UPDATES

പോസിറ്റീവ് സ്റ്റോറീസ്

അടിച്ചമര്‍ത്തലില്‍നിന്നു രക്ഷപ്പെടാന്‍ മുസഹറുകള്‍ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നു

ദളിത്-ഉപജാതിയില്‍പ്പെട്ടവരാണ്, എലികളെ വേട്ടയാടി തിന്നുന്നവരെന്ന് പേരുകേട്ട മുസഹറുകള്‍

പാട്‌ന ജില്ലയിലെ ഫുല്‍വാരി ഷരീഫ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹിന്ദുനി മുസഹര്‍തൊളി ഗ്രാമത്തിലെ കൂലിപ്പണിക്കാരികളാണ് ബാല്‍മന്തി ദേവി, രേണു ദേവി എന്നിവര്‍. സ്വന്തമായി വീടുപോലുമില്ലാത്ത ഇവര്‍ മക്കളെ ഗവണ്‍മെന്റ് സ്‌കൂളിലേക്ക് അയക്കുന്നു. അച്ഛനമ്മമാര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടിവന്ന പീഡനങ്ങളില്‍നിന്നു മക്കളെങ്കിലും രക്ഷപ്പെടാന്‍ വിദ്യാഭ്യാസം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

വടക്കേ ബീഹാറിലെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലും തെക്കേ ബീഹാറിലെ വരള്‍ച്ചാ സാധ്യതാ പ്രദേശങ്ങളിലും പരന്നുകിടക്കുന്ന ഗ്രാമങ്ങളില്‍ വസിക്കുന്ന നൂറുകണക്കിന് മുസഹര്‍ സ്ത്രീകള്‍ മക്കളുടെ ശോഭനമായ ഭാവിക്കുവേണ്ടി വിദ്യാഭ്യാസം രഹസ്യമായി ഉറപ്പുവരുത്തുന്നുണ്ട്. അവരില്‍ രണ്ടുപേര്‍ മാത്രമാണ് ബാല്‍മന്തിയും രേണുവും. ഇപ്പോഴും തൊട്ടുകൂടാത്തവരായി കരുതപ്പെടുന്ന നൂറുകണക്കിന് ദളിത്-ഉപജാതിയില്‍പ്പെട്ടവരാണ്, എലികളെ വേട്ടയാടി തിന്നുന്നവരെന്ന് പേരുകേട്ട മുസഹറുകള്‍.

”എന്റെ മൂത്ത മകന് 19 വയസ്സായി. അവനും സമുദായത്തിലെ ഭൂരിഭാഗം ആള്‍ക്കാരെയുംപോലെ നിരക്ഷരനാണ്. പക്ഷേ, എന്റെ 12 വയസ്സുള്ള മകളും 14 വയസ്സുള്ള മകനും പഠിക്കാന്‍ സ്‌കൂളില്‍ പോകുന്നുണ്ട്. അവര്‍ അറിവുള്ളവരായിത്തീരും എന്ന സ്വപ്നം എനിക്കുണ്ട്’, ബാല്‍മന്തി പറയുന്നു

സാമൂഹികമായും സാമ്പത്തികമായും ഇന്ത്യ അതിവേഗം പുരോഗതി നേടുമ്പോള്‍ത്തന്നെ, മുസഹറുകള്‍ക്ക് അവര്‍ക്കായി മുദ്രകുത്തപ്പെട്ട ചേരികളിലല്ലാതെ ബീഹാറില്‍ മറ്റെവിടെയും ജീവിക്കാനുള്ള അനുമതിയില്ല. ബീഹാറില്‍ ഏതാണ്ട് 2.2 ദശലക്ഷം മുസഹറുകള്‍ ഉണ്ട്. ഈ സമുദായത്തിലെ സാക്ഷരതാനിരക്ക് 9.8% ആണ്. രാജ്യത്തെ ദളിതരുടെ ഇടയിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാനിരക്കാണിത്.

മക്കളെ പോറ്റാനായി കൃഷിയിടങ്ങളില്‍ കൂലിപ്പണി ചെയ്യുന്ന രേണു, അവരെ പഠിപ്പിക്കുന്ന കാര്യത്തില്‍ ദൃഢനിശ്ചയമുള്ളവളാണ്. ”നിലനില്‍പിനായി ഞാന്‍ പാടുപെടുകയാണ് എന്നത് സത്യമാണ്. പക്ഷേ എന്റെ മക്കളുടെ നല്ല ഭാവിക്കുവേണ്ടി അവര്‍ പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പഠിച്ചില്ലെങ്കില്‍, മറ്റു മുസഹറുകളെപ്പോലെ അവരും കൃഷിസ്ഥലത്തെ കൂലിപ്പണിയെടുക്കാന്‍ നിര്‍ബന്ധിതരാകും,’ അവര്‍ പറയുന്നു. ”വിദ്യാഭ്യാസം അവര്‍ക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കും”

എന്തായാലും, ചില മുസഹര്‍ കുടുംബങ്ങളുടെ സുസ്ഥിര പരിശ്രമം കുര്‍ക്കുറി മുസഹര്‍തൊളിയ്ക്കടുത്തുള്ള പ്രൈമറി സ്‌കൂളിന്റെ ഘടനയിലും പ്രതിഫലിക്കുന്നുണ്ട്. ”സ്‌കൂളില്‍ ആകെയുള്ള 68 കുട്ടികളില്‍ 64ഉം മുസഹര്‍ കുട്ടികളാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു ഇത്. മുസഹര്‍ രക്ഷിതാക്കള്‍ അവരുടെ മക്കള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്ന് ഇപ്പോള്‍ ഉറപ്പു വരുത്തുന്നുണ്ട്. പരിതസ്ഥിതികള്‍ മാറുകയാണ്” സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി സിന്‍ഹ പറഞ്ഞു.

മുസഹര്‍ വികാസ് മഞ്ചിന്റെ സംസ്ഥാന പ്രസിഡന്റായ അഷര്‍ഫി സാദ പറയുന്നത്, പൊതുസമൂഹത്തില്‍നിന്നും എപ്പോഴും അകറ്റി നിര്‍ത്തപ്പെട്ടവരായതുകൊണ്ടാണ് മുസഹറുകളുടെ ഇടയില്‍ നിരക്ഷരത കൂടിയത് എന്നാണ്. ”മുസഹറുകള്‍ തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഗ്രാമത്തിലെ പ്രധാന ജനവിഭാഗങ്ങളില്‍നിന്നും ഏറെ മാറി, ഗ്രാമത്തിനു പുറത്ത് മാത്രമേ താമസിക്കാന്‍ ഇവര്‍ക്ക് അനുവാദമുള്ളൂ. ഇപ്പോള്‍പ്പോലും മുസഹറുകള്‍ സമൂഹത്തില്‍നിന്ന് പുറംതള്ളപ്പെട്ടവരാണ്’.

1961ല്‍ മുസഹറുകളിലെ സാക്ഷരത 2.5% ആയിരുന്നു. 2011ല്‍ അത് 9%നും അല്പം കൂടുതല്‍ എന്ന നിലയിലേക്ക് മുന്നേറി എന്ന് മുന്‍ ഐ.എ.എസ് ഓഫീസറായ വിജയ് പ്രകാശ് പറയുന്നു. ദനാപൂരില്‍ മുസഹര്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ബദല്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണ് അദ്ദേഹം. ”മുസഹറുകളോടൊത്ത് പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച ശേഷം, എനിക്ക് തോന്നുന്നത്, മുസഹര്‍ കുട്ടികളെ സ്‌കൂളില്‍ ചേരാന്‍ ടീച്ചര്‍മാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ്. അവരുടെ പ്രത്യേക ആവശ്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് നമുക്ക് അന്യമാണ്’. പാവപ്പെട്ട മുസഹര്‍ കുട്ടികളിലെ സര്‍ഗ്ഗവൈഭവം മറ്റു കുട്ടികളില്‍ പലരേക്കാളും കൂടുതലാണെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.

പാറ്റ്‌ന ജില്ലയില്‍ വിദ്യാഭ്യാസത്തിലൂടെ ഈ സമൂഹത്തിന്റെ മാറ്റത്തിനായി ഏതാണ്ട് 38വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫിലിപ് മന്ത്ര പറയുന്നത്, സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ മുന്‍പന്തിയിലേക്ക് മുസഹറുകളെ കൊണ്ടുവരേണ്ടതുണ്ട് എന്നാണ്. മുസഹര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവരെ ബോധവത്കരിക്കാനും പ്രചോദിപ്പിക്കാനും വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പാടാക്കാനും, അദ്ദേഹം മന്ഥന്‍ എന്ന പേരില്‍ ഒരു സംഘടന സ്ഥാപിച്ചു. ”വിദ്യാഭ്യാസമാണ് അവരുടെ അഭിവൃദ്ധിക്ക് ആണിക്കല്ല്. ശരിയായ അന്തരീക്ഷം ഇല്ലെങ്കില്‍ വിദ്യാഭ്യാസത്തെപ്രതി വലിയ പ്രതീക്ഷയൊന്നുമില്ല’.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍