UPDATES

സ്ത്രീ

പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്

കുമരകത്ത് കുടുംബശ്രീയിലെ 10 സ്ത്രീകള്‍ ചേര്‍ന്നു നടത്തുന്ന ഹോട്ടലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ടൂറിസം മേഖലയിലെ സംഭാവനകള്‍ക്കു നല്‍കുന്ന പസഫിക്ക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (PATA)ഗോള്‍ഡന്‍ അവാര്‍ഡ് നേടി ഉത്തരവാദിത്ത ടൂറിസത്തിനു കീഴില്‍ വരുന്ന കുടുംബശ്രീയുടെ സമൃദ്ധി ഹോട്ടല്‍. കുമരകത്ത് കുടുംബശ്രീയിലെ 10 സ്ത്രീകള്‍ ചേര്‍ന്നു നടത്തുന്ന ഹോട്ടലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 8 വര്‍ഷമായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടല്‍ വിദേശികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട ഭക്ഷണശാലയാണ്.

2011 ഏപ്രില്‍ 14 ന് കുമരകം പഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസത്തിന്റെയും നേതൃത്ത്വത്തിലാണ് സമൃദ്ധി ഹോട്ടല്‍ ആരംഭിക്കുന്നത്. കുമരകം പഞ്ചായത്തിലെ 10 വാര്‍ഡിലെ കുടുംബശ്രീകളില്‍ നിന്നും ഒരോരുത്തര്‍ വീതമാണ് ഹോട്ടല്‍ നടത്താനായെത്തുന്നത്. കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഹോട്ടല്‍ ആരാം ആയിരുന്നു മുന്‍പ് സമൃദ്ധിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആരാം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് കുടുംബശ്രീയുടെ ഹോട്ടല്‍ ആരംഭിക്കുന്നത്. കുമരകം പഞ്ചായത്തായിരുന്നു ഇതിന് പ്രധാനമായും മുന്‍കൈയെടുത്തത്. തുടര്‍ന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ കെ, കുമരകം കോര്‍ഡിനേറ്റര്‍ ഭഗത് സിങ്ങ് വി എസ് എന്നിവരുടെ പിന്തുണയും മേല്‍നോട്ടവും ഈ വിജയത്തിന് പിന്നിലുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഒപ്പം കുടുംബശ്രീയും കുമരകം ഗ്രാമ പഞ്ചായത്തും എല്ലാ സഹായവും നല്‍കുന്നുണ്ട്.

ഇത്രയും വലിയ അവാര്‍ഡൊന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ സന്തോഷമാണ്. അവാര്‍ഡു ലഭിച്ചതിലെ സന്തോഷം അവര്‍ അഴിമുഖത്തോട് പങ്കുവച്ചു. നാടന്‍ ഭക്ഷണമാണ് കൂടുതലായും ഇവിടെയുണ്ടാക്കുന്നത്. കുമരകത്തിന്റെ സ്‌പെഷലായ കരിമീനും അടുത്തുള്ള സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളുമാണ് ഇവിടെ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ടൂറിസ്റ്റ് സ്‌പോട്ട് ആയതിനാല്‍ തന്നെ കൂടുതലും വിദേശികളാണ് കടയില്‍ എത്തുന്നത്. ഹോട്ടലിനു മുന്‍വശത്തു തന്നെ ബോട്ടിങ് ചെയ്യാനുള്ള സൗകര്യമുണ്ട് അതനാല്‍ ബോട്ടിങിനു വരുന്ന എല്ലാവരും തന്നം സമൃദ്ധിയില്‍ കയറി സമൃദ്ധമായി ഭക്ഷണം കഴിച്ചു മടങ്ങുന്നു. വലിയ ഹോട്ടലുകളില്‍ താമസിക്കുന്നവരാണെങ്കില്‍ പോലും ഭക്ഷണം കഴിക്കുന്നത് ഇവിടെ നിന്നുമാണെന്നാണ് സമൃദ്ധി നടത്തിപ്പുകാരികളില്‍ ഒരാളായ രാജി രാജന്‍ പറയുന്നത്. ഗീത സഹദേവന്‍, കവിത, ശൈല ഷാജി, വിജയമ്മ, ഷൈനി ബിജുമോന്‍, പൊന്നമ്മ സൗദാമിനി, ഷെബിനി സുരേഷ്, ഷീല മനോഹരന്‍ എന്നിവരാണ് രാജിയെക്കൂടാതെ സമൃദ്ധിയിലുള്ളത്.

ഇലയില്‍ ഊണാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. വിദേശികള്‍ക്കെല്ലാവര്‍ക്കും ഇലയിലൂണ് വലിയ ഇഷ്ടമാണ്. അതിനാല്‍ തന്നെ വിദേശികള്‍ അത് ചോദിച്ചു വാങ്ങാറുണ്ടെന്നും ഇവര്‍ പറയുന്നു. ഹോട്ടല്‍ മാത്രമല്ല കാറ്ററിംഗുമുണ്ട് ഇവര്‍ക്ക്. വീടുകളിലെ വിശേഷ ദിവസങ്ങളില്‍ ഭക്ഷണത്തിന് ഓര്‍ഡറുകള്‍ വരുമ്പോള്‍ സമൃദ്ധിയില്‍ നിന്നും ഉണ്ടാക്കു കൊണ്ടു പോവുകയോ അവിടെ ചെന്ന് ഉണ്ടാക്കിക്കൊടുക്കുകയൊ ചെയ്യും. ആ സമയങ്ങളില്‍ മാത്രം ചിലപ്പോള്‍ പുറത്തുനിന്നും ആളുകളെ ജോലിക്കു കൂട്ടും.

ടൂറിസ്റ്റുകള്‍ കുറവുള്ള സമയത്ത് നാട്ടിലെ ആളുകള്‍ ഭക്ഷണം കഴിക്കാന്‍ വരുന്നതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ പോകുന്നു എന്നാണിവര്‍ പറയുന്നത്. തുടക്കം മുതല്‍ തന്നെ വീട്ടിലുള്ളവര്‍ വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. രാവിലെ ആറ്മണിക്കു തുടങ്ങുന്ന ജോലി ചിലസമയങ്ങളില്‍ രാത്രി ഒന്‍പത് മണിവരെ പോകാറുണ്ട്. രാത്രി വൈകി വീട്ടില്‍ വരുന്ന സമയങ്ങളില്‍ അയല്‍വാസികളും നാട്ടപകാരും ഈ പെണ്ണുങ്ങള്‍ ഈ നേരത്ത് ഇത് എങ്ങോട്ടാണ് പോകുന്നത് എന്നു പറയുമായുരുന്നു. പലരും പറഞ്ഞ് പിന്തിരിപ്പിക്കാന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പൊ എല്ലാവരും നല്ല പിന്തുണയാണ് നല്‍കുന്നത്. സമൃദ്ധിയുടെ നടത്തിപ്പുകാരികളില്‍ ഒരാളായ രാജി രാജന്‍ അഴിമുഖത്തോട് പറഞ്ഞു.

ഈ ഹോട്ടല്‍ തുടങ്ങിയതിനു ശേഷം ഞങ്ങള്‍ 10 പേര്‍ക്കും വലിയ മാറ്റങ്ങലാണ് ഉണ്ടായിട്ടുള്ളത്. അടുക്കളയില്‍ ഒതുങ്ങികൂടിയിരുന്ന ഞങ്ങള്‍ ഇപ്പോള്‍ എവിടെ വേണമെങ്കിലും ഒറ്റയ്ക്കു പോകാം എന്ന നിലയിലേക്കെത്തി. ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കാനും വീട്ടുകാരെ സഹായിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. തുടക്കത്തില്‍ ഒരു പേടി ഉണ്ടായിരുന്നകതൊഴിച്ചു നിര്‍ത്തിയാല്‍ ഇതുവരെ ഒരു ബുദ്ധിമുട്ടും ഞങ്ങള്‍ക്കു നേരിടേണ്ടി വന്നിട്ടില്ല. ഇവിടെ വന്നതിനു ശേഷം വീട്ടുകാരേയും സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്നുണ്ട്. ആദ്യം എല്ലാവര്‍ക്കുമുള്ള ഭക്ഷണം ഞങ്ങളെ കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കുമൊ എന്ന പേടിയെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പൊ അതെല്ലാം മാറി. എത്രപേര്‍ക്കു വേണമെങ്കിലും ഭക്ഷണമുണ്ടാക്കികൊടുക്കാം എന്ന ആത്മവിശ്വാസം ഇപ്പോഴുണ്ട്. വീടുകളില്‍ ചെന്നും ഞങ്ങള്‍ ഇപ്പോള്‍ ഭക്ഷണമുണ്ടാക്കി കൊടുക്കുന്നുണ്ട്. സമൃദ്ധി നടത്തിപ്പുകാരി ശൈല പറയുന്നു.

കേരള സര്‍ക്കാരിന്റെ വിനോദ സഞ്ചാര വകുപ്പിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത വിനോദ സഞ്ചാര വികസന മിഷന്റെ ഭാഗമായി രെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള പതിനാലായിരം യൂണിറ്റുകളില്‍ ഒന്നാണ് സമൃദ്ധിയും. എഴുപത്തി അയ്യായിരം തദ്ദേശവാസികള്‍ക്ക് ടൂറിസത്തിന്റെ ഭാഗമായി വരുമാനം, 40 ഗ്രാമീണ വിനോദ സഞ്ചാര പാക്കേജുകള്‍, എന്നിവയെല്ലാമാണ് മിഷന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍. 7.15 കോടി രൂപയുടെ പ്രതിവര്‍ഷ വരുമാനം ഉത്തരവാദിത്വ ടൂറിസം വഴി നേടുന്നുണ്ട് എന്നാണ് കണക്ക്. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മൂന്ന് രാജ്യാന്തര പുരസ്‌കാരങ്ങളും മിഷന്‍ ഇതുവരെ നേടിയിട്ടുണ്ട്.

തുടക്കത്തില്‍ 250 രൂപ ദിവസവരുമാനം ലഭിച്ചിരുന്നതില്‍ നിന്നും ഇപ്പോള്‍ അത് 750 വരെ ആയിട്ടുണ്ട്. ഇപ്പോള്‍ അടുക്കളയിലാണ് ഭക്ഷണമുണ്ടാക്കുന്നത്. ഈ ഓണത്തോട് കൂടി ഹോട്ടലിന്റെ മുന്‍പില്‍ ഒരു ഓപ്പണ്‍ കിച്ചണ്‍ തുടങ്ങുന്നതിനായുള്ള ആലോചനയിലാണ് ഇവര്‍. കുടുംബശ്രീ പ്രദര്‍ശനങ്ങളിലും ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെയുള്ള ഭക്ഷ്യമേളകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട് ഈ പത്തു സ്ത്രീകളും എന്നും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ആ ഒത്തുരുമ തന്നെയാണ് ഇത്രയും വലിയ വിജയത്തിലേക്ക് അവരെ എത്തിച്ചത്.

Read More : ഒരു വര്‍ഷം സ്കൂളില്‍ നിന്നും ലീവെടുത്ത് കാലാവസ്ഥ മാറ്റ വിദ്യാര്‍ത്ഥി സമര നേതാവ് ഗ്രെറ്റ തൻബെർഗ് യു.എൻ ഉച്ചകോടിക്ക്; അറ്റ്ലാന്റിക് കടക്കുക അതിവേഗ റേസിംഗ് നൌകയില്‍

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍