UPDATES

പോസിറ്റീവ് സ്റ്റോറീസ്

അമ്മയുടെ ടിവി ഭ്രമം നിര്‍ത്താന്‍ മകന്‍ ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് ഹോട്ടല്‍ തുടങ്ങി

അടുത്തകാലത്ത് സമ്പൂര്‍ണ ലാഭത്തിലായ സ്ഥാപനത്തിന് രാജ്യമെമ്പാടും ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ് മുനാഫ്

മുംബൈയിലെ തന്റെ കുടുംബവീട്ടില്‍ ലഘുഭക്ഷണ ശാല നടത്തുകയാണ് ഗൂഗിളില്‍ നിന്നും രാജിവച്ച മുനാഫ് കപാടിയ. ഇദ്ദേഹത്തിന്റെ അമ്മയാണ് ഇവിടുത്തെ മുഖ്യപാചകക്കാരി. 2014ലെ ഒരു ഞായറാഴ്ച വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്നതാണ് മുനാഫിന്റെ ജീവിതത്തില്‍ നിര്‍ണായകമായി മാറിയത്.

അമേരിക്കന്‍ കാര്‍ട്ടൂണ്‍ പരമ്പരയായ സിംപ്‌സണ്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു മുനാഫ്. എന്നാല്‍ അമ്മ നാഫീസ കപാടിയ സീരിയല്‍ കാണാന്‍ വന്നതോടെ ഇരുവരും വഴക്കായി. അമ്മയ്ക്ക് ഒരുപാട് കഴിവുകളുണ്ടെങ്കിലും ടിവി കാണാനായി ഒരുപാട് സമയം ചെലവഴിക്കുന്നുവെന്ന പരാതി മുനാഫിനുണ്ടായിരുന്നു. അവരെക്കൊണ്ട് അര്‍ത്ഥവത്തായ എന്തെങ്കിലും ചെയ്യിക്കണമെന്ന് ആലോചിച്ചപ്പോഴാണ് നഫീസയുടെ ബോഹ്‌റി പാചകം ചെയ്യാനുള്ള കഴിവിനെക്കുറിച്ച് മുനാഫ് ഓര്‍ത്തത്. മുംബൈയില്‍ തന്നെ പലയിടങ്ങളിലും ലഭ്യമല്ലാതിരുന്ന പ്രത്യേക ഭക്ഷണമാണ് ഇത്. തന്റെ 50 സുഹൃത്തുക്കളെ ഉച്ചയൂണിന് ക്ഷണിച്ചുകൊണ്ട് മുനാഫ് മെയില്‍ അയച്ചു. അമ്മ പാചകം ചെയ്ത ബൊഹ്‌റി ഭക്ഷണമാണ് അവര്‍ അന്ന് വിളമ്പിയത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ ആദ്യം സുഹൃത്തുക്കള്‍ക്കായി നടത്തിയ ഈ വിരുന്നിന് അവരില്‍ നിന്നും മികച്ച അഭിപ്രായം ലഭിച്ചതോടെയാണ് കച്ചവട സാധ്യതകള്‍ ഉറപ്പായത്. അതോടെ പൊതുജനങ്ങള്‍ക്കായി ബൊഹ്‌റി ഭക്ഷണത്തിന്റെ ലഘുഭക്ഷണശാല ആരംഭിക്കുകയായിരുന്നു. ഒരു ചെറിയ മുസ്ലിം സമുദായമായ ദാവൂദി ബൊഹ്‌റ വിഭാഗക്കാര്‍ക്കിടയില്‍ മാത്രം ലഭ്യമായ ഭക്ഷണമാണ് ഇത്. ബുഹ്‌റി വിഭാഗക്കാരായ സുഹൃത്തുക്കളോട് യാചിക്കാനും ബൊഹ്‌റി വിവാഹങ്ങളില്‍ ക്ഷണിക്കാതെ കടന്നുകൂടാനും നിങ്ങളെ പ്രേരിപ്പിക്കുന്ന വിധത്തില്‍ രുചികരമാണ് ഈ ഭക്ഷണമെന്ന് മുനാഫ് പറയുന്നു. ഗുജറാത്തി, പാഴ്‌സി, മുഗള്‍, മഹാരാഷ്ട്ര സ്വാധീനങ്ങളുടെ മിശ്രിതമാണ് ഈ ഭക്ഷണം. ഒരു വലിയ പാത്രത്തില്‍ നിന്നോ താലത്തില്‍ നിന്നോ ഒരു ഗ്രൂപ്പ് ഒരുമിച്ചിരുന്ന് കഴിക്കുന്നതാണ് ഇതിന്റെ രീതി. ഏഴ് കോഴ്‌സുകളുള്ള വിരുന്നിന് 700 രൂപ വീതമാണ് ഇവര്‍ ആദ്യം ഈടാക്കിയിരുന്നത്.

ആദ്യദിവസത്തെ വിരുന്നില്‍ പങ്കെടുത്തവരെല്ലാം തന്റെ അമ്മയെ സന്തോഷത്തോടെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോഴാണ് ആത്മവിശ്വാസമുണ്ടായതെന്നും മുനാഫ് കപാടിയ വ്യക്തമാക്കി. അതോടെ 2015 ജനുവരിയില്‍ ഗൂഗിളിലെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ജോലി രാജിവച്ച് ദ ബൊഹ്‌റി കിച്ചണ്‍ എന്ന സ്ഥാപനം ആരംഭിക്കുകയായിരുന്നു. ആളുകള്‍ പറഞ്ഞറിഞ്ഞും ചിലര്‍ എഴുതിയ റിവ്യൂകളിലൂടെയുമാണ് ചെറുപ്പക്കാരായ ഭക്ഷണപ്രിയര്‍ തന്റെ ഹോട്ടലിലേക്ക് ആകൃഷ്ടരായത്. ഇപ്പോള്‍ 1500 രൂപ വീതമാണ് ഒരു സദ്യയ്ക്ക് ഇവര്‍ ഈടാക്കുന്നത്. അടുത്തകാലത്ത് സമ്പൂര്‍ണ ലാഭത്തിലായ സ്ഥാപനത്തിന് രാജ്യമെമ്പാടും ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ് മുനാഫ്.

തന്റെ കുടുംബാംഗങ്ങളെ കൂടാതെ മൂന്ന് പേര്‍ മാത്രമാണ് ഇപ്പോള്‍ ജീവനക്കാരായുള്ളത്. ഇന്ത്യയില്‍ ഫുഡ് സര്‍വീസ് മേഖല അതിവേഗം വര്‍ദ്ധിക്കുകയാണെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ജനങ്ങളുടെ ഉപഭോക്തൃ ശേഷി വര്‍ദ്ധിച്ചത് ഈ മേഖലയ്ക്ക് ഗുണം ചെയ്യുന്നുണ്ടെന്നും കപാഡിയ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍