UPDATES

16-ാം വയസില്‍ പത്രവിതരണം, 17-ല്‍ പത്ര ഏജന്റ്, ഇപ്പോള്‍ പത്രവിതരണത്തില്‍ പിഎച്ച്ഡി; ഇത് ഡോ. സനേഷ്

നിലവില്‍ വടക്കാഞ്ചേരി വ്യാസ കോളേജില്‍ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമാണ് ഈ 33-കാരന്‍

പത്രവിതരണക്കാരനായിരുന്ന സനേഷ് ഇന്ന് ഡോ. സനേഷ് ആണ്. ഡോക്ടറേറ്റ് നേടിയത് പത്രവിതരണത്തിലും. കേള്‍ക്കുമ്പോള്‍ ആര്‍ക്കും അല്‍പ്പം കൗതുകം തോന്നാം. പത്രവിതരണത്തില്‍ ഡോക്ടറേറ്റോ എന്ന് ചിലര്‍ക്ക് സംശയവും തോന്നാം. പക്ഷെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഗവേഷണം തുടങ്ങിയ സനേഷ് ചേലനോടിന് ഇത് അഭിമാനത്തിന്റെ ദിനങ്ങളാണ്. വിദ്യാര്‍ഥിയായിരിക്കെ സൈക്കിളില്‍ പത്രവിതരണം നടത്തിയ സനേഷിന്റെ സ്വപ്‌നസാഫല്യം കൂടിയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച ഡോക്ടറേറ്റ് പട്ടം.

മലപ്പുറം മക്കരപ്പറമ്പുകാര്‍ക്ക് സനേഷ് പരിചിതനാണ്. മക്കരപ്പറമ്പിലെ കുന്നുകളിലേക്ക് അതിരാവിലെ സൈക്കിളിലെത്തി പത്രമെത്തിച്ചുകൊണ്ടിരുന്ന പതിനാറുകാരനായി; പിന്നീട് പത്ര ഏജന്‍സി നടത്തിപ്പുകാരനായ പതിനേഴ് വയസ്സുകാരനായി; പിന്നീട് അധ്യാപകനായി. ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയ ഡോ. സനേഷ് ആയിട്ടും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലും ഓഹരി വിപണി കണക്കുകളിലും താത്പര്യമുണ്ടായിരുന്ന പതിനാറുകാരന് സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമായിരുന്നു പത്രവിതരണം. 2001-ല്‍ പ്ലസ് ടു  വിദ്യാര്‍ഥിയായിരിക്കെയാണ് ചെറുതെങ്കിലും നിക്ഷേപത്തിനായി സ്വന്തമായി വരുമാനം വേണമെന്ന് സനേഷ് ഉറപ്പിക്കുന്നത്. നിക്ഷേപത്തിനുള്ള വരുമാനം അതില്‍ നിന്ന് ഒത്തില്ലെങ്കിലും അത് ഈ ചെറുപ്പക്കാരന് മുന്നില്‍ വലിയ ഒരു വാതില്‍ തുറക്കുകയായിരുന്നു.

അന്ന് മക്കരപ്പറമ്പില്‍ മാധ്യമത്തിന്റെ ഏജന്‍സിയുണ്ടായിരുന്ന സുള്‍ഫിക്കറാണ് എന്റെ കയ്യില്‍ ആദ്യം പത്രം വച്ചുതരുന്നത്. പൊതുവെ പത്രം വരിക്കാര്‍ കുറവായിരുന്നു ആ സമയം. മാധ്യമം പത്രത്തിന്റേതാവുമ്പോള്‍ കൂടുതലും മുസ്ലീം പോപ്പുലേറ്റഡ് സ്ഥലങ്ങളിലാണ് വരിക്കാര്‍ ഉണ്ടായിരുന്നത്. ഒരു കുന്നിന്റെ മുകളിലേക്ക് സൈക്കിള്‍ ഉന്തിക്കയറ്റി പോണം. ഒന്നര കിലോമീറ്ററിനുള്ളില്‍ ആകെയുണ്ടായിരുന്നത് 30 വരിക്കാര്‍. ഒരു പത്രത്തിന് പത്ത് രൂപ എന്ന നിരക്കില്‍ മാസം 300 രൂപ കിട്ടും. സാമ്പത്തിക മെച്ചം ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ആ ജോലി ഞാന്‍ വിട്ടില്ല. അച്ഛന്‍ രാമനാരായണന്‍ സ്‌കൂളില്‍ പ്യൂണ്‍ ആയിരുന്നു. അമ്മ വിജയലക്ഷ്മി അംഗനവാടി അധ്യാപികയും. സാമ്പത്തിക പോരായ്മകള്‍ ഉള്ളതുകൊണ്ടല്ല ഞാന്‍ പത്രവിതരണത്തിനിറങ്ങിയത്. അന്നേ സ്റ്റോക്ക് മാര്‍ക്കറ്റിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലുമെല്ലാം എനിക്ക് വലിയ താത്പര്യമായിരുന്നു. നിക്ഷേപം, ബിസിനസ് അങ്ങനെ പല ചിന്തകളായിരുന്നു അന്ന്. പത്രവിതരണം കൊണ്ട് അതിനൊന്നും സാധിച്ചില്ല. പക്ഷെ ഞാന്‍ ആ ജോലി ഒരു വര്‍ഷത്തോളം തുടര്‍ന്നു.”

പത്രവിതരണത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സനേഷ് പത്ര ഏജന്‍സി നടത്തിപ്പുകാരനായി; പതിനേഴാമത്തെ വയസ്സില്‍. പെരിന്തല്‍മണ്ണ ഗവ.കോളേജില്‍ ബിബിഎയ്ക്ക് ചേര്‍ന്ന കാലഘട്ടമായിരുന്നു അത്. പത്രവിതരണത്തിന് സ്‌കൂളിലെ പല കൂട്ടുകാരും ഉണ്ടായിരുന്നെങ്കിലും അത്രയും ചെറുപ്രായത്തില്‍ ഏജന്‍സി നടത്തിപ്പ് ഏറ്റെടുത്തവര്‍ ഉണ്ടായിരുന്നില്ല. മകന്‍ പത്രവിതരണത്തിന് പോവുന്നത് തന്നെ താത്പര്യമില്ലായിരുന്ന അച്ഛനും അമ്മയും ഏജന്‍സി ഏറ്റെടുക്കുന്നതിനോടും അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ എതിര്‍പ്പുകളൊന്നും വകവക്കാതെ സനേഷ് ആ ജോലി ഏറ്റെടുത്തു. ഡിഗ്രി പഠനത്തോടൊപ്പം പത്രവിതരണ ഏജന്‍സിയും മുന്നോട്ട് പോയി. “ഡിഗ്രിക്ക് ചേരുന്ന സമയവും പത്രവിതരണം തന്നെയായിരുന്നു. പഠനത്തെ ബാധിക്കാതെ അത് തുടര്‍ന്നുകൊണ്ട് പോവുന്നതിനിടയിലാണ് വടക്കാംകരയില്‍ മനോരമ പത്രത്തിന്റെ ഏജന്‍സി നടത്തിക്കൊണ്ടിരുന്നയാള്‍ നഷ്ടം മൂലം അത് ഇട്ടിട്ട് പോവുന്നത്. ആ ഏജന്‍സി ഞാന്‍ ഏറ്റെടുത്തു. വല്യമ്മയുടെ സ്വര്‍ണം പണയം വച്ചിട്ടാണ് സെക്യൂരിറ്റി ഡിപ്പോസിറ്റ് കൊടുക്കുന്നത്. ഏജന്‍സി എന്നു പറഞ്ഞാല്‍ വലുതായിട്ടൊന്നുമില്ല. തുടങ്ങുമ്പോള്‍ നാല്‍പ്പത് കോപ്പി വരെ ഒക്കെയായിരുന്നു. പിന്നീട് അത് നൂറ് കോപ്പിയുടെ അടുത്തേക്ക് ഉയര്‍ന്നു. മാസം മൂവായിരം രൂപ വരെ കമ്മീഷന്‍ കിട്ടും. അറുപതോളം കോപ്പികള്‍ ഞാന്‍ തന്നെ നേരില്‍ വിതരണം ചെയ്യും. അതുകൊണ്ട് വിതരണക്കാരന് പോവുന്ന പണവും നഷ്ടമാവാതെ സൂക്ഷിച്ചു. മാധ്യമവും മനോരമയും ഞാന്‍ വിതരണം ചെയ്യുമായിരുന്നു. അതിരാവിലെ ഉത്തരവാദിത്തത്തോടെ നമ്മള്‍ ആ ജോലി ചെയ്തു. അതിനൊപ്പം പഠനവും. വായനക്കാരന്‍ എപ്പോള്‍ വേണമെങ്കിലും പത്രം മാറ്റാം. ഒരു മാസം എക്‌സസ് കോപ്പി വന്നാല്‍ നമ്മുടെ ബിസിനസ് താളം തെറ്റും. ഒരാള്‍ പോയാല്‍ പുതിയ വരിക്കാരെ നോക്കി നമ്മള്‍ തന്നെ ഇറങ്ങേണ്ടി വരും പലപ്പോഴും. ആ അവസ്ഥക്ക് ഇടക്കൊരു മാറ്റം വന്നു. സ്‌കൂളുകളില്‍ പത്രം നിര്‍ബന്ധമാക്കി. പാഠ്യപദ്ധതിയുടെ ഭാഗമായി പ്രോജക്ടുകളും മറ്റും ചെയ്യാന്‍ കുട്ടികള്‍ക്കായി ആളുകള്‍ പത്രം വരിക്കാരായി. ആളുകള്‍ പത്രം ചോദിച്ചുവാങ്ങാന്‍ തുടങ്ങി. അതോടെ ബിസിനസ് നല്ല രീതിയില്‍ വളര്‍ന്നു. പത്രസ്ഥാപനങ്ങളും എനിക്ക് നല്ല പിന്തുണ തന്നു. രാവിലെ ജോലി കഴിഞ്ഞ് കോളേജില്‍ പോവും. വൈകിട്ട് തിരികെ വന്ന് പണം പിരിക്കാന്‍ പോകും. അങ്ങനെയായിരുന്നു ജീവിതം. അന്നന്നുള്ളത് അന്നന്ന് പഠിക്കുന്ന സ്വഭാവം അന്നും ഇല്ല ഇന്നും ഇല്ല. അക്കാലത്ത് സെമസ്റ്റര്‍ സിസ്റ്റം അല്ലാത്തതുകൊണ്ട് ലൈബ്രറി നന്നായി ഉപയോഗിച്ച് പഠിക്കുകയും ചെയ്തു. ഡിഗ്രി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി. അതിനിടെ സ്ഥാപനവും വളര്‍ന്നു. കുറേ പത്ര ഏജന്റമാര്‍ ഏജന്‍സി അവസാനിപ്പിച്ച് പോയി. പുതിയ ആളുകള്‍ ആ ജോലി ഏറ്റെടുക്കാതെ വന്നു. വലിയ ഏജന്‍സികള്‍ കക്ഷ്ണമാക്കി നമ്മുടെ കയ്യില്‍ ഏല്‍പ്പിച്ചു. അങ്ങനെ കോപ്പികള്‍ അധികമായി”.

2005-ല്‍ സനേഷ് ബിരുദം പൂര്‍ത്തിയാക്കി. 2007-ല്‍ കൊമേഴ്‌സ് ബിരുദാനന്ദര ബിരുദവും നേടി. എം.കോം പൂര്‍ത്തിയായ ഉടന്‍ എല്‍ഐസിയില്‍ ബാങ്ക് അഷുറന്‍സ് ഓഫീസറായി താത്ക്കാലിക നിയമനം. പിന്നീട് സെറ്റ് പാസ്സായതിന് ശേഷം ബി.എഡ് പഠനം. 2010-ല്‍ നെറ്റ് പാസ്സാവുകയും ജെആര്‍എഫ് ലഭിക്കുകയും ചെയ്തു. എല്‍ഐസിയില്‍ ഡവലപ്‌മെന്റ് ഓഫീസറായി സ്ഥിരം നിയമം ലഭിക്കുമായിരുന്നെങ്കിലും അധ്യാപകവൃത്തിയോടുള്ള താത്പര്യം മൂലം ആ സാധ്യത ഉപേക്ഷിച്ചു. 2010-ല്‍ ഗസ്റ്റ് അധ്യാപകനായി ജോലിക്ക് കയറി. ഗവേഷണം എന്ന ആഗ്രഹം മനസ്സില്‍ വന്നതോടെ അന്നേവരെ തുടര്‍ന്ന് പോന്നിരുന്ന പത്ര ഏജന്‍സി നിര്‍ത്തേണ്ടതായി വന്നു. “എനിക്ക് ബൈക്ക് ഓടിക്കാനറിയില്ല. ആകെ അറിയാവുന്നത് സൈക്കിളാണ്. അതുകൊണ്ട് തന്നെ കോപ്പികള്‍ കൂടിയതോടെ കൈകാര്യം ചെയ്യല്‍ ബുദ്ധിമുട്ടായി. ഗവേഷണത്തിനിറങ്ങണമെങ്കില്‍ അതില്‍ മുഴുവന്‍ സമയവും ശ്രദ്ധ നല്‍കേണ്ടതായും വരും. അതുകൊണ്ട് അന്നേവരെ വലിയ വരുമാന സ്രോതസ്സായിരുന്ന ഏജന്‍സി നിര്‍ത്താന്‍ തീരുമാനിച്ചു. 2010-ലാണ് ഏജന്‍സി നിര്‍ത്തുന്നത്. നഷ്ടത്തിലല്ലാതെ സാമ്പത്തിക ലാഭത്തില്‍ ഏജന്‍സി നിര്‍ത്തുന്ന ചുരുക്കം പേരില്‍ ഒരാളായിരുന്നു ഞാന്‍”.

എന്നാല്‍ ഗവേഷണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ സനേഷിന് മുന്നില്‍ പ്രതിസന്ധികളായിരുന്നു കൂടുതല്‍. കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ബി. ജോണ്‍സണോടാണ് സനേഷ് ആദ്യം താന്‍ ഗവേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്. വിഷയത്തില്‍ താത്പര്യം തോന്നിയെങ്കിലും ജോണ്‍സണ് അന്ന് ഗൈഡ്ഷിപ്പ് ലഭിച്ചിരുന്നില്ല. അതിനാല്‍ അതുവരെ കാത്തിരിക്കാനാണ് സനേഷിന് കിട്ടിയ മറുപടി. പിന്നീട് അതിനുള്ള അവസരം വന്നപ്പോള്‍ ‘കേരളത്തിലെ പത്രവിതരണക്കാരുടെ പത്രവിതരണ രീതികള്‍’ എന്ന വിഷയത്തില്‍ സനേഷ് ഡോക്ട്രല്‍ കമ്മറ്റിക്ക് മുന്നില്‍ സിനോപ്‌സിസ് അവതരിപ്പിച്ചു. പക്ഷെ ആദ്യവട്ടം അത് തള്ളിപ്പോയി. അതിന് ഡോക്ട്രല്‍ കമ്മറ്റി പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ സനേഷിന് മുന്നിലുള്ള വെല്ലുവിളികള്‍ തന്നെയായിരുന്നു. ഡാറ്റ കിട്ടില്ല, പഠിക്കാന്‍ സാധ്യമല്ല എന്നതായിരുന്നു അത്. “പത്രവിതരണക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച്, അവരെക്കുറിച്ച് ആരും പഠിക്കുകയോ ചര്‍ച്ച ചെയ്തതോ കണ്ടിട്ടും കേട്ടിട്ടുമില്ല. അവര്‍ എവിടേയും അഡ്രസ്സ് ചെയ്യപ്പെടുകയും ചെയ്യുന്നില്ല. ഒരു വര്‍ഷം കൂടുമ്പോള്‍ ഏജന്റുമാരുടെ മീറ്റിങ് വിളിച്ച് ഒരു കുടയോ പ്ലേറ്റോ ഒക്കെ സമ്മാനം കൊടുത്ത് നല്ല ഭക്ഷണവും നല്‍കി പറഞ്ഞയക്കുമ്പോള്‍ ഒരു പത്രസ്ഥാപനവും വിതരണക്കാരുടെ വിഷയങ്ങള്‍ കേള്‍ക്കുന്നില്ല. കേട്ടു എന്ന് വരുത്തുകയേയുള്ളൂ. ഒരു അസോസിയേഷന്‍ പോലും അവര്‍ക്കില്ല. ഇനി, പത്രവായനക്കാരുടെ പ്രശ്‌നങ്ങള്‍ പറയാനും ഇടമില്ല എന്നതാണ് യാഥാര്‍ഥ്യം. അടിസ്ഥാനപരമായി ഇതൊരു ഉത്പ്പന്നമാണ്. പണം കൊടുത്ത് വാങ്ങുന്ന ഉത്പ്പന്നം. വായനക്കാരന്റെ/ഉപഭോക്താവിന്റെ പോയന്റ് ഓഫ് വ്യൂവോ ബിസിനസ് പോയന്റ് ഓഫ് വ്യൂവോ ഒന്നും അഡ്രസ്സ് ചെയ്യപ്പെടുന്നില്ല. പ്രശ്‌നങ്ങള്‍ പലതുണ്ടെങ്കിലും ഒന്നിനും പരിഹാരമില്ല. അതാണ് ആ വിഷയം തന്നെ പഠിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. ആദ്യഘട്ടത്തില്‍ സിനോപ്‌സിസ് തള്ളിയപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞത് എനിക്ക് ഈ പഠനം ചെയ്യാന്‍ കഴിയും എന്നുതന്നെയാണ്. അക്കാദമിക് സ്ട്രീമില്‍ നിന്ന് വരുന്നയാള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലായിരിക്കാം. പക്ഷെ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തുന്നയാള്‍ക്ക് അത് ബുദ്ധിമുട്ടാവില്ല. എന്തായാലും രണ്ടാമത്തെ പ്രാവശ്യം സിനോപ്‌സിസ് അംഗീകരിക്കപ്പെട്ടു. അങ്ങനെ ഗവേഷണം തുടങ്ങാമെന്നിരിക്കെയാണ് വടക്കാഞ്ചേരി വ്യാസ കോളേജില്‍ സ്ഥിരനിയമനം ലഭിക്കുന്നത്. ജോലി കിട്ടിയതിനാല്‍ ഫെല്ലോഷിപ്പ് എടുക്കാതെ ജോലിയോടൊപ്പം പാര്‍ട് ടൈം ആയി ഗവേഷണം ചെയതു തുടങ്ങി. അഞ്ച് വര്‍ഷം കൊണ്ടാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. തുടങ്ങുന്നത് ലിറ്ററേച്ചര്‍ റിവ്യൂവില്‍ നിന്നാണല്ലോ. പക്ഷെ പരിശോധിക്കുമ്പോഴാണ് കേരളത്തില്‍ നിന്ന് ഈ വിഷയത്തില്‍ എഴുത്തോ പഠനങ്ങളോ ഒന്നും തന്നെയുണ്ടായിട്ടില്ല. കേരളം പത്രങ്ങളുടെ വലിയ മാര്‍ക്കറ്റ് ആണ്. എന്നാല്‍ പോലും പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടല്ലാതെ അതിന്റെ വിതരണം, ബിസിനസ് ആംഗിളില്‍ പഠനങ്ങള്‍ നടന്നിട്ടില്ല. അന്തര്‍ദേശീയ തലത്തില്‍ നോക്കിയപ്പോള്‍, ചില കോളേജുകള്‍ മിനിയേച്ചര്‍ പ്രോജക്ടിന്റെ ഭാഗമായി പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നല്ലാതെ വിശദമായി ഒന്നുമില്ല. ലോകത്ത് നടന്നിട്ടുള്ളതും മറ്റ് പല ആംഗിളുകളിലുള്ള പഠനങ്ങളാണ്. അപ്പോള്‍ എന്റെ റിസ്‌ക് കൂടി. റിസ്‌കിനേക്കാള്‍ പഠനത്തിന്റെ ആവശ്യകതയും പ്രസക്തിയും ഏറി. ഇത്രത്തോളം വലിയ സാധ്യതകളുള്ള പഠനമാണിതെന്ന് മനസ്സിലാവുകയും ചെയ്തു. വിതരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എനിക്കറിയാം. പക്ഷെ പ്രശ്നങ്ങള്‍  പറയുന്നതല്ലല്ലോ പഠനം. നാലഞ്ച് പ്രധാനപ്പെട്ട മേഖലകളിലേക്ക് പഠനത്തെ കൊണ്ടുപോയി. പ്രതിസന്ധികള്‍, സാമ്പത്തികം, വിതരണക്കാരെ കിട്ടാത്തത്, വായനക്കാരുടെ ബോധം, വായനാശീലങ്ങള്‍ എന്നിങ്ങനെ. മൂന്ന് ടാര്‍ജറ്റ് ഗ്രൂപ്പ് ആയിരുന്നു എന്റെ മുന്നില്‍. ഏജന്റ്, വിതരണക്കാരന്‍, വായനക്കാരന്‍. പഠനസമയത്ത് ഏറ്റവും വലിയ വെല്ലുവിളിയായത് പത്ര ഉടമകള്‍ ഏജന്റുമാരെ സംബന്ധിച്ച ഒരു വിവരവും കൈമാറിയില്ല എന്നതായിരുന്നു. എത്ര പത്ര ഏജന്റുമാര്‍ ഉണ്ടെന്ന ചോദ്യത്തിന് പോലും അവര്‍ ഉത്തരം നല്‍കിയില്ല. പക്ഷെ അന്വേഷണങ്ങള്‍ പുരോഗമിച്ചു. പഠനവും എഴുത്തും മുന്നോട്ട് പോയി. അങ്ങനെ പഠനം പൂര്‍ത്തിയായി.”

കോട്ടയം, കോഴിക്കോട്, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു സനേഷിന്റെ പഠനം. ഏജന്റുമാരും വിതരണക്കാരും സാമ്പത്തിക, സാമൂഹിക സുരക്ഷാ പ്രതിസന്ധികള്‍ നേരിടുന്നു എന്ന് സനേഷിന്റെ പഠനം പറയുന്നു. പത്രങ്ങളുടെ വില വര്‍ധിക്കുന്നു എങ്കിലും അതിനൊത്ത് ഏജന്റുമാരുടെയോ വിതരണക്കാരുടേയോ വരുമാനം വര്‍ധിപ്പിക്കുന്നില്ല. കേരളത്തില്‍ പത്രങ്ങളുടെ പരസ്യ വരുമാനം വര്‍ധിച്ച് വരുന്നതിനാല്‍ അതില്‍ നിന്ന് ഒരു വിഹിതം ഏജന്റുമാരുടെ ഉന്നതിക്കായി മാറ്റി വയ്ക്കണമെന്നാണ് സനേഷ് മുന്നോട്ട് വക്കുന്ന നിര്‍ദ്ദേശം.

നിലവില്‍ വടക്കാഞ്ചേരി വ്യാസ കോളേജില്‍ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമാണ് ഈ 33-കാരന്‍. പഠനവഴിയില്‍ വിജയങ്ങള്‍ നേടുമ്പോഴും പത്രവിതരണക്കാരനാക്കിയ തന്റെ സ്വപ്‌നവും സനേഷ് കൈവിട്ടില്ല. ഓഹരിക്കണക്കുകളില്‍ എന്നും വിസ്മയം കൊള്ളുകയും താത്പര്യം തോന്നുകയും ചെയ്തിട്ടുള്ള സനേഷ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടേയും കേരള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെയും അംഗീകൃത ട്രെയിനര്‍ കൂടിയാണ്. ഭാര്യ വി. ഗ്രീഷ്മ പെരിന്തല്‍മണ്ണ ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍