UPDATES

വീഡിയോ

ഇംഗ്ലീഷ് സാഹിത്യം മോഹിച്ചു, എത്തിയത് ഡാറ്റ സയന്‍സില്‍; ഹാര്‍വാഡില്‍ നിന്നും മൈക്രോസോഫ്റ്റിലേക്ക് കുതിക്കുന്ന തിരുവനന്തപുരത്തുകാരന്‍ അഭിജിത്ത് പറയുന്നു; “എന്നെ ശമ്പളം കൊണ്ട് അളക്കരുത്”

“ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. ലിംഗസമത്വം എന്നത് എന്റെ മനസിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്.”

‘പലരും എന്റെ ശമ്പളത്തെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍ ഞാന്‍ ഒരിക്കലും ശമ്പളം കൊണ്ടൊരാളെയൊ അയാളുടെ തൊഴിലിനെയൊ അളക്കില്ല.’ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡാറ്റാ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പ്രതിവര്‍ഷം ഒന്നരക്കോടിയിലേറെ ശമ്പളവുമായി മൈക്രോസോഫ്റ്റില്‍ ജോലിക്ക് കയറാന്‍ തയ്യാറെടുക്കുന്ന അഭിജിത്ത് പറയുന്നു. ലോക പ്രശസ്തമായ സര്‍വ്വകലാശാലയിലെ പഠനവും ഉന്നത വിജയങ്ങള്‍ക്കുമൊപ്പം ശക്തമായ നിലപാടുകളുമുണ്ട് ഈ തിരുവന്തപുരത്തുകാരന്. ഞാന്‍ ഒരു ഫെമിനിസ്റ്റാണെന്നും സമൂഹത്തിലെ ലിംഗ അസമത്വത്തിനെതിരെ എന്തെങ്കിലും ചെയ്യണമെന്നാണ് തനിക്കാഗ്രഹമെന്നും നിശ്ചയദാര്‍ഢ്യത്തോടെ അഭിജിത്ത് പറയുന്നു.

“എല്ലാം എനിക്കൊരു സര്‍പ്രൈസാണ്, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ അഡ്മിഷനും ഇപ്പോള്‍ മൈക്രോസോഫ്റ്റിലെ ജോലിയുമെല്ലാം ഞാന്‍ ഒരു അസാധാരണ വിദ്യാര്‍ത്ഥിയൊന്നും ആയിരുന്നില്ല”, അഭിജിത്ത് പറയുന്നു.

ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍ മോഹിച്ചു

ജനിച്ചത് ആലപ്പുഴയിലാണ്. എന്നാല്‍ എനിക്ക് ഒരുവയസ്സാകുന്നതിനുമുന്‍പ് തന്നെ അമ്മയും അച്ഛനും തിരുവനന്തപുരത്തേക്കുമാറി. വളര്‍ന്നത് തിരുവനന്തപുരത്താണ്. യുകെജി മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ തിരുവന്തപുരത്തെ ലൊയോള സ്‌കൂളിലാണ് പഠിച്ചത്. ഞാന്‍ ഞാനായി രൂപപ്പെടുന്നതു മുഴുവന്‍ ലൊയോള സ്‌കൂളില്‍ നിന്നായിരുന്നു. കൂട്ടുകാരില്‍ നിന്നും അധ്യാപകരില്‍ നിന്നുമെല്ലാം നല്ലൊരു വൈബാണ് എനിക്കു കിട്ടിയിട്ടുള്ളത്. ഇംഗ്ലീഷായിരുന്നു എന്റെ ഇഷ്ട വിഷയം. ചെറുപ്പം മുതലേ എന്നെ പഠിപ്പിച്ച ഇംഗ്ലീഷ് അധ്യാപകര്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. അതുകൊണ്ടു തന്നെ അന്നൊക്കെ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. റോമാന്റിക് പോയട്രിയാണെനിക്ക് ഏറെയിഷ്ടം. ഷേക്സ്പിയറേയും. എഴുതാനും ഇഷ്ടമായിരുന്നു. അധ്യാപകരുടെ പ്രോത്സാഹനവുമുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കാനുള്ള സാഹചര്യമായിരുന്നില്ല.

ഗോവയിലായിരുന്നു പ്ലസ്ടു കഴിഞ്ഞുള്ള പഠനം. ബിറ്റ്സ് പിലാനി ക്യാമ്പസില്‍ ഡുവല്‍ ഡിഗ്രി പ്രോഗ്രാമായിരുന്നു ചെയ്തത്. അഞ്ചുവര്‍ഷം കൊണ്ട് ബിരുദവും ബിരുദാനന്തര ബിരുദവും. ഡിഗ്രി ട്രിപ്പിള്‍ ഇ ആയിരുന്നു. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ടോണിക് എഞ്ചിനീയറിങ്ങ്, മാസ്റ്റേഴ്സ് മാത്തമാറ്റിക്സും. അവിടെ പഠിച്ചു തുടങ്ങിയപ്പോഴും ഒരു മേഖലയോട് പ്രത്യേക താല്‍പര്യമൊന്നും എനിക്ക് തോന്നിയിരുന്നില്ല. അതിനാല്‍ തന്നെ കോളേജ് കഴിഞ്ഞ് എംബിഎയ്ക്കു പോകാം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍ ഒരു സമ്മര്‍ കോഴ്സ് ചെയ്യാന്‍ അവസരം കിട്ടിയത്. 2013 ലായിരുന്നു അത്. പുതിയ ഒരു അനുഭവമായിരിക്കുമല്ലോ എന്നു വിചാരിച്ചാണ് ഞാന്‍ അങ്ങോട്ടു പോയത്. ആദ്യമായി പ്ലെയിനിലൊക്കെ കേറി… ഒരു ഫ്രഷ് എക്സ്പീരിയന്‍സ് ആയിരുന്നു ശരിക്കും അത്. അവിടത്തെ പഠനരീതികളെല്ലാം നമ്മുടേതില്‍ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു. അധ്യാപകരായാലും കുട്ടികളുമായി ഇടപെടുന്നത് വളരെ ഫ്രണ്ട്ലിയായായിരുന്നു. അവിടെ അധ്യാപകരെയാരും സാര്‍, മാഡം എന്നൊന്നും വിളിക്കില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പേരായിരുന്നു വിളിച്ചിരുന്നത്. അതെല്ലാം എനിക്കു വലിയ കൗതുകമായിരുന്നു. തുറന്നു ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ശരിക്കും അവിടെനിന്നുള്ള അനുഭവങ്ങളാണെന്നു പറയാം. ആ കൗതുകവും അനുഭവവുമെല്ലാമാണ് വിദേശത്തുപോയി ഒരു ഡിഗ്രി ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഡാറ്റ സയന്‍സിലേക്കുള്ള വഴി

അഞ്ചു വര്‍ഷത്തെ കോഴ്സില്‍ അവസാന വര്‍ഷം ഇന്റേണ്‍ഷിപ്പായിരുന്നു. അതിനായി അമ്പത് ചോയ്സസ് നമ്മള്‍ നല്‍കണം. വളരെ അവിചാരിതമായി, എന്റെ ചോയ്സസ്സില്‍ ഇല്ലാതിരുന്നിട്ടു കൂടി ബാഗ്ലൂരിലെ മ്യൂസിഗ്മ എന്ന കമ്പനിയിലാണ് ഞാന്‍ ഇന്റെണ്‍ഷിപ്പിനായി എത്തിയത്. ആ സമയത്താണ് ഡാറ്റ സയന്‍സ് എന്നൊരു കാര്യത്തെക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത്. പിന്നീട് ഞാന്‍ ഒറ്റയ്ക്കും അല്ലാതെയുമെല്ലാം അതിനെക്കുറിച്ചു പഠിക്കുകയായിരുന്നു.

ഞാന്‍ ഒരു ഫെമിനിസ്റ്റാണ്…

ചെയ്യുന്ന പ്രൊജക്ടുകള്‍ എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കുന്നതായിരിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. ലിംഗസമത്വം എന്നത് എന്റെ മനസിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ എന്റെ ചില വര്‍ക്കുകളെങ്കിലും അതുമായി ബന്ധപ്പെട്ടതാകണമെന്നുണ്ടായിരുന്നു എനിക്ക്. അതിനാല്‍ തന്നെ ഒരു എന്‍ജിഒ യ്ക്കുവേണ്ടി ഡാറ്റാ ഉപയോഗിച്ചുകൊണ്ട് ജെന്‍ഡര്‍ബേസ് വയലന്‍സിനെല്ലാം എതിരെ പോരാടുന്ന ഒരു പ്രൊജക്ട് ചെയ്തിരുന്നു. അതായത് ഡാറ്റ ഉപയോഗിച്ച് ട്രെന്‍ഡ് മനസിലാക്കുകയും അതിന്റെ വിവരങ്ങള്‍ പോലിസിനും മറ്റുമെല്ലാം കൈമാറുന്നു. അതെനിക്ക് വളരെ നല്ലൊരു അനുഭവമായി തോന്നി. ആ സമയത്താണ് പുരുഷനായതുകൊണ്ടുള്ള എന്റെ പ്രിവിലേജ് ഞാന്‍ കൂടുതലായി മനസിലാക്കിയതും ചിന്തിച്ചു തുടങ്ങിയതും.

ഹാര്‍വാഡിലേക്ക്…

ഡാറ്റാ സയന്‍സില്‍ കൂടുതല്‍ താല്‍പര്യം വന്നതോടെ ആ വിഷയത്തില്‍ ഒരു ബിരുദാനന്തര ബിരുദം നേടണമെന്നും കൂടുതല്‍ പഠിക്കണമെന്നും തോന്നി. അങ്ങനെയാണ് ഹാര്‍വാഡിലേക്ക് അപേക്ഷ കൊടുക്കുന്നത്. അങ്ങോട്ട് അപേക്ഷ നല്‍കണോയെന്ന് ഒരുപാട് ആലോചിച്ചിരുന്നു. കാരണം മറ്റൊന്നുമല്ല അവിടെയൊക്കെ എത്തിപ്പെടാന്‍ കഴിയുമോ എന്ന ചിന്ത തന്നെ. പിന്നെ ജീവിതത്തില്‍ ഒരിക്കലല്ലേ ഇതിനെല്ലാം കഴിയൂ, ഭാവിയില്‍ അ്ന്ന് ചെയ്തത് തെറ്റായിപ്പോയി എന്നു തോന്നരുതല്ലോ എന്നുകരുതിയാണ് അപേക്ഷിച്ചത്. അപേക്ഷിച്ചെങ്കിലും പിന്നീട് ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചതേയില്ല. റിസല്‍ട്ടു വന്നപ്പോള്‍ ശരിക്കും സര്‍പ്രൈസായിരുന്നു, അഡ്മിഷന്‍ കിട്ടി. ഒപ്പം തന്നെ എനിക്ക് സ്‌കോളര്‍ഷിപ്പും കിട്ടിയിരുന്നു. അങ്ങനെ 2017 ഓഗസ്റ്റിലാണ് ഞാന്‍ അവിടെ ജോയിന്‍ ചെയ്യുന്നത്.

എനിക്കവിടെ വ്യത്യസ്ഥമായി കാണാന്‍ കഴിഞ്ഞത് അവിടെ വയസ്സ് ഒന്നിനും ഒരു തടസ്സമല്ല എന്നതാണ്. പഠിക്കാന്‍ പ്രായം അവിടെയാര്‍ക്കും തടസ്സമല്ല. നമ്മുടെ നാട്ടില്‍ അധികം കണ്ടുവരാത്ത ഒന്നാണിത്. വളരെ മോട്ടിവേഷന്‍ നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു അത്. സത്യം പറയാമല്ലൊ ആ സമയത്ത് ഇംപോസ്റ്റര്‍ സിന്‍ഡ്രോം പോലുള്ള കാര്യങ്ങളൊക്കെ എനിക്കു തോന്നിയിട്ടുണ്ട്. ഇത്രയും വലിയൊരു സ്ഥലത്ത് എത്തേണ്ടയാളാണൊ ഞാന്‍ എന്ന തോന്നല്‍. എന്തായാലും ആ അവസരം എന്റെ വ്യക്തിത്വ വികാസത്തിനുവേണ്ടി ഞാന്‍ ഉപയോഗിച്ചു. മറ്റുള്ളവരുടെ ഭാഗത്തു നിന്നുകൂടി ചിന്തിക്കാന്‍ ഞാന്‍ പഠിച്ചു.

ഹാര്‍വാഡിലെ അക്കാദമിക് കാര്യങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍, സാധാരണ യൂണിവേഴ്സിറ്റികളെക്കാള്‍ വര്‍ക്ക് ലോഡ് കൂടുതലാണ്. സ്റ്റഡി ഗ്രൂപ്പുകളായിരുന്ന് പഠിക്കുകയൊക്കെയാണ് ഞങ്ങള്‍ ചെയ്തിരുന്നത്. അല്ലെങ്കില്‍ ഒരിക്കലും എനിക്കവിടെ പഠിക്കാന്‍ കഴിയില്ലായിരുന്നു. എന്റെ കോഴ്സില്‍ അഡ്മിഷന്‍ കിട്ടിയിരുന്നത് 16 പേര്‍ക്കായിരുന്നു. അതില്‍ ഒരേയൊരു ഇന്ത്യക്കാരനും മലയാളിയും എന്നതിനപ്പുറം, ബ്രൗണ്‍ സ്‌കിന്നുള്ള ഒരേ ഒരാള്‍ ഞാന്‍ മാത്രമായിരുന്നു. എന്നാല്‍ അതിന്റെ പോരില്‍ ഒരു വിവേചനവും എനിക്കു നേരിടേണ്ടി വന്നിട്ടില്ല.

ഹാര്‍വാര്‍ഡില്‍ ബിരുദദാന ചടങ്ങില്‍ അഭിജിത്തിന് മറ്റൊരു സര്‍പ്രൈസ് കൂടിയുണ്ടായിരുന്നു. സര്‍വ്വീസില്‍ നിന്നും അവധിയെടുത്ത് മാസ്റ്റേഴ്സ് ഇന്‍ പബ്ലിക് ഹെല്‍ത്ത് പഠിക്കാന്‍ പോയ ശ്രീറാം വെങ്കിട്ടരാമനും അഭിജിത്തിനും ഒരേദിവസമായിരുന്നു ബിരുദദാനം.

നാടിനെ മിസ് ചെയ്തിരുന്നു

ശരിക്കും പറഞ്ഞാല്‍ നാട്ടിലെ ഭക്ഷണമാണ് ഞാന്‍ മിസ് ചെയ്യുന്നത്. ബോസ്റ്റനില്‍ എന്റെ അറിവില്‍ മലയാളി റസ്റ്ററന്റുകളില്ല. സൗത്ത് ഇന്ത്യന്‍ ഭക്ഷണം കിട്ടുന്ന സ്ഥലമുണ്ട്, എന്നാല്‍ അവിടെ നമ്മുടെ അപ്പവും പുട്ടും പൊറോട്ടയുമൊന്നും കിട്ടില്ല. ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്റില്‍ ഒരു റസ്റ്ററന്റ് ഉണ്ട് എന്നാല്‍ അത് ഇവിടെ നിന്നും ഒരുപാട് ദൂരെയാണ്. അതുകൊണ്ടു തന്നെ ഞാന്‍ ഭക്ഷണം വല്ലാതെ മിസ്സ് ചെയ്തിരുന്നു. 2018 ല്‍ എന്റെ പിറന്നാള്‍ ട്രീറ്റായി കൂട്ടുകാര്‍ക്കും പ്രൊഫസര്‍മാര്‍ക്കുമെല്ലാം ഞാന്‍ നമ്മുടെ നാട്ടിലെ ദോശയാണ് വാങ്ങിക്കൊടുത്തത്. എല്ലാവര്‍ക്കും അത് വളരെ അധികം ഇഷ്ടമാവുകയും ചെയ്തു.

എനിക്കേറ്റവും ഇഷ്ടം സിനിമ കാണാനാണ്. അതില്‍ തന്നെ സയന്‍സ് ഫിക്ഷന്‍സ് ആണ് കൂടുതല്‍ ഇഷ്ടം. പണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ ഒരുസമയത്ത് അതൊക്കെ നിര്‍ത്തിവെച്ചു. ഇനിയിപ്പോ ജോലിയൊക്കെയായല്ലോ അതുകൊണ്ടു തന്നെ പണ്ടുണ്ടായിരുന്ന പല പാഷനും ഇനി തിരിച്ചു കൊണ്ടുവരണമെന്നുണ്ട്. അമ്മ സംഗീത അധ്യാപികയാണ്. അതുകൊണ്ടുതന്നെ എന്നെ പാട്ടൊക്കെ പഠിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് ഡാന്‍സിനോടും താല്‍പര്യം ഉണ്ടായിരുന്നു. ഇനി അതെല്ലാം ഒന്ന് പൊടിതട്ടിയെടുക്കണമെന്നു കരുതുന്നു.

മൈക്രോസോഫ്റ്റിലേക്ക്

ഈ വര്‍ഷം ജനുവരിയിലൊക്കെയാണ് വളരെ ഗൗരവമായി ഞാന്‍ ജോലി അന്വേഷിച്ചു തുടങ്ങുന്നത്. അപ്പോഴാണ് മൈക്രോസോഫ്റ്റിന്റെ റിക്രൂട്ടിനെപ്പറ്റിയറിയുന്നത്. അങ്ങനെയാണ് ഡാറ്റാ സയന്റിസ്റ്റ് പോസ്റ്റിനെക്കുറിച്ചറിയുന്നത്. എനിക്ക് താല്‍പര്യം ഉണ്ടായിരുന്നു എങ്കിലും കിട്ടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഒരു എക്സ്പീരിയന്‍സ് ആകുമെന്നു മാത്രമെ കരുതിയിരുന്നുള്ളൂ. ഹാര്‍വാഡില്‍ കിട്ടിയപ്പോഴുണ്ടായ അതേ സര്‍പ്രൈസ് തന്നെയാണ് മൈക്രോസോഫ്റ്റില്‍ ജോലി കിട്ടിയപ്പോഴും. ആറ് റൗണ്ടോളമുണ്ടായിരുന്നു ഇന്റെര്‍വ്യൂ. ജൂലൈ 15 മുതലാണ് ജോലിയില്‍ പ്രവേശിക്കുന്നത്.

ശമ്പളം കൊണ്ട് അളക്കരുത്

ഞാന്‍ ഈയൊരു മേഖലയില്‍ വന്നതുകൊണ്ട് എനിക്ക് ഇത്രയും ശമ്പളം ലഭിക്കുന്നു. അത്രമാത്രം. അതില്‍ വലിയ കാര്യമൊന്നുമില്ല. ഒരിക്കലും ഒരാളെയും ശമ്പളം കൊണ്ട് അളക്കരുത്. എനിക്ക് വലിയ തുക തന്നെയായയിരിക്കും ലഭിക്കുക. എന്നു കരുതി എന്നെ ആരും മാതൃകയാക്കണമെന്നു പറയരുത്. കിട്ടുന്ന പണം കൊണ്ട് ആദ്യം ചെയ്യുന്നത് പഠനാവശ്യത്തിനും മറ്റുമായി എടുത്ത ലോണ്‍ അടച്ചുതീര്‍ക്കുന്നതായിരിക്കും. അതുകഴിഞ്ഞ് സമൂഹത്തിലെ ലിംഗ അസമത്വത്തിനെതിരെ എന്തെങ്കിലും ചെയ്യണമെന്നുണ്ട്. എല്‍ജിബിടിക്യുഐഎപ്ലസ് കമ്മ്യൂണിറ്റിയിലുളളവര്‍ക്കു വേണ്ടിയും എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യണം. ഇതുമാത്രമെ ചെയ്യൂ എന്നല്ല. ആദ്യം ആലോചിക്കുന്നത് ഇതായിരിക്കും.

അമ്മയും അച്ഛനും പറയുന്നു

‘അഭിജിത്തിന്റെ അമ്മ എന്ന നിലയില്‍ എനിക്കിപ്പോള്‍ വലിയ അഭിമാനമാണുള്ളത്. അവനിലൂടെ ഇപ്പോള്‍ ആളുകള്‍ ഞങ്ങളെയും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അവന്റെ എല്ലാ വിജയങ്ങള്‍ക്കെല്ലാം കാരണം അവന്റെ കഠിനാധ്വാനം തന്നെയാണ്.’ അഭിജിതിന്റെ അമ്മ അര്‍ച്ചന അഴിമുഖത്തോടു പറഞ്ഞു. ‘ഞങ്ങളുടെ ഒരേയൊരു മകനാണ് അഭിജിത്ത്. ഇപ്പോള്‍ അവന്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നിരിക്കുന്നു’ അച്ഛന്‍ അശോക് അഭിജിത്തിന്റെ നേട്ടത്തെക്കുറിച്ചു പറയുന്നു. അമ്മ സംഗീത അധ്യാപികയാണ്, അച്ഛന്‍ മലപ്പുറത്ത് അധ്യാപകനും.

Read More : ഇന്ത്യയില്‍ ആദ്യമായി ഐടി സംരംഭത്തിനൊരുങ്ങി ട്രാന്‍സ് യുവതികള്‍; അതും കേരളത്തില്‍

 

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍