UPDATES

പോസിറ്റീവ് സ്റ്റോറീസ്

സര്‍ക്കാര്‍ കൈയൊഴിഞ്ഞ ആദിവാസി ഊരില്‍ വെളിച്ചവുമായി ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍

ഇടുക്കിയിലെ കല്ലേല്‍മടക്കുടി ഊരുകളിലാണ് സോളാര്‍ വൈദ്യുതിയുമായി വിദ്യാര്‍ത്ഥികള്‍ കടന്നു ചെല്ലുന്നത്

ഇടവേളകളില്ലാതെ അക്കാദമിക് കലണ്ടറിലെ പരീക്ഷാച്ചൂടിനിടയിലും നന്മയുടെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍. കോളേജില്‍ അദ്വയ എന്ന പേരില്‍ എല്ലാ വര്‍ഷവും നടക്കുന്ന ടെക്‌നിക്കല്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തങ്ങളാണ് സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2015 മുതലാണ് വിദ്യാര്‍ത്ഥി കൂട്ടായ്മ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്. ഏറ്റവുമൊടുവില്‍, സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമെന്ന ബഹുമതി സ്വന്തമാക്കിയിട്ടും ഇനിയും വെളിച്ചമെത്താത്ത ഇടുക്കിയിലെ ആദിവാസി കുടിലുകളില്‍ വൈദ്യുതിയെത്തിക്കാനുള്ള ശ്രമത്തിലാണിവര്‍.

‘ഊരുവെട്ടം’ എന്ന പേരില്‍ ആദിവാസി കുടിലുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് അവര്‍ക്കാവശ്യമായ കാറ്റും വെളിച്ചവും എത്തിക്കാനുള്ള പദ്ധതി അനര്‍ട്ടിന്റെ സഹായത്തോടെ നടപ്പാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇടമലക്കുടിയിലെ ആദിവാസി പ്രശ്‌നങ്ങളില്‍ അവസാനം സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി വൈദ്യുതിയെത്തിയിട്ടും പൈനാവിനടുത്തുള്ള കല്ലേല്‍മടക്കൂടി ഊരുകള്‍ നിരന്തരമായ അവഗണനയിലാണ്. പൈനാവില്‍ നിന്നും ഏതാണ്ട് 6 കിമി അകലത്തില്‍ സ്ഥിതി ചെയ്യുന്ന കല്ലേല്‍മടക്കുടിയില്‍ വൈദ്യുതീകരണം നടത്തുന്നത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമാണെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇടമലടക്കുടിയില്‍ ഭൂമിക്കടിയിലൂടെ കേബിളുകള്‍ വലിച്ചാണ് കറന്റ് എത്തിച്ചതെന്നും എന്നാല്‍ കല്ലേല്‍മടക്കുടിയില്‍ അത്തരത്തിലുള്ള പദ്ധതി നടപ്പാക്കാന്‍ പരിമിതികളുണ്ടെന്നും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു.

"</p

ഊരുവെട്ടത്തെക്കുറിച്ചും അനുബന്ധ സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യര്‍ഥിയായ നന്ദു ടി എസ് സംസാരിക്കുന്നു;

‘ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഏഴു വര്‍ഷമായി സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റാണ് അദ്വയ. മൂന്നു വര്‍ഷം മുമ്പാണ് ഒരു ഫെസ്റ്റിനപ്പുറം സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം എന്ന് കോളേജിലെ വിദ്യാര്‍ഥികള്‍ ആലോചിച്ചത്. അഞ്ചു ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 1200 ഓളം വിദ്യര്‍ഥികളാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ ജില്ലകളില്‍ നിന്നുമായി പഠിക്കുന്നത്. ഞങ്ങള്‍ 2015 ല്‍ ‘പൊതിച്ചോര്‍’ എന്ന പേരില്‍ നടത്തിയ പരിപാടിക്ക് നാനാഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലെ 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട അനാഥാലയങ്ങളിലും തെരുവില്‍ ജീവിതം തള്ളി നീക്കുന്നവര്‍ക്കും ഓണ ദിവസത്തില്‍ വിഭവ സമൃദ്ധമായ സദ്യ നല്‍കാന്‍ അതിലൂടെ സാധിച്ചു.

ആദ്യ ഘട്ടത്തില്‍ ഇടുക്കി ജില്ല മാത്രമായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചതെങ്കിലും കോളേജില്‍ പഠിക്കുന്ന വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് സംസ്ഥാനം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. നേരത്തെ പറഞ്ഞതുപോലെ അതാതു ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ഓരോ ഇനം വിഭവങ്ങള്‍ പാകം ചെയ്ത് അവിടങ്ങളിലെ ലൊക്കേഷനുകളില്‍ ഭക്ഷണത്തെ എത്തിക്കുക വഴി വലിയൊരു സാമ്പത്തിക പ്രശ്‌നത്തെയും മറികടക്കാന്‍ സാധിച്ചെന്നു വേണം പറയാന്‍. കേവലം ഏഴു ദിവസം കൊണ്ടായിരുന്നു ഇത് സംഘടിപ്പിച്ചത്. ഞങ്ങള്‍ നടത്തിയ പൊതിച്ചോര്‍ പദ്ധതിയില്‍നിന്നും പ്രചോദനം ഉള്‍കൊണ്ട് തിരുവനന്തപുരം എസ് സി ടിയില്‍ ‘അന്നം’ എന്ന പേരില്‍ സമാനമായ പരിപാടികള്‍ നടത്തിയത് അങ്ങേയറ്റം സന്തോഷം നല്‍കുന്ന കാര്യമാണ്.

"</p

കൂടാതെ 2016 ല്‍ ‘പുത്തകപ്പുര’ പദ്ധതിയും കോളേജ് വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു നടപ്പാക്കിയതും വന്‍ വിജയമായിരുന്നു. ഇടുക്കി കോളനിയിലെ പാറേമാവില്‍ വിദ്യര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരു മികച്ച ലൈബ്രറി ഒരുക്കി. ആദ്യ ഘട്ടത്തില്‍ 700 പുസ്തകങ്ങള്‍ അവിടെ എത്തിച്ചു. ക്യാമ്പസിലെ കുട്ടികള്‍ക്കിടയില്‍ ‘MY BOOK CHALLENGE’ എന്ന പേരില്‍ ഒരു മത്സരം നടത്തിയാണ് പുസ്തകങ്ങള്‍ സ്വരൂപിച്ചത്. നിരവധി കുട്ടികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറി നാടിന് മുതല്‍കൂട്ടവുമെന്നു സംശയമില്ല.

ഈ വര്‍ഷമാണ് ഊരുവെട്ടം പരിപാടി സംഘടിപ്പിക്കാന്‍ കോളേജ് തയ്യാറാവുന്നത്. നേരത്തെ പറഞ്ഞപോലെ ഇനിയും വെളിച്ചമെത്താത്ത കല്ലേല്‍മടക്കുടിയിലെ ആദിവാസി ഊരുകളില്‍ വെളിച്ചമെത്തിക്കുകയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. ഇതിനായി സോളാര്‍ പാനലില്‍ നിന്നും ബാറ്ററിയില്‍ ഊര്‍ജം സംഭരിച്ച് വൈദ്യുതി എത്തിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ നാല് ഊരുകളില്‍ പദ്ധതി നടപ്പാക്കും. ഓരോ വീടിനും പ്രതീക്ഷിക്കുന്ന ചിലവ് ഏകദേശം 23,860 രൂപ എന്നാണ് കണക്കാക്കിയിരിക്കുന്നത്. അഞ്ചു ലൈറ്റും ഒരു ഫാനും എന്ന നിലയ്ക്കാണ് ഞങ്ങള്‍ ഓരോ വീട്ടിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. പുറമെ അനര്‍ട്ടിന്റെ സഹായവും തേടിയിട്ടുണ്ട്. ചില സ്‌പോണ്‍സര്‍ഷിപ്പുകളും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി കൂടെയായ നന്ദു തന്നെയാണ് ഈ പദ്ധതികളുടെയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍. കോളേജ് യൂണിയനും എസ് എഫ് ഐ യൂണിയനും തങ്ങളുടെ പ്രവര്‍ത്തിനു പിന്തുണയുമായി കൂടെ നില്‍ക്കുന്നവെന്ന് നന്ദു പറയുന്നു.

വിദ്യാര്‍ഥികളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം തന്നെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം നിരവധിപേരാണ് അഭിനന്ദനവുമായി എത്തിയത്. ഇത്തവണ ഊരുവെട്ടത്തിന് ഇലക്ട്രിക് ഡിപ്പാര്‍ട്‌മെന്റിലെ 15 വിദ്യാര്‍ഥികളടങ്ങിയ സംഘമാണ് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. അധ്യാപകരുടെയും ജീവനക്കാരുടെയും അകമഴിഞ്ഞ പിന്തുണ കൂടി ഇവര്‍ക്ക് മുതല്‍ കൂട്ടായുണ്ട്. അദ്വയ ഫേസ്ബുക് പേജിലൂടെയും advayaofficail .in എന്ന വെബ്‌സൈറ്റിലൂടെയും നവമാധ്യമ രംഗത്തും ഈ വിദ്യാര്‍ഥിക്കൂട്ടായ്മ സജീവമാണ്.

റിതിന്‍ പൌലോസ് കൊച്ചുപറമ്പില്‍

റിതിന്‍ പൌലോസ് കൊച്ചുപറമ്പില്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍