UPDATES

പോസിറ്റീവ് സ്റ്റോറീസ്

സാക്ക് ഇബ്രാഹിം: അന്ന് തീവ്രവാദിയുടെ മകന്‍, ഇന്ന് ലോക സമാധാനത്തിന്റെ വക്താവ്

പിതാവിന്റെ തീവ്രവാദ ബന്ധം മൂലം സമൂഹത്തിന് മുന്നില്‍ അപമാനിതനായ സാക്കിനും കുടുംബത്തിനും 19 വയസ്സിനിടയ്ക്ക് 20 തവണ താമസം മാറേണ്ടതായി വന്നു

1993ല്‍ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് സാക്ക് ഇബ്രാഹിമിന്റെ പിതാവ് എല്‍ സയെദ് നൊസൈര്‍. ഈജിപ്ഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനയറായിരുന്ന നൊസൈര്‍ അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ അധ്യാപകന്‍ അബ്ദുല്ല യൂസഫ് അസ്സമിന്റെ ശിഷ്യനായിരുന്നു. ചര്‍ച്ചയില്ല, സമവായമില്ല, ജിഹാദും തോക്കും മാത്രം എന്ന സിദ്ധാന്തമായിരുന്നു സുന്നി ഭീകരവാദിയായ അബ്ദുല്ല യൂസഫ് അസ്സം മുന്നോട്ട് വച്ചത്.

ഏഴാം വയസ്സില്‍ തന്നെ ഭീകരവാദത്തിന്റെ ബാലപാഠങ്ങളും യന്ത്രത്തോക്കുകള്‍ ഉപയോഗിക്കാനുമാണ് സാക്ക് ഇബ്രാഹിം തന്റെ പിതാവില്‍ നിന്നും പഠിച്ചത്. എന്നാല്‍ ഇന്ന് അദ്ദേഹം ലോക സമാധാനത്തിന്റെ വക്താവായി മാറിയിരിക്കുകയാണ്. ഭീകരവാദത്തിനെതിരെ സംസാരിക്കുന്ന അദ്ദേഹം സമാധാന സന്ദേശമാണ് എല്ലാവര്‍ക്കും പകര്‍ന്നു നല്‍കുന്നത്. അക്രമരാഹിത്യവും ആഗോള സാഹോദര്യവുമാണ് ലോകത്തിന് ഇന്ന് ആവശ്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അടുത്തിടെ പുറത്തിറക്കിയ തന്റെ പുസ്തകമായ ‘ദ ടെററിസ്റ്റ്‌സ് സണ്‍- എ സ്റ്റോറി ഓഫ് ചോയിസ്’ എന്ന പുസ്തകത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ വെളിപ്പെടുത്തുന്നത്.

ജൂവിഷ് ഡിഫന്‍സ് ലീഗ് സ്ഥാപകന്‍ റബ്ബി മെയിര്‍ കഹാനെയെ തന്റെ പിതാവ് വെടിവച്ച് കൊലപ്പെടുത്തുമ്പോള്‍ സാക്കിന് ഏഴ് വയസ്സ് മാത്രമായിരുന്നു പ്രായം. ഈ കുറ്റത്തിന് പരോള്‍ പോലുമില്ലാതെ ജീവരപര്യന്തം തടവിനാണ് നൊസൈര്‍ ശിക്ഷിക്കപ്പെട്ടത്. ജയിലില്‍ കിടന്നുകൊണ്ടാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബ് സ്‌ഫോടനത്തിന്റെ ആസൂത്രണങ്ങള്‍ ഇയാള്‍ നടത്തിയത്. പിതാവിന്റെ തീവ്രവാദ ബന്ധം മൂലം സമൂഹത്തിന് മുന്നില്‍ അപമാനിതനായ സാക്കിനും കുടുംബത്തിനും 19 വയസ്സിനിടയ്ക്ക് 20 തവണ താമസം മാറേണ്ടതായി വന്നു. സമൂഹത്തിന് മുന്നില്‍ നിന്നും തുടര്‍ച്ചയായി ഒളിച്ചോടേണ്ടി വന്നതോടെയാണ് പിതാവ് പഠിപ്പിച്ച തീവ്രവാദമല്ല ലോകത്തിന് വേണ്ടത് സമാധാനമാണെന്ന് സാക്ക് മനസിലാക്കിയത്.

സാക്ക് ഇബ്രാഹിം അച്ഛനൊപ്പം

 

അതേസമയം സമാധാനത്തിലേക്കുള്ള വഴി സാക്കിനെ സംബന്ധിച്ച് ഏറെ കടുപ്പമുള്ളതായിരുന്നു. ഫ്‌ളോറിഡയിലെ ഒരു തീം പാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴാണ് സ്‌നേഹം കൊണ്ട് ആളുകളെ കീഴ്‌പ്പെടുത്താമെന്ന് സാക്ക് മനസിലാക്കിയത്. ക്രിസ്ത്യാനിയാണെങ്കിലും കറുത്തവര്‍ഗ്ഗക്കാരനാണെങ്കിലും ജൂതനാണെങ്കിലും സ്വവര്‍ദഗാനുരാഗിയാണെങ്കിലുമെല്ലാം സ്‌നേഹത്തിന് മുന്നില്‍ ഓരോ മനുഷ്യനും അടിയറവ് പറയുമെന്ന് അവിടെ എത്തിച്ചേരുന്ന വ്യക്തികളില്‍ നിന്നും ഇദ്ദേഹം പഠിച്ചു.

കുട്ടിക്കാലത്ത് തന്നെ പിതാവിനെ നഷ്ടമായെങ്കിലും മുതിര്‍ന്നപ്പോള്‍ പിതാവിന്റെ യാത്ര തെറ്റായ വഴിയിലായിരുന്നുവെന്ന് തിരിച്ചറിയാന്‍ സാധിച്ചതാണ് സാക്കിനെയും ആ പാതയില്‍ നിന്നും മാറ്റിവിട്ടത്. തന്റെ പാരമ്പര്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി എല്ലാവര്‍ പ്രചോദനകരമായ ജീവിതം വ്യക്തമാക്കാന്‍ സാക്കിന്റെ കൂട്ടുകാരി ഷാരോണ്‍ ആണ് ഏറ്റവുമധികം നിര്‍ബന്ധിച്ചത്. കുട്ടികളുടെ നിര്‍ഭാഗ്യത്തിന് മുതിര്‍ന്നവരുടെ പ്രവര്‍ത്തികള്‍ എത്തരത്തില്‍ സ്വാധീനിക്കുന്നുവെന്നാണ് തന്റെ ജീവിത കഥയിലൂടെ സാക്ക് വ്യക്തമാക്കുന്നത്.

2014 സെപ്തംബറിലാണ് സാക്കിന്റെ പുസ്തകം പുറത്തിറങ്ങിയത്. ടെഡ് ടോക്കില്‍ തന്റെ പുസ്തകത്തെക്കുറിച്ച് സാക്ക് നടത്തിയ ഒമ്പത് മിനിറ്റ് പ്രസംഗം ആയിരക്കണക്കിന് ആളുകളാണ് കേട്ടത്. ഏതൊരു വ്യക്തിയിലും ശുഭകരമായ ചിന്ത വളര്‍ത്താന്‍ ഈ പ്രസംഗത്തിന് സാധിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍