UPDATES

പോസിറ്റീവ് സ്റ്റോറീസ്

ബാലവിവാഹത്തിന് ഇരയായ സഹപാഠിയെ തിരികെ സ്‌കൂളില്‍ എത്തിച്ച സുഹൃത്തുക്കളുടെ പോരാട്ടകഥ

പത്താംക്ലാസില്‍ പഠിക്കുന്ന തങ്ങളുടെ കൂട്ടുകാരിയെ പെട്ടെന്നൊരു ദിവസം കാണാതായതോടെയാണ് അവര്‍ 13 പേര്‍ തേടിയിറങ്ങിയത്

കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഇപ്പോഴും ബാലവിവാഹങ്ങള്‍ നിര്‍ബാധം നടക്കുന്നുണ്ട്. ഇതിനെതിരേ സര്‍ക്കാര്‍ തലത്തില്‍ പോലും നടപടിയെക്കാന്‍ കഴിയാതെ വരികയാണ്. ഈ അവസരത്തിലാണ് രാജസ്ഥാനില്‍ നിന്നുള്ള ഏതാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബാലവിവാഹത്തിനിരയായ അവരുടെ സഹപാഠിയെ തിരികെ സ്‌കൂളില്‍ എത്തിക്കാന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ചുള്ള ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്ത പ്രാധാന്യമര്‍ഹിക്കുന്നത്.

പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അഞ്ജു(യഥാര്‍ത്ഥ പേരല്ല) പെട്ടെന്ന് ഒരുദിവസം ക്ലാസില്‍ വരാതായതോടെയാണ് സഹപാഠികള്‍ അവളെക്കുറിച്ച് അന്വേഷിച്ചിറങ്ങിയത്. ജയ്പൂരിലെ ഒരു ചേരിയിലുള്ള അഞ്ജുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് 16 കാരിയായ അഞ്ജുവിനെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയച്ചെന്നും ഇനിയവിടെയാണ് അവളുടെ ബാക്കി ജീവിതമെന്നും ബന്ധുക്കളില്‍ നിന്നും മറുപടി കിട്ടിയത്.

കേട്ട വാര്‍ത്ത ഞെട്ടിച്ചെങ്കിലും അഞ്ജുവിന്റെ സഹപാഠികള്‍ പിന്തിരിയാന്‍ തയ്യാറായില്ല. എങ്ങനെയെങ്കിലും അഞ്ജുവിനെ തിരികെ സ്‌കൂളില്‍ കൊണ്ടുവരുമെന്നു തന്നെ അവര്‍ തീരുമാനിച്ചു. 13 പേരായിരുന്നു അവര്‍. ഏഴ് ആണ്‍കുട്ടികളും ആറു പെണ്‍കുട്ടികളും. എളുപ്പമായിരുന്നില്ലെങ്കിലും സുഹൃത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒടുവിലവര്‍ വിജയിച്ചു.

അഞ്ജുവിന്റെ ഭര്‍തൃഗൃഹം എവിടെയാണെന്നതിനെക്കുറിച്ച് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു അറിവും ഇല്ലായിരുന്നു. അവര്‍ പൊലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോ ബന്ധുക്കളോ പരാതി തന്നാല്‍ തങ്ങളെന്തെങ്കിലും ചെയ്യൂ എന്നു പറഞ്ഞു പൊലീസ് വിദ്യാര്‍ത്ഥികളെ മടക്കിയയച്ചു. നിരാശരായി സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോഴാണ് പൊലീസ് സ്റ്റേഷന്റെ ചുമരില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററില്‍ ജില്ല കളക്ടറുടെ ഫോണ്‍ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അവര്‍ ഒരു പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ നിന്നും കളക്ടറെ വിളിച്ചു തങ്ങളുടെ സഹൃത്തിനെ രക്ഷിക്കണമെന്ന് ആഭ്യര്‍ത്ഥിച്ചു. കളക്ടര്‍ ഞങ്ങളോട് അഞ്ജുവിന്റെ ബന്ധുക്കളുടെ വിലാസം അയച്ചുകൊടുക്കാന്‍ പറഞ്ഞു. പക്ഷേ വിലാസം അയച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക് ഫോണ്‍ ഇല്ലെന്നു പറഞ്ഞു. അദ്ദേഹം മറ്റൊരു വഴിയില്‍ ബന്ധുക്കളുടെ വിലാസം കണ്ടെത്തി; അഞ്ജുവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ പറയുന്നു.

എന്നെ വിളിച്ച കുട്ടി ഏങ്ങലടിച്ചു കരയുകയായിരുന്നു. അവരുടെ കൂട്ടുകാരിയെ രക്ഷിക്കാന്‍ പൊലീസിനേയും വനിത കമ്മിഷനെയും സമീപിച്ചിട്ടും അവര്‍ക്ക് സഹായം കിട്ടിയില്ലെന്നു പറഞ്ഞു. ഞാനവളെ സമാധാനിപ്പിച്ചു. അഞ്ജുവിന്റെ ബന്ധുക്കളുടെ വിലാസം കണ്ടെത്തി അങ്ങോട്ടേയ്ക്ക് പൊലീസിനെ അയക്കുകയും ചെയ്തു; കളക്ടര്‍ സിദ്ധാര്‍ത്ഥ് മഹാജന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു.

കളക്ടറുടെ നിര്‍ദേശപ്രകാരം പൊലീസ് അഞ്ജുവിന്റെ ഭര്‍തൃവീട് കണ്ടെത്തുകയും പെണ്‍കുട്ടിയെ അവിടെ നിന്നും കൂട്ടിക്കൊണ്ടുവന്ന് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ചെയ്തു.

"</p

ഫോട്ടോ കടപ്പാട്; ഹിന്ദുസ്ഥാന്‍ ടൈംസ്

2012 ലാണ് അഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്. ഇതേക്കുറിച്ച് അഞ്ജു പറയുന്നത് ഇപ്രകാരമാണ്; മറ്റൊരു ചേരിയില്‍ താമസിക്കുന്ന എന്നെക്കാള്‍ 10 വയസ് കൂടുതലുള്ള ഒരാളായിരുന്നു ഭര്‍ത്താവ്. എനിക്കന്ന് പ്രായം 11 വയസ്. എന്റെ സഹോദരന്‍ എന്റെ ഭര്‍ത്താവായ ആളുടെ കുടുംബത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെയാണു വിവാഹം കഴിച്ചത്. ഞങ്ങളുടെ സമുദായാചാരപ്രകാരം വിവാഹത്തിന് പെണ്‍കുട്ടികളെ പരസ്പരം കൈമാറുകയാണ്. ഒരു കുടുംബത്തില്‍ നിന്നും നിങ്ങളൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയാണെങ്കില്‍ പകരം ഇവിടെ നിന്നും ഒരു പെണ്‍കുട്ടിയെ അങ്ങോട്ടേയ്ക്കും കൊടുക്കണം. ഇതുപ്രകാരം എന്റെ സഹോദരന്‍ വിവാഹം കഴിച്ചതിനുവേണ്ടിയാണ് പതിനൊന്നാമത്തെ വയസില്‍ എനിക്കും മറ്റൊരാളുടെ ഭാര്യയാകേണ്ടി വന്നത്. വിവാഹം കഴിഞ്ഞെങ്കിലും സഹോദരങ്ങള്‍ക്കൊപ്പം സ്വന്തംവീട്ടില്‍ തന്നെയായിരുന്നു ഇതുവരെ നിന്നത്. ഇപ്പോഴവരെന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയച്ചു.

സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കിയ അഞ്ജുവിനെ അവര്‍ ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് അയച്ചു. എന്നാല്‍ അഞ്ജുവിന്റെ കൂട്ടുകാര്‍ അതില്‍ നിരാശപ്രകടിപ്പിച്ചു. തങ്ങള്‍ക്കൊപ്പം അവള്‍ സ്‌കൂളിലേക്ക് മടങ്ങി വരണം എന്നാണവര്‍ ആഗ്രഹിച്ചത്. ഈ കാര്യം തങ്ങളുടെ അധ്യാപികയുടെ സഹായത്തോടെ അഞ്ജുവിന്റെ മാതാപിതാക്കളെ അറിയിക്കുകയും അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്തു. അങ്ങനെ മാതാപിതാക്കള്‍ അഞ്ജുവിനെ തങ്ങളുടെ കൂടെ വിടണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ അപേക്ഷ നല്‍കി. അതിന്‍പ്രകാരം സിഡബ്ല്യുസി അഞ്ജുവിനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. തുടര്‍ന്ന് അഞ്ജു അവളുടെ കൂട്ടുക്കാരുടെ ആഗ്രഹംപോലെ സ്‌കൂളില്‍ തിരിച്ചെത്തുകയും ചെയ്തു. വിരോചിതമായ വരവേല്‍പ്പായിരുന്നു സ്‌കൂള്‍ അഞ്ജുവിന് ഒരുക്കിയത്.

ഇപ്പോള്‍ അഞ്ജു മറ്റൊരു തീരുമാനത്തിലാണ്. എനിക്ക് പഠിക്കണം, ഈ വിവാഹത്തില്‍ നിന്നും ഒഴിവാകണം; അവള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു. പറയുക മാത്രമല്ല, ജയ്പൂര്‍ കോടതിയില്‍ വിവാഹം റദ്ദ് ചെയ്യാനായി ഹര്‍ജി നല്‍കിയിട്ടുമുണ്ട്. കേസില്‍ താന്‍ തന്നെ ജയിക്കുമെന്ന വിശ്വാസവുമുണ്ട് അഞ്ജുവിന്. അതിനു പ്രധാനകാരണമായി ഈ 16കാരി പറയുന്നത് തന്റെ സുഹൃത്തുക്കളാണ്.

എത്ര പ്രചോദനപരമായ കാര്യമാണ് ആ കുട്ടികള്‍ ചെയ്തത്; സഖി ബാല്‍ നികേതന്‍ ഏവം സേവ സമിതിയിലെ ഗോപാല്‍ സിംഗ് പറയുന്നു. ഈ സര്‍ക്കാരേതിര സംഘടന നടത്തുന്ന അനൗദ്ധ്യോഗിക സ്‌കൂളിലായിരുന്നു ഈ കുട്ടികള്‍ നേരത്തെ പഠിച്ചിരുന്നത്. ഗോപാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു; ബാലവിവാഹത്തിനെതിരേയുള്ള പ്രചാരണത്തിന്റെ യഥാര്‍ത്ഥ മാതൃകകളാണ് ആ കുട്ടികള്‍…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍