UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഇടുക്കിയുടെ ‘ജീവനാ’യിരുന്നു ഈ കളക്ടര്‍

ജില്ല ഭരണാധികാരിയുടെ കസേരയില്‍ ശരിക്കൊന്നും ഇരിക്കുന്നതിനും മുന്നേ, തന്റെ മുന്‍ഗാമികള്‍ക്ക് ആര്‍ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തില്‍ വലിയൊരു വെല്ലുവിളി അഭിമുഖീകരിക്കേണ്ടി വന്നു ജീവന്‍ ബാബുവിന്; ചുമതലയേറ്റ് വെറും 27 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

തൊടുപുഴക്കാരനായ ജീവന്‍ ബാബു ഇടുക്കിയുടെ മുപ്പത്തിയെട്ടാമത് കളക്ടറായി ചുമതലയേല്‍ക്കുന്നത് 2018 ജൂലായി 11 ന് ആയിരുന്നു. ജില്ല ഭരണാധികാരിയുടെ കസേരയില്‍ ശരിക്കൊന്നും ഇരിക്കുന്നതിനും മുന്നേ, തന്റെ മുന്‍ഗാമികള്‍ക്ക് ആര്‍ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തില്‍ വലിയൊരു വെല്ലുവിളി അഭിമുഖീകരിക്കേണ്ടി വന്നു ജീവന്‍ ബാബുവിന്; ചുമതലയേറ്റ് വെറും 27 ദിവസങ്ങള്‍ പിന്നിടുമ്പോള്‍. മറ്റൊന്നുമായിരുന്നില്ല ആ വെല്ലുവിളി; കേരളത്തെ മുക്കിയ മഹാപ്രളയം!

കൊടിയ ദുരന്തമാണ് ജില്ലയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നതെങ്കിലും ഇടുക്കി കളക്ടറുടെ കസേരയില്‍ നിന്നും ജീവന്‍ ബാബു ഐഎഎസ് ഇറങ്ങി നടക്കുമ്പോള്‍ ജനകീയനായ കളക്ടര്‍ എന്നു നന്ദിയോടെ പറയുന്നത് സ്വന്തം നാട്ടുകാര്‍ മാത്രമല്ല, കേരളം മൊത്തത്തിലാണ്. കാരണം, ആ പ്രളയകാലത്ത് എടുത്ത തീരുമാനങ്ങളിലൊന്നെങ്കിലും പിഴച്ചിരുന്നെങ്കില്‍ അതിന്റെ ഭവിഷ്യത്ത് നാടൊട്ടുക്ക് അനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ അഭിമാനത്തോടെ തന്നെ ജീവന്‍ ബാബുവിന് തന്റെ ചുമതല പൂര്‍ത്തിയാക്കി പോകാം.

കളക്ടര്‍ ബംഗ്ലാവില്‍ വച്ച് നേരിട്ടൊരു കൂടിക്കാഴ്ച്ചയ്ക്കു സമയം കിട്ടുന്നത് കഴിഞ്ഞ സെപ്തംബറിലാണ്. ജില്ല പതുക്കെ പുതുജീവന്‍ വീണ്ടെടുത്തു തുടങ്ങുന്ന സമയം. പക്ഷേ, കളക്ടറെ നേരില്‍ കാണാന്‍ കഴിഞ്ഞത് രാത്രി പതിനൊന്നിനോടടുത്ത്. പ്രളയാനന്തര നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട ഓരോരുത്തരുമൊത്ത് ജില്ല മുഴുവനുമുള്ള ഓട്ടത്തിനു ശേഷം തിരിച്ചെത്തിയ സമയം. ഒരു കടും ചായയില്‍ ക്ഷീണം ഒതുക്കി സംസാരിക്കാന്‍ തയ്യറായി വന്നിരുന്ന കളക്ടര്‍ അല്‍പ്പം അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും കൂട്ടത്തില്‍ ഉണ്ടായിരുന്ന ഇടുക്കിക്കാരായ രണ്ടു പേര്‍ക്കും അമ്പരപ്പോ അത്ഭുതമോ ഉണ്ടായിരുന്നില്ല. പകരം ഒരു ചിരി. ആ ചിരിയിലൂടെ അവര്‍ പറഞ്ഞു തന്നു, ജീവന്‍ ബാബു എന്ന ഐഎഎസ്സുകാരനെ കുറിച്ച്. മണക്കാടുകാരനായ ജീവന്‍ ബാബുവിനെ കുറിച്ച്. ഡി പോള്‍ സ്‌കൂളില്‍ പഠിച്ച ഒരു സാധാരണക്കാരനെ കുറിച്ച്. ക്ഷീണവും ഉറക്കച്ചടവും മാറാത്ത മുഖത്ത് നോക്കി, സാര്‍ വല്ലാതെ ക്ഷീണിതനാണെന്നു പറഞ്ഞപ്പോള്‍, ആദ്യ മറുപടി ഒരു ചിരി. ഈ ഓട്ടം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ഉറക്കമില്ല, വല്ല സമയത്തും ഒന്നു കിടക്കും, പക്ഷേ പെട്ടെന്നു തന്നെ ഞെട്ടിയെഴുന്നേല്‍ക്കും. ഫോണ്‍ കോള്‍ വല്ലതും വന്നോ? കഴിയുന്നത്ര ചെയ്യാന്‍ കഴിഞ്ഞെന്നു തോന്നുന്നു. ഒറ്റയ്ക്കല്ല, എല്ലാവരും കൂടി… ഒരുപാട് നഷ്ടങ്ങളുണ്ടായി. പക്ഷേ, സംഭവിക്കാമായിരുന്നത് ഇതിനേക്കാള്‍ വളരെ വലുതാണ്. അതു നമുക്ക് തടയാന്‍ കഴിഞ്ഞല്ലോ! ഈ വാക്കുകള്‍ ശരിവച്ചു തന്ന എത്രയോ ഇടുക്കിക്കാരെ അടുത്ത ദിവസങ്ങളില്‍ നേരില്‍ കണ്ടു. എതിര്‍പ്പു പറഞ്ഞവരുണ്ട്. പക്ഷേ, ഇതുപോലൊരു പ്രകൃതി ദുരന്തത്തിന് ഉത്തരവാദികള്‍ മനുഷ്യരാണെന്നു സമ്മതിച്ചവര്‍ അവരുടെ കളക്ടറെ എതിര്‍ത്തില്ല.

കേരളം ആകെ നേരിട്ട പ്രളയദുരന്തം മറ്റിടങ്ങളില്‍ നിന്നും വേറിട്ടായിരുന്നല്ലോ ഇടുക്കി ജില്ലയെ ബാധിച്ചത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ പ്രളയമായാണ് ദുരന്തം നാശം വിതച്ചതെങ്കില്‍ ഇടുക്കിയില്‍ അത് വന്‍ പ്രകൃതിദുരന്തമായാണ് സംഭവിച്ചത്. ഓഗസ്റ്റ് മാസം എട്ടാം തീയതി വൈകുന്നേരം തുടങ്ങി ഓഗസ്റ്റ് 17ആം തീയതിവരെ നീണ്ടു നിന്ന ഒരു വലിയ കാലയളവിലായി വിവിധ പ്രദേശങ്ങളില്‍ സംഭവിച്ച ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ജില്ലയുടെ പൊതുവിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും തകരാറിലാക്കുകയും മിക്കവാറും എല്ലാ റോഡുകളും തകരുക വഴി ഗതാഗതമാര്‍ഗ്ഗങ്ങള്‍ അടയ്ക്കുകയും ചെയ്തിരുന്നു. എട്ടാം തീയതി രാത്രിയില്‍ പൈനാവ് പ്രദേശം, അടിമാലി പ്രദേശം, മൂന്നാറിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മണ്ണിടിച്ചിലുകള്‍ ഉണ്ടാവുകയും പല പ്രദേശങ്ങളും മറ്റു പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ സംജാതമാവുകയും ചെയ്തിരുന്നു. എട്ട്, ഒമ്പത് തീയതികളിലായി ഏകദേശം പന്ത്രണ്ടോളം ആളുകള്‍ ജില്ലയില്‍ മരണമടയുകയും ചെയ്തു. ഈ സമയമൊന്നും കേരളത്തിന്റെ മറ്റിടങ്ങള്‍ പ്രകൃതിദുരന്തത്തിന്റെ ഭീകരത നേരിട്ടു തുടങ്ങിയിരുന്നില്ല. പക്ഷേ ഇടുക്കി ആകെ ഭയത്തിലാഴ്ന്നിരുന്നു. ദുരന്തം അവിടുത്തെ മനുഷ്യര്‍ക്കുമേല്‍ പൊട്ടിയടര്‍ന്നു വീണിരുന്നു. ജനങ്ങളെ ശാന്തരാക്കി, സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ജീവന്‍ രക്ഷിക്കാന്‍ ജീവിതം വിട്ടൊഴിഞ്ഞു പോകണമെന്ന ആധി പലരേയും നിന്നിടത്തു നിന്ന് അനങ്ങാന്‍ അനുവദിച്ചില്ല. ഒത്തിരി പ്രായസപ്പെട്ടു. കയ്യില്‍ മണ്ണെണ്ണ പാത്രവും തീയുമായി നിന്നവര്‍. വാതില്‍ അടച്ച് അകത്തിരുന്നവര്‍. ഒരു ജീവന്‍ പോലും പോകാന്‍ ഇനി അനുവദിക്കില്ലെന്ന ജീവന്‍ ബാബുവിന്റെ വാശിയാണ് ഇന്നും പലരേയും ഇടുക്കിയില്‍ ജീവനോടെ കാണാന്‍ ഇടയാക്കിയത്.

Read More: കളക്ടര്‍ ജീവന്‍ ബാബു/അഭിമുഖം: ഇടുക്കി പഴയ ഇടുക്കിയാവാന്‍ സമയമെടുക്കും, നമുക്ക് തിരിച്ചു വന്നേ മതിയാവൂ

കുത്തിയൊലിച്ചും പൊട്ടിത്തകര്‍ന്നും ഒരു ജില്ല മൊത്തത്തില്‍ നശിച്ചു കിടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്നത് അത്യന്തം ദുഷ്‌കരമായയിരുന്നു. എല്ലാ വെല്ലുവിളികളേയും നേരിട്ടു മുന്നോട്ടു പോകാന്‍ ഒരു കളക്ടര്‍ ഒപ്പമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ ജീവനക്കാരും പിന്നാക്കം വലിഞ്ഞില്ല. റവന്യു ഉദ്യോഗസ്ഥരും പൊലീസും ഒരുപോലെ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് വിജയം നേടാനും കഴിഞ്ഞു.

മറ്റൊരു നിയോഗം കൂടി ജീവന്‍ബാബുവിന് പ്രളയകാലത്ത് വന്നു ചേര്‍ന്നു. 1992ന് ഇപ്പുറം ഇടുക്കി ഡാം 26 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തുറന്നു. ഓഗസ്റ്റ് ഒമ്പതാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അതിനു പിന്നാലെ ഇടുക്കിയിലെ പ്രധാനപ്പെട്ട എല്ലാ ഡാമുകളും ശക്തമായ മഴയുടെ പശ്ചാലത്തില്‍ തുറന്നു. ഈ ഡാമുകളിലൂടെയെല്ലാം വെള്ളം അനസ്യൂതം ഒഴുകി പോയ്‌ക്കൊണ്ടിരുന്ന ഒരു ഘട്ടത്തിലൂടെയാണ് ജില്ലയ്ക്കു കടന്നുപോകേണ്ടി വന്നത്. ഓഗസ്റ്റ് ഒമ്പതാം തീയതി മുതല്‍ സെപ്തംബര്‍ ഏഴാം തീയതി വരെ ഇടുക്കി ഡാം തുറന്നു വയ്‌ക്കേണ്ടി വന്നു. ചരിത്രത്തില്‍ ആദ്യമായി ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറക്കുകയും ചെയ്തു. ഡാമുകള്‍ തുറക്കുക എന്ന വലിയ റിസ്‌കിന്റെ എല്ലാ ഉത്തരവാദിത്വും ജില്ല ഭരണാധികാരിക്കായിരുന്നു. വലിയ ദുരന്തത്തിലേക്കത് കലാശിച്ചാല്‍ ആദ്യ പ്രതി കളക്ടറാണ്. അതറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു. വെള്ളം എത്ര സമയത്ത് എവിടെയെത്തും എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു അതാതത് സ്ഥാലങ്ങളില്‍ ഉള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തു. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തി. കുതിച്ചുവരുന്ന വെള്ളം ആസ്വദിക്കാന്‍ എത്തിയവരെ ഒരു ദാക്ഷിണ്യവും കൂടാതെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് ഇട്ടതും മനുഷ്യ ജീവന് വിലകൊടുത്താണ്. ഓഗസ്റ്റ് മാസം 14, അര്‍ദ്ധരാത്രി രണ്ടര മണിയോടെ കേരളവും തമിഴ്‌നാടും ഔദ്യോഗിക തലത്തില്‍ ചര്‍ച്ച നടത്തി ഇരു സംസ്ഥാനങ്ങളും കൂടിച്ചേര്‍ന്ന് മുലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയും ഉണ്ടായി. ഇടുക്കിയും മുല്ലപ്പെരിയാറും ഒരുമിച്ച് തുറക്കുന്ന സ്ഥിതി കൂടുതല്‍ ഭയപ്പെടുത്തി. അപ്പോഴും ജീവന്‍ ബാബുവിന്റെ മനസ് ഇളകിയില്ല. രണ്ടു ഡാമുകളില്‍ നിന്നും വെള്ളം ഒഴുകി പോകുന്ന കരകളിലായി ഒത്തിരിയേറെ മനുഷ്യര്‍ താമസിക്കുന്നുണ്ട്. രണ്ടു ഡാമുകളും തുറന്നു വിടുന്ന ഘട്ടം വരുമെന്നറിഞ്ഞ്, അതിനു മുന്നേ തന്നെ മുല്ലപ്പെരിയാറിന്റെയും ഇടുക്കിയുടെയും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ജില്ല ഭരണകൂടത്തിന് സാധിച്ചു. ഈ സാഹചര്യത്തില്‍ തന്നെയാണ് എട്ട്, ഒമ്പത് തീയതികളില്‍ ഉണ്ടായതു പോലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വലിയ രീതിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഭവിക്കുന്നത്. കളക്‌ട്രേറ്റ് ഇരിക്കുന്നതിന്റെ രണ്ട് വശങ്ങളിലുമുള്ള പ്രദേശങ്ങളില്‍ നിരവധി മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും ഉണ്ടാവുകയും മൂന്നു ദിവസത്തോളം ജില്ല ആസ്ഥാനം തന്നെ മറ്റ് പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു പോവുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു. നേരിടാന്‍ കഴിയുന്നിടത്തോളം തങ്ങള്‍ നേരിടും എന്നു തന്നെയായിരുന്നു ജീവന്‍ ബാബുവും കൂടെയുള്ളവരും അപ്പോഴും ഉറപ്പിച്ചത്.

മനുഷ്യരുടെ സുുരക്ഷിതത്വമായിരുന്നു ഏറ്റവും പ്രധാനം. തുടക്കത്തില്‍ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടും ആ സമയത്തുണ്ടായ ഉരുള്‍പൊട്ടലുകളുടെയും മണ്ണിടിച്ചിലുകളുടെയും പശ്ചാത്തലത്തിലും ആയിരത്തോളം ജനങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. എന്നാല്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും വ്യാപകമായതോടെ ഏകദേശം 33,800 പേരെ 211 ക്യാമ്പുകളിലായി മാറ്റി. ക്യാമ്പുകള്‍ തുറന്ന ഘട്ടത്തില്‍ പല പ്രദേശങ്ങളിലും റോഡുകള്‍ തകര്‍ന്ന് ഓരോയിടവും പൂര്‍ണമായി ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയായിരുന്നു. ക്യാമ്പുകള്‍ നടത്തിക്കൊണ്ടുപോകാന്‍ ഒത്തിരി ബുദ്ധിമുട്ടുകള്‍ മുന്നില്‍ വന്നെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന, പുറം സംസ്ഥാനങ്ങളില്‍ നിന്നും വന്ന സുമനസ്സുകളുടെ സഹായത്തോടെ ക്യാമ്പുകള്‍ എല്ലാം ഭംഗിയായി തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ ജില്ല ഭരണകൂടത്തിനു കഴിഞ്ഞു.

ഏകദേശം 289 ഉരുള്‍പൊട്ടലുകളും 1800 ഓളം മണ്ണിടിച്ചിലുകളുമാണ് ഇടുക്കിയില്‍ ഉണ്ടായത്. ഇതില്‍ ചില ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും വളരെ വലിയ രീതിയിലാണ് സംഭവിച്ചത്. വലിയ പ്രദേശങ്ങള്‍ ഇല്ലാതായി പോവുകയും കെട്ടിട സമുച്ചയങ്ങള്‍ തകര്‍ന്നു പോവുകയും നിരവധി വീടുകള്‍ മണ്ണിനടിയിലാവുകയുമുണ്ടായി. മുപ്പത്തിനാലോളം പേരാണ് ഉരുള്‍പൊട്ടലില്‍ ജില്ലയില്‍ മരിച്ചത്. ഇനിയൊരു ദുരന്തത്തിനു കൂടി ഇടുക്കിയെ വിട്ടുകൊടുത്താല്‍ പിന്നെയൊരു തിരിച്ചുപിടിക്കലിനു കഴിയില്ലെന്നു മനസിലാക്കിയ ഈ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഭരണകൂടം തയ്യാറാകുമോ എന്നാണ് ഇനിയറിയേണ്ടത്.

സമാനതകളില്ലാത്ത ഒരു ദുരന്തത്തില്‍ ഇടുക്ക കരകയറി വരുമ്പോള്‍, മുന്നോട്ടു കൈപിടിച്ചു കൊണ്ടുപോകാന്‍ നിന്നിരുന്ന ഒരാളാണ് പോകുന്നത്. അതിന്റെ നിരാശ ജനങ്ങളിലുണ്ടെങ്കിലും ജീവന്‍ ബാബു തന്റെ കടമ കഴിയും വിധം ഭംഗിയായി ചെയ്തതിന്റെ സന്തോഷത്തില്‍ തന്നെയാണ് പോകുന്നത്. സാര്‍ മാറുന്നതിന്റെ തലേന്നും ആയര്‍വേദാശുപത്രിയില്‍ വന്ന് എല്ലാവരുടേയും സുഖവിവരങ്ങളൊക്കെ തിരക്കിയിട്ടാണ് പോയത്. എപ്പോഴും ഒരു കരുതല്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. എങ്ങോട്ടുപോയാലും അദ്ദേഹം ഇങ്ങനെയൊക്കെ തന്നെയായിരിക്കും. മനുഷ്യര്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യും. പ്രശാന്ത് എന്ന പൈനാവുകാരന്റെ ഈ വാക്കുകളില്‍ പറഞ്ഞു നിര്‍ത്താം ജീവന്‍ ബാബുവിനെ കുറിച്ച്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍