UPDATES

സ്ത്രീ

കുട്ടികളുടെ ഡയപര്‍ ഉണ്ടാക്കുന്ന സ്ഥലമാണെന്നാണ് ഇതുവരെ ഗ്രാമീണര്‍ കരുതിയിരുന്നത്; കതിഖേരയിലെ സ്ത്രീകള്‍ ഓസ്‌കാറിനെ ചുവപ്പിച്ച കഥ

രാജ്യ തലസ്ഥാനത്തുനിന്നും കഷ്ടി നൂറു കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ നടക്കുന്ന ഈ നിശബ്ദ മാറ്റം ‘Period. End of Sentence ‘ എന്ന ഡോക്യൂമെന്ററിയിലൂടെ കഴിഞ്ഞ മാസം ലോസ് ഏഞ്ചലസില്‍ ഓസ്‌കാര്‍ പുരസ്‌കാരം നേടി.

കതിഖേര (ഹാപ്പൂര്‍, ഉത്തര്‍ പ്രദേശ്), രാവിലെ 9 മണി. നാട്ടുകാര്‍ മിക്കവരും കൃഷിക്കളങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍, ഗ്രാമത്തിലെ ഏഴു സ്ത്രീകള്‍ തങ്ങളുടെ രണ്ടു മുറികളുള്ള ആര്‍ത്തവ പാഡ് നിര്‍മ്മാണശാല അന്നത്തെ പണിക്കായി തയ്യാറാക്കുകയാണ്. തൊഴിലും സാമ്പത്തിക വരുമാനവും നല്‍കുന്ന ചെലവുകുറഞ്ഞ എളുപ്പം ജീര്‍ണിക്കുന്ന ആര്‍ത്തവ പാഡുകള്‍ ഉണ്ടാക്കുന്ന ഈ ഉദ്യമം, ആര്‍ത്തവരോഗ്യത്തിന്റെ ദൂതികളായ ഈ സ്ത്രീകളുടെ ജീവിതങ്ങളെ മാത്രമല്ല മാറ്റിമറിച്ചത്, പരുത്തിത്തുണികളില്‍ നിന്നും സാനിട്ടറി പാഡുകളിലേക്ക് മാറിയ നിരവധിയായ ഗ്രാമീണ സ്ത്രീകളുടേതു കൂടിയാണ്. രാജ്യ തലസ്ഥാനത്തുനിന്നും കഷ്ടി നൂറു കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ നടക്കുന്ന ഈ നിശബ്ദ മാറ്റം ‘Period- End of Sentence ‘ എന്ന ഡോക്യൂമെന്ററിയിലൂടെ കഴിഞ്ഞ മാസം ലോസ് ഏഞ്ചലസില്‍ ഓസ്‌കാര്‍ പുരസ്‌കാരം നേടി.

എന്നാല്‍, ഗ്രാമീണ ഇന്ത്യയില്‍ അശുദ്ധവും പരസ്യമായി ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നതുമായ ആര്‍ത്തവവും സാനിട്ടറി പാഡും പോലുള്ള വിഷയങ്ങളെക്കുറിച്ച് കാതിഖേരയിലെ ജനങ്ങളുടെ കാഴ്ച്ചപ്പാട് മാറ്റിയത് ഓസ്‌കാര്‍ പുരസ്‌കാരമല്ല. ജനുവരി 2017-നു ‘Pad Man ‘ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അരുണാചലം മുരുഗനാഥന്‍ എന്ന സാമൂഹ്യ സംരംഭകന്‍ കണ്ടുപിടിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ച് സാനിട്ടറി പാഡ് നിര്‍മ്മാണത്തിനുള്ള ഒരു കുടില്‍ വ്യവസായം തുടങ്ങിയപ്പോള്‍ത്തന്നെ ഈ മാറ്റത്തിന് തുടക്കമായിരുന്നു. ഓസ്‌കാര്‍ ആഘോഷിക്കാന്‍ ആ നാട്ടുകാരും അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരും ആ പണിശാലയുടെ മുന്നില്‍ ഒത്തുചേര്‍ന്നതുതന്നെ ആ മാറ്റത്തിന്റെ പ്രതീകമായിരുന്നു.

ജീവിതകാലം മുഴുവന്‍ ആര്‍ത്തവകാലത്ത് തുണി ഉപയോഗിച്ച ഹരചന്ദി ദേവി (67) തന്റെ ആദ്യ ആര്‍ത്തവത്തെക്കുറിച്ചു പറയുന്നു, ‘അത് വരുന്നതുവരെ ആര്‍ത്തവം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഞാനേറെ കൂട്ടുകാരിയോട് ചോദിക്കുകയും ഒരു കഷ്ണം തുണി വെക്കുകയും ചെയ്തു. എനിക്കാകെ ബുദ്ധിമുട്ടായിരുന്നു, പക്ഷെ എന്ത് ചെയ്യാനാണ്.’ എന്നാല്‍ മാറ്റങ്ങള്‍ വരികയാണ്. ഈ പണിശാലയിലെ സ്ത്രീ തൊഴിലാളികള്‍ പ്രതിദിനം 600 ചെലവ് കുറഞ്ഞ പാഡുകള്‍ ഉണ്ടാക്കുന്നു. സ്ത്രീവാദ NGO Action India -യുടെ മുന്നണി പ്രവര്‍ത്തകയായ കുടുംബത്തിലെ മരുമകള്‍ കൂടിയായ സുമന്‍ സ്ഥാപിച്ച വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ പണിശാലയുടെ പശ്ചാത്തലത്തില്‍, ഗ്രാമത്തിലെ ആര്‍ത്തവ വിലക്കുകളെക്കുറിച്ച് പറയുന്ന 25 മിനിട്ടുള്ള ഡോക്യൂമെന്ററിയിലുള്ള തൊഴിലാളികളില്‍ ഒരാള്‍ ഹരചന്ദിയുടെ കൊച്ചുമകള്‍ സ്‌നേഹയാണ്. കതിഖേരയിലെ സ്ത്രീകള്‍ ഓസ്‌കാറിനെ ചുവപ്പിച്ചെങ്കിലും കുറേക്കൂടി സൂക്ഷ്മമായി നോക്കിയാല്‍ ഇപ്പോഴും കുഴപ്പങ്ങള്‍ ഇല്ലാതില്ല.

ഓസ്‌കാര്‍ അഭിനന്ദനങ്ങള്‍ പ്രവഹിക്കുംവരെ പല ഗ്രാമീണരും പാഡ് നിര്‍മ്മാണശാലയെ കുട്ടികളുടെ ഡയപര്‍ ഉണ്ടാക്കുന്ന സ്ഥലമായാണ് കണക്കാക്കിയിരുന്നത്. Netflix -ല്‍ കാണിക്കുന്ന ഈ ചിത്രത്തിലെ ഒരു തൊഴിലാളി സുഷമ, പാഡ് നിര്‍മ്മാണശാലയില്‍ തൊഴിലെടുക്കുന്നതിന്റെ വെല്ലുവിളികളെക്കുറിച്ച് പറഞ്ഞു. ‘അറിയുന്ന ഗ്രാമീണര്‍ കളിയാക്കും, ‘ഈ പണി മാത്രമേ കിട്ടിയുള്ളോ? ദിവസം മുഴുവനും പണിയെടുത്താലും മാസം രണ്ടായിരം രൂപയാണ് കിട്ടുന്നത്.’ സുഷമ പറഞ്ഞു. ഒരിക്കലും ഒരു കോട്ടണ്‍ പാഡ് ഉപയോഗിക്കാത്ത ഹരചന്ദി തന്റെ കൂട്ടുകുടുംബത്തില്‍ നിന്നടക്കമുള്ള ഇവിടെ തൊഴിലെടുക്കുന്ന സ്ത്രീകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

അവരുടെ 22-കാരി കൊച്ചുമകള്‍ രാഖി ഇവിടെയുണ്ടാക്കുന്ന പാഡുകള്‍ തന്റെ അമ്മ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുന്നു. ‘എന്റെ അമ്മ ആദ്യം തുണിയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് പാഡ് ഉപയോഗിക്കുന്നതിനെക്കുറിച്ചു ഞങ്ങള്‍ അമ്മയെ ബോധ്യപ്പെടുത്തി. തുണികള്‍ പലപ്പോഴും മലിനവും അണുബാധയുണ്ടാക്കുന്നതുമാണ്. ഇപ്പോള്‍ അമ്മ പാഡിലേക്ക് മാറുകയും മാസത്തിലെ ആ ദിവസങ്ങളില്‍ ആയാസരഹിതമായി ഇരിക്കുകയും ചെയ്യുന്നു.’ സ്നേഹയെപ്പോലെ ദല്‍ഹി പോലീസില്‍ ചേരാനാഗ്രഹിക്കുന്ന രാഖി പറയുന്നു, ‘ഇതെല്ലാം ലജ്ജാകരമായ സംഗതികളാണ്. ഇതൊന്നും പരസ്യമായി ചെയ്യേണ്ടതല്ല. പക്ഷെ ഞങ്ങള്‍ക്ക് ഞങ്ങളുടെ വീടുകളില്‍ നിന്നും പിന്തുണ കിട്ടി.’

പാഡുകളുണ്ടാക്കുന്നതിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള എല്ലാ ജോലികളും സ്ത്രീകള്‍ തന്നെ ചെയ്യുന്നു. ഉത്പന്നം വിപണിയില്‍ വില്‍ക്കുന്നത് ‘Fly’ എന്ന പേരിലാണ്. ഏതാണ്ട് 3000 ആളുകള്‍ താമസിക്കുന്ന, ലിംഗാനുപാതം 892 ആയ കതിഖേരയില്‍ വിദ്യാലയങ്ങളിലെ ആര്‍ത്തവത്തെക്കുറിച്ചുള്ള ബോധം വളരെ പിറകിലാണ്. എന്നാലും മാറ്റമുണ്ടാകുന്നുണ്ട്. തനിയ്ക്ക് 16 വയസുള്ളപ്പോള്‍ ആര്‍ത്തവം ഉണ്ടായപ്പോള്‍ അധ്യാപിക ഭയപ്പെട്ട് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടക്കി അയച്ചതോര്‍ക്കുന്നു നിര്‍മ്മാണശാലയിലെ 18-കാരിയായ തൊഴിലാളി ആര്‍സി- ഈ രീതി ഇവിടെ പൊതുവാണ്. ‘ഞാന്‍ ഈയടുത്ത പാഡുകളുമായി അധ്യാപികയെ കാണാന്‍ പോയി. ഇത് ആരോഗ്യകരമാണെന്നും തുടകള്‍ ഉരഞ്ഞുപൊട്ടില്ലെന്നും ഞാന്‍ പറഞ്ഞു. അവര്‍ സ്വന്തമായും അതില്‍ ചിലതു കൊണ്ടുപോയി.’ ആര്‍ത്തവം വന്നാല്‍ മാസത്തില്‍ കുറച്ചു ദിവസം വിദ്യാലയത്തില്‍ പോകാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് ഇനിയത് വേണ്ടെന്നും അവള്‍ പറഞ്ഞു.

ഇപ്പോള്‍ ഗ്രാമത്തില്‍ ബഹുമാനം നേടിയെങ്കിലും, ലിംഗവിവേചനം മാത്രമല്ല ജാതി വിവേചനവും കൂടി നേരിടേണ്ടിവന്ന സ്ത്രീകള്‍ക്ക് ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. ‘മോഹന്‍ കോ ഹാവെലി’ എന്ന ഒരു ഗുജ്ജര്‍ പ്രദേശത്ത് തുടങ്ങിയ പണിശാലയില്‍ തൊഴിലെടുക്കാന്‍ ജാട്ട്, മുസ്ലിം സ്ത്രീകള്‍ക്ക് വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. ഇതിലെ പ്ലാസ്റ്റിക്, പാഡ് അവശിഷ്ടങ്ങള്‍ 3 മാസത്തിനുള്ളില്‍ ജീര്‍ണിച്ചുപോകുന്ന തരത്തിലുള്ളതാണെന്നും അവര്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള സമൂഹവും, വ്യാവസായിക ഇടപെടലും എങ്ങനെയാണ് ജാതി ലിംഗ വിവേചനങ്ങളെ ഇല്ലാതാക്കുന്നതും സുസ്ഥിര ശാക്തീകരണം ഉണ്ടാക്കുന്നത് എന്നതിനും ഒരു മാത്യകയാണ് ഇത്. അടുത്തുള്ള പ്രദേശങ്ങളില്‍ വില്‍ക്കുന്നുണ്ടെങ്കിലും പാഡ് നിര്‍മ്മാണശാല വലിയ വിപണിയിലേക്ക് പ്രവേശിച്ചിട്ടില്ല. നിര്‍മ്മാണശാലയുടെ ഒരു മൂലയില്‍ ഉണ്ടാക്കിയ പാഡുകള്‍ വെക്കാനുള്ള കറുത്ത പോളിത്തീന്‍ സഞ്ചികള്‍ വെച്ചിരിക്കുന്നു, അവ പുറത്തു കാണാതിരിക്കാനാണ്.

മാതൃ ആരോഗ്യം, ലൈംഗികാരോഗ്യം എന്നിവയെക്കുറിച്ചും അതിലും പ്രധാനമായി ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും ഇതിനെക്കുറിച്ചുള്ള ധാരണ നല്‍കാനുമുള്ള കേന്ദ്രങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. അതുവരെയും ഊര്‍ജ്ജതന്ത്രത്തില്‍ PhD എടുക്കാനാഗ്രഹിക്കുന്ന ഹരചന്ദിയുടെ കൗമാരക്കാരിയായ കൊച്ചുമകളെപ്പോലെയുള്ള വരുടെ സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്ന ഒന്നായും, സ്ത്രീ ശാക്തീകരണത്തിന്റെയും, താഴെത്തട്ടില്‍ നിന്നുള്ള വികസനസങ്കല്പങ്ങള്‍ നഗരകേന്ദ്രീകൃത നയ നിര്‍മ്മാതാക്കളെ ബോധ്യപ്പെടുത്തുന്നതുമായി ഈ പണിശാല തുടരും. പറക്കാന്‍ കഴിവുള്ള സ്ത്രീകള്‍ നയിക്കുന്ന മാറ്റം.

IANS

സിദ്ധി ജെയിന്‍

സിദ്ധി ജെയിന്‍

ഐഎഎന്‍എസ് കറസ്‌പോണ്ടന്റ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍