UPDATES

സ്ത്രീ

ഇനി സാരി ഉടുത്ത ‘ഉത്തമ ഭാരതസ്ത്രീ’കളില്ല; ലേഡീസ് കോച്ചിന്‍റെ ലോഗോ മാറ്റി വെസ്റ്റേണ്‍ റെയില്‍വേ

നിലവില്‍ 12 കോച്ചുകളില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. ശേഷിക്കുന്നവ കൂടി ഉടന്‍ മാറ്റാനൊരുങ്ങുന്നു.

ലേഡീസ് കോച്ചിന്‍റെ ലോഗോ മാറ്റി മാതൃകയായിരിക്കുകയാണ് വെസ്റ്റേണ്‍ റെയില്‍വേ. നേരത്തേയുള്ള ലോഗോ ‘ഉത്തമ ഭാരത സ്ത്രീ’യെ പ്രതിനിധീകരിക്കുന്ന, സാരിയുടുത്ത്, സാരിയുടെ ഒരു തുമ്പെടുത്ത് തലയിലൂടെ ഇട്ട ഒരു സ്ത്രീയുടെതായിരുന്നു. എന്നാല്‍, പുതിയ ലോഗോ വളരെ പ്രൊഫഷണലായ ഒരു സ്ത്രീയുടേതാണ്. കോട്ട് ധരിച്ച്, മുടിയഴിച്ചിട്ട്, കൈകെട്ടി നില്‍ക്കുന്ന പുതിയകാലത്തെ സ്ത്രീയുടെത്.

‘മാറുന്ന കാലത്തോടൊപ്പം നില്‍ക്കേണ്ടതിനാല്‍ വെസ്റ്റേണ്‍ റെയില്‍വേ ലേഡീസ് കോച്ചുകളുടെ ലോഗോ പരിഷ്കരിക്കുകയാണ്. ലോഗോയിലെ മാറ്റത്തിനുമപ്പുറം പ്രചോദനമാവുന്ന സ്ത്രീകളുടെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ പോസ്റ്ററുകള്‍ തുടങ്ങിയവയും ലേഡീസ് കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കു’മെന്ന് വെസ്റ്റേണ്‍ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ 12 കോച്ചുകളില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. ശേഷിക്കുന്നവ കൂടി ഉടന്‍ മാറ്റാനൊരുങ്ങുന്നു. റെയില്‍വേയിലും മാറുന്ന സാമൂഹിക ജീവിതത്തിന്‍റെ പ്രതിഫലനം കൊണ്ടുവരണമെന്നതാണ് ലക്ഷ്യം. സാരിയിലുള്ള സ്ത്രീ ഇന്നത്തെ സ്ത്രീകളെ മുഴുവൻ കൃത്യമായി കാണിക്കാന്‍ അപര്യാപ്തമാണ്. അതിനാലാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എ കെ ഗുപ്ത പറയുന്നു.

‘ഈ നഗരത്തിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ലോഗോ വേണമെന്ന് തോന്നി. അങ്ങനെയേ അവരോട് നീതി പുലര്‍ത്താനാകൂ. സ്വതന്ത്രരായ, ജീവിതത്തില്‍ വിജയിച്ച സ്ത്രീകളുടെ ഐക്കണ്‍ വേണമെന്ന് തോന്നി…’ വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പി ആര്‍ ഒ രവീന്ദ്ര ഭകര്‍ പറഞ്ഞു.

പഴയ ലോഗോയെക്കാൾ വലിപ്പത്തിലാണ് പുതിയ ലോഗോ നിർമ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ജനറല്‍ കംപാര്‍ട്ട്മെന്‍റാണെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയും കുറയുന്നു. ഏതായാലും ഈ പുതിയ മാറ്റത്തെ ജനങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. ലോഗോ മാറ്റുന്നതോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടങ്ങളായി കോച്ചുകളും റെയില്‍വേ സ്റ്റേഷനുകളും മാറുമെന്ന പ്രതീക്ഷ പലരും ട്വിറ്ററിൽ കുറിച്ചു.

Read More:തെങ്ങോല കൊണ്ടുള്ള സ്‌ട്രോ; മാതൃകയായി ഹോട്ടല്‍ ഉടമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍