UPDATES

പോസിറ്റീവ് സ്റ്റോറീസ്

‘പോസ്റ്റ് കാര്‍ഡ്‌സ് ഫ്രം ഹോം’; അവിഭക്ത ഇന്ത്യയില്‍ ജനിച്ചവരുടെ ഗൃഹാതുരത്വ കഥകളുമായി കൊച്ചിയില്‍ 47 ഇന്തോ-പാക് കലാകാരന്മാര്‍

അവിഭക്ത ഇന്ത്യയില്‍ ജനിച്ചവര്‍ക്ക് മരിക്കും വരെ വിട്ടുമാറാത്ത ഗൃഹാതുരത്വമാണ് ഇതിന്റെ പ്രമേയത്തിനാധാരം.

അവിഭക്ത ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു മനീഷ ഗേര ബസ്വാനി എന്ന ആര്‍ട്ടിസ്റ്റിന്റെ കുടുംബം. വിഭജനത്തിനു മുമ്പുള്ള കഥകള്‍ കേട്ടാണ് അവര്‍ വളര്‍ന്നത്. ഈ കഥകളില്‍ നിന്നുമാണ് കൊച്ചി-ബിനാലെയുടെ കൊളാറ്ററല്‍ പ്രദര്‍ശനത്തില്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും 47 ആര്‍ട്ടിസ്റ്റുകളെ ഒന്നിപ്പിച്ചുള്ള മനീഷയുടെ പോസ്റ്റ് കാര്‍ഡ്‌സ് ഫ്രം ഹോം.

ബിനാലെ പ്രദര്‍ശനങ്ങള്‍ക്ക് സമാന്തരമായി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കലാപ്രദര്‍ശനങ്ങളാണ് കൊളാറ്ററല്‍. ‘വീട്ടില്‍ നിന്നുമുള്ള പോസ്റ്റ് കാര്‍ഡുകള്‍’ (പോസ്റ്റ് കാര്‍ഡ്‌സ് ഫ്രം ഹോം) എന്നാണ് മനീഷ ക്യൂറേറ്റ് ചെയ്തിട്ടുള്ള ഈ കൊളാറ്ററല്‍ പ്രദര്‍ശനത്തിന് നല്‍കിയിരിക്കുന്ന പേര്. ഫോര്‍ട്ട്‌കൊച്ചിയിലെ ക്യൂറോസ് സ്ട്രീറ്റിലാണ് പ്രദര്‍ശനം. വിഭജനവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് മനീഷ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അവിഭക്ത ഇന്ത്യയില്‍ ജനിച്ചവര്‍ക്ക് മരിക്കും വരെ വിട്ടുമാറാത്ത ഗൃഹാതുരത്വമാണ് ഇതിന്റെ പ്രമേയത്തിനാധാരം.

ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവ് കേന്ദ്രമായി പ്രവര്‍്ത്തിക്കുന്ന ചിത്രകാരിയാണ് മനീഷ. കഴിഞ്ഞ 16 വര്‍ഷമായി ആര്‍ട്ട് ഫോട്ടോഗ്രാഫിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. 2015 ലാണ് പാക്കിസ്ഥാനില്‍ യാത്ര ചെയ്ത് ആര്‍ട്ടിസ്റ്റ് ത്രൂ ലെന്‍സ് എന്ന പരമ്പര മനീഷ പ്രദര്‍ശിപ്പിക്കുന്നത്. പിന്നീട് പാക്കിസ്ഥാനില്‍ നിന്നുമുള്ള ആര്‍ട്ടിസ്റ്റുകളെക്കൂടി സംഘടിപ്പിച്ചാണ് പോസ്റ്റ് കാര്‍ഡ്‌സ് ഫ്രം ഹോം എന്ന പ്രദര്‍ശനം.

ഇരുരാജ്യങ്ങള്‍ക്കുമുള്ള പൊതുസ്വഭാവവും സ്‌നേഹവും സാദൃശ്യങ്ങളുമെല്ലാം സന്ദര്‍ശകരിലേക്കെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മനീഷ പറഞ്ഞു. ചരിത്രത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. തന്റെ മാതാപിതാക്കളില്‍ നിന്ന് കേട്ട സംഭവങ്ങള്‍ ഇതിനാധാരമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാനിലേക്ക് എന്നെല്ലാം യാത്ര ചെയ്തിട്ടുണ്ടോ അന്നൊക്കെ അതിര്‍ത്തി കടക്കുമ്പോള്‍ ആകാംക്ഷ കൊണ്ട് നെഞ്ചിടിക്കുന്ന തോന്നലാണ് ഉണ്ടാകുന്നത്. അതിര്‍ത്തി ഇല്ലാതായാല്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സ്പര്‍ധ ഇല്ലാതാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

പാക്കിസ്ഥാനിലെ കലാകാര?ാരുമായുള്ള ആശയവിനിമയത്തില്‍ എല്ലായ്‌പ്പോഴും ഇന്ത്യ എന്ന പേര് കടന്നുവന്നുവെന്ന മനീഷ ഓര്‍ത്തു. വിവിധ പ്രായത്തിലുള്ള ആള്‍ക്കാരുമായി സംസാരിക്കാനായി. എല്ലാവരും ഗത:കാലസ്മരണകള്‍ അയവിറക്കുന്നതായും അവര്‍ നിരീക്ഷിച്ചു.

സലിമ ഹഷ്മി, സതീഷ് ഗുജറാള്‍, സറീന ഹഷ്മി, അന്‍ജും സിംഗ്, വസീം അഹമ്മദ്, മുഹമ്മദ് ഇമ്രാന്‍ ഖുറേഷി, ഐഷ ഖാലിദ്, അമര്‍ കന്‍വര്‍, റൂഹി അഹമ്മദ്, സൈഷാന്‍ മുഹമ്മദ്, തുടങ്ങിയവരുള്‍പ്പെടെയുള്ള ആര്‍ട്ടിസ്റ്റുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. 2017 ലെ ലാഹോര്‍ ബിനാലെയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രശസ്ത ആര്‍ട്ടിസ്റ്റ് എ രാമചന്ദ്രന്റെ സൃഷ്ടികള്‍ മനീഷ അടുത്തിടെ ക്യൂറേറ്റ് ചെയ്തിരുന്നു. 2018 നവംബറില്‍ ഡല്‍ഹിയിലെ വധേര ആര്‍ട്ട് ഗാലറിയിലായിരുന്നു പ്രദര്‍ശനം. ഇന്ത്യയില്‍ ഗാലറി എസ്‌പേസ് ബൂത്തിലും കറാച്ചിയിലെ സനത് ഇനിഷ്യേറ്റീവിലും മനീഷ സ്വന്തം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍