കോഴിക്കോട് അഴിയൂരിലെ തീരദേശമേഖലയില്‍ നിന്നുള്ള പ്രിയേഷ്, കാലങ്ങളായി മത്സ്യബന്ധനത്തൊഴിലാളിയാണ്
ചോമ്പാല്‍ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായ പ്രിയേഷ് മാളിയേക്കലിന് കഴിഞ്ഞ രണ്ടു മാസക്കാലമായി ജോലിത്തിരക്ക് അല്പം കൂടുതലാണ്. അതിരാവിലെ ആരംഭിച്ച് വൈകീട്ടു മാത്രമവസാനിക്കുന്ന പ്രിയേഷിന്റെ ഒരു ദിവസത്തിനു പക്ഷേ, മറ്റു മത്സ്യത്തൊഴിലാളികളുടേതില്‍ നിന്നും വ്യത്യാസമുണ്ട്. സഹപ്രവര്‍ത്തകരെല്ലാം ഉച്ചയോടെ ജോലി തീര്‍ത്ത് കൂട്ടിയിട്ട വലകള്‍ക്കു മുകളില്‍ വിശ്രമിക്കുമ്പോള്‍, മത്സ്യഫെഡ് ഓഫീസ് കെട്ടിടത്തിനോടു ചേര്‍ന്ന് ഒരു ബക്കറ്റിനരികില്‍ തിരക്കിട്ട പണിയിലായിരിക്കും പ്രിയേഷ്. തൊട്ടടുത്തായി കൂമ്പാരമായി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓരോന്നും വേര്‍തിരിച്ച്, ബക്കറ്റിലെ വെള്ളത്തില്‍ കഴുകിയെടുത്ത്, വെയിലത്തു വച്ച് ഉണക്കി ശേഖരിച്ചു കഴിഞ്ഞാലേ ആ ജോലി തീരുകയുള്ളൂ. കഴിഞ്ഞ കുറേ ദിവസങ്ങളായി എന്നും ഇതാവര്‍ത്തിക്കുന്ന ഈ ചെറുപ്പക്കാരനാണ് കേരളത്തിലെ പുതിയ ‘ഓഷ്യന്‍ ക്ലീനപ്പ്’ ഒറ്റയാള്‍പ്പട്ടാളം.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പോലെ കടലിലെ മാലിന്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന കണക്കുകള്‍ ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്യമോ, ഓഷ്യന്‍ ക്ലീനപ്പ് അഥവാ സമുദ്രശുചീകരണം എന്നത് പ്രധാന അജണ്ടയാക്കിയ രാജ്യാന്തര ഉച്ചകോടികളുടെ വിവരങ്ങളോ പ്രിയേഷിനറിയില്ല. എന്നാല്‍, പോയ മാസങ്ങളില്‍ പ്രിയേഷ് ഒറ്റയ്ക്ക് തീരക്കടലില്‍ വലയിട്ടു കോരിയെടുത്തത് പതിമൂന്നു ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. യന്ത്രങ്ങളുടെ സഹായത്താല്‍ ആഴക്കടല്‍ ശുചിയാക്കുന്ന അന്താരാഷ്ട്ര പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലയിടത്തും നടക്കുമ്പോള്‍, പ്രിയേഷ് അതിരാവിലെ തന്റെ ഫൈബര്‍ ബോട്ടില്‍ വലയുമായി ചോമ്പാല്‍ ഹാര്‍ബറില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കാനിറങ്ങുന്നു. നാലും അഞ്ചും മണിക്കൂര്‍ ഒറ്റയ്ക്ക് വലയിട്ട് ബോട്ടില്‍ കയറ്റുന്ന പ്ലാസ്റ്റിക് മുഴുവനും ഒറ്റയ്ക്കു തന്നെ വേര്‍തിരിച്ച് വൃത്തിയാക്കി പഞ്ചായത്തിന്റെ ഹരിതസേനയ്ക്കു കൈമാറുന്നു. ആഗോളതലത്തിലുള്ള സമുദ്രസംരക്ഷണ ചര്‍ച്ചകളല്ല, മറിച്ച സ്വയം അനുഭവിച്ചറിഞ്ഞ ചില യാഥാര്‍ത്ഥ്യങ്ങളാണ് പ്രിയേഷിനെ പ്രതിഫലമില്ലാത്ത ഈ മാലിന്യ ശേഖരണത്തിന്റെ വഴിയിലെത്തിച്ചത്.
അഴിയൂരിലെ തീരദേശമേഖലയില്‍ നിന്നുള്ള പ്രിയേഷ്, കാലങ്ങളായി മത്സ്യബന്ധനത്തൊഴിലാളിയാണ്. വര്‍ഷങ്ങളായി മത്സ്യബന്ധനത്തിനു വലയിടുമ്പോള്‍ ഇവിടത്തുകാര്‍ക്ക് മീനിനൊപ്പം കിട്ടുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്നത് നേരത്തേ തന്നെ പ്രിയേഷിന്റെ ശ്രദ്ധിയില്‍പ്പെട്ടിരുന്നു. എന്നാല്‍, അടുത്ത കാലത്തായി വലയില്‍ മീനിനേക്കാള്‍ അധികമായി കിട്ടുന്നത് പ്ലാസ്റ്റിക്കാണ്. അളവ് കൂടിക്കൂടി വന്ന്, എണ്‍പതു ശതമാനം പ്ലാസ്റ്റിക്കും ഇരുപതു ശതമാനം മീനും എന്ന നിലയിലെത്തിയപ്പോഴാണ് പ്രിയേഷിന് ആദ്യമായി ചെറിയൊരു ആശങ്ക തോന്നുന്നത്. നേരത്തെ മത്സ്യം കൂടുതല്‍ കിട്ടിയിരുന്നിടങ്ങളില്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞതും, അവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യത്തിന്റെ സാന്നിധ്യം പതിവിലുമധികം വര്‍ദ്ധിച്ചതും കൂടി ശ്രദ്ധയില്‍പ്പെട്ടതോടെ, കടലിന് കാര്യമായ എന്തോ മാറ്റം സംഭവിക്കുന്നുണ്ടെന്ന് പ്രിയേഷിന് മനസ്സിലാകുകയും ചെയ്തു. ഇക്കാര്യം ചിന്തിച്ചു നടന്ന ദിവസങ്ങളിലൊന്നിലാണ് പ്രദേശത്തു നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറില്‍ നിന്നും പ്രിയേഷ് മറ്റൊരു കാര്യം കൂടി മനസ്സിലാക്കുന്നത്. ‘2025 ഓടെ കടലില്‍ മത്സ്യങ്ങളേക്കാളധികം പ്ലാസ്റ്റിക്കായിരിക്കും’ എന്ന പഠന റിപ്പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചടങ്ങില്‍ പങ്കുവച്ചതോടെ, ഇത്രനാള്‍ താന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ചില്ലറക്കാര്യമല്ല എന്നു പ്രിയേഷ് തിരിച്ചറിഞ്ഞു. പത്താം തരം തുല്യതാ ക്ലാസ്സില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രിയേഷ് അവതരിപ്പിച്ചത് ഇതേ ആശങ്കയായിരുന്നു. അങ്ങനെ ആരംഭിച്ച ഒരു ചിന്ത, ഇന്ന് ഒരു പഞ്ചായത്ത് മുഴുവന്‍ ഏറ്റെടുത്ത വലിയൊരു നീക്കമായതിനെക്കുറിച്ച് പ്രിയേഷ് തന്നെ പറയുന്നതിങ്ങനെയാണ്:
‘പരിസ്ഥിതി എങ്ങനെ സംരക്ഷിക്കണം എന്നതിനെപ്പറ്റി ഓരോരുത്തരും അവരവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ എഴുതിക്കൊണ്ടു വരാന്‍ തുല്യതാ ക്ലാസ്സിലെ ടീച്ചര്‍ അന്നെപ്പോഴോ പറയുകയുണ്ടായി. പ്ലാസ്റ്റിക്കാണ് ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നതെന്നാണ് എനിക്കു തോന്നിയത്. കടലിലേക്ക് പ്ലാസ്റ്റിക് എത്തിച്ചേരുന്നത് തടയണം എന്നാണ് ക്ലാസ്സില്‍ ഞാന്‍ എഴുതിക്കൊണ്ടുപോയത്. അതോടെ എന്തു ചെയ്യണം എന്നൊരു ധാരണയും വന്നു. ക്ലാസ്സില്‍ എഴുതിക്കൊണ്ടുപോയതിന്റെ കൂടെത്തന്നെ, ഞാന്‍ പഞ്ചായത്തിലും പോയി സംസാരിച്ചു. മീനും പ്ലാസ്റ്റിക്കും വലയില്‍ കിടക്കുന്ന ചിത്രങ്ങളും കൊണ്ടാണ് പോയത്. എണ്‍പതു ശതമാനം പ്ലാസ്റ്റിക്കും ഇരുപതു ശതമാനം മീനുമാണ് വലയില്‍ കുടുങ്ങതെന്ന് തെളിവു സഹിതം ഞാന്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കാണിച്ചു കൊടുത്തു. കടല്‍ വൃത്തിയാക്കുന്ന പരിപാടി എത്രയും പെട്ടന്നു തന്നെ ചെയ്തു തുടങ്ങണമെന്ന് സെക്രട്ടറിയും പറഞ്ഞു. പഞ്ചായത്തിനെ നാലു ഭാഗമാക്കി തിരിച്ച് നാലു ദിവസം ക്ലീന്‍ ചെയ്യാം എന്നായിരുന്നു പദ്ധതി. പക്ഷേ ആ ദിവസം മുതല്‍ക്ക് ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതു വരെ ദിവസം ചുരുങ്ങിയത് ഒരു മണിക്കൂര്‍ നേരം ഞാന്‍ പ്ലാസ്റ്റിക് എടുക്കാന്‍ പോകും. ഇടയ്ക്ക് വയ്യാതെ വരുമ്പോള്‍ ലീവൊക്കെയാകും. പക്ഷേ നാലും അഞ്ചും മണിക്കൂര്‍ വലയിട്ട് പ്ലാസ്റ്റിക് എടുത്ത ദിവസങ്ങളൊക്കെയുണ്ട്. ഫൈബര്‍ ബോട്ടില്‍ പോയി വലയിട്ട്, ഒരു മണിക്കൂറോളം അടിത്തട്ടിലൂടെ വല വലിക്കും. കുട്ടക്കണക്കിന് പ്ലാസ്റ്റിക്കാണ് ഓരോ തവണ വല വലിക്കുമ്പോഴും കിട്ടുന്നത്. അതില്‍ കുപ്പികളുണ്ടാകും, പ്ലാസ്റ്റിക് കവറുകളുണ്ടാകും. അതെല്ലാം ബോട്ടിലിട്ട് കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി വേര്‍തിരിക്കും. ആവശ്യത്തിനായിക്കഴിഞ്ഞാല്‍ ഹരിതസേനക്കാര്‍ വന്ന് കൊണ്ടുപോകും. അതാണ് രീതി. ഒരു പ്രാവശ്യം വലയിട്ടാല്‍ത്തന്നെ മൂന്നോ നാലോ കുട്ട നിറച്ച് പ്ലാസ്റ്റിക് കിട്ടും. കിലോക്കണക്ക് പറയാനൊന്നും അറിയില്ല. എല്ലാം ഞാനൊറ്റയ്ക്കു തന്നെയാണ് ചെയ്യുന്നത്. കോവളത്തു നിന്നും ഹൈദരാബാദില്‍ നിന്നും യു.എ.ഇയില്‍ നിന്നുമൊക്കെ ആളുകള്‍ വിളിച്ച് സംസാരിക്കാറുണ്ട്. പക്ഷേ, ഇവിടെ നിന്നുള്ളവരാരും സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടില്ല.’
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ, കോസ്റ്റ് ഗാര്‍ഡിന്റെ റെസ്‌ക്യൂ മിഷനില്‍ കരാറടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് പ്രിയേഷ്. ജൂലായ് 31ന് നിരോധനവും ഡ്യൂട്ടിയും അവസാനിക്കുമ്പോള്‍, വീണ്ടും ഫൈബര്‍ വള്ളവും വലയുമായി ഈ ചെറുപ്പക്കാര്‍ പ്ലാസ്റ്റിക് വേട്ടയ്ക്കിറങ്ങും. അതുവരെ മാലിന്യ ശേഖരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പക്ഷേ, ആഗസ്ത് ഒന്നിന് വീണ്ടും പ്ലാസ്റ്റിക് ശേഖരണം തുടങ്ങുമ്പോള്‍ തന്നെ കാത്തിരിക്കുന്നത് ഇരട്ടി ജോലിയാണെന്ന് പ്രിയേഷിനറിയാം. മഴക്കാലമായ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് തോടുകളില്‍ നിന്നും പുഴകളില്‍ നിന്നും ഏറ്റവുമധികം മാലിന്യം കടലിലെത്തുന്നത്. ചോമ്പാല്‍ മുതല്‍ അഴിയൂര്‍ വരെയുള്ള ഭാഗങ്ങളില്‍ തീരദേശത്തു താമസിക്കുന്ന ഒട്ടുമിക്കപേരുടെയും വീടുകളോടു ചേര്‍ന്ന് ചെറിയൊരു ചാല്‍ കീറിയിട്ടുണ്ടാകും. വേനല്‍ക്കാലത്ത് വരണ്ടു കിടക്കുന്ന ഈ ചാല്‍, മഴവെള്ളം വീട്ടുമുറ്റത്തു കെട്ടിക്കിടക്കാതെ കടലിലേക്ക് ഒഴുക്കിവിടാനുള്ളതാണ്. മിക്കയിടത്തും വേനലില്‍ മാലിന്യങ്ങള്‍ മാറ്റിയിടാനുള്ളയിടങ്ങളാണ് ഈ ചാലുകള്‍. മഴക്കാലത്ത് വെള്ളത്തിനൊപ്പം ഇവയില്‍ നിന്നും കടലിലേക്ക് ഒലിച്ചെത്തുന്നത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. തീരദേശത്തുള്ളവരെ ഇത്തരത്തില്‍ പ്ലാസ്റ്റിക് കടലില്‍ തള്ളുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും, പുറത്തു നിന്നുള്ളവര്‍ തോടുകളിലും മറ്റുമിടുന്ന മാലിന്യങ്ങളാണ് പ്രധാന വെല്ലുവിളിയെന്നും പ്രിയേഷ് പറയുന്നുണ്ട്. തീരത്ത് കിടക്കുന്ന മാലിന്യങ്ങള്‍ കടലിലെത്താതിരിക്കാന്‍ അതു പോലും എടുത്തു മാറ്റുകയാണ് പ്രിയേഷിപ്പോള്‍.
‘അടിവലയിട്ട് വലിച്ച് പ്ലാസ്റ്റിക്കെടുക്കാന്‍ ശരിക്കും ബുദ്ധിമുട്ടില്ല. ഇത് വൃത്തിയാക്കി എടുക്കാനാണ് പ്രയാസം. കാലങ്ങള്‍ പഴക്കമുള്ള പ്ലാസ്റ്റിക്കല്ലേ. ആറു വര്‍ഷം പഴക്കമുള്ള പ്ലാസ്റ്റിക് വരെ എന്റെ കൈയില്‍ കിട്ടിയിട്ടുണ്ട്. തീരക്കടലിലാണ് ഇപ്പോള്‍ പ്ലാസ്റ്റിക്കെടുക്കുന്നത്. ആഴക്കടലില്‍ നിന്നും എടുക്കണമെങ്കില്‍ ഡൈവ് ചെയ്യണം. അതെനിക്കറിയില്ല. ചോമ്പാല്‍ ഹാര്‍ബര്‍ മുതല്‍ മാഹി ഹാര്‍ബര്‍ വരെയുള്ള സ്ഥലം കവര്‍ ചെയ്യുന്നുണ്ട്. മത്സ്യത്തിന്റെ ലഭ്യത കുറയുന്നതില്‍ പ്ലാസ്റ്റിക് മാലിന്യത്തിന് വലിയ പങ്കുണ്ട്. പ്ലാസ്റ്റിക് കൂടുതല്‍ കിട്ടുന്നിടത്തു നിന്നും മത്സ്യം അധികം കിട്ടുകയേയില്ല. അതിന്റെ സയന്‍സൊന്നും എനിക്കറിയില്ല. അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയതാണ്. ഓരോ വര്‍ഷവും മത്സ്യബന്ധന യാനങ്ങളുടെ എണ്ണം കൂടിവരികയാണെങ്കിലും, മത്സ്യസമ്പത്ത് കുറയുകയാണ് ചെയ്യുന്നത്. ഇത് ഭാവിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ആരുമത് മനസ്സിലാക്കുന്നില്ലെന്നു മാത്രം.’ പ്രിയേഷ് ഇതു പറയുമ്പോള്‍ അതു ശരിവയ്ക്കുകയാണ് മത്സ്യത്തൊഴിലാളി സൊസൈറ്റിയിലെ ഉദ്യോഗസ്ഥനായ ഗിരീഷ്. ‘മുന്‍പ് സുലഭമായി കിട്ടിയിരുന്ന പല മത്സ്യങ്ങളും ഇപ്പോള്‍ കാണാന്‍ തന്നെയില്ല. അവ കൂട്ടമായുണ്ടായിരുന്നയിടങ്ങളിലെല്ലാം ഇപ്പോള്‍ പ്ലാസ്റ്റിക് മാത്രമാണ് കിട്ടുന്നത്. അവയ്ക്കു വേണ്ട ഓക്‌സിജനോ ഭക്ഷണമോ കിട്ടാതെയാകുമ്പോള്‍ വേറെ സ്ഥലം നോക്കി അവ പോകും. ഇത് മത്സ്യത്തൊഴിലാളികള്‍ക്കാണ് പ്രശ്‌നമുണ്ടാക്കുക. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടെ ചോമ്പാല്‍ ഹാര്‍ബറിലെ മത്സ്യസമ്പത്തില്‍ നാലിലൊന്ന് കുറവു വന്നിട്ടുണ്ട്. ഇക്കാര്യം പ്രിയേഷ് മനസ്സിലാക്കുന്നതു പോലെ മറ്റു മത്സ്യത്തൊഴിലാളികള്‍ മനസ്സിലാക്കുന്നില്ല’ പ്രിയേഷിന്റെ ഒറ്റയ്ക്കുള്ള പോരാട്ടത്തില്‍ പങ്കാളിയാകണമെന്ന് ഗിരീഷടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുണ്ടെങ്കിലും ജോലിത്തിരക്കു കാരണം പലപ്പോളും സാധിക്കാറില്ലെന്നും ഇവര്‍ പറയുന്നു.
മത്സ്യഫെഡിലെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസിലെയും ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രിയേഷിന് എല്ലാ പിന്തുണയും നല്‍കുന്നത് അഴിയൂര്‍ പഞ്ചായത്തു തന്നെയാണ്. തീരക്കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് സെക്രട്ടറിയോടു സംസാരിച്ചപ്പോള്‍ത്തന്നെ, ‘ഉടനെ പരിപാടി തുടങ്ങണം’ എന്ന മറുപടിയാണ് കിട്ടിയതെന്ന് പ്രിയേഷ് പറയുന്നു. പ്രിയേഷ് ശേഖരിക്കുന്ന മാലിന്യം ഏറ്റെടുത്ത്, പഞ്ചായത്തിലെ സ്‌ക്രാപ്പിംഗ് മെഷീനില്‍ പ്രോസസ്സ് ചെയ്ത ശേഷം റോഡു നിര്‍മാണം പോലുള്ള പ്രവൃത്തികള്‍ക്കായി വില്‍ക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. നേരത്തേ തന്നെ മാലിന്യ നിര്‍മാര്‍ജനത്തില്‍ മാതൃകാപരമായ നടപടികള്‍ എടുത്തിട്ടുള്ള അഴിയൂര്‍ പഞ്ചായത്ത് പ്രിയേഷിനെ കാണുന്നത് ഈ വിഷയത്തിലെ ഏറ്റവും ആധികാരിക ശബ്ദങ്ങളിലൊന്നായാണ്. ‘പ്ലാസ്റ്റിക്കിനെതിരെ ഒരു വലിയ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്താണ് അഴിയൂര്‍. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ ഹരിതകര്‍മസേന പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ ഏകദേശം നാല്‍പ്പതിനായിരം കിലോ പ്ലാസ്റ്റിക് പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൊടുത്തിട്ടുണ്ട്. ഒരു കിലോ പ്ലാസ്റ്റിക് കൊടുത്താല്‍ പതിനഞ്ചു രൂപയാണ് പഞ്ചായത്തിനു കിട്ടുന്നത്. ഒരു കിലോ പ്ലാസ്റ്റിക് കിട്ടണമെങ്കില്‍, ചുരുങ്ങിയത് പത്തിരുപത്തിയഞ്ച് കിലോ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കണം. അപ്പോള്‍ എത്രയധികം പ്ലാസ്റ്റിക് ഇതിനോടകം ഒരു പഞ്ചായത്തില്‍ നിന്നു മാത്രം ശേഖരിച്ചിരിക്കും എന്നോര്‍ത്തു നോക്കൂ. ഈ പദ്ധതി വിജയകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിയായ പ്രിയേഷ് കടലിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് സംസാരിക്കാനെത്തുന്നത്. ആ വിഷയം ഞങ്ങള്‍ പഠിക്കുകയും ഫീല്‍ഡ് വിസിറ്റുകള്‍ നടത്തുകയും ചെയ്തിരുന്നു. അങ്ങനെയാണ് ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി ഈ പ്രോജക്ട് ഏറ്റെടുക്കുന്നത്. പ്രിയേഷ് കരയിലെത്തിക്കുന്ന പ്ലാസ്റ്റിക് ഹരിതസേന പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് യൂണിറ്റിലെത്തിക്കാറാണ് പതിവ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരത്തില്‍ അഴിയൂരില്‍ നിന്നും ശേഖരിച്ചത് പതിമൂന്നു ടണ്ണിലധികം പ്ലാസ്റ്റിക് വേസ്റ്റാണ്. അഴിയൂരിലെ അഞ്ചു കിലോമീറ്റര്‍ മാത്രം വരുന്ന കടല്‍ത്തീരത്തു നിന്നും ഇത്രയും മാലിന്യം കിട്ടുന്നുണ്ടെങ്കില്‍, 580 കിലോമീറ്ററോളം വരുന്ന കേരളത്തിലെയാകെ തീരദേശത്തു നിന്നും എത്ര ടണ്‍ ശേഖരിക്കാനാകും? മറ്റു പഞ്ചായത്തുകള്‍ കൂടി ഇടപെടേണ്ട മേഖലയാണിത്. ഓരോ വീട്ടിലും കയറിയുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു. അതിന്റെ മാറ്റം കാണാനുമുണ്ട്. പ്രിയേഷ് മാളിയേക്കല്‍ എന്ന സാമൂഹികപ്രവര്‍ത്തകന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ മാറ്റിനിര്‍ത്താനാകില്ല. കുടുംബവും ജോലിയുമൊക്കെയുള്ള ഒരു മനുഷ്യനാണ്. പഞ്ചായത്തിനു തന്നെ അത്ഭുതമായിരുന്നു ഇയാള്‍.’ അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ് പറയുന്നതിങ്ങനെ.
പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും മാധ്യമങ്ങളുമെല്ലാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴും, പ്രിയേഷിനു മുന്നില്‍ പക്ഷേ, വെല്ലുവിളികള്‍ പലതാണ്. സാമ്പത്തിക പരാധീനതകള്‍ മുതല്‍ ജോലി പോലും മാറ്റിവച്ച് പ്ലാസ്റ്റിക് ശേഖരിക്കാന്‍ പോകുന്ന പ്രിയേഷിന് മനോരോഗമാണെന്നു പറയുന്ന സഹപ്രവര്‍ത്തകര്‍ വരെ അക്കൂട്ടത്തിലുണ്ട്. ഓഖി വന്നപ്പോളും പ്രളയകാലത്തുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയിട്ടുള്ള പ്രിയേഷിന്, കടലില്‍ നിന്നുള്ള റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും വലിയ താല്‍പര്യമാണ്. ട്രോളിംഗ് നിരോധനകാലത്ത് കരാറടിസ്ഥാനത്തില്‍ ഈ ജോലി നേടിയതും അതിനോടുള്ള ആവേശം കൊണ്ടു തന്നെ. ‘ഓഖിയുടെ സമയത്ത് മൂന്നു ദിവസം തെരഞ്ഞിട്ടാണ് 22 ദിവസം പഴക്കമുള്ള ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിട്ടിയാല്‍ വീട്ടുകാര്‍ക്ക് ആനുകൂല്യമെങ്കിലും കിട്ടുമല്ലോ എന്നു കരുതിയാണ് അത്രയും അതിനു വേണ്ടി കഷ്ടപ്പട്ടത്. ഇത്രയൊക്കെയായിട്ടും എല്ലാ ഭാഗത്തുനിന്നും അവഗണനയുമുണ്ട്. മത്സ്യഫെഡിലെയും എഞ്ചിനീയറിംഗ് ഓഫീസിലെയും ആളുകള്‍ പിന്തുണയാണ്. പക്ഷേ വെറെ ചിലര്‍ പറയുന്നത് എനിക്ക് ഭ്രാന്താണെന്നാണ്. ആക്രി പെറുക്കി നടക്കാന്‍ പെരാന്താണോ എന്നു ചോദിക്കും. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് എന്റേത്. രക്ഷാപ്രവര്‍ത്തനത്തിനു പോകുന്നതിനെല്ലാം വീട്ടുകാരുടെ പിന്തുണയുണ്ട്. പക്ഷേ പ്ലാസ്റ്റിക് പെറുക്കാന്‍ പോയാല്‍ അവര്‍ക്ക് ദേഷ്യമാണ്. നാലും അഞ്ചും മണിക്കൂര്‍ രാവിലെ കടലില്‍ ഇതു പെറുക്കിക്കഴിഞ്ഞാല്‍ പിന്നെ അന്ന് ക്ഷീണം കാരണം ചിലപ്പോള്‍ ജോലിക്കു പോകാന്‍ പറ്റില്ല. മത്സ്യഫെഡില്‍ത്തന്നെ ഒരു ലക്ഷത്തിലധികം രൂപ കടമാണ്. എന്റെ അവസ്ഥ അറിയാവുന്നതു കൊണ്ടായിരിക്കും, എന്നോടിതുവരെ തിരിച്ചു ചോദിച്ചിട്ടില്ല. പഞ്ചായത്ത് സെക്രട്ടറി എന്നോട് ഫണ്ട് നീക്കിത്തരാം എന്നു പറഞ്ഞിരുന്നു. ഫണ്ട് വേണ്ട എന്ന് ഞാന്‍ അപ്പോള്‍ പറഞ്ഞു. പിന്നെ ഫണ്ട് തട്ടിച്ചു എന്നായിരിക്കും ആളുകളുടെ പുതിയ പരാതി.’
ഈ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിക്കൊണ്ട്, പ്ലാസ്റ്റിക് ശേഖരണ പരിപാടിക്ക് പുതിയ ഫണ്ട് വകയിരുത്താനും അതില്‍ നിന്നും പ്രിയേഷിന് ഒരു ഹോണണേറിയം നല്‍കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. എത്രകണ്ട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നാലും, കടലില്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നില്ല എന്നുറപ്പുവരുത്താന്‍ വേണ്ട അടുത്ത നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് പ്രിയേഷിപ്പോഴും. ‘മത്സ്യബന്ധനം നടത്തുന്നയാളുകള്‍ തന്നെ നമ്മളോട് വന്നു പറയും, ആഴക്കടലില്‍ ഇന്നയിന്ന സ്ഥലത്ത് ഇഷ്ടം പോലെ പ്ലാസ്റ്റിക്കാണെന്ന്. തീരദേശ മേഖലയില്‍ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് കടലിലേക്ക് തള്ളാതിരിക്കാന്‍ ഇപ്പോള്‍ ബോധവല്‍ക്കരണവും മാലിന്യ ശേഖരണവുമുണ്ട്. പക്ഷേ, പുറത്തു നിന്നുള്ളവര്‍ ചാലിലും പുഴയിലും ഒക്കെ നിക്ഷേപിക്കുന്നുണ്ട്. അതാണ് കടലിലെത്തുന്നത്. വലിച്ചെറിയുന്നത് ആദ്യം നിര്‍ത്തണം. എന്നിട്ട് എല്ലാ എല്‍.പി/യു.പി സ്‌കൂളിലും പോയി കുട്ടികള്‍ക്ക് ക്ലാസ്സെടുക്കണം. ഈ പ്രായത്തില്‍ ശരിയെന്ന് മനസ്സിലാക്കുന്ന വഴിയ്ക്കാണ് വലുതാവുമ്പോള്‍ അവര്‍ പോകുക. അവരെയാണ് ആദ്യം കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിക്കേണ്ടത്. മാത്രമല്ല, വീട്ടുകാര്‍ പ്ലാസ്റ്റിക് കളയുമ്പോള്‍ കുട്ടികള്‍ എതിര്‍ക്കുകയും ചെയ്യും. മില്‍മ പാലിന്റെ കവര്‍, കറിമസാലപ്പാക്കറ്റുകള്‍, പ്ലാസ്റ്റിക് കൂടുകള്‍ ഒക്കെയാണ് കൂടുതല്‍ കിട്ടുന്നത്. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതൊക്കെ ഒഴിവാക്കാവുന്നതേയുള്ളൂ. പാല്‍ക്കവറിന്റെ അറ്റം വെട്ടുമ്പോള്‍ മുഴുവന്‍ വെട്ടാതിരിക്കുക. മത്സ്യമൊക്കെ വാങ്ങുന്ന കവറുകള്‍ കഴുകി സൂക്ഷിക്കുക. വേറെ കവര്‍ വാങ്ങുന്ന പൈസയും ലാഭം. പ്ലാസ്റ്റിക് എടുത്തു വച്ചാല്‍ അതുകൊണ്ട് ഒരാള്‍ക്കും നഷ്ടം വരാനില്ല. ലാഭമേയുണ്ടാകൂ. മത്സ്യത്തൊഴിലാളി കടലുകൊണ്ടാണ് ജീവിക്കുന്നത്. ആ ബോധം പക്ഷേ ആര്‍ക്കുമില്ല. തീരദേശത്തിനു പുറത്തുള്ളവര്‍ക്കാണെങ്കില്‍ കടല്‍ അവരുടെ പ്രശ്‌നമല്ലല്ലോ എന്ന തോന്നലാണ്. മാലിന്യം കളയാനുള്ള ഒരു സ്ഥലമായാണ് കടലിനെ കാണുന്നത്. ഇതൊക്കെ തിരിച്ചടിക്കാന്‍ ഇനി അധികം കാലമില്ല.’
സമുദ്ര ശുചീകരണം നടത്തുന്നവരുടെ സംഘമായ ഫ്രണ്ട്‌സ് മറൈന്‍ ഡൈവ് എന്ന കൂട്ടായ്മ, കോവളത്തു നിന്നും പ്രിയേഷിനെ ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തില്‍ ചേരുന്നതോടെ കൂടുതല്‍ കേന്ദ്രീകൃതമായി മാലിന്യം ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പ്രിയേഷിന്റെ പ്രതീക്ഷ. ഒപ്പം, ആഴക്കടലില്‍ ഡൈവിംഗ് ഗിയറുകള്‍ ഉപയോഗിച്ച് ഊളിയിട്ടു ചെന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നത് എങ്ങനെയാണെന്ന് പഠിക്കാനും സംഘടന സഹായിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഡൈവിംഗ് പഠിച്ചാലും ഒറ്റയ്ക്കു ചെയ്യേണ്ടേ എന്ന ചോദ്യത്തിന്, ആരെങ്കിലും ചെയ്യേണ്ടേ എന്നയര്‍ത്ഥത്തില്‍ ചിരിച്ചു കൊണ്ട് പ്രിയേഷ് തന്റെ ഏറ്റവും വലിയ ആഗ്രഹം പങ്കുവയ്ക്കുന്നു. ‘അന്ന് ആ സാര്‍ പറഞ്ഞത് 2025 ആവുമ്പോഴേക്കും കടലില്‍ മീനിനെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ആവുമെന്നാണ്. ഇനിയും സമയമുണ്ട്. അതു നമുക്ക് മാറ്റിപ്പറയിക്കണം.’