UPDATES

സ്ത്രീ

ഡോ. സൗമി മാത്യൂസ്‌: എച്ച്‌ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഈ മലയാളിയുമുണ്ട്

തൃശ്ശൂര്‍ വെസ്റ്റ് മാങ്ങാട് സ്വദേശിയാണ് സൗമി.

ആദ്യത്തെ എയ്ഡ്സ് രോഗി മരിച്ചിട്ട് 50 വര്‍ഷം തികയുന്ന ഈ ഘട്ടത്തിലാണ് എച്ച്‌ഐവി ക്ക് മരുന്ന് കണ്ടുപിടിച്ചെന്ന വാര്‍ത്തകളാണ് അമേരിക്കയിലെ യൂണിവേഴ്‌സ്റ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്റെറില്‍ നിന്ന് പുറത്തുവരുന്നത്. വൈദ്യശാസ്ത്രത്തെ സംബന്ധിച്ച് ഈ കണ്ടുപിടിത്തം ഒരു നാഴികകല്ലാണ്. ഈ കണ്ടുപിടിത്തത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. എന്തെന്നാല്‍ മരുന്ന് കണ്ടുപിടിച്ച ഗവേഷകരുടെ കൂട്ടത്തില്‍ ഒരു മലയാളി യുവതിയും ഉണ്ടായിരുന്നു – ഡോ സൗമി മാത്യൂസ്. ഇപ്പോള്‍ എച്ച്‌ഐവിക്ക് പല ചികിത്സാ മാര്‍ഗങ്ങളുമുണ്ടെങ്കിലും അവയൊന്നും തന്നെ എച്ച്‌ഐവിയെ ഉന്മൂലനം ചെയ്യുന്നതല്ല. എന്നാല്‍ ഇപ്പോള്‍ ഈ ഗവേഷണം എത്തിച്ചേര്‍ന്നിരിക്കുന്നത് ആ ലക്ഷ്യത്തിലാണ്.

എച്ച്‌ഐവി ചികിത്സ എങ്ങനെ

ലേസര്‍ ആര്‍ട്ട് (ലോങ്ങ് ആക്ടിങ്ങ് സ്ലോ ഇഫക്ടീവ് റിലീസ് ആന്റി റിട്രോവയറല്‍ തെറാപ്പി) എന്ന സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. അതായത് സാധാരണയായി എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന്, കൂടുതല്‍ സമയം ശരീരത്തില്‍ നിലനിര്‍ത്തുന്നതിനായി മരുന്നിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു. ലോങ്ങ് ആക്ടിങ്ങ് സ്ലോ ഇഫക്ടീവ് റിലീസ് ആന്റി റിട്രോവയറല്‍ തെറാപ്പിയും, ക്രിസ്പര്‍ തെറാപ്പിയും (എച്ച്‌ഐവി ജീനോമിനെ മുറിച്ചു കളയുന്ന പ്രക്രിയ) സംയോജിപ്പിച്ചാണ് ചികിത്സിക്കുന്നത്. ലേസര്‍ ആര്‍ട്ട് ചെയ്തതിനു ശേഷം ശരീരത്തില്‍ എച്ച്‌ഐവിയുടെ അളവ് കുറയുന്നു. തുടര്‍ന്ന് ബാക്കിയുള്ള എച്ച്‌ഐവിയെ ക്രിസ്പര്‍വച്ച് മുറിച്ചുകളയുന്നു.

മനുഷ്യന്റെ അതേ രോഗപ്രതിരോധശേഷിയുള്ള എലികളിലാണ് ഇപ്പോള്‍ ഈ പരീക്ഷണം നടത്തിയിരിക്കുന്നത് (ഹ്യുമനൈസ്ഡ് മൈസ്). അതായത്, ഈ മരുന്ന് മനുഷ്യ ശരീരത്തില്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുക അതേ പോലെ തന്നെ എലികളുടെ ശരീരത്തിലും പ്രവര്‍ത്തിക്കുന്നു. ഈ പരീക്ഷണം ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത് 30 മുതല്‍ 35 ശതമാനം വരെയാണ്. അതിനാല്‍ തന്നെ ഇത് 100 ശതമാനത്തില്‍ എത്തിക്കുക എന്നതാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. ഇപ്പോള്‍ എച്ച്‌ഐവിക്ക് മരുന്നുണ്ടെങ്കിലും അത് എച്ച്‌ഐവി നിയന്ത്രിക്കാന്‍ മാത്രമുള്ളതാണ്. നിയന്ത്രിച്ച് നിര്‍ത്തുന്നതിനപ്പുറം ഗുണപ്പെടുത്താന്‍ സാധിക്കാറില്ല. സാധാരണയായി എച്ച്‌ഐവി ചികിത്സ എന്ന് പറയുമ്പോള്‍ സ്ഥിരമായി മരുന്നു കഴിക്കണം. അത് ഒരു ദിവസം പോലും മുടക്കാന്‍ കഴിയില്ല. എന്നാല്‍ ഈ മരുന്ന് വര്‍ഷത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ 2, 3 പ്രാവശ്യമോ എടുത്താല്‍ മതിയാകും. അതോടെ എച്ച്‌ഐവിയെ പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ സാധിക്കുന്നു. ഈ മരുന്ന് ഇന്‍ജക്ഷന്‍ രൂപത്തിലായിരിക്കും ഉണ്ടാവുക. ലാബിന്റെ ചെയര്‍പേഴ്‌സനായ ഹവാര്‍ഡ് ജെന്റില്‍മാനാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മരുന്ന് സാധാരണക്കാരിലേക്ക്

ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ മരുന്ന് സാധാരണരക്കാരിലേക്ക് എപ്പോഴെത്തും എന്ന് പറയാന്‍ സാധ്യമല്ല. 30 ശതമാനം വിജയത്തില്‍ നിന്നും 100 ശതമാനത്തിലേക്കെത്താന്‍ ഇനിയും ഏറെദൂരം ഗവേഷകര്‍ക്ക് സഞ്ചരിക്കേണ്ടതുണ്ട്. ക്ലിനിക്കല്‍ പരീക്ഷണഘട്ടം നടത്തി വിജയിച്ചാല്‍ മാത്രമെ ഇത് സാധാരണക്കാരിലേക്കെത്തിക്കാന്‍ സാധിക്കുകയുള്ളൂ. ലോകാരോഗ്യ സംഘടനയാണ് സാധാരണ എച്ച്‌ഐവിക്ക് വേണ്ട മരുന്നുകള്‍ നല്‍കാറുള്ളത്. അത് സൗജന്യവുമായിരിക്കും. അതിനാല്‍ തന്നെ സാധാരണക്കാര്‍ക്കും മരുന്ന് ഉപയോഗിക്കാന്‍ സാധിക്കും. തുടര്‍ന്നുള്ള ഗവേഷണങ്ങള്‍ എത്രപെട്ടന്ന് പൂര്‍ത്തിയാകുന്നുവോ അതിനനുസരിച്ച് മരുന്ന് ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയും.

മലയാളിയായ സൗമിയും ഗവേഷണവും

ഏതോരു ഗവേഷകരെ സംബന്ധിച്ചും യുഎസ് എന്നത് ഒരു സ്വപ്‌നമാണെന്നാണ് സൗമി പറയുന്നത്. കാരണം യുഎസിലെ റിസര്‍ച്ച് ഫെസിലിറ്റിയും ഓരോരുത്തരുടെയും വര്‍ക്കുകള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവുമാണ്. പിഎച്ച്ഡി കഴിഞ്ഞപ്പോള്‍ തന്നെ പോസ്റ്റ് ഡോക്ടറലിനായി നെബ്രാസ്‌കയിലേക്ക് അപേക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് ഡോ ലറിക്‌സ പൊലുക്തോവ, ഡോ ശാന്തി ഗൊറാന്തല എന്നിവരുടെ കീഴിലുള്ള ഹ്യുമനൈസ്ഡ് മൗസ് ഡവലപ്പ്‌മെന്റ് ലബോറട്ടറിയിലേക്കെത്തുന്നത്. എച്ച്‌ഐവിയെക്കുറിച്ചുള്ള ഗവേഷണമാണ് പ്രധാനമായും അവിടെ നടക്കുന്നത്. “ഞാന്‍ പിഎച്ച്ഡി ചെയ്തത് സ്റ്റം സെല്‍സില്‍ ആയതിനാല്‍ തന്നെ അതില്‍ നിന്നും വ്യത്യസ്തതമായ ഈ മേഖലയിലേക്കെത്തിയപ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും കാര്യങ്ങള്‍ പെട്ടന്ന് പഠിക്കാനുമെല്ലാം എന്നെ സഹായിച്ചത് എന്റെ ഗൈഡുകളാണ്”, സൗമി പറയുന്നു. ഉപരിപഠനത്തിനായി യുഎസില്‍ പോകുന്നതിന് സൗമിയുടെ വീട്ടുകാരും പൂര്‍ണ്ണ പിന്തുണ നല്‍കി.

കുടുംബം

തൃശ്ശൂര്‍ വെസ്റ്റ് മാങ്ങാട് സ്വദേശിയാണ് സൗമി. “എന്റെ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ കുടുംബം. വിദ്യാഭ്യാസത്തിന് വളരെ മുന്‍തൂക്കം നല്‍കുന്നവരാണ് എന്റെ കുടുംബാംഗങ്ങള്‍. എന്റെ എല്ലാ വിജയത്തിന് പിന്നിലും ശരിക്കും പറഞ്ഞാല്‍ അവരാണുള്ളത്. സമൂഹത്തിന് മുഴുവന്‍ സഹായകമാകുന്ന ഒരു കണ്ടുപിടിത്തത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്” സൗമി അഴിമുഖത്തോട് പറഞ്ഞു. കൊച്ചു മാത്യൂവിന്റെയും സെല്‍മ മാത്യൂസിന്റെയും മകളാണ് 32-കാരിയായ ഡോ സൗമി. സിമി മാത്യൂസ്, സുമിത് മാത്യൂസ് എന്നിവരാണ് സഹോദരങ്ങള്‍.

പഠനകാലഘട്ടം

തൃശ്ശൂരിലുള്ള സെല്‍സെബേല്‍ സെന്‍ട്രല്‍ സ്‌കുളിലാണ് സൗമി പഠിച്ചത്. സൗമിയുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ച സ്‌കൂളാണിത്. അവിടത്തെ അധ്യാപകരും കൂട്ടുകാരുമെല്ലാം എല്ലാ കാര്യങ്ങളിലും സൗമിക്ക് പിന്തുണ നല്‍കുന്നവരായിരുന്നു. പഠനവിഷയങ്ങളില്‍ മാത്രമല്ല, സമൂഹത്തോട് എങ്ങനെ പ്രതിബന്ധതയോട് കൂടി ജീവിക്കണം എന്നു സൗമിയെ പഠിപ്പിച്ചതും ആ സ്‌കൂളാണ്.

കണ്ണൂര്‍ സര്‍ സെയ്യിദ് കോളോജില്‍ ബയോടെക്‌നോളജിയിലായിരുന്നു സൗമിയുടെ ബിരുദപഠനം. സര്‍സെയ്യിദ് കോളേജിലെ അധ്യാപകരാണ് ബയോടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ച് കൂടുതല്‍ സൗമിക്ക് പറഞ്ഞു കൊടുത്തതും, ബയോടെക്‌നോളജിയില്‍ സൗമിക്ക് താല്‍പര്യമുണ്ടാക്കിയതും. അതിനു ശേഷം ബിരുദാന്തര ബിരുദം കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ആര്‍വിഎസ് കോളേജിലായിരുന്നു. ഡോ ടി.വി കുമാരിയുടെ കീഴില്‍ ബയോമെഡിക്കല്‍ ടെക്‌നോളജിയായിരുന്നു എംഫില്‍. അത് തിരുവന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സ്‍ ആന്റ് ടെക്‌നോളജിയിലായിരുന്നു.

കണ്ണിന്റെ സ്റ്റം സെല്ലിനെക്കുറിച്ചുള്ളതായിരുന്നു സൗമിയുടെ പിഎച്ച്ഡി പഠനം. അത് മധുരൈ കാമരാജ് യൂണിവേഴ് സിറ്റിയുടെ അഫിലിയേഷനുള്ള അരവിന്ദ് മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷനിലായിരുന്നു. തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്റെറില്‍ അവസരം ലഭിക്കുന്നതും 2015-ല്‍ യുഎസിലേക്ക് പോകുന്നതും.

ഗവേഷണം; ഇന്ത്യയിലും യുഎസിലും

ഇന്ത്യയിലേയും യുഎസിലേയും ഗവേഷണങ്ങള്‍ താരതമ്യം ചെയ്യുക എന്നത് ഒരു എളുപ്പമുളള കാര്യമല്ല. എന്തെന്നാല്‍ ഇന്ത്യ ഒരു വിസ്വരരാജ്യവും യുഎസ് വികസിതരാജ്യവുമാണ്. യുഎസില്‍ ഗവേഷണത്തിനായി കൂടുതല്‍ സൗകര്യങ്ങളുണ്ട്. പണമായാലും അടിസ്ഥാന സൗകര്യങ്ങളായാലും ഗവേഷണത്തിനു നല്‍കുന്ന പ്രാധാന്യമായാലും യുഎസില്‍ കൂടുതലാണ്. ഇന്ത്യയിലാണെങ്കില്‍ പഠന മികവുള്ളവരും കഴിവുള്ളവരും ഒരുപാടാണ്, സൗകര്യങ്ങളും പണവും എല്ലാം നല്‍കുന്നുമുണ്ട്. എന്നാല്‍ അത് ഗവേഷകരില്‍ എത്താന്‍ എടുക്കുന്ന സമയവും ഉപയോഗപ്പെടുത്താന്‍ എടുക്കുന്ന കാലതാമസവും വലുതാണ്. അതുകൊണ്ടാണ് കുറച്ചെങ്കിലും ഗവേഷണ കാര്യത്തില്‍ ഇന്ത്യ പിറകോട്ടുപോവുന്നത്. കഴിവുള്ളവര്‍ പലരും ഗവേഷണങ്ങള്‍ക്കും മറ്റുമായി അന്യരാജ്യങ്ങളിലേക്കു പോകുന്നതും അതിനാലാണ്, സൗമി പറയുന്നു.

സ്ത്രീകളും ഗവേഷണ രംഗവും

സൗമി ഇതുവരെ ഗവേഷണം ചെയ്തത് മുഴുവന്‍ സത്രീകളുടെ കീഴിലാണ്. എന്നാലും ലോകത്തിലേയും ഇന്ത്യയിലേയും കണക്കെടുക്കുകയാണെങ്കില്‍ ഗവേഷണത്തില്‍ സ്ത്രീ പങ്കാളിത്തം കുറവാണ് എന്ന അഭിപ്രായക്കാരിയാണ് സൗമി. “കുടുംബം എന്ന ഒരവസ്ഥയിലേക്കു എത്തുമ്പോള്‍ പലപ്പോഴും സ്ത്രീകളാണ് വിട്ടുവീഴ്ച ചെയ്യുന്നത്. അത് സ്വമേധയായോ പ്രേരിതമോ ആവാം. അതുതന്നെയാണ് ഗവേഷണരംഗത്ത് സ്ത്രീ പങ്കാളിത്തം കുറയുന്നതിനും കാരണം. ഈ സ്ഥാപനത്തിലും വലിയ പൊസിഷനുകളില്‍ സ്ത്രീകളുണ്ട്. ഇത് വലിയ സന്തോഷമാണ് നല്‍കുന്നത്. സ്ത്രീ ഗവേഷകര്‍ക്ക് ധാരാളം അവസരങ്ങളാണ് യുഎസ് പോലുള്ള രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നത്”, സുമി പറയുന്നു.

വൈദ്യശാസ്ത്ര മേഖലയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തിലെ മലയാളി എന്നതിനാലും പൊതുവില്‍ സ്ത്രീ പങ്കാളിത്തം കുറവായ ഗവേഷണമേഖലയിലെ സ്ത്രീ സാന്നിധ്യം എന്നതിനാലും സൗമി മാത്യൂസിന്റെ ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.

Read More : എച്ച്ഐവിയെ കീഴടക്കാനാവുമോ? പ്രതീക്ഷകള്‍ വര്‍ധിക്കുന്നു, എലികളില്‍ പരീക്ഷണം വിജയം

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍