UPDATES

സ്ത്രീ

ലോക സര്‍വ്വകലാശാല പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണ്ണം കൊയ്ത് ഒരു മലയാളി പെണ്‍കുട്ടി; അനീറ്റ ജോസഫിനെ പരിചയപ്പെടാം, ഒപ്പം ആ ലിഫ്റ്റിങ് കുടുംബത്തെയും

പതിനഞ്ചാം വയസ്സു മുതലാണ് അനീറ്റ ലിഫ്റ്റ് ചെയ്യാന്‍ തുടങ്ങുന്നത്.

വെസ്റ്റേണ്‍ യൂറോപ്പിലെ എസ്റ്റോണിയയില്‍ വെച്ചു നടക്കുന്ന ലോക സര്‍വ്വകലാശാല പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണ്ണം നേടി മലയാളി താരം അനീറ്റ ജോസഫ്. പവര്‍ ലിഫ്റ്റിങ് 47 കിലോ വിഭാഗത്തിലാണ് അനീറ്റ സ്വര്‍ണ്ണം നേടിയത്. 47 കിലോ വിഭാഗത്തില്‍ ആകെ 335 കിലോ ഉയര്‍ത്തിയാണ് അനീറ്റ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ആദ്യമായാണ് ഇന്ത്യ ലോക സര്‍വ്വകലാശാല പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

സംസ്ഥാന പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും 47 കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടി ഉജ്ജ്വലമായ പ്രകടനം അനീറ്റ കാഴ്ചവെച്ചിരുന്നു. സ്റ്റേറ്റ് റെക്കോഡോടുകൂടിയായിരുന്നു അന്ന് അനീറ്റയുടെ വിജയം.

ആലപ്പുഴ എസ് ഡി കോളേജില്‍ എം എസ് സി കെമിസ്ട്രി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ് അനീറ്റ. അനീറ്റയുടെ അച്ഛനും അമ്മയും പവര്‍ ലിഫ്റ്റേഴ്സാണ്. അച്ഛന്‍ സീനിയര്‍ മാഴ്സല്‍ ചാമ്പ്യനും, അമ്മ ഏഷ്യന്‍ ചാമ്പ്യനുമാണ്. അനിയത്തിയും പവര്‍ ലിഫ്റ്റ് ചെയ്യുന്നുണ്ട്. സ്‌കൂള്‍ നാഷണല്‍ ചാമ്പ്യനാണ്. അച്ഛനും അമ്മയും ലിഫ്റ്റേഴ്സ് ആയതിനാല്‍ തന്നെ വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അനീറ്റ പറയുന്നു.

പതിനഞ്ചാം വയസ്സു മുതലാണ് അനീറ്റ ലിഫ്റ്റ് ചെയ്യാന്‍ തുടങ്ങുന്നത്. ‘അച്ഛനും അമ്മയും പവര്‍ ലിഫ്‌റ്റേഴ്‌സ് ആയതിനാല്‍ തന്നെയാണ് ഞാനും ഈ മേഖലയിലേക്കു വന്നത്’. അനീറ്റ അഴിമുഖത്തോട് പറഞ്ഞു. ആലപ്പുഴ ജിമ്മിലാണ് പവര്‍ ലിഫ്റ്റിങ് പരിശീലനം ചെയ്യുന്നത്. സുരാജാണ് അനീറ്റയുടെ പരിശീലകന്‍. ‘വളരെ പോസിറ്റീവായ വ്യക്തിയാണ് ഞങ്ങളുടെ കോച്ച്. ചില ശ്രമങ്ങള്‍ മിസ്സായി പോകാറുണ്ട്. ആ സാഹചര്യത്തിലെല്ലാം പൂര്‍ണ്ണ പിന്തുണയാണ് കോച്ചിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുള്ളത്’. അനീറ്റ പറയുന്നു. ചാമ്പ്യന്‍ഷിപ്പിനു പോകാന്‍ ഒന്നര ലക്ഷത്തില്‍ കൂടുതല്‍ പണം ആവശ്യമായിരുന്നു. ആ സാഹചര്യത്തില്‍ മറുത്തൊന്ന് ചിന്തിക്കാന്‍ അനുവദിക്കാതെ തന്റെ പരിശീലകനായിരുന്നു പോകാന്‍ മുന്‍കൈ എടുത്തതെന്ന് അനീറ്റ പറയുന്നു. അര്‍ജുന അവാര്‍ഡ് ജേതാവായ പിജെ ജോസഫാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.


ഇതുവരെ നിരവധി നേട്ടങ്ങള്‍ അനീറ്റ സ്വന്തമാക്കിയിട്ടുണ്ട്. സബ്ജൂനിയര്‍ ചാമ്പ്യന്‍, ജൂനിയര്‍ ചാമ്പ്യന്‍, ജൂനിയര്‍ വിഭാഗത്തില്‍ സ്ട്രോങ് വുമണ്‍ ഓഫ് ഇന്ത്യ, സീനിയര്‍ വിഭാഗത്തില്‍ സ്ട്രോങ് വുമണ്‍ ഓഫ് ഇന്ത്യ റണ്ണറപ്പ്, ഇപ്പോള്‍ ലോക സര്‍വ്വകലാശാല പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണ്ണം എന്നിങ്ങനെ നീളുന്നു അനീറ്റയുടെ നേട്ടങ്ങള്‍.

‘പൊതുവില്‍ പെണ്‍കുട്ടികള്‍ക്ക് ഈ മേഖലയിലേക്ക് കടന്നു വരാന്‍ മടിയുണ്ട്. പരിക്കു പറ്റുമോ, അല്ലെങ്കില്‍ പുരുഷന്‍മാരുടേതുപോലെതന്നെ ചെയ്യാന്‍ കഴിയുമോ എന്നിങ്ങനെ നിരവധി സംശയങ്ങളാണുള്ളത്. എന്നാല്‍ തുടങ്ങിക്കഴിഞ്ഞാല്‍ തീരാവുന്ന സംശയം മാത്രമാണത്’. സംസ്ഥാന പവര്‍ ലിഫ്റ്റിങില്‍ അനീറ്റ സ്വര്‍ണ്ണം നേടിയപ്പോള്‍ അനീറ്റയുടെ പരിശീലകന്‍ സുരാജ് പറഞ്ഞിരുന്നു. അനീറ്റയുടെ ഈ നേട്ടം കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാന്‍ പ്രചോദനമായിരിക്കും.

Read More : ഇന്ത്യയുടെ റോക്കറ്റ് വനിതകള്‍; ചന്ദ്രയാന്‍-2 ന് നേതൃത്വം നല്‍കുന്ന എം വനിതയേയും,ഋതു കരിദാലിനേയും പരിചയപ്പെടാം

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍