UPDATES

പോസിറ്റീവ് സ്റ്റോറീസ്

മാതൃകയായി സീതാ കല്യാണം; മകളുടെ വിവാഹത്തിനായി കരുതിയ തുക പാവപ്പെട്ടവരുടെ പഠനത്തിന് നല്‍കി സൂര്യകൃഷ്ണമൂര്‍ത്തി

വിവാഹച്ചെലവുകള്‍ക്കായി സ്വരൂപിച്ച തുക 20 പാവപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്കായി നല്‍കി

ആര്‍ഭാടരഹിതമായി നടന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെയും രാജിയുടെയും മകള്‍ സീതയുടെ കല്യാണത്തിന് പ്രമുഖരുടെ ആശംസകള്‍. വിഎസ് അച്യൂതാനന്ദന്‍ നേരിട്ടെത്തി വധുവരന്മാര്‍ക്ക് ആശംസകള്‍ പകര്‍ന്നു. ബിഹാര്‍ വൈശാലി ഹാജിപ്പൂരിലെ രജ്പുട്ട് കുടുംബത്തിലെ ഡോ. മധുസൂദനന്‍ സിങ്ങിന്റെയും പ്രിയാസിങ്ങിന്റെയും മകനായ ചന്ദന്‍കുമാറായിരുന്നു വരന്‍. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തൈക്കാടിലെ സ്വവസതിയിലെ പൂജമുറിയില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് മൂര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ട വിവാഹ ക്ഷണക്കത്ത് വൈറലായിരുന്നു.

പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്ത ഇവരെ ഒന്നിപ്പിക്കുകയാണെന്നും എല്ലാവരുടെ അനുഗ്രഹം വേണമെന്നും വിവാഹത്തിന് ആര്‍ഭാടവും സ്ത്രീധനവും വിരുന്നു സല്‍കാരങ്ങളും ഒഴിവാക്കുകയാണെന്നും പറഞ്ഞുകൊണ്ടുള്ള ക്ഷണക്കത്ത് വൈറലായിരുന്നു. ‘എന്റെ മകള്‍ സീത വിവാഹിതയാവുകയാണ്. അവളോടൊപ്പം സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ട്രയിനിംഗില്‍ കൂടെയുള്ള ചന്ദന്‍ കുമാര്‍ ആണ് വരന്‍. ബിഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപൂരിലെ ഒരു പുരാതന രാജ്പുത് കുടുംബത്തിലെ ഡോ. മധുസൂദന്‍ സിംഗിന്റെ മകന്‍. പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്ത കുട്ടികളെ ഒന്നിപ്പിക്കുവാന്‍ രണ്ടു കുടുംബങ്ങളും ഒന്നിച്ചുസമ്മതം നല്‍കുകയാണ്. സീതയുടെ വിവാഹത്തിനു വലിയ കല്യാണമണ്ഡപവും കമാനവും ആര്‍ഭാടവും സ്വര്‍ണ്ണവും സ്ത്രീധനവും വിരുന്നു സല്‍ക്കാരങ്ങളും എല്ലാം ഒഴിവാക്കി ഒരു ലളിതമായ ചടങ്ങ് മതി എന്നത് എന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. മേയ് 13 , 14 , 15 തീയതികളില്‍ സീതയും ചന്ദനും ഞങ്ങളുടെ വീട്ടില്‍ ഉണ്ടാകും. താങ്കളുടെ സൗകര്യമനുസരിച്ച് ഏതെങ്കിലും ഒരു ദിവസം (രാവിലെ 9 മുതല്‍ 12-30 വരെയും വൈകിട്ട് 4 .30 മുതല്‍ 9.30 വരെയും) കുടുംബത്തോടെ വീട്ടില്‍ വന്നു കുട്ടികളെ അനുഗ്രഹിക്കണം. സമ്മാനമൊന്നും കൊണ്ടു വരരുത്. രണ്ടു കൈയ്യും തലയില്‍ വച്ച് മക്കളെ അനുഗ്രഹിച്ചാല്‍ മാത്രം മതി. വരണം. ഞങ്ങള്‍ കാത്തിരിക്കും-സൂര്യാ കൃഷ്ണമൂര്‍ത്തി’ എന്നായിരുന്നു ക്ഷണക്കത്ത്.

സ്വര്‍ണാഭരണങ്ങളുടെ പകിട്ടോ, വലിയ സദ്യയോ മറ്റാര്‍ഭാടങ്ങളൊന്നുമില്ലായിരുന്നു വിവാഹത്തിന്. വിവാഹത്തിന് സീത വടക്കേന്ത്യന്‍ രീതിയില്‍ ചുവന്ന സാരിയും വെള്ളയും ചുവപ്പും കലര്‍ന്ന വളകളുമായിരുന്നു ധരിച്ചത്. ക്ഷണം സ്വീകരിച്ച് എത്തിയവര്‍ക്ക് പായസമാണ് നല്‍കിയത്. മകളുടെ വിവാഹച്ചെലവുകള്‍ക്കായി മൂര്‍ത്തി വര്‍ഷങ്ങളായി സ്വരൂപിച്ച തുക മുമ്പ് പറഞ്ഞതുപോലെ 20 പാവപ്പെട്ട വിദ്യാര്‍ഥികളുടെ അടുത്ത നാലുവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസച്ചെലവുകള്‍ക്കായി നല്‍കി. താന്‍ പഠിച്ച മോഡല്‍ സ്‌കൂളിലെയും ഗവ. ആര്‍ട്സ് കോളേജിലെയും ടികെഎം എന്‍ജിനീയറിങ് കോളേജിലെയും പ്രിന്‍സിപ്പല്‍മാരെ ഈ തുക വിവാഹത്തിനു മുമ്പ് ഏല്‍പ്പിക്കുമെന്നായിരുന്നു മൂര്‍ത്തി വ്യക്തമാക്കിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍