UPDATES

പോസിറ്റീവ് സ്റ്റോറീസ്

ജെഎന്‍യുവില്‍ സെക്യൂരിറ്റി ജോലി, ഇപ്പോള്‍ അവിടെത്തന്നെ വിദ്യാര്‍ത്ഥി; രാംജല്‍ മീണയെ ഒരു യൂണിവേഴ്സിറ്റി മാറ്റിത്തീര്‍ത്ത വിധം

ഈ 34-കാരന്‍ ഇപ്പോള്‍ ബിഎ റഷ്യന്‍ ബിരുദ കോഴ്സിന് പ്രവേശനം നേടിയിരിക്കുകയാണ്.

സെക്യൂരിറ്റികാരനായെത്തി വിദ്യാര്‍ത്ഥിയാവുക. രാംജല്‍ മീണ എന്ന 34 കാരന്റെ കഥ പ്രതീക്ഷകളുടെയും കഠിനാധ്വാനത്തിന്റെതുമാണ്. സെക്യൂരിറ്റി ജോലിക്കായി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെത്തുമ്പോള്‍ ഒരിക്കല്‍ അവിടെ വിദ്യാര്‍ത്ഥിയാകുമെന്ന് രാംജല്‍ മീണ ചിന്തിച്ചിരുന്നേയില്ല. ഈ 34-കാരന്‍ ഇപ്പോള്‍ ജെഎന്‍യുവില്‍ ബിഎ റഷ്യന്‍ ബിരുദ കോഴ്സിന് പ്രവേശനം നേടിയിരിക്കുകയാണ്. അധ്യാപകുടെയും വിദ്യാര്‍ത്ഥികളുടെയും മികച്ച പിന്‍തുണയും പ്രോത്സാഹനവും ഉണ്ട് മീണയ്ക്കു ശക്തിയായി. എന്‍ട്രന്‍സ് കടമ്പ ഇതിനകം മറികടന്നു.

ഒരു കൂലിപ്പണിക്കാരന്റെ മകനായ മീണ ഭജേറയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. എന്നാല്‍ വീട് പുലരാന്‍ അച്ഛനെ സഹായിക്കേണ്ടിയിരുന്നതിനാല്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ പഠിക്കണം എന്ന ചിന്ത എപ്പോഴും മീണയുടെ മനസ്സിലുണ്ടായിരുന്നു. അതിനാല്‍ തന്നെ രാജസ്ഥാന്‍ സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി. സാമ്പത്തിക പ്രതിസന്ധിമൂലം റഗുലര്‍ കോളജില്‍ പഠിക്കാന്‍ സാധിക്കാതിരുന്നത് എന്നും വിഷമമായി ഉള്ളിലുണ്ടായിരുന്നു.

ജെഎന്‍യുവിലെ പഠനാന്തരീക്ഷത്തിലെത്തിയപ്പോള്‍ മീണ പഠന സ്വപ്നം വീണ്ടെടുക്കുകയായിരുന്നു. “ഇവിടെയൊരു പഠനാന്തരീക്ഷമുണ്ട്. അത് എനിക്കും പ്രചോദനമായി”, മീണ പറയുന്നു. തുടര്‍ന്ന് ബിഎ റഷ്യനുള്ള പ്രവേശ പരീക്ഷ വിജയിക്കാനായി പരിശ്രമം തുടങ്ങി. ജോലിക്കിടയില്‍ തന്നെ പഠിക്കാനും സമയം കണ്ടെത്തി. നോട്ടുകള്‍ നല്‍കി വിദ്യാര്‍ത്ഥികളും സഹായത്തിനെത്തി. കൂടാതെ മൊബൈലില്‍ ദിനപത്രങ്ങളുടെ ആപ്പുകള്‍ ഉള്‍പ്പെടുത്തി അവ പിന്‍തുടരുകയും ചെയ്തു. ബിഎ റഷ്യന്‍ തെരഞ്ഞെടുത്തതിന് മീണയ്‌ക്കൊരു കാരണമുണ്ട്. എന്തെന്നാല്‍ വിദേശ ഭാഷ പഠിച്ചാല്‍ ലോക രാജ്യങ്ങളില്‍ പോകാനാകും. സിവില്‍ സര്‍വീസിലും തന്റെ ഭാഗ്യം പരീക്ഷിക്കണമെന്നുണ്ട് മീണയ്ക്ക്.

സ്ഥിരജോലിയുള്ളയാള്‍ക്ക് റഗുലര്‍ കോഴ്സിന് ചേരാന്‍ ജെഎന്‍യുവില്‍ അവസരമില്ല. അങ്ങനെ വരുമ്പോള്‍ ജോലി വിടേണ്ടിവരും. അതാണ് ഇപ്പോള്‍ മീണയ്ക്കു മുന്‍പിലെ പ്രധാന വെല്ലുവിളി. എന്നാല്‍ തനിക്ക് നൈറ്റ് ഷിഫ്റ്റ് മാത്രമാക്കി നിജപ്പെടുത്താനായി സര്‍വ്വകലാശാലയോട് ആവശ്യപ്പെടുമെന്ന് മീണ പറയുന്നു. അനുകൂല നടപടിയുണ്ടാകുമെന്നാണ് ഈ 34-കാരന്റെ പ്രതീക്ഷ. വിവാഹിതനായ മീണയ്ക്ക് മൂന്ന് മക്കളുമുണ്ട്.

“ജെഎന്‍യു പോലുള്ള പബ്ലിക് യൂണിവേഴ്സിറ്റികളെ അപഹസിക്കുകയും താറടിക്കുകയും പൊതുജനത്തിന്റെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നുവെന്നും ആരോപിക്കുന്നവര്‍ ഈ റിപ്പോര്‍ട്ട് വായിക്കണം. ഇത്തരത്തിലുള്ള പബ്ലിക് യൂണിവേഴ്സിറ്റികള്‍ ഇല്ല എങ്കില്‍ രാംജാലിനെ പോലുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ഒരിക്കലും ലഭ്യമാകുമായിരുന്നില്ല. ഇവിടെ പഠിച്ചതില്‍ അഭിമാനിക്കുന്നു”, രാംജാലിന്റെ നേട്ടത്തോട് ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയും ഗവേഷകനുമായ ഉമര്‍ ഖാലിദ് പ്രതികരിച്ചത് ഇങ്ങനെയാണ്.

Congrats Ramjal ji. Those who abuse public univs like JNU as a waste of tax payers money should read this story. If not for public univs, Ramjal ji would never have been able to access higher education. So proud to have studied in JNU. Lal Salaam, JNU

 

Read More : കാന്‍സറിനെ അതിജീവിച്ച എട്ടുവയസുകാരന്‌ അന്തര്‍ദേശീയ ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ്ണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍