UPDATES

വീഡിയോ

പാഴ്സല്‍ കൊണ്ടുപോകാന്‍ പാത്രവുമായി വരുന്നവര്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ട്; പ്ലാസ്റ്റിക്കിനെതിരെ പ്രതിരോധവുമായി തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍

രുചിച്ചു നോക്കി ഇഷ്ടമായെങ്കില്‍ മാത്രം കഴിച്ചാല്‍ മതി, മസാലകളെല്ലാം സ്വന്തം തോട്ടത്തില്‍ വിളയുന്ന സുഗന്ധ വ്യഞ്ജനത്തില്‍ നിന്നും .

‘പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പാഴ്സല്‍ കൊണ്ടു പോകാന്‍ പാത്രവുമായി വരുന്ന എല്ലാവര്‍ക്കും ബില്ലില്‍ പത്ത് ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നതാണ്’. തിരുവനന്തപുരത്തെ ഹോട്ടല്‍ ഹൈറേഞ്ച് ടേക്ക് എവേയുടെ മുന്‍പില്‍ ഇങ്ങനെ എഴുതി ഒട്ടിച്ചിട്ടുണ്ട്. ഈ എഴുത്തില്‍ കൗതുകം തോന്നി അന്വേഷിക്കുന്നവര്‍ക്ക് കൗതുകങ്ങളുടെ ഒരു വലിയ കലവറയായിരിക്കും ഹോട്ടല്‍ സമ്മാനിക്കുക. ചക്കിലാട്ടിയ വെളിച്ചെണ്ണ, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന സുഗന്ധ വ്യഞ്ജനങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ മാസല പൊടികള്‍, എന്നുവേണ്ട ഭക്ഷണത്തില്‍ കലര്‍പ്പോ മായമോ ഇല്ലാത്ത നാടന്‍ രുചി. “ഞങ്ങളുടെ ഭക്ഷണത്തിന് കൂടുതല്‍ രുചിയുണ്ട് എന്ന വാഗ്ദാനം ഞങ്ങള്‍ ഒരിക്കലും നല്‍കില്ല. കാരണം ഞങ്ങള്‍ ഒട്ടുമെ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ നാടന്‍ രുചി മാത്രമെ ഞങ്ങള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കയുള്ളൂ.” ഹൈറേഞ്ച് ഹോട്ടലിന്റെ ഉടമകളില്‍ ഒരാളായ ബിനു പറയുന്നു. പാത്രവുമായി വരുന്ന ഒരുപാടുപേരുണ്ട്. എന്നാല്‍ പാത്രവുമായി വരിക എന്നു കേള്‍ക്കുമ്പോള്‍ ചിരിക്കുന്നവരുമുണ്ട്. അവരെയൊന്നും ശ്രദ്ധിക്കാറില്ല എന്നാണ് ബിനു പറയുന്നത്. “വളരെ നെഗറ്റീവായി സംസാരിക്കുന്നവരോട് നമ്മള്‍ എന്തുപറയാനാണ്. അവരെ അല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.”

ഏകദേശം ഒന്നര വര്‍ഷം മുന്‍പാണ് ഹൈറേഞ്ച് ടേക്ക് എവേ എന്ന ഹോട്ടല്‍ ആരംഭിക്കുന്നത്. സ്വന്തം വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്ന പ്രതീതി ഭക്ഷണം കഴിക്കാന്‍ വരുന്ന എല്ലാവര്‍ക്കും ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇത് തുടങ്ങുന്നത്. അതിനാല്‍ തന്നെ ഒരു തരത്തിലുള്ള കൃത്രിമ വസ്തുക്കളും ഇവര്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നില്ല എന്നാണ് പറയുന്നത്. ഹോട്ടലില്‍ മാസലയുണ്ടാക്കുന്നതിനായുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ സ്വന്തം തോട്ടത്തില്‍ വിളയിക്കുന്നത്. പാചകത്തിനുപയോഗിക്കുന്ന വെളിച്ചെണ്ണ വാങ്ങുന്നതാണെങ്കിലും ലൈവായി ചക്കില്‍ ആട്ടുന്നതാണ് വാങ്ങുന്നത്. മല്ലിയും മുളകും മഞ്ഞളുമെല്ലാം വാങ്ങി പൊടിക്കുന്നതാണ്. ഇങ്ങനെ വ്യത്യസ്ഥമായി ഒരു ഹോട്ടല്‍ തുടങ്ങുന്നതിനു പിന്നില്‍ വലിയൊരു കാരണം തന്നെ പറയാനുണ്ട് ബിനുവിനും വിഷ്ണുവിനും.

ബിനുവും വിഷ്ണുവും അടിമാലി സ്വദേശികളാണ്. ബിനു 1999 ലാണ് തിരുവനന്തപുരത്തെത്തുന്നത്. ഇപ്പോള്‍ 20 വര്‍ഷത്തോളമായി തിരുവന്തപുരത്താണ് താമസം. ഈ ഇരുപത് വര്‍ഷത്തെ അനുഭവമാണ് ഈ ഹോട്ടലിന് പ്രചോദനമായത് എന്നാണ് ബിനു പറയുന്നത്. “ഈ വര്‍ഷങ്ങളിലെല്ലാം തന്നെ വെളിയില്‍ നിന്നും ഭക്ഷണം കഴിക്കേണ്ട ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ആഗ്രഹിക്കുന്ന രീതിയില്‍ ഭക്ഷണം ലഭിച്ചിട്ടില്ല. യാത്രചെയ്യുമ്പോള്‍ അല്ലെങ്കില്‍ വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇങ്ങനെ രണ്ട് സാഹചര്യങ്ങളിലാണ് നമ്മള്‍ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത്. എപ്പോഴും കഴിക്കുന്ന ഭക്ഷണം നല്ലതായിരിക്കണം എന്നതു തന്നെയായിരിക്കും എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്നപോലെ പലപ്പോഴും കിട്ടാറില്ല. ഹോട്ടലില്‍ ചെന്ന് കഴിക്കുമ്പോള്‍ അതിന്റെതായ എല്ലാ പോരായ്മകളും ഉണ്ടാകാറുണ്ട്. അതില്‍ നിന്നുമാണ് ഒരു ഹോട്ടല്‍ തുടങ്ങിയാലോ എന്ന ആലോചന ഉണ്ടാവുന്നത്. ഈ പോരായ്മകള്‍ എല്ലാം തന്നെ ഒരു പരിധിവരെ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ഹൈറേഞ്ച് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്.”


ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ വിഷ്ണു ബിനുവിന്റെ കസിനാണ്. ഹോട്ടല്‍ തുടങ്ങാനുള്ള ചിന്ത മനസില്‍ വന്നപ്പോള്‍ തന്നെ ആദ്യം വിഷ്ണുവിനോട് ആലോചിക്കുകയായിരുന്നു ബിനു. വിഷ്ണുവും താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ എല്ലാവരും ചെയ്യുന്നതുപോലെയാവരുത് തങ്ങളുടെ ഹോട്ടല്‍ എന്ന് ഇരുവര്‍ക്കും നിര്‍ബന്ധവും ഉണ്ടായിരുന്നു. അങ്ങനെയാണ് ഭക്ഷണമുണ്ടാക്കുന്നതിന് തങ്ങള്‍ കൃഷി ചെയ്യുന്ന സുഗന്ധ വ്യഞ്ജനങ്ങള്‍ തന്നെ ഉപയോഗിക്കാം എന്ന് തീരുമാനിക്കുന്നത്. “നമ്മുടെ വീട്ടില്‍ നിന്നും എങ്ങനെയാണൊ ഭക്ഷണം നമുക്ക് ലഭിക്കുന്നത് അതുപോലെ നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.” ഇരുവരു ഒറ്റ സ്വരത്തില്‍ പറയുന്നു.

മസാലകള്‍ക്കാവശ്യമായ സാധനങ്ങളെല്ലാം തന്നെ ഇവര്‍ കൃഷി ചെയ്യുന്നതാണ്. കറുവപട്ട, ഏലക്കായ, ഗ്രാമ്പു, കുരുമുളക് എന്നിവയ്‌ക്കെല്ലാം നാട്ടില്‍ കൃഷി ചെയ്യുന്നുണ്ട്. അതിനാല്‍ അവയെല്ലാം നാട്ടില്‍ നിന്നുമാണ് കൊണ്ടുവരുന്നത്. കൃഷിയില്ലാത്തവ അടുത്തുള്ള തോട്ടങ്ങളില്‍ നിന്നും വാങ്ങിക്കും. മുളകും മല്ലിയുമെല്ലാം വാങ്ങി പൊടിക്കുകയാണ് ചെയ്യുന്നത്. ലൈവായി ചക്കില്‍ ആട്ടിത്തരുന്ന വെളിച്ചെണ്ണ തിരുവനന്തപുരം തമ്പാനൂരില്‍ നിന്നുമാണ് വാങ്ങുന്നത്. മനുഷ്യശരീരത്തിന് ഹാനികരമായതൊന്നും ഞങ്ങള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നില്ല. അതിന് നൂറു ശതമാനം ഉറപ്പ് നല്‍കുന്നു. അതുപോലെ തന്നെ വലിയ രുചിയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നില്ല. രാസവസ്തുക്കളില്ലാതെ ഉണ്ടാക്കുന്ന ഭക്ഷണത്തിന് എത്ര രുചി പ്രതീക്ഷിക്കാമോ അത് മാത്രം ഞങ്ങളില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയാകും. ബിനു പറയുന്നു.

ഹൈറേഞ്ചിന്റെ മറ്റൊരു സവിശേഷതയാണ് ഭക്ഷണം രുചിച്ചു നോക്കി ഇഷ്ടപ്പെടുകയാണെങ്കില്‍ മാത്രം കഴിച്ചാല്‍ മതി എന്നുള്ളത്. നമ്മള്‍ സാധാരണ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഓര്‍ഡര്‍ കൊടുത്ത് നമുക്ക് ഭക്ഷണം ഇഷ്ടമായില്ല എന്നുണ്ടെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. നേരത്തെ ടേസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ പിന്നെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കഴിക്കേണ്ട കാര്യമില്ലല്ലോ. എന്നാല്‍ അങ്ങനെ ഒരു സാധ്യത എവിടേയും ലഭിക്കാറില്ല. ഇങ്ങനെ ധാരാളം അനുഭവങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഹോട്ടല്‍ ഹൈറേഞ്ചില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഭക്ഷണം രുചിച്ചു നോക്കാനുള്ള അവസരം ഞങ്ങള്‍ നല്‍കുന്നുണ്ട്. ഹോട്ടലിലെ എല്ലാ ഭക്ഷണവും അവര്‍ക്ക് രുചിച്ചു നോക്കാം, ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം വാങ്ങിയാല്‍ മതിയാവും. ആരേയും നിര്‍ബന്ധിക്കുന്നില്ല. ഇതെല്ലാം ഞങ്ങളുടെ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ചെയ്യുന്നതാണ്. അതു പോലെതന്നെ ഞങ്ങളുടെ അടുക്കളയും എല്ലാവര്‍ക്കും ഏത് സമയവും കാണാവുന്നതാണ്. ആവശ്യപ്പെട്ടാല്‍ കാണിക്കാന്‍ ഞങ്ങള്‍ ഒരുമടിയും കാണിക്കാറില്ല.

നല്ല ഭക്ഷണം നല്‍കുക എന്നത് മാത്രമല്ല. നാളെക്കായി, പ്രകൃതിക്കായി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്നവരാണ് ബിനുവും വിഷ്ണുവും. അതിനായി പ്ലാസ്റ്റികിന്റെ ഉപയോഗം കടയില്‍ പരമാവധി കുറയ്ക്കാനും ഇവര്‍ ശ്രദ്ധിക്കാറുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും ഞങ്ങളാല്‍ കഴിയുന്നത് ഞങ്ങള്‍ ചെയ്യാറുണ്ട്. പറ്റുന്ന സാധനങ്ങളെല്ലാം ഇലയിലാണ് പൊതിഞ്ഞു നല്‍കുന്നത്. ബിരിയാണി പോലുള്ളവയെല്ലാം. അതു പോലെതന്നെ പാഴ്‌സല്‍ വാങ്ങാന്‍ വരുന്നവര്‍ വീട്ടില്‍ നിന്നും പാത്രം കൊണ്ടുവരികയാണെന്നുണ്ടെങ്കില്‍ ബില്ലില്‍ നിന്നും 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുകയും ചെയ്യും. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ഓരോ പൗരനും ഉണ്ട് എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അതിനുവേണ്ടി ഞങ്ങളെ കൊണ്ട് കഴിയുന്നത് ഞങ്ങള്‍ ചെയ്യുന്നു. അത്രമാത്രമെ ഇതുകൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ. പാത്രവുമായി വരാത്തവര്‍ക്ക് ഇലയില്‍ പൊതിഞ്ഞാണ് ഭക്ഷണം നല്‍കുന്നത് കറികളും മറ്റും സില്‍വര്‍ ഫോയില്‍ കവറില്‍ കൊടുക്കുന്നു. അതില്‍ പ്ലാസ്റ്റിക് ഉണ്ടോ എന്നറിയില്ല. അതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലാത്തതിനാലാണ്. ഇവിടെ കൂടുതലും നോണ്‍വെജാണ്. അത് മറ്റൊന്നും കൊണ്ടല്ല പൊതുവില്‍ പുറത്തു നിന്നും കഴിക്കുന്നവര്‍ അധികവും തിരഞ്ഞെടുക്കുന്നത് നോണ്‍വെജാണ്. നല്ല ക്വാളിറ്റിയുള്ള ഇറച്ചിയും മറ്റും ഉപയോഗിക്കുകയാണെങ്കില്‍ നോണ്‍വെജ് ഒരു അണ്‍ഹെല്‍ത്തി ഫുഡായിട്ട് എനിക്കു തോന്നുന്നില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ പച്ചക്കറികളില്‍ മറ്റുമാണ് കൂടുതല്‍ രാസവസ്തുക്കളുെ മറ്റും കലര്‍ന്നിരിക്കുന്നത്. ബിനു പറഞ്ഞു.

വലിയ ലാഭമൊന്നും ഇപ്പോള്‍ കടയില്‍ നിന്നും ലഭിക്കുന്നില്ല, വലുത് എന്നല്ല ലാഭം തന്നെയില്ല എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഞങ്ങള്‍ അതിനെ വളരെ പോസിറ്റീവായി തന്നെയാണ് കാണുന്നത്. തുടങ്ങി കുറച്ചല്ലെ ആയിട്ടുള്ളൂ. സമയമെടുക്കും. ഇപ്പോഴും ഹെല്‍ത്ത് നോക്കി ഞങ്ങളുടെ കടയില്‍ വരുന്നവരുണ്ട്. അവരിലാണ് പ്രതീക്ഷ. വില മാത്രം നോക്കുന്നവരോട് എന്തു പറയാന്‍ ആണ്. നല്ല സാധനങ്ങളാകുമ്പോള്‍ വിലയും കൂടും. അത് സ്വാഭാവികം മാത്രമാണ്. പാത്രവുമായി വരുന്നവര്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ട് എന്നു പറയുമ്പോള്‍ ഞങ്ങളുടെ പ്രോഫിറ്റില്‍ നിന്നുമാണ് എടുത്തു കൊടുക്കുന്നത്. അത് മറ്റൊന്നും കൊണ്ടല്ല നല്ല ഉദ്ദേശം വച്ചു തന്നെയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അസുഖം വരുന്നത് ഭക്ഷണം വഴിയാണ്. ഇപ്പോള്‍ പല ഹോട്ടലുകളിലും കോമ്പോ ഓഫറുകളുണ്ട്. ഇനി കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇതേ കോമ്പോ ഓഫര്‍ ആശുപത്രികളില്‍ ആയിരിക്കും. അത്രയും മോശമായ ഒരു ഭക്ഷണ ശീലമാണ് ഇന്ന് നമ്മളില്‍ പലരും പിന്തുടരുന്നത്. ഒരുപാട്‌പേര്‍ ഞങ്ങളുടെ ഭക്ഷണത്തിന് എന്താണ ഇത്ര വില എന്നും മറ്റു ചില ഹോട്ടലുകളില്‍ ഇതിനെക്കാള്‍ എത്രയൊ കുറവ് പണത്തിന് ഇതേ സാധനം കിട്ടുമല്ലോ എന്നും പറയാറുണ്ട്. അതിനുള്ള മറുപടി ഞങ്ങളുടെ ഹോട്ടലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം തന്നെയാണ്. അത് പരമാവധി സംശയ ചോദിക്കുന്നവര്‍ക്കൊക്കെ പറഞ്ഞു കൊടുക്കാറുമുണ്ട്. എന്നാല്‍ ചിലര്‍ അത് മനസിലാക്കുന്നു. അവരില്‍ മത്രമാണ് ഞങ്ങള്‍ക്ക് പ്രതീക്ഷ.” ബിനു പറഞ്ഞു നിര്‍ത്തി.

ഈ രണ്ട് ചെറുപ്പക്കാരും മലയാളികളുടെ മാറിവരുന്ന ഭക്ഷണ ശീലത്തെ മാറ്റാന്‍ തങ്ങളുടെതായ രീതിയില്‍ ശ്രമിക്കുന്നവരാണ്. ലാഭത്തിന് അപ്പുറത്തേക്ക് സഹജീവികളുടെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം എന്ന ആശയം സമൂഹത്തിന് പകര്‍ന്നു നല്‍കുന്നവരാണ്. മനുഷ്യര്‍ക്ക് നല്ലതു ചെയ്യുന്നതോടൊപ്പം തന്നെ പ്രകൃതിക്കു വേണ്ടിയും ശബ്ദിക്കുന്നവരാണ്. തിരുവന്തപുരത്ത് ഐടി രംഗത്താണ് ബിനു ജോലി ചെയ്യുന്നത്. ഹോട്ടല്‍ മാനേജ്മെന്റ് കഴിഞ്ഞതിനാല്‍ തന്നെ കടയുടെയും മറ്റ് കാര്യങ്ങളും നോക്കുന്നത് വിഷ്ണുവാണ്.

Read More: ‘ഒന്നു തെറ്റിയാല്‍ വാഹനവും ഞങ്ങളും പാടത്തേക്ക് പോകുമായിരുന്നു’; ഒരിക്കലും മറക്കില്ല ഈ വയനാട് യാത്ര: തിരുവനന്തപുരത്ത് നിന്നും ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഒരു വൊളന്റിയറുടെ അനുഭവം

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍