UPDATES

പോസിറ്റീവ് സ്റ്റോറീസ്

അഭിമന്യൂ, നിന്നെയീ നാടെത്ര സ്‌നേഹിക്കൂന്നൂ; കൗസല്യയുടെ വിവാഹം അതിനൊരു തെളിവ്

വട്ടവട ഊര്‍കാട് കുര്യാക്കോസ് ഏലിയാസ് മെമ്മോറിയല്‍ ഹൈസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മധുസൂദനന്റെ ഭാര്യയായി മറ്റൊരു ജീവിതത്തിലേക്ക് കൗസല്യ കടന്നപ്പോള്‍, വിവാഹം നടത്താനും എല്ലാകാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കാനും ചുറ്റമണ്ടായിരുന്നത് അഭിമന്യുവിനെ സ്‌നേഹിക്കുന്നവരാണ്.

‘അവനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇവിടെയുള്ളവര്‍ക്ക് മാത്രമാണ് ആ ഇഷ്ടമെന്ന് ഞങ്ങളോര്‍ത്തു. പക്ഷേ, ഇപ്പോള്‍ ഈ വീട്ടിലേക്ക് എത്ര പേരാണ് വരുന്നത്. എവിടെ നിന്നെല്ലാം, അവനെ ഇത്രയും പേര്‍ക്ക് ഇഷ്ടമാണെന്ന് ഞങ്ങളിപ്പോഴാണ് മനസിലാക്കുന്നത്;

അഭിമന്യുവിനെ കുറിച്ച് സഹോദരി കൗസല്യ പറഞ്ഞ വാക്കുകളാണിത്. കൗസല്യക്ക് ഇന്നത് കൂടുതല്‍ മനസിലായിക്കാണും. അഭിമന്യു എത്രമാത്രം പ്രിയപ്പെട്ടവനാണ് ഈ നാടിനെന്ന്. വട്ടവട ഊര്‍കാട് കുര്യാക്കോസ് ഏലിയാസ് മെമ്മോറിയല്‍ ഹൈസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മധുസൂദനന്റെ ഭാര്യയായി മറ്റൊരു ജീവിതത്തിലേക്ക് കൗസല്യ കടക്കുമ്പോള്‍, വിവാഹം നടത്താനും എല്ലാകാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കാനും ചുറ്റമുള്ളത് അഭിമന്യുവിനെ സ്‌നേഹിക്കുന്നവരാണ്. അവന്‍ ജീവനായി കരുതിയ പാര്‍ട്ടിയും സഖാക്കളും, നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത അവന്റെ സനേഹിതരും. വൈദ്യുതി മന്ത്രി എംഎം മണി, ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, സിപിഎം നേതാവ് എം ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിവരൊക്കെ കൗസല്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. അഭിമന്യുവിന്റെ സുഹൃത്തും സഖാവുമായ അളകേശന്‍ പറഞ്ഞത്; അവനു വേണ്ടിയല്ല, ‘അവനായിട്ട് നിന്നു തന്നെയാണ് ഞങ്ങളീ വിവാഹം നടത്തുന്നത്’ എന്നാണ്. ആ വാക്കിലുണ്ട് അഭിമന്യുവിനോടുള്ള ഇഷ്ടം!

‘പാര്‍ട്ടിക്ക് വേണ്ടി നടന്ന് ജീവിതം കളഞ്ഞില്ലേ’ എന്ന് അഭിമന്യുവിന്റെ കൊലപാതകത്തെ കുറ്റപ്പെടുത്തിയവരുണ്ടായിരുന്നു. അവരോട് കൗസല്യയ്ക്ക് പറയാനുണ്ടായിരുന്നത്; അവന്റെ രീതിക്കാണ് അവന്‍ പോയത്. ഞങ്ങള്‍ അതില്‍ ഒന്നും പറഞ്ഞിരുന്നില്ല. പോകണ്ടായെന്നോ പോണമെന്നോ പറഞ്ഞിട്ടില്ല. എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കണമെന്നു പഞ്ഞപ്പോഴും എതിരൊന്നു പറഞ്ഞില്ല. ഇവിടെ പാര്‍ട്ടിയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞപ്പോഴും ആരുമവനെ തടഞ്ഞില്ല. അവന്‍ നന്നായി പഠിക്കുമായിരുന്നു. അവന്‍ ആഗ്രഹിച്ച നിലയില്‍ എത്തിച്ചേരുമെന്നും ഞങ്ങള്‍ ഉറപ്പാക്കിയിരുന്നു. ഞങ്ങളുടെ അനിയന്‍, അവനായിട്ട് ഒരു ചീത്തപ്പേര് കുടുംബത്തിന് ഉണ്ടാക്കിയിട്ടില്ല, ഈ നാടിനും ഉണ്ടാക്കിയിട്ടില്ല. അവന്‍ തെറ്റായ വഴിയെ പോയിട്ടില്ല. അവന്‍ ശരിയായി തന്നെയാണ് പോയത്. അതിഷ്ടപ്പെടാത്തവര്‍ അവനെ കൊന്നു കളഞ്ഞു.

തന്റെ രക്തസാക്ഷിത്വം കൊണ്ട് അഭിമന്യു തോറ്റുപോയിട്ടില്ലെന്ന് തെളിയിക്കാന്‍ അവന്റെ പാര്‍ട്ടി തന്നെ മുന്നിട്ടിറങ്ങിയപ്പോള്‍ അനിയനെ കുറിച്ച് കൗസല്യ പറഞ്ഞതത്രയും ശരിയാവുക കൂടിയായിരുന്നു. വട്ടവട എന്ന ഊരിനും അപ്പുറത്തേക്ക് അഭിമന്യു വളര്‍ന്നത് അവന്റെ മരണശേഷമായിരുന്നു. എവിടെ പോകുമ്പോഴും അഭിയുടെ ഒരു ചിത്രമെങ്കിലും കാണാന്‍ കഴിയുന്നുണ്ടെന്ന് സഹോദരന്‍ പരിജിത് പറഞ്ഞതും തെല്ല് അത്ഭുതത്തോടെയായിരുന്നു.

എപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ താത്പര്യമായിരുന്നു അഭിമന്യുവിന്. അവന് ഉള്ളത് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ഉത്സാഹമായിരുന്നു. ഓരോ ക്ലാസ് കഴിയുമ്പോഴും ആ ക്ലാസില്‍ പഠിച്ച പുസ്തകങ്ങള്‍ മറ്റുള്ളവരെ അങ്ങോട്ട് വിളിച്ചു കൊടുക്കുമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ കോവിലൂരില്‍ അമ്മയുടെ വീട്ടില്‍ പോയി. അന്ന് കൊട്ടക്കാമ്പൂരിലെയും കോവിലൂരിലെയും ടീമുകള്‍ തമ്മില്‍ വോളിബോള്‍ മത്സരമുണ്ടായിരുന്നു. അഭി കൊട്ടക്കമ്പൂര്‍ ടീമിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. കോവിലൂരില്‍ വന്നിട്ട് കൊട്ടക്കമ്പൂര്‍ ടീമിനൊപ്പം നിന്നത് പലര്‍ക്കും ഇഷ്ടായില്ല. ഒന്നുകില്‍ മിണ്ടാതിരിക്കണം, അല്ലെങ്കില്‍ കോവിലൂര്‍ ടീമിനെ പ്രോത്സാഹിപ്പിക്കണം എന്നു അഭിയോട് പറഞ്ഞു. അല്ലെങ്കില്‍ പ്രശ്‌നമാകുമെന്നും ഓര്‍മിപ്പിച്ചപ്പോള്‍ അവന്റെ മറുചോദ്യം, ഞാനാരെയാണ് പേടിക്കേണ്ടത്? എന്റെ നാടിനുവേണ്ടിയല്ലേ ഞാന്‍ പറയേണ്ടത്, എന്നായിരുന്നു. അങ്ങനയെ അഭി പെരുമാറുകയുള്ളായിരുന്നു. അവന് ശരിയെന്ന് തോന്നുന്നത് ചെയ്യും.’ കൗസല്യ അഭിമന്യുവിനെ കുറിച്ച് പറഞ്ഞത് തീര്‍ത്തും ശരിയായിരുന്നു എന്നതിന് തെളിവു കൂടിയാണ് ഈ വിവാഹം. തന്റെ നാടിനുവേണ്ടി ജീവിച്ചിരുന്ന കാലത്തോളം ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തൊരുവനു വേണ്ടി അതേ നാട് ഒരുമിച്ചു കൂടിയിരിക്കുന്നു.

"</p

മനോഹരന്റെയും ഭൂപതിയുടെയും മൂന്നു മക്കളില്‍ കൗസല്യയായിരുന്നു പഠനത്തില്‍ കൂടുതല്‍ മിടുക്കി. വിദ്യാഭ്യാസത്തിന് ജീവിതത്തില്‍ അത്രയൊന്നും പ്രാധാന്യം കൊടുക്കാതെ മണ്ണില്‍ പണിയെടുത്ത് ജീവിതം കഴിക്കുന്ന വട്ടവടക്കാര്‍ക്കിടയില്‍ അവള്‍ മാറി ചിന്തിച്ചു. കൂടുതല്‍ പഠിക്കണം, പഠിച്ച് ജോലി നേടണം. അച്ഛനെയും അമ്മയേയും സംരക്ഷിക്കണം. സഹോദരങ്ങളെ പഠിപ്പിക്കണം.

പത്താം ക്ലാസ് കഴിഞ്ഞ്, ഒരു വര്‍ഷം ടാലി കോഴ്‌സും ചെയ്ത ശേഷം കൗസല്യ പഠനം നിര്‍ത്തി. കൗസല്യക്ക് മാത്രമല്ല, സഹോദരന്‍ പരിജിത്തിനും; രണ്ടു പേര്‍ക്കും തുടര്‍ന്നും പഠിക്കണമെന്നുണ്ടായിരുന്നിട്ടും വേണ്ടന്നു വച്ചത് വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടായിരുന്നു. പക്ഷേ, കൗസല്യയും പരിജിത്തും ഒരു കാര്യത്തില്‍ സന്തോഷിച്ചിരുന്നു. പഠനം നിര്‍ത്തി പരിജിത്ത് കൃഷിയിടത്തിലേക്കും കൗസല്യ പെരുമ്പാവൂരിലെ കമ്പനിയിലെ ജോലിക്കു വേണ്ടി ഇറങ്ങിയത്, വീട്ടിലെ കഷ്ടപ്പാടുകള്‍ മാറ്റാന്‍ മാത്രമായിരുന്നില്ല, അഭിമന്യുവിനും വേണ്ടിയായിരുന്നു. തങ്ങളെപോലെ അവനും പാതിയില്‍ പഠനം നിര്‍ത്തരുത്, അവന്‍ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം നേടണം… അവനിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം എന്നവര്‍ കരുതി.

കൗസല്യയുടെയും പരിജിത്തിന്റെയും മനോഹരന്റെയും ഭൂപതിയുടെയും മാത്രമല്ല, ഒരു നാടിന്റെ തന്നെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടിയിരുന്നവനു പക്ഷേ, പാതിവഴിയില്‍ ജീവിതം തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നു.

കഴിഞ്ഞ ജൂലൈ മാസത്തില്‍ മഹാരാജാസ് കോളേജ് കാമ്പസിനുള്ളില്‍ അഭിമന്യു കൊല്ലപ്പെടുമ്പോള്‍ വട്ടവടയിലെ വീട് കൗസല്യയുടെ വിവാഹത്തിനുവേണ്ടി ഒരുങ്ങിത്തുടങ്ങിയിരുന്നു. ഓഗസ്റ്റില്‍ വട്ടവട കരയില്‍ കീഴ് വീട്ടില്‍ മധുസൂദനനുമായി വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. അഭിമന്യുവിന്റെ മരണത്തോടെ വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. അനിയന്റെ മരണം കൗസല്യയെ വല്ലാതെ ഉലച്ചിരുന്നുവെങ്കിലും അച്ഛനും അമ്മയ്ക്കും ധൈര്യം കൊടുക്കാന്‍ വളരെ പക്വതയോടെ സാഹചര്യങ്ങളെ നേരിടുന്ന കൗസല്യയെ വട്ടവടയില്‍ പോയപ്പോള്‍ കണ്ട് മനസിലാക്കിയിരുന്നു. മഹാരാജാസില്‍ പഠനം കഴിഞ്ഞ് ഡല്‍ഹിയില്‍ പോയി പഠിക്കണമെന്നായിരുന്നു അഭിമന്യുവിന്റെ ആഗ്രഹം. ഡല്‍ഹിയില്‍ പഠനം ശരിയാക്കി തരണമെന്ന് അഭ്യര്‍ത്ഥിച്ച് അവന്‍ പലരേയും പോയി കണ്ടിട്ടുണ്ടായിരുന്നു. ഞങ്ങളോടും പറഞ്ഞിട്ടുണ്ട്, എറണാകുളത്തെ പഠനം കഴിഞ്ഞ് ഞാന്‍ ഡല്‍ഹിയില്‍ പോകുമെന്ന്‘,; അനിയനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കൗസല്യക്ക് പറയാന്‍ ഉണ്ടായിരുന്നത് അഭിമന്യുവിന് അവന്റെ ജീവിതത്തിലുണ്ടായിരുന്ന ലക്ഷ്യങ്ങളെ കുറിച്ചായിരുന്നു. ആ സഹോദരിയെ വേദനിപ്പിക്കുന്നതും തകര്‍ന്നു പോയ പ്രതീക്ഷകളാണ്.

"</p

ഇപ്പോള്‍ കൗസല്യക്ക് മാത്രമല്ല, പരിജിത്തിനും മനോഹരനും ഭൂപതിക്കും എല്ലാം മനസിലാകുന്നുണ്ട്. അഭി, തങ്ങളെ ഒരുപാട് മനുഷ്യരുടെ സംരക്ഷണത്തില്‍ ആക്കിയിട്ടാണ് പോയതെന്ന്. അവന്റെ പാര്‍ട്ടി എല്ലാക്കാര്യങ്ങളും നോക്കാന്‍ ഒപ്പമുണ്ട്. കൗസല്യയുടെ വിവാഹം, ഒറ്റമുറി ജീവിതത്തില്‍ നിന്നും സൗകര്യങ്ങളുടെ വീട്ടിലേക്ക് അധികം വൈകാതെ മാറാം. കൊട്ടക്കമ്പൂരില്‍ പഞ്ചായത്ത് ഓഫിസ് കഴിഞ്ഞ് റോഡിന് മേല്‍ത്തട്ടിലെ ഭൂമിയില്‍ നല്ലൊരു വീട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പരിജിത്തിന് പഠിക്കാന്‍ ആഗ്രമുണ്ടെങ്കില്‍ അതിനുള്ള വഴിയും ചെയ്യാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്… അഭിമന്യു ആഗ്രഹിച്ചതുപോലെ വട്ടവടയില്‍ ഒരു ലൈബ്രറി ഒരുങ്ങുന്നു, പി എസ് സി കോച്ചിംഗ് ആരംഭിക്കുന്നു…അങ്ങനെ അഭിമന്യുവിനു വേണ്ടി എന്തെല്ലാം ചെയ്യാമോ അതിനെല്ലാം തയ്യാറായി നില്‍ക്കുകയാണ് അവന്റെ പ്രിയപ്പെട്ട പാര്‍ട്ടിയും പഞ്ചായത്തും പിന്നെ ഈ കേരളത്തിലെ അവനെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരും.

പാര്‍ട്ടിക്കു വേണ്ടി ജീവിതം കളഞ്ഞവന്‍ എന്ന് കുറ്റപ്പെടുത്തല്‍ അഭിമന്യുവെങ്കിലും കേള്‍ക്കില്ലെന്ന് വട്ടവടയിലെ ഇന്നത്തെ ആഘോഷം കാണുന്നവര്‍ ഉറപ്പിച്ച് പറയും…അഭിമന്യുവിന്റെ കുടുംബം കൂടുതല്‍ അത്ഭുതപ്പെടുകയാണ്; തങ്ങളുടെ അഭിയെ ഇത്രയധികം ഇഷ്ടമാണോ എല്ലാവര്‍ക്കും!

അഭിമന്യുവിന്റെ വട്ടവട

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍