UPDATES

പോസിറ്റീവ് സ്റ്റോറീസ്

പ്രചോദനമായത് സണ്ണി ഡിയോളിന്റെ ഇന്ത്യന്‍: ഐപിഎസ് സ്വപ്‌നത്തിലേക്ക് ഒരു മുന്‍ കോണ്‍സ്റ്റബിളിന്റെ വിജയ യാത്ര

ദലിത് ശാക്തീകരണത്തിനും സാമൂഹിക നീതിയ്ക്കുമുള്ള അംബേദ്കറിന്റെ വീക്ഷണങ്ങളില്‍ ഗവേഷണം നടത്തുന്ന ഇദ്ദേഹം അടുത്തവര്‍ഷം പ്രബന്ധം സമര്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌

പത്ത് വര്‍ഷം മുമ്പ് തന്റെ പത്തൊമ്പതാം വയസ്സിലാണ് മനോജ് കുമാര്‍ റാവത്ത് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇത്തവണത്തെ സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാകാനുള്ള സാധ്യതകളാണ് ഇദ്ദേഹത്തിന് മുന്നില്‍ തെളിഞ്ഞിരിക്കുന്നത്.

രാജസ്ഥാനിലെ ജയ്പൂര്‍ റൂറല്‍ പോലീസില്‍ കോണ്‍സ്റ്റബിളായിരിക്കെ 2013ല്‍ രാജിവച്ചപ്പോള്‍ പലഭാഗത്തു നിന്നും കടുത്ത എതിര്‍പ്പുകളാണ് മനോജ് കുമാര്‍ നേരിട്ടത്. സുരക്ഷിതമായ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച മനോജ് കുമാറിന് തലയ്ക്ക് സുഖമില്ലെന്ന് വരെ ചില ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റ് വന്നതോടെ ഇദ്ദേഹത്തിന്റെ ഫോണിന് വിശ്രമമില്ലാത്ത അവസ്ഥയാണ്. എല്ലാം അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വിളികളാണ്.

ജയ്പൂരിനടുത്ത് ശ്യാംപുര സ്വദേശിയായ റാവത്തിന് 824-ാം റാങ്കാണ് ലഭിച്ചത്. ഐപിഎസ് ഓഫീസര്‍ ആകാമെന്ന പ്രതീക്ഷയിലാണ് ഈ 29കാരന്‍. കുട്ടിക്കാലം മുതലുള്ള സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. താനൊരു ശരാശരിയില്‍ താഴെയുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും അതിനാല്‍ തന്നെ ആദ്യഘട്ടം മുതല്‍ ലഭിച്ച അവസരങ്ങളെല്ലാം ഉപയോഗിച്ചുവെന്നും മനോജ് കുമാര്‍ റാവത്ത് പറയുന്നു. 19-ാം വയസ്സിലാണ് ഇദ്ദേഹത്തിന് പോലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ചത്. പിന്നീട് തന്റെ അനുജനും കോണ്‍സ്റ്റബിളായി ജോലി ലഭിച്ചതോടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയായിരുന്നുവെന്ന് മനോജ് കുമാര്‍ പറയുന്നു.

സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് മുമ്പ് റാവത്തിന് മൂന്ന് സര്‍ക്കാര്‍ ജോലികള്‍ ലഭിച്ചിരുന്നു. എന്നാല്‍ പരീക്ഷ തയ്യാറെടുപ്പുകള്‍ക്കായി അതെല്ലാം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സണ്ണി ഡിയോളിന്റെ ഇന്ത്യന്‍ എന്ന ചിത്രം കണ്ടാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥനാകണമെന്ന ആഗ്രഹമുണ്ടായതെന്ന് മനോജ് കുമാര്‍ പറയുന്നു.

2014ലാണ് ഇദ്ദേഹത്തിന് എല്‍ഡി ക്ലര്‍ക്കായി ജോലി ലഭിച്ചത്. അതിന് ശേഷം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍(സിഐഎസ്എഫ്) ജോലി ലഭിച്ചു. എന്നാല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി മുഴുവന്‍ സമയവും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ ജോലികളെല്ലാം വേണ്ടെന്ന് വച്ചു. പട്ടിക ജാതി വിഭാഗക്കാരനായ റാവത്തിന് പ്രചോദനമാകാന്‍ അധികമാരുമുണ്ടായിരുന്നില്ല.

എന്നാല്‍ ആ സാഹചര്യമെല്ലാം ഇപ്പോള്‍ മാറിയിരിക്കുന്നുവെന്ന് റാവത്ത് തന്നെ പറയുന്നു. എന്റെ കുട്ടിക്കാലത്ത് ഈ ഗ്രാമത്തിലുള്ളവര്‍ ദലിതര്‍ക്ക് വെള്ളം പോലും കൊടുക്കില്ലായിരുന്നു. തനിക്ക് ഐപിഎസ് തന്നെ ലഭിക്കുകയാണെങ്കില്‍ ഒരു കോണ്‍സ്റ്റബിള്‍ എന്ന നിലയില്‍ ലഭിച്ച അനുഭവ സമ്പത്തുകൂടി മികച്ച പോലീസിംഗിനായി ഉപയോഗിക്കുമെന്ന് റാവത്ത് പറയുന്നു. കോണ്‍സ്റ്റബിളായി ജോലി ചെയ്തിട്ടുള്ളതുകൊണ്ട് നമ്മുടെ നിയമസംവിധാനം ഏത് വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാന്‍ തനിക്ക് സാധിച്ചുവെന്നും ഇദ്ദേഹം പറയുന്നു. തന്റെ അമ്മയാണ് തനിക്ക് ഐപിഎസ് എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ഒപ്പം നിന്നതെന്നും മനോജ് കുമാര്‍ വ്യക്തമാക്കി. മൂന്ന് മക്കളില്‍ രണ്ടാമനായ റാവത്തിന്റെ പിതാവ് ഒരു അധ്യാപകനാണ്.

ജെആര്‍എഫ് നേടിയ മനോജ് കുമാര്‍ ഇപ്പോള്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. ദലിത് ശാക്തീകരണത്തിനും സാമൂഹിക നീതിയ്ക്കുമുള്ള അംബേദ്കറിന്റെ വീക്ഷണങ്ങളാണ് താന്‍ പഠനവിധേയമാക്കുന്നതെന്ന് മനോജ് കുമാര്‍ റാവത്ത് വ്യക്തമാക്കി. അടുത്തവര്‍ഷത്തിനുള്ളില്‍ പ്രബന്ധം സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍