UPDATES

പോസിറ്റീവ് സ്റ്റോറീസ്

സൌജന്യ യൂണിഫോം; വിദ്യാര്‍ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ കൈത്തറി തുണി തയ്യാര്‍ (വീഡിയോ)

ഒരു വിദ്യാര്‍ഥിക്ക് രണ്ടുജോഡി യൂണിഫോം എന്ന നിലയിലാണ് വിതരണം നടത്തുന്നത്.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വേനലവധിക്കു മുന്‍പ് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. റിസല്‍ട്ട് അറിയുന്ന ദിവസം തന്നെ കുട്ടികള്‍ക്ക് പുസ്തകം വീട്ടില്‍ കൊണ്ടു പോകാം. ഇപ്പോള്‍ ഇതാ മധ്യവേനല്‍ അവധി ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സൗജന്യ യൂണിഫോമും എത്തിക്കുകയാണ് സര്‍ക്കാര്‍. 8,43,509 വിദ്യാര്‍ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ കൈത്തറി തുണിയാണ് ലഭ്യമാക്കുന്നത്.

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം കൊടുത്തു തുടങ്ങിയത് 2017-18 വര്‍ഷത്തിലാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 4,34,175 കുട്ടികള്‍ക്കാണ് സൗജന്യ യൂണിഫോം പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.എന്നാല്‍ ഈ വര്‍ഷമാകട്ടെ എയ്ഡഡ് സ്‌കൂളുകളിലെ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെക്കൂടി സൗജന്യ യൂണിഫോം പദ്ധതിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതുപ്രകാരം 6963 എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് യൂണിഫോം ലഭിക്കുന്നത്. മെയ് 20 ഓടുകൂടി എല്ലാ സ്‌കൂളുകളിലേയും യൂണിഫോം എത്തിക്കുകയും ജൂണ്‍ ആദ്യ വാരം തന്നെ കുട്ടികള്‍ക്ക് വിരണം ചെയ്യുമെന്നും പൊതു വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ ജെസ്സി ജോസഫ് അഴിമുഖത്തോടു പറഞ്ഞു.

ഒരു വിദ്യാര്‍ഥിക്ക് രണ്ടുജോഡി യൂണിഫോം എന്ന നിലയിലാണ് വിതരണം നടത്തുന്നത്. സംസ്ഥാനത്തെ 163 വിദ്യാഭ്യാസ ഉപജില്ലകളിലെയും, സ്‌കൂളുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണമനുസരിച്ച് ഷര്‍ട്ട്, പാന്റ്‌സ്, പാവാട, ഓവര്‍കോട്ട് എന്നിവയ്ക്കു വേണ്ട തുണികള്‍ പ്രത്യേകമായി പായ്ക്ക് ചെയ്ത് അതത് ഉപജില്ലകളിലെ വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കും. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നെയ്ത 45 കളര്‍ ഷേഡിലുള്ള കൈത്തറിത്തുണിയാണ് വിതരണം ചെയ്യുന്നത്.

ഹാന്‍ടെക്‌സ് വഴിയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 3199 സര്‍ക്കാര്‍, എയയ്ഡഡ് സ്‌കൂളുകളിലേക്കുള്ള യൂണിഫോം വിതരണംചെയ്യുന്നത്. 42 കളര്‍ ഷേഡിലുള്ള 18 ലക്ഷം മീറ്റര്‍ തുണിയുടെ വിതരണം ചൊവ്വാഴ്ച ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ 182 വിദ്യാലയങ്ങളിലേക്കുള്ള 40,819 മീറ്റര്‍ തുണിയുള്‍പ്പെടെ വിവിധ ജില്ലകളിലേക്ക് 258,452.12 മീറ്റര്‍ തുണി എത്തിച്ചുകഴിഞ്ഞു. ആവശ്യമായതില്‍ 13.22 ലക്ഷം മീറ്റര്‍ വിതരണത്തിന് തയ്യാറായിരിക്കയാണ്. ബാക്കി തുണി സംസ്‌കരണ പ്ലാന്റുകളില്‍നിന്ന് അടുത്തദിവസം എത്തും.

ഉത്തര കേരളത്തിലെ ഏഴ് ജില്ലയിലേക്കുള്ള 24,10,386 മീറ്റര്‍ തുണിയുടെ വിതരണം മാര്‍ച്ച് 29ന് തന്നെ ആരംഭിച്ചു. 45 ഷേഡിലാണ് ഈ ജില്ലകളിലെ യൂണിഫോമുകള്‍. മലപ്പുറത്തേക്ക് 47422 മീറ്ററര്‍ തുണിയും വയനാട് ജില്ലയില്‍ 29814 മീറ്ററും കാസര്‍കോട് 99243 മീറ്റര്‍ തുണിയും എത്തിച്ചുകഴിഞ്ഞു.തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനാലും മിക്ക സ്‌കൂളുകളും പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്നതിനാലുമാണ് വിതരണം നീണ്ടുപോകുന്നത്. എന്തായാലും ജൂണ്‍മാസം രണ്ടാം വാരത്തോടുകൂടി എല്ലാ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോ ധരിച്ച് സ്‌കൂളുകളിലേക്കെത്താം.

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍