UPDATES

വീഡിയോ

ഒരുവര്‍ഷത്തെ മഴ കൊണ്ട് 9 മാസം കഴിയും, 11 മാസമായി വൈദ്യുതി ബില്‍ ഭീഷണിയില്ല; വരള്‍ച്ചയില്‍ സ്തംഭിച്ച ചെന്നൈ ഈ ഡോക്ടറെ കേള്‍ക്കൂ…

മഴവെള്ളം സംഭരണി കാര്‍ പാര്‍ക്കിംഗിന്റെ അടിയില്‍

പതിനൊന്ന് മാസമായി വൈദ്യുതി ബില്‍ അടക്കേണ്ടി വന്നിട്ടില്ല. അവസാനം വന്ന വൈദ്യുതി ചാര്‍ജ് ആകട്ടെ 140 രൂപ. മഴ വെള്ളം സംഭരിച്ച് വീട്ടിലെ ആവശ്യങ്ങള്‍ക്ക് അതുപയോഗിക്കുന്നു. പാചകം ചെയ്യാന്‍ വൈദ്യുതി ഉപയോഗിക്കുന്നതിനാല്‍ തന്നെ നാലു മാസത്തില്‍ ഒരിക്കല്‍ പാചകവാതക സിലിണ്ടര്‍ വാങ്ങിയാല്‍ മതിയാകും. അങ്ങനെ മൊത്തത്തില്‍ ചില പ്രത്യേകതകളുള്ള വീടാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കന്തസ്വാമിയുടേത്.

ആറ് വര്‍ഷമായി സോളാറും, അഞ്ച് വര്‍ഷമായി മഴവെള്ളസംഭരണിയും കന്തസ്വാമിയുടെ വീട്ടിലുണ്ട്. ഏകദേശം പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പ് കന്തസ്വാമി താമസിച്ചിരുന്നത് ഗേറ്റ്ഡ് കോളനിയിലായിരുന്നു. അവിടെയാണെങ്കില്‍ ജലക്ഷാമം രൂക്ഷവും. വീടുകളില്‍ ജലക്ഷാമം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മഴ ലഭിച്ചാല്‍ തന്നെ ജലം മുഴുവന്‍ ഓടകളിലേക്ക് ഒഴുകി പോകുന്നത് അദ്ദേഹം ശ്രദ്ധിക്കുന്നത്. ഇതിനൊരു പരിഹാരം കാണണമെന്നു ചിന്തിച്ച ഡോക്ടര്‍ മഴവെള്ളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുകയായിരുന്നു. അങ്ങനെ മഴവെള്ള സംഭരണി എന്ന ആശയത്തിലേക്കെത്തിയ അദ്ദേഹം മഴവെള്ളം ശേഖരിക്കാന്‍ തുടങ്ങി. കോളനിയിലെ റോഡുകളില്‍ സ്പീഡ് ബ്രേക്കര്‍ നിര്‍മ്മിച്ച് ജലം ഒഴുകി പോകാതെ അവ 30 ഫീറ്റ് താഴ്ചയുള്ള പിറ്റുകളില്‍ നിറയ്ക്കാന്‍ സൗകര്യമൊരുക്കി. ഇത് ഭൂഗര്‍ഭ ജലം സംരക്ഷിച്ചു നിര്‍ത്താന്‍ സഹായിച്ചു.

ഇത് വിജയകരമായതോടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സ്വന്തം വീട്ടിലും മഴവെള്ളസംഭരണി നിര്‍മ്മിച്ചു. “റോഡുകളില്‍ ടാറും വീടുകളിലെ മുറ്റത്തെല്ലാം സിമന്റും ഇട്ടിരിക്കുന്നതിനാല്‍ മഴ പെയ്താല്‍ തന്നെ വെള്ളം മണ്ണിലേക്കിറങ്ങുകയില്ല. പിന്നെ എങ്ങനെ ജലക്ഷാമത്തിന് പരിഹാരമുണ്ടാവും. അതിനൊരു മാറ്റം വന്നാല്‍ തന്നെ വലിയ രീതിയില്‍ ജലക്ഷാമം പരിഹരിക്കാനാകുമെന്നാണ് എനിക്കു തോന്നുന്നത്. ആ ചിന്തയില്‍ നിന്നുമാണ് എന്റെ സ്വന്തം വീട്ടില്‍ തന്നെ മഴവെള്ളം സംരക്ഷണത്തിനായി ഞാന്‍ സംഭരണി തുടങ്ങിയത്”,   കന്തസ്വാമി അഴിമുഖത്തോട് പറഞ്ഞു.

2007 ലാണ് കന്തസ്വാമി വീടു നിര്‍മ്മിക്കുന്നത്. അന്നു തന്നെ മഴവെള്ളം സംരക്ഷിച്ചു നിര്‍ത്തുന്നതിനായി പതിനായിരം ലിറ്ററിന്റെ ഒരു ടാങ്ക് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അന്ന് വീട്ടിലെ ഗാര്‍ഡനിലെ ചെടികളും മറ്റും നനയ്ക്കുന്നതിനു വേണ്ടി മാത്രമായിരുന്നു ആ ടാങ്കിലെ വെള്ളം ഉപയോഗിച്ചിരുന്നത്. അതിനു ശേഷം സ്വന്തം വീടിന്റെ ടെറസില്‍ വീഴുന്ന വെള്ളത്തിന്റെ അളവ് കണക്കുകൂട്ടി നോക്കിയപ്പോള്‍ അത് ഒന്നേകാല്‍ ലക്ഷം ലിറ്ററോളം വരുമെന്ന് മനസിലായി. ലഭിക്കുന്ന മഴയുടെ പത്ത് ശതമാനത്തില്‍ താഴെ മാത്രമെ താന്‍ ശേഖരിച്ചുവയ്ക്കുന്നുള്ളൂ എന്ന് മനസിലാക്കിയപ്പോള്‍ കുറച്ചുകൂടി വലിയ ടാങ്ക് നിര്‍മ്മിക്കാന്‍ കന്തസ്വാമി തീരുമാനിക്കുകയായിരുന്നു. “ഒന്നേകാല്‍ ലക്ഷവും പതിനായിരവും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. ഒന്നേകാല്‍ ലക്ഷം ശേഖരിക്കേണ്ടിടത്ത് ഞാന്‍ വെറും പതിനായിരമാണ് ശേഖരിക്കുന്നത് എന്നും ശേഖരിക്കുന്നതിനെക്കാള്‍ പാഴാക്കുന്നുണ്ട് എന്നറിഞ്ഞപ്പോഴും വലിയ വിഷമം തോന്നി. അങ്ങനെയാണ് അറുപതിനായിരം ലിറ്ററിന്റെ വലിയൊരു ടാങ്ക് നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്”, കന്തസ്വാമി പറയുന്നു.


വെള്ളം ശേഖരിക്കാന്‍ കന്തസ്വാമി തിരഞ്ഞെടുത്ത സ്ഥലം കാര്‍പ്പാര്‍ക്കിങിന്റെ അടിവശമായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. സുഹൃത്തായ എഞ്ചിനീയറുടെ സഹായത്തോടെ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ തറ പൊളിച്ചുമാറ്റി അവിടെയായിരുന്നു കന്തസ്വാമി വലിയൊരു സംഭരണി നിര്‍മ്മിച്ചത്. ഇവിടെ നിന്നും റൂഫിലേക്ക് പൈപ്പ് നല്‍കി ഇതിലൂടെ മഴവെള്ളം ഇവിടെ ശേഖരിച്ചു. കാര്‍ പാര്‍ക്കിംഗ് ഏരിയ ആയതിനാല്‍ ഇവിടെ സ്ഥലവും ലാഭിക്കാന്‍ സാധിച്ചു. 2015 ല്‍ 500 മില്ലി മീറ്റര്‍ ആണ് ഒറ്റമാസം കൊണ്ട് മഴപെയ്തത്. അന്ന് ടാങ്ക് ഒന്ന് ഓവര്‍ ഫ്ളോയായി. അന്ന് ഒരുമാസം മാത്രം പെയ്തത് എഴുപത്തയ്യായിരത്തോളം ലിറ്റര്‍ വെള്ളമാണ്. ടാങ്ക് അറുപതിനായിരം മാത്രമെ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടാണ് അന്ന് നിറഞ്ഞൊഴുകിയത്. ആ ഒറ്റ തവണമാത്രമെ വെള്ളം നിറഞ്ഞൊഴുകിയതു കൊണ്ട് പ്രശ്നമുണ്ടായിട്ടുള്ളൂ. പിന്നീടൊരിക്കലും അങ്ങനെയുണ്ടായിട്ടില്ല” കന്തസ്വാമി പറഞ്ഞു.

മഴവെള്ളം സംഭരണിയിലേക്ക് വെള്ളമെത്തുമ്പോള്‍ തന്നെ അത് ശുദ്ധീകരിക്കുന്നതിനു വേണ്ട സംവിധാനങ്ങല്‍ കന്തസ്വാമി ചെയ്തിട്ടുണ്ട്. ശുദ്ധീകരിക്കുന്നതിനായി രാസവസ്തുക്കളൊന്നും തന്നെ ഉപയോഗിക്കുന്നില്ല. ഫില്‍ട്ടറില്‍ കരി, മണല്‍, തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നത്. ശുദ്ധമായ വെള്ളം പ്രധാന ടാങ്കിലേക്കു പോകും അവിടെ നിന്നും കണക്ട് ചെയ്ത പൈപ്പുവഴി വെള്ളം വീട്ടില്‍ ആവശ്യമുള്ളിടത്തേക്കെല്ലാം എത്തിക്കുന്നു. ടോയ്ലറ്റില്‍ മാത്രം ഈ വെള്ളമല്ല ഉപയോഗിക്കുന്നത്. അതിനുകാരണമായി കന്തസ്വാമി പറുന്നത് ടോയ്ലറ്റില്‍ കൂടി ഉപയോഗിച്ചാല്‍ വെള്ളം പെട്ടന്ന് തീര്‍ന്നു പോകും എന്നാണ്. “വീട്ടില്‍ ഫ്‌ളഷ് ടാങ്കില്‍ മാത്രം പൈപ്പില്‍ നിന്നും വരുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. ജലസംഭരണിയിലെ വെള്ളം ഫ്‌ളഷ് ടാങ്കില്‍ ഉപയോഗിക്കുകയാണെങ്കില്‍ വെള്ളം പെട്ടന്ന് തീര്‍ന്നു പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അതൊഴിച്ച് ബാക്കി എല്ലാ കാര്യത്തിനും ജലസംഭരണിയിലെ വള്ളം ഉപയോഗിക്കുന്നു.” തുണികഴുകാനും മറ്റും ഈ വെള്ളം ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് കന്തസ്വാമി പറയുന്നത്. ഉപ്പുവെള്ളത്തില്‍ കഴുകുന്നത് തുണികള്‍ക്കും വാഷിങ്ങ് മെഷീനും നല്ലതല്ല. എന്നാല്‍ ഈ വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് അവയ്ക്കൊന്നും ഒരു കുഴപ്പവും ഉണ്ടാകുന്നില്ല. കുടിക്കാന്‍, ഭക്ഷണമുണ്ടാക്കാന്‍, പാത്രങ്ങള്‍ കഴുകാന്‍, കുളിക്കാന്‍ എന്നു വേണ്ട എല്ലാ കാര്യങ്ങള്‍ക്കും കന്തസ്വാമിയുടെ വീട്ടില്‍ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ഒരുവര്‍ഷത്തില്‍ പെയ്യുന്ന മഴകൊണ്ട് ഏകദേശം ഒന്‍പത് മാസത്തോളം കന്തസ്വാമിയുടെ വീട് കഴിഞ്ഞു പോകും. ബാക്കി മൂന്ന് മാസത്തിന് പൈപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്.

വെള്ളത്തിന്റെ അളവ് കൂട്ടുന്നതിനായും ഒന്‍പത് മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നതിനു വേണ്ടിയും വെള്ളത്തിന്റ കളക്ഷന്‍ ഏരിയ വര്‍ദ്ധിപ്പിക്കാനുള്ള പുതിയ പദ്ധതിയിലാണ് ഇപ്പോള്‍ കന്തസ്വാമി. “ഒരുപാട് പേര്‍ ഇത്തരത്തില്‍ മാതൃകാപരമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ആരും പുറത്തു പറയാത്തത് കൊണ്ടാകണം പലരും അറിയാതെപോകുന്നത്. ഞാന്‍ എന്റെ വീട്ടിലെ കാര്യം ഫേസ്ബുക്കിലും മറ്റും പങ്കുവെച്ചിരുന്നു അതുകൊണ്ടാണ് ഇപ്പോള്‍ ഇത് ഒരുപാട് പേര്‍ അറിഞ്ഞത്,” കന്തസ്വാമി അഴിമുഖത്തോട് പറഞ്ഞു. അടുത്തിടെ ‘തമിഴ്‌നാട് വെതര്‍ മാന്‍’ എന്ന ഫേസ്ബുക്ക് പേജില്‍ അദ്ദേഹം തന്റെ ഈ സംരംഭത്തെ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. അത് ഒരുപാട് പേരിലേക്ക് എത്തുകയും ചെയ്തു. ആളുകളിലേക്ക് ഇത് കൂടുതല്‍ എത്തുന്നതിലൂടെ ജലം പരമാവധി സംരക്ഷിക്കണമെന്നാണ് കന്തസ്വാമിയുടെ ആഗ്രഹം.

കന്തസ്വാമിയുടെ വീട്ടില്‍ വെള്ളത്തിനു മാത്രമല്ല വൈദ്യുതിയ്ക്കും മറ്റൊരിടത്ത് ആശ്രയിക്കേണ്ട കാര്യമില്ല. 5 കിലോ വാള്‍ട്ട് സോളാര്‍ പ്ലാന്റില്‍ നിന്നും വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി മുഴുവന്‍ അദ്ദേഹം ഉല്‍പാദിപ്പിക്കുകയാണ്. അതിനാല്‍ തന്നെ രാവിലെ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ രാവിലെ കന്തസ്വാമിയുടെ വീട്ടില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും വീട്ടില്‍ തന്നെ ഉപയോഗിക്കാറുമില്ല. രാവിലെ വീട്ടില്‍ ഉപയോഗിച്ച് ബാക്കിവരുന്നത് സര്‍ക്കാറിനു കൊടുക്കും. രാത്രി എത്ര ഉപയോഗിക്കുന്നു എന്നതും രാവിലെ എത്ര കൊടുത്തു എന്നതും കണക്കാക്കിയാണ് വീട്ടില്‍ വൈദ്യുതി ബില്‍ വരുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ പതിനൊന്ന് മാസക്കാലമായി വൈദ്യുതി ബില്‍ അടയ്ക്കേണ്ടി വന്നിട്ടില്ല കന്തസ്വാമിക്ക്. വേനല്‍ക്കാലത്തേ വൈദ്യുതി ബില്‍ അടയ്ക്കേണ്ട ആവശ്യം വരാറുള്ളൂ. അതും 150 രൂപയില്‍ കൂടുതല്‍ ആകാറില്ല.

“സമ്മറില്‍ മാത്രമാണ് എനിക്ക് കൂടൂതല്‍ ചിലവാകുന്നത് അതിനാല്‍ അപ്പോള്‍ മാത്രമെ വൈദ്യുതി ബില്‍ അടയ്ക്കാറുള്ളൂ. അതും വെറും 150 രൂപയില്‍ താഴെ മാത്രം. അല്ലാത്ത സമയത്ത് നാല് ഏസി ഉപയോഗിച്ചാല്‍ പോലും എനിക്ക് വൈദ്യുതി ബില്‍ വരാറില്ല. മൊബൈല്‍ ഡാറ്റ കാരീഡ് ഓവര്‍ ആകുന്നതു പോലെ വൈദ്യുതിയും ഇവിടെ കാരീഡ് ഓവര്‍ ആകുന്നതുകൊണ്ടാണിത്”, കന്തസ്വാമി പറഞ്ഞു

അടുക്കളയില്‍ പാചകത്തിനും കന്തസ്വാമിയുടെ വീട്ടില്‍ ഉപയോഗിക്കുന്നത് വൈദ്യുതിയാണ്. അതുകൊണ്ട് തന്നെ വീട്ടില്‍ കുക്കിങ് ഗ്യാസിന്റെ ഉപയോഗം വളരെ കുറവാണ്. ഒരു സിലിണ്ടര്‍ വാങ്ങിയാല്‍ നാലുമാസത്തില്‍ കൂടുതല്‍ ഉപയോഗിക്കും. 25 ദിവസത്തില്‍ ഒരിക്കല്‍ സിലിണ്ടര്‍ മാറ്റികൊണ്ടിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ നാലുമാസത്തില്‍ ഒരിക്കല്‍ എന്ന കണക്കിലേക്ക് എത്തിയിരിക്കുന്നത്. “കുക്കിങിന് ഗ്യാസ് ഉപയോഗിക്കാത്ത സമയത്ത് വീട്ടില്‍ ഇരുപത്തഞ്ച് ദിവസത്തില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ എന്ന രീതിയിലാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ നാലുമാസത്തില്‍ കൂടുതല്‍ ഒരു സിലിണ്ടര്‍ ഉപയോഗിക്കുന്നു. അതായത് അഞ്ചു സിലിണ്ടറുകള്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്”.

കുറച്ചാഴ്ചകള്‍ക്കു മുന്‍പായിരുന്നു ചെന്നൈ കടുത്ത വരള്‍ച്ച നേരിട്ടത്. ചെന്നെ നഗരത്തില്‍ മാത്രമായിരുന്നില്ല നഗരത്തിനു പുറത്തും ജലക്ഷാമം കടുത്തിരിക്കുകയായിരുന്നു അന്ന്. ചെന്നൈയില്‍ പണം നല്‍കിയാല്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്ന സംവിധാനം പോലും ജലക്ഷാമം മൂലം ശരിയായി പ്രവര്‍ത്തിക്കാത്ത നിലയിലായി. നിരവധി ഐടി സ്ഥാപനങ്ങളും റസ്റ്റോറന്റുകളും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി വെള്ളം ഉപയോഗിച്ചു കൊണ്ടിരുന്ന വീടുകളിലേക്കുള്ള കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിരുന്നു. ഇത്തരത്തില്‍ ഒരു സാഹചര്യം ഇനിയും ചെന്നൈ മാത്രമല്ല കേരളം പോലും അഭിമുഖീകരിക്കാവുന്ന സന്ദര്‍ഭത്തിലേക്കാണിപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. അതിനെ തടയാന്‍ മഴവെള്ളം സംരക്ഷിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യം തന്നെ. തുടക്കത്തില്‍ വലിയ തുക ചിലവാക്കേണ്ടി വന്നേക്കാം എങ്കില്‍ കൂടിയും ഭാവിയിലെ ജലക്ഷാമത്തേയും വൈദ്യുതിക്ഷാമത്തേയുമെല്ലാം നേരിടാന്‍ മാതൃകയാക്കാവുന്ന ഒരു തുടക്കം തന്നെയാണ് കന്തസ്വാമി നമുക്കു മുന്നില്‍ വെക്കുന്നത്.

Read More : പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍