ഫൗണ്ടേഷന്‍ മുതല്‍ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നത് ഈ വനിതകളിലൂടെയാണ്.
കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി വീടു നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. തൊഴിലാളികള്‍ മുഴുവന്‍ ഇവിടെ സ്ത്രീകളാണ്. കെട്ടിട നിര്‍മ്മാണ മേഖലകളില്‍ സജീവ സാന്നിധ്യമാണ് സ്ത്രീകള്‍ എങ്കിലും, സഹായികളായാണ് അവരെ കൂടുതലും കാണാറുള്ളത്. അതില്‍ നിന്നും വ്യത്യസ്ഥമായി ഫൗണ്ടേഷന്‍ മുതല്‍ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നത് ഈ വനിതകളിലൂടെയാണ്.
പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഭാഗമായി മുളക്കുളം പഞ്ചായത്തില്‍ നിന്നും മനോജിന് അനുവദിച്ച വീടാണ് ഈ വനിതകള്‍ കെട്ടിപ്പൊക്കുന്നത്. മനോജിന്റെയും കുടുംബത്തിന്റെയും സ്വപ്‌നമാണ് ഈ വനിതകള്‍ നിര്‍മ്മിക്കുന്നത്. മനോജ് തന്നെയാണ് ഇവരെ കെട്ടിട നിര്‍മ്മാണം പഠിപ്പിക്കുന്നതും.
പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ ഭാഗമായി പഞ്ചായത്തില്‍ നിന്നും എനിക്കനുവദിച്ച വീടാണിത്. വീട് പണി തുടങ്ങുന്ന സമയത്ത് പഞ്ചായത്തില്‍ നിന്നും വിളിച്ച് വീടുപണിക്ക് ട്രെയിനിങിനായി കുറച്ച് സ്ത്രീകളെ നിര്‍ത്താമൊ എന്ന് എന്നോട് ചോദിച്ചു. ആദ്യം ഞാന്‍ ഒന്ന് ആലോചിച്ചു. പിന്നെ കുഴപ്പമില്ല എന്ന് തോന്നുകയും അവരെ ട്രെയിനിങ്ങിനായി നിര്‍ത്തുകയും ചെയ്തു. ഇവരാദ്യമായാണല്ലൊ ഈ ജോലി ചെയ്യുന്നത്. തുടക്കത്തില്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും എല്ലാകാര്യങ്ങളും അവര്‍ പെട്ടന്ന് തന്നെ പഠിച്ചെടുത്തു. സ്വന്തമായി പണിയെടുക്കാം എന്ന രീതിയിലേക്ക് ഇവര്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും ഈ തൊഴില്‍ പഠിച്ചെടുക്കണം എന്നുണ്ടായിരുന്നു. ആ ആത്മാര്‍ത്ഥത തന്നെയാണ് ഈ വീടേല്‍പ്പിക്കാന്‍ കാരണം. ഈ വനിതകളെ കെട്ടിട നിര്‍മ്മാണം പഠിപ്പിക്കുകയും, അവര്‍ക്ക് പഠിക്കുന്നതിനായി സ്വന്തം വീടിന്റെ നിര്‍മ്മാണം തന്നെ നല്‍കുകയും ചെയ്ത മനോജ് കുമാര്‍ പറയുന്നു.
വീടിന്റെ ഫൗണ്ടേഷന്‍ മുതല്‍ മെയിന്‍ കോണ്‍ഗ്രീറ്റ് വരെ 30 ദിവസം കൊണ്ടാണ് ഇവര്‍ ചെയ്തുതീര്‍ത്തത്. ആദ്യം ചെറിയൊരു പേടി ഉണ്ടായിരുന്നെന്നും പിന്നീട് അതെല്ലാം മാറി, ഇപ്പോള്‍ നല്ല സന്തോഷത്തോടെയും, താല്‍പര്യത്തോടെയുമാണ് ഈ ജോലി ചെയ്യുന്നത് എന്നുമാണ് ഈ വനിതകള്‍ ഓരോരുത്തരും പറയുന്നു.
തറകെട്ടി, മണ്ണ് ലെവല്‍ ചെയ്തു, ഭിത്തി പണിതു, ബെല്‍ട്ട് വാര്‍പ്പ്…അങ്ങനെ ഫൗണ്ടേഷന്‍ എടുക്കുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും ഇവിടെ ഞങ്ങളാണ് ചെയ്തത്. ഇതെല്ലാം ഞങ്ങളുടെ ആശാനാണ് ഞങ്ങളെ പഠിപ്പിച്ചത്. പഠിപ്പിച്ചതെല്ലാം നല്ല രീതിയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റി. വീടിപ്പൊ ഈ കാണുന്നപോലെയായി. 32 ദിവസമെ ഇപ്പോള്‍ ആയിട്ടുള്ളൂ. വീടിനെ ചൂണ്ടിക്കാണിച്ച് ശാന്താദേവി പറഞ്ഞു തുടങ്ങി. തൊഴിലുറപ്പിനു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് മേശ്തിരി പണി പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് പഞ്ചായത്തില്‍ നിന്നും ഞങ്ങളോട് ചോദിക്കുന്നത്. ആദ്യം ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. പിന്നീട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പരിശീലനം ലഭിച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയും എന്ന വിശ്വാസമുണ്ട്.
ഈ പണി പഠിച്ചെടുക്കുക എന്നത് എന്റെ ഒരു ആഗ്രഹം കൂടിയായിരുന്നു. ശാന്ത ദേവി പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും കുഞ്ഞുമോള്‍ രാജപ്പന്‍ പറഞ്ഞു, വര്‍ഷങ്ങളായി മൈക്കാട്പണിക്ക് നടന്നിരുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഞങ്ങള്‍ പെണ്ണുങ്ങളെക്കൊണ്ട് ഇതൊക്കെ ചെയ്യാന്‍ സാധിക്കും എന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നെ നന്ദി പറയേണ്ടത് ഞങ്ങളുടെ ആശാനോടാണ്. ആശാനാണ് ഞങ്ങളെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. ഞങ്ങള്‍ ഓരോ വാര്‍ഡില്‍ നിന്നും ഓരോരുത്തരാണ് വന്നിരിക്കുന്നത്. ഇവിടെ വന്നാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഇപ്പോള്‍ നല്ല സുഹൃത്തുക്കളായി ഇവിടെ ഒരുമിച്ച് ജോലിചെയ്യുന്നു.
പെട്ടന്നു തന്നെ ജോലികളെല്ലാം പഠിക്കുകയും, അത് ആത്മാര്‍ത്ഥതയോടെ ചെയ്തു തീര്‍ക്കുകയും ചെയ്യുന്നവരാണ് ഈ വനിതകള്‍ എന്നാണ് എല്ലാവരുടെയും അഭിപ്രായം. പഞ്ചായത്തില്‍ നിന്നും കെട്ടിടനിര്‍മ്മാണത്തിന് താല്‍പര്യമുള്ള വനിതകളെ തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ പരിശീലനത്തിനും മറ്റുമായി ഒരുപാട് പേര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടത് ഇവര്‍ ഏഴുപേരിലേക്ക് ചുരുങ്ങുകയായിരുന്നു. ആദ്യമെയൊക്കെ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ചെയ്യാന്‍ പറ്റുമൊ എന്നൊരു പേടി ഉണ്ടായിരുന്നു. എന്നാല്‍ ചെയ്ത് വന്നപ്പോഴേക്കും വലിയൊരു പ്രയാസമായിട്ട് തോന്നുന്നില്ല. പേടിയായത് കൊണ്ട് വന്ന പലരും പോയി, ഇപ്പോള്‍ ഞങ്ങള്‍ കുറച്ച്‌പേര്‍ മാത്രം പേടിയില്ലാതെ ഇപ്പോഴും നില്‍ക്കുന്നു. സാലി പത്രോസ് പറഞ്ഞു.
മുന്‍പ് തെഴിലുറപ്പില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് അന്ന് ലഭിച്ചിരുന്ന വേതനത്തെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത്. അത്തരത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ വരുമാനം കിട്ടുന്ന ജോലി എന്ന ഉദ്ദേശത്തോടെ തന്നെയാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കിയത് എന്ന് വാര്‍ഡ് മെമ്പര്‍ ജിജി സുരേഷ് പറഞ്ഞു. 270 അല്ലെങ്കില്‍ 300 രൂപ വേതനത്തിന് എല്ലാകാലവും പണിയെടുത്തുകൊണ്ടിരിക്കുന്നവരാണ് ഇവര്‍. ഇവര്‍ക്ക് സ്ഥിരമായി ഒരു വരുമാന മാര്‍ഗ്ഗമില്ല. അപ്പോള്‍ ഇങ്ങനെ ഒരു ജോലിയാണെങ്കില്‍ അവര്‍ക്ക് 800 രൂപയോളം ദിവസവും വരുമാനം ലഭിക്കുന്നു. അത് തന്നെയാണ് ഞങ്ങളും ലക്ഷ്യമിട്ടത്. ലൈഫിന്റെ വീടുകള്‍ തന്നെ കൂടുതല്‍ ചെയ്യാനായി ഇവര്‍ ഇപ്പോള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അതിനു വേണ്ട നടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവും. ഞങ്ങള്‍ എല്ലാരീതിയിലും ഇവര്‍ക്ക് പിന്തുണ നല്‍കും. ജിജി സുരേഷ് പറയുന്നു.
കെട്ടിട നിര്‍മ്മാണ മേഖലകളില്‍ സഹായികളായി നില്‍ക്കാന്‍ മാത്രമല്ല, തങ്ങള്‍ക്ക് ഒരു കെട്ടിടം പണിതുയര്‍ത്താനും കഴിയും എന്നുകൂടി തെളിയിച്ചിരിക്കുകയാണ് കോട്ടയത്തെ ഈ വനിതകള്‍. ആദ്യമായി നിര്‍മ്മിച്ച വീടു തന്നെ മനോഹരമായെന്നാണ് എല്ലാവരും പറയുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇവര്‍ക്കു വേണ്ട എല്ലാ സഹായവും നല്‍കി പഞ്ചായത്തും കൂടെയുണ്ട്.
Read More :പ്ലാസ്റ്റിക് കുപ്പികളും പഴയ ടയറുകളും പൂച്ചട്ടികളാക്കി പാപ്പോണ്‍ മൊഹന്ത