UPDATES

പോസിറ്റീവ് സ്റ്റോറീസ്

പ്രാദേശിക രാഷ്ട്രീയത്തില്‍ കരുത്തറിയിച്ച് ഝാര്‍ഖണ്ഡിലെ സ്ത്രീകള്‍

ഏകത മഹിളാ വികാസ് മഞ്ച് ഇപ്പോള്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ അവഗണിക്കാനാകാത്ത ശക്തിയായി മാറിയിരിക്കുന്നു

ഉയരം കുറഞ്ഞ്, രണ്ടു മാസം പ്രായമായ കുഞ്ഞിനെ കയ്യിലെടുത്ത 23കാരി പൂനം ദേവിക്ക് തന്റെ ലക്ഷ്യത്തില്‍ സംശയമൊന്നുമില്ല. തന്റെ പഞ്ചായത്തിലെ മുഖ്യ (ഗ്രാമ സമിതി മേധാവി) എന്ന നിലയില്‍ തര്‍ഖുട്ട ഗ്രാമത്തിലെ സ്ത്രീകള്‍ തന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ക്കറിയാം. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 280 കിലോമീറ്റര്‍ അകലെയുള്ള തര്‍ഖുട്ട, ഝാര്‍ഖണ്ഡിലെ ഗൊഡ്ഡാ ജില്ലയിലെ പൊരിയഹട് ബ്ലോക്കിലെ ഒരു ഗ്രാമമാണ്.

സ്ത്രീ സംഘങ്ങളുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് 2015ല്‍ പ്രാദേശിക ഭരണസമിതി തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ത്രീകളായ അഞ്ചു പഞ്ചായത്ത് മുഖ്യരില്‍ ഒരാളാണ് പൂനം. ഏഴ് പഞ്ചായത്ത് സമിതി അംഗങ്ങള്‍ 72 വാര്‍ഡ് അംഗങ്ങള്‍ എന്നിവരും സ്ത്രീകള്‍ക്കിടയില്‍ നിന്നും വിജയിച്ചു. ഭഗ്‌വതി സ്വാശ്രയ സംഘത്തിലെ അംഗമാണ് പൂനം. 2013ലാണ് അവരിതില്‍ ചേരുന്നത്. ഇതടക്കമുള്ള മറ്റ് പല സ്വാശ്രയസംഘങ്ങളും ചേര്‍ന്നാണ് ഏകത മഹിളാ വികാസ് മഞ്ച് (EMVM) ഉണ്ടാക്കിയത്. ബ്ലോക് തലത്തിലുള്ള ഈ സംഘം ഇപ്പോള്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ അവഗണിക്കാനാകാത്ത ശക്തിയായി മാറിയിരിക്കുന്നു.

താന്‍ അനുഭവിച്ചു വളര്‍ന്ന ദാരിദ്ര്യത്തെയും പഠിക്കാന്‍ നേരിട്ട ബുദ്ധിമുട്ടുകളെയും കുറിച്ചു പറയുമ്പോള്‍ പൂനത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. കിലോമീറ്ററുകളോളം മോശം വഴികളിലൂടെ സൈക്കിള്‍ ചവിട്ടിയാണ് സ്‌കൂളില്‍ പോയിരുന്നത്. എല്ലാ വീട്ടുപണികളും കൃഷിപ്പണികളും തീര്‍ത്തു രാത്രി വൈകിയാണ് പഠിക്കുക. ‘എന്റെ ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഞാന്‍ ട്യൂഷനെടുത്തു. കഷ്ടപ്പെടുക എന്നാല്‍ എന്താണെന്ന് എനിക്കറിയാം. എന്റെ ഗ്രാമത്തിലെ സ്ത്രീകളുടെ ബുദ്ധിമുട്ട് എനിക്കു മനസിലാകും. അവരുടെ ആവശ്യങ്ങളും ആശങ്കകളും ഞാന്‍ കേള്‍ക്കുന്നുണ്ട്, അവരുടെ പിന്തുണ മൂലമാണ് ഞാനിന്ന് മുഖ്യയായത്.’

തര്‍ഖുട്ടയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള ദിയോഗഡില്‍ ബി എക്ക് പഠിക്കുകയാണ് പൂനം ഇപ്പോള്‍. കുറച്ചു കൊല്ലം മുമ്പ് കല്യാണം കഴിഞ്ഞു. നിരക്ഷരനായ അവളുടെ ഭര്‍ത്താവ് എല്ലാ തരത്തിലും ഈ യാത്രയില്‍ പിന്തുണയ്ക്കുന്നു.

30 വര്‍ഷമായി ഗ്രാമീണ പരിവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന Professional Assistance for Development Action (PRADAN) എന്ന സംഘടനയാണ് ഈ എസ് എച്ച് ജി കളെ ഇതിന് പ്രാപ്തരാക്കിയത്. പ്രാദേശിക ഭരണത്തിലും അവകാശങ്ങള്‍ നേടുന്നതിനും സ്ത്രീകളെ പ്രാപ്തരാക്കുന്നതിനാണ് PRADAN ഇപ്പോള്‍ ശ്രമിക്കുന്നത്.

സജീവമായ ഒരു പരിശീലന പരിപാടിക്ക് ശേഷം 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കപ്പെടുന്നു എന്നുറപ്പാക്കാന്‍ EMVM ലെ സ്ത്രീകള്‍ തീരുമാനിച്ചു. പ്രായമായ, അനുഭവപരിചയമുള്ള ജയന്തി ദേവിയെ പോലുള്ള സ്ത്രീ നേതാക്കള്‍ ഉണ്ടെങ്കിലും മുഖ്യ പദവിയിലേക്ക് പൂനത്തിനെയാണ് സ്ത്രീകള്‍ തെരഞ്ഞെടുത്തത്. അവള്‍ക്ക് വിദ്യാഭ്യാസമുണ്ട്. തങ്ങളെപ്പോലെ ദരിദ്രയാണ് എന്നതിനാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അവള്‍ക്ക് കഴിയുമെന്നും അവര്‍ മനസിലാക്കി. ആദ്യം അല്‍പം പരിഭ്രമമുണ്ടായെങ്കിലും കുടുംബം പിന്തുണ നല്‍കിയതോടെ അവള്‍ ആ വെല്ലുവിളി ഏറ്റെടുത്തു. തെരഞ്ഞെടുപ്പിന്റെയും പ്രചാരണത്തിന്റെയും ചെലവുകള്‍ തങ്ങള്‍ വഹിക്കാമെന്ന് എസ്എച്ച്ജി വീട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.

തെരഞ്ഞെടുപ്പ് ദിവസം തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പല നീക്കങ്ങളും ഉണ്ടാകും എന്നു പ്രതീക്ഷിച്ചിരുന്ന എസ്എച്ച്ജി അംഗങ്ങള്‍ സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവസരമുണ്ടാക്കാന്‍ ഓരോ ബൂത്തിലും നാലു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും നിര്‍ത്തി. ടിത്തിയാന്തിര്‍ ബൂത്തില്‍ സംഘര്‍ഷമുണ്ടായി. ജയന്തിക്ക് തലയില്‍ ഗുരുതരമായി പരിക്കേറ്റു. മറ്റ് എട്ട് എസ്എച്ച്ജി അംഗങ്ങള്‍ക്കും പരിക്കുപറ്റി. സ്ത്രീകള്‍ സഹായത്തിന് പോലീസിനെ വിളിച്ചു. സംഗീത ദേവിയെയെയും അവരുടെ കുടുംബത്തെയും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ കുറച്ചു ദിവസം അക്ഷരാര്‍ത്ഥത്തില്‍ വീട്ടുതടങ്കലില്‍ വെച്ചു. ഈ ആക്രമണങ്ങളെല്ലാം ഉണ്ടായിട്ടും പൂനവും ശാന്തിയും തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

പൂനം തന്റെ പരിപാടികള്‍ നടപ്പാക്കുകയാണ്. ഗ്രാമത്തിലെ പലര്‍ക്കും റേഷന്‍ കാര്‍ഡുകളും വാര്‍ദ്ധക്യ, വിധവ പെന്‍ഷനുകളും നല്‍കാനായി. സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമത്തിലേക്കുള്ള പാതയുണ്ടാക്കാനും, 13 ചെറിയ കുളങ്ങളും നാലു വലിയ കുളങ്ങളും കുഴിക്കാനുമുള്ള നടപടികള്‍ തുടങ്ങി.

തങ്ങളുടെ ഉറച്ച പിന്തുണയോടെ പൂനം തങ്ങളുടെ സമൂഹത്തിനു നല്ലത് ചെയ്യുമെന്ന് ആ സ്ത്രീകള്‍ക്ക് വിശ്വാസമുണ്ട്. ‘ഞങ്ങള്‍ പൂനത്തിന്റെ പ്രതിബദ്ധത സൂക്ഷ്മമായി നോക്കുന്നുണ്ട്, ഞങ്ങളുടെ മാറ്റത്തിന്റെ സ്വപ്നങ്ങളെ അവള്‍ കൊണ്ടുവരണം.’

‘ഞങ്ങളുടെ ഝാന്‍സി റാണിയാണ് പൂനം,’ സംഗീത ദേവിയുടെ പുരോഗമന വാദിയായ അച്ഛന്‍ ഭാംശങ്കര്‍ സിംഗ് അഭിമാനത്തോടെ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍