‍ ഫ്രീസ് ഡ്രൈ ചെയ്താല്‍ 160 ഗ്രാം പൌഡറാണ് കിട്ടുക. ജലാംശം കളഞ്ഞു അതിന്റെ ഗുണങ്ങളൊന്നും നഷ്ടപ്പെടാതെ ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന റിച്ച് നാച്ചുറല്‍ റോസ്മരിയുള്ള ആന്‍റി ഓക്സിഡന്‍റുകളുടെ കൂട്ടത്തില്‍ മികച്ചതാണ് ഡോള്‍ഫിന്‍ ഐബിഎ ഫെയര്‍നെസ്സ് ക്രീം. ഓക്സിജനും നൈട്രജനും ഒക്കെ ഒഴിവാക്കി പ്രത്യേക പാക്കിംഗില്‍ ഒരു ഗുണവും നഷ്ടപ്പെടാതെ ഉപഭോക്താവില്‍ എത്തിക്കുന്നതില്‍ വളരെ അധികം ശ്രദ്ധ കൊടുക്കുന്നുണ്ട്. ഒരു പ്രൊഡക്ട് കൊണ്ട് പത്തു ഗുണങ്ങള്‍ നമ്മള്‍ എക്സ്പെക്ട് ചെയ്യുന്നുണ്ടെങ്കില്‍ അഞ്ചെണ്ണം ഒരെണ്ണത്തിനകത്ത് കാണും. അഞ്ചെണ്ണം വേറെ വരുന്നതാണ്. ഇത് ശരിക്കും ഒരു ബ്രയിന്‍ വര്‍ക്കാണ്. പിന്നെ കരിമംഗല്യം, മുഖത്തെ പാടുകള്‍ എല്ലാം പോകുന്ന വേറൊരു ക്രീം ഉണ്ട്. അതിനും നല്ല റിസള്‍ട്ട് ഉണ്ട്. അതും ഒരു മോണിംഗ് ക്രീമും ഈവനിംഗ് ക്രീമും ഉണ്ട്. പിന്നെ ബ്യൂട്ടീഷ്യന്‍സ് ഒക്കെ ഉപയോഗിയ്ക്കുന്ന ഫേഷ്യല്‍ കിറ്റ് ഉണ്ട്. മസാജിംഗ് ക്രീമും പാക്കും ഉണ്ട്. ഡാന്‍ഡ്രഫ് ഒരു സ്കിന്‍ പ്രോബ്ലം ആണ്. ഞങ്ങളുടെ ‘ഇലുമിന’ എന്ന പ്രൊഡക്ട് ഡാന്‍ഡ്രഫിന് ഫലപ്രദമാണ്.

ഇത്തരം ഒരു സംരംഭം ആരും തന്നെ ചെയ്യുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാരണം ഇത് ഭയങ്കര എഫേര്‍ട്ടാണ്. അത്രയും ക്വാളിറ്റിയിലാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. ശരിക്കും ഫേഷ്യല്‍ കിറ്റിന് 6000-നു മുകളില്‍ ഒക്കെ ചാര്‍ജ് ചെയ്യേണ്ടതാണ്. ഞങ്ങള്‍ 4,798 രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. മോര്‍ണിംഗ് ക്രീമും ഈവനിംഗ് ക്രീമും യൂസ് ചെയ്താലെ കൃത്യമായ റിസള്‍ട്ട് ഉണ്ടാകൂ. ഒരു തവണ വാങ്ങിയാല്‍ മൂന്നു മാസം യൂസ് ചെയ്യാന്‍ പറ്റും. ഈ സംരംഭം കുറെക്കൂടി വിപുലീകരിക്കണം എന്നുണ്ട്. അതിനു വലിയ ഇന്‍വെസ്റ്റ്മെന്‍റ് വേണം. കഴുതകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകണം. അതാണ് ശരിക്കും അടുത്ത ലവല്‍. ഓര്‍ഡര്‍ അനുസരിച്ച് ക്വാണ്ടിറ്റി കൂട്ടുക എന്നുള്ളതാണ് വലിയ വെല്ലുവിളി. മിനിമം ഒരു നാലായിരം കഴുതകള്‍ എങ്കിലും വേണം. സാധാരണ നാല്‍ക്കാലികളെ വളര്‍ത്തുമ്പോള്‍ കിട്ടുന്ന സബ്സിഡി ഒന്നും കഴുതയ്ക്ക് കിട്ടുന്നില്ല. അങ്ങനെ വരുമ്പോള്‍ ഇതിനെ തീറ്റിപ്പോറ്റുക എന്നത് വലിയ വെല്ലുവിളിയാണ്. ഒരു ഫാമിന്‍റെതായ ഒരു കണ്‍സിഡറേഷനും കിട്ടുന്നില്ല. ഒത്തിരി വെല്ലുവിളികളെ അതിജീവിച്ചാണ് ഇങ്ങനെ ഒരു സംരംഭവുമായി മുന്നോട്ട് പോകുന്നത്- എബി പറയുന്നു.

പൊതുവെ അധികം റിസ്ക്ക് എടുക്കാന്‍ തയ്യാറാകാത്തവരാണ് മലയാളികള്‍ എന്നും എപ്പോഴും സേഫ് സോണില്‍ ഇരിക്കാനാണ് മലയാളികള്‍ക്ക് ആഗ്രഹമെന്നും എബി പറയുന്നു.  ഒരു സക്സസ്ഫുള്‍ വെഞ്ച്വര്‍ ആണെന്ന് അറിഞ്ഞാല്‍ നൂറുകണക്കിനു ആളുകള്‍ അതിനകത്തേക്ക് ഇറങ്ങുമെന്ന കാര്യത്തില്‍ എബിക്ക് ഒട്ടും സംശയമില്ല. എറണാകുളത്തിന്റെ ബ്യൂട്ടി ഹബ്ബായി രാമമംഗലത്തെ മാറ്റുക, കേരളത്തിന്റെ ബ്യൂട്ടി ഹബ്ബായി എറണാകുളത്തെ മാറ്റുക, ഇന്ത്യയുടെ ബ്യൂട്ടി ഹബ്ബായി കേരളത്തെ മാറ്റുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളുമായാണ് എബി എന്ന ചെറുപ്പക്കാരന്‍ തന്‍റെ സംരംഭവുമായി മുന്നോട്ട് പോകുന്നത്.

എബി ബേബിയെ ബന്ധപ്പെടാനുള്ള നംബര്‍: 9544716677

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍