UPDATES

കോട്ടക്കുന്ന് ആദിവാസി കോളനിയില്‍ നിന്നും മദ്രാസ്‌ ഐഐടി വഴി വിദേശത്തേക്ക്; ബിന്ദു ഒരു സ്വപ്നത്തിനായി പൊരുതുകയാണ്

മലവേട്ടുവ വിഭാഗത്തില്‍ നിന്നും എം.എസ്.സി ഫിസിക്‌സ് കഴിയുന്ന ആദ്യത്തെ ആളാണ് ബിന്ദു

ഒരു മണിക്കൂറോളം വേണം കാസര്‍ഗോഡ് കള്ളാര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് ആദിവാസി കോളനിയിലെത്താന്‍. ജീപ്പ് മാത്രം പോകുന്ന കോട്ടക്കുന്നില്‍ നിന്ന് വിദേശത്ത് ഗവേഷണപഠനത്തിനൊരുങ്ങുകയാണ് ബിന്ദു. മലവേട്ടുവ വിഭാഗത്തില്‍ നിന്നും എം.എസ്.സി ഫിസിക്‌സ് കഴിയുന്ന ആദ്യത്തെ ആളാണ് ബിന്ദു. മദ്രാസ് ഐഐടിയില്‍ നിന്നും പൂര്‍ത്തിയാക്കിയ ബിന്ദുവിന്റെ അടുത്ത സ്വപ്‌നമാണ് വിദേശത്ത് പോയി ഗവേഷണം നടത്തണമെന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബിന്ദുവിന് പഠന സഹായവും പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്.

രണ്ട് മണിക്കൂറോളം നടന്നാണ് ബിന്ദു താന്‍ പഠിച്ചിരുന്ന സ്‌കൂളിലേക്ക് എത്തിയിരുന്നത്. അത്രയും ദൂരം കാല്‍നടയായി നടന്ന് പഠിക്കേണ്ടി വന്നിട്ടും ബിന്ദുവിന് പഠിക്കാനുള്ള താല്പര്യം ഇല്ലാതായില്ല. സ്‌കൂള്‍ പഠനകാലത്ത് ഐഎഎസ് ഓഫീസര്‍ ആകണമെന്നായിരുന്നു ആഗ്രഹം. കോട്ടക്കുന്ന് ആദിവാസി കോളനിയിലെ ജനങ്ങളുടെ ദുരവസ്ഥ കണ്ടിട്ടായിരുന്നു ഐഎഎസ് ആകണമെന്നും അതിന് ശേഷം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നും ബിന്ദു വിചാരിച്ചിരുന്നത്. “സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി കിട്ടുന്നതിന് മുമ്പ് കോളേജിന്റെ ആവശ്യത്തിനായൊക്കെ സര്‍ട്ടിഫിക്കറ്റൊക്കെ വാങ്ങിക്കാന്‍ പോകുമ്പോള്‍ ഓഫീസുകാര്‍ ഇന്ന് വാ, നാളെ വാ എന്ന് പറയുമായിരുന്നു. അന്നൊക്കെ അമ്മ ഇരുന്ന് കരഞ്ഞിട്ടുണ്ട്. അപ്പോഴാണ് ഐഎഎസ് ആയി ഇങ്ങനുള്ള സിസ്റ്റമൊക്കെ മാറ്റണമെന്ന് തോന്നിയത്”, ബിന്ദു ഓര്‍മ്മിച്ചു.

എന്നാല്‍ പ്ലസ് ടുവിന് സയന്‍സ് വിഷയം തെരഞ്ഞെടുത്ത അവള്‍ ഫിസിക്‌സ് തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജീപ്പ് മാത്രം കടന്നുപോകുന്ന കോട്ടക്കുന്ന് ഇറങ്ങിക്കയറി തന്നെയാണ് ബിന്ദു ബിഎസ്‌സി ഫിസിക്‌സ് പൂര്‍ത്തിയാക്കിയതും. തുടര്‍ന്നും പഠിക്കണമെന്നുള്ള ആഗ്രഹങ്ങള്‍ക്ക് സമൂഹത്തിന്റെ പല ഭാഗത്ത് നിന്നും ബിന്ദുവിന് എതിര്‍പ്പുകളുണ്ടായി. “എന്റെ അച്ഛനും അമ്മയ്ക്കും വിദ്യാഭ്യാസമില്ല. അമ്മ കൂലിപ്പണിക്കാണ് പോകുന്നത്. അപ്പോഴും അവര്‍ രണ്ടു പേരും എത്ര വേണോ പഠിച്ചോ, എങ്ങനെ വേണമെങ്കിലും പഠിപ്പിക്കാം എന്നാണ് പറയുന്നത്. അതുകൊണ്ടാണ് എനിക്ക് മദ്രാസ് ഐഐടിയില്‍ പഠിക്കാനായത്”, ബിന്ദു പറഞ്ഞു. “പ്ലസ് ടു എസിസി/എസ്ടി ഹോസ്റ്റലില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. ആ സമയത്ത് ഹോം സിക്ക്‌നസ് ഉണ്ടായിരുന്നു. അങ്ങനെയാണ് ബിഎഎസ്‌സി വീട്ടില്‍ നിന്ന് പോയിവരാന്‍ തീരുമാനിച്ചത്. പക്ഷേ മദ്രാസ് ഐഐടിയില്‍ കിട്ടിയതില്‍ പിന്നെ വീട്ടില്‍ നിന്ന് മാറി നിന്നാലേ പറ്റൂ എന്ന അവസ്ഥയായി.”

മദ്രാസ് ഐഐടിയില്‍ നിന്നും എംഎസ്‌സി പൂര്‍ത്തിയാക്കിയ ബിന്ദുവിന്റെ ഇപ്പോഴത്തെ ആഗ്രഹം ഫിസിക്‌സില്‍ നിന്ന് തന്നെ രാജ്യത്തിനും സമൂഹത്തിനുമായി എന്തെങ്കിലും സംഭാവന നല്‍കണമെന്നാണ്. “ബിഎസ്‌സി പഠിക്കുമ്പോള്‍ അധ്യാപകരുടെ നല്ല പിന്തുണയുണ്ടായിരുന്നു. ഞങ്ങളുടെ ഇടയില്‍ നിന്ന് അധികം ആരും ഫിസിക്‌സ് വിഷയം എടുക്കാത്തതു കൊണ്ട് എല്ലാവരും സഹായിക്കുമായിരുന്നു. ഐഐടിയില്‍ പോകാന്‍ തന്നെ കാരണം അവിടുണ്ടായിരുന്ന അധ്യാപകരായിരുന്നു. എനിക്ക് ഒരു മെയില്‍ ഐഡി പോലും ഉണ്ടായിരുന്നില്ല. തോമസ് എന്ന സാറാണ് എനിക്ക് ജാം എക്‌സാമിനുള്ള എല്ലാ സഹായങ്ങളും ചെയ്തു തന്നത്. ഐഐടിയിലും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നല്ല പിന്തുണ കിട്ടിയിരുന്നു.”

നമ്മള്‍ എപ്പോഴും താഴെക്കിടക്കണം എന്ന് വിചാരിക്കുന്ന ആളുകളുണ്ടല്ലോ, അവരെപ്പോലുള്ളവര്‍ നല്ല രീതിയില്‍ നിരുത്സാഹപ്പെടുത്താറുണ്ട്. നിനക്ക് അവിടെയൊന്നും പോകാന്‍ പറ്റില്ലയെന്ന രീതിയിലാണ് അവരുടെ സംസാരം. എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് വളര്‍ത്തുന്നത്. അമ്മയും ഞങ്ങളും നല്ല നിലയില്‍ ജീവിക്കണമെന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നും ഉണ്ട്. അതുകൊണ്ട് നിരുത്സാഹപ്പെടുത്തുന്നവര്‍ എനിക്ക് ഒരു പ്രശ്‌നമല്ല. എന്നെപ്പോലുള്ള ദളിത്, ആദിവാസി കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള പ്രചോദനമാകണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്റെ നാട്ടില്‍ ജീപ്പല്ലാതെ വേറൊരു വണ്ടിയും വരില്ല. ഒരു ആശുപത്രി അത്യാവശ്യത്തിന് പോലും വണ്ടി കിട്ടില്ല. പ്രത്യേകിച്ച് ഗര്‍ഭിണിയായ സ്ത്രീകളെ എങ്ങനെയാണ് ജീപ്പിലൊക്കെ കൊണ്ടുപോകുക?” ബിന്ദു ചോദിക്കുന്നു.

Also Read: എപ്പോഴാണ് ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഒരു സമരം നടന്നിട്ടുള്ളത്? ആര്‍ക്കാണ് അതില്‍ ആവലാതിയുള്ളത്?

വിദേശപഠനത്തിനു പോകാനുള്ള തയാറെടുപ്പിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷ പ്രാവീണ്യത്തിനായി വരുന്ന 24ാം തീയതി മുതല്‍ തിരുവനന്തപുരത്ത് ഐഇഎല്‍ടിഎസിനുള്ള പഠനം തുടങ്ങും. ബിന്ദുവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി ചില സന്നദ്ധ പ്രവര്‍ത്തകരും ഒപ്പമുണ്ട്.

കുന്നിന്റെ മുകളിലേക്ക് എത്താന്‍ രണ്ട് മണിക്കൂറെങ്കിലും വേണ്ടി വരും. രണ്ട് സഹോദരങ്ങളാണ് ഉള്ളത്. മുതിര്‍ന്ന സഹോദരന്‍ ബധിരനും ഊമയുമാണ്. അയാള്‍ പ്ലസ് ടു പാസായി. സ്‌പെഷ്യല്‍ സ്‌കൂളില്‍ ഇപ്പോഴും പോകുന്നുണ്ട്. പ്ലസ് ടു പാസായ ഇളയ സഹോദരന്‍ എറണാകുളത്ത് ജോലി ചെയ്യുകയാണ്. വിദേശ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റ് എടുക്കണമെന്നുള്ളത് ബിന്ദുവിന്റെ വലിയ ആഗ്രഹമാണ്. അതിനുള്ള പിന്തുണ ഞങ്ങള്‍ നല്‍കും. ഐഇഎല്‍ടിഎസ് പഠനത്തിനുള്ള ചിലവ് കള്ളാറിലെ കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ വകുപ്പില്‍ നിന്നുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും സഹായം ചെയ്യാമെന്ന് അറിയിച്ചു. അതുകൊണ്ട് തന്നെ ബിന്ദു അവളുടെ സ്വപ്‌നം എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് കരുതുന്നു“, ദളിത്-ആദിവാസി ആക്ടിവിസ്റ്റ് ധന്യ രാമന്‍ പറയുന്നു.

നവകേരളത്തിലെ ഒരു ആദിവാസി അടിമ; അവന് വിളിപ്പേര് പൊട്ടാടി; ഞെട്ടിക്കും ഈ ജീവിത ചിത്രം

എ കെ ബാലന്റെ ഇടപെടല്‍; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിനേഷ് പഠിക്കും

ഇനിയും മുടക്കരുത്; ബിനേഷ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിക്കട്ടെ

എപ്പോഴാണ് ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഒരു സമരം നടന്നിട്ടുള്ളത്? ആര്‍ക്കാണ് അതില്‍ ആവലാതിയുള്ളത്?

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍