UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഇത് കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സുകുമാരന്റെ കഥ; ഇപ്പോള്‍ വൃക്കരോഗികള്‍ക്ക് പുതുജീവന്‍ നല്‍കുന്ന പുതിയ മനുഷ്യന്‍

ജയില്‍വാസം പഠിപ്പിച്ച പാഠങ്ങളുമായി പുതിയ ജീവിതമാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സുകുമാരന്‍.

ശ്രീഷ്മ

ശ്രീഷ്മ

“പല ഭാഗത്തു നിന്നും പലതും പറയാന്‍ ആളുണ്ടാകുമെന്നറിയാം. ഞാന്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നെല്ലാം പറഞ്ഞേക്കും. ഞാനതൊന്നും കാര്യമാക്കുന്നില്ല. എന്നെക്കൊണ്ടു സാധിക്കുന്നത് ചെയ്യുക തന്നെ ചെയ്യും”, സുകുമാരന്‍ തന്റെ കഥ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്. തടവുപുള്ളികള്‍ക്ക് അവയവദാനം ചെയ്യാനുള്ള തടസ്സം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, അനുകൂലമായ ഭേദഗതി സമ്പാദിക്കുകയും ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ സുകുമാരന്‍, ഇപ്പോഴും അശരണരായ രോഗികള്‍ക്ക് സഹായമെത്തിക്കുകയാണ്. ജയില്‍വാസക്കാലം താറുമാറാക്കിയേക്കാമായിരുന്ന തന്റെ ജീവിതം തിരിച്ചു പിടിക്കുക മാത്രമല്ല, ഒപ്പം ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയുമാണ് ഈ പട്ടാമ്പിക്കാരന്‍.

നിസ്സാര തര്‍ക്കത്തിന്റെ പേരില്‍ പിതൃസഹോദരനെ കൊലപ്പെടുത്തിയാണ് ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധേയനായി 2010-ല്‍ സുകുമാരന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുന്നത്. ചെയ്ത പാതകത്തിന്റെ കുറ്റബോധവുമായി ജയില്‍ ശിക്ഷയനുഭവിക്കുന്നതിനിടെയാണ് വൃക്ക ദാനം ചെയ്ത ദമ്പതികളെക്കുറിച്ചുള്ള ഫീച്ചര്‍ വായിക്കാനിടയായതെന്ന് സുകുമാരന്‍ പറയുന്നു.

ഇന്ത്യയിലാദ്യമായി ഒരേ ദിവസം വൃക്ക ദാനം ചെയ്ത ദമ്പതികളായ ആര്യമഹര്‍ഷിയെയും ഭാര്യയെയും കുറിച്ചുള്ള ഫീച്ചറായിരുന്നു അത്. ഞങ്ങളുടെ അന്നത്തെ വെല്‍ഫെയര്‍ ഓഫീസറായിരുന്ന മുകേഷ് സാര്‍ വഴി ഞാനവര്‍ക്ക് കത്തയച്ചു. കത്തുകിട്ടിയ ഉടനെ ജയിലില്‍ നേരിട്ടെത്തി എന്നോടു സംസാരിക്കുകയും തടവുകാര്‍ക്കായി ബോധവത്ക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. ക്ലാസ് കഴിഞ്ഞപ്പോഴേക്കും മറ്റു ചില തടവുകാര്‍ കൂടി വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധതയറിയിച്ച് മുന്നോട്ടു വരികയും ചെയ്തിരുന്നു.

ആദ്യം ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോഴെല്ലാം അനുകൂല മറുപടിയാണ് ലഭിച്ചിരുന്നത്. എന്നാല്‍ വിഷയം പത്രത്തില്‍ വന്നതോടെയാണ് തടവുകാര്‍ക്ക് അവയവദാനം ചെയ്യാന്‍ നിയമതടസ്സമുള്ള കാര്യം ചര്‍ച്ചയാകുന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിനും ആഭ്യന്തരമന്ത്രി ചെന്നിത്തല സാറിനുമെല്ലാം അപേക്ഷകളയച്ചിരുന്നു. ആര്യ മഹര്‍ഷിയും ഭാര്യയും നേരിട്ടു പോയിക്കണ്ട് ചര്‍ച്ച ചെയ്യുകയും ചെയ്തു. അതിനു ശേഷമാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ ചീഫ് സെക്രട്ടറിയോട് വിശദീകരണമാവശ്യപ്പെടുന്നത്”.

ഇതിനിടെ ജയിലധികൃതരുടെ സാക്ഷ്യപ്പെടുത്തല്‍ കണക്കിലെടുത്ത് സുകുമാരന്റെ ശിക്ഷ ഇളവു ചെയ്ത് തിരുവനന്തപുരത്തെ തുറന്ന ജയിലിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ച് അന്നത്തെ ഡിജിപി ശ്രീലേഖ ഐപിഎസിനും നിവേദനം നല്‍കി. അനവധി പരിശ്രമങ്ങള്‍ക്കു ശേഷം ഒടുവില്‍ സുകുമാരന്റെ അപേക്ഷ മന്ത്രിസഭാ ചര്‍ച്ച ചെയ്യുകയും തടവുകാര്‍ക്കും അവയവദാനം ചെയ്യാം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍, പുതിയ നിയമ ഭേദഗതിയെ ദുരുപയോഗം ചെയ്യാതിരിക്കാനായി, അടുത്ത ബന്ധുക്കള്‍ക്കു വേണ്ടി മാത്രമേ ദാനം ചെയ്യാനാകൂ എന്ന നിബന്ധനയും ജയിലധികൃതര്‍ ഒപ്പം വച്ചിരുന്നു. ഇതിനെതിരെയാണ് സുകുമാരന്റെ ഇപ്പോഴത്തെ നീക്കം.

“രാജ്യത്തു തന്നെ ആദ്യമായാണ് ഒരു തടവുകാരന്റെ ആവശ്യം മന്ത്രിസഭ പാസ്സാക്കുന്നത്. പക്ഷേ, നിയമഭേദഗതി ഉപയോഗപ്പെടുത്താന്‍ എനിക്കു സാധിച്ചിട്ടില്ല. ശിക്ഷ കഴിഞ്ഞിറങ്ങിയിട്ടിപ്പോള്‍ രണ്ടു വര്‍ഷത്തോളമായി. ആറു മാസം മുന്നെയാണ് കൊല്ലത്തു നിന്നുള്ള ഇരുപതു വയസ്സുകാരിക്ക് വൃക്ക ദാനം ചെയ്തത്. ശാന്തി മെഡിക്കല്‍ സെന്ററുമായി ബന്ധപ്പെട്ടായിരുന്നു ആ കുട്ടിക്ക് വൃക്ക നല്‍കിയത്. വളാഞ്ചേരി സ്വദേശി ശ്രീകുമാറിനാണ് ആദ്യം വൃക്ക നല്‍കാന്‍ ശ്രമിച്ചത്, ജയിലിലുള്ളപ്പോള്‍ത്തന്നെ. പരോളിലിറങ്ങിയപ്പോള്‍ ടെസ്റ്റുകളെല്ലാം പൂര്‍ത്തിയാക്കിയതായിരുന്നു. നിയമാനുമതിക്കായി കാത്തിരിക്കുന്നതിനിടെ അദ്ദേഹം മരണപ്പെട്ടു. അതിനു ശേഷം മറ്റൊരു വ്യക്തി സഹായമന്വേഷിച്ചെത്തിയെങ്കിലും ശ്രീകുമാറിനു സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹത്തോട് മറ്റു ഡോണര്‍മാരെ അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കേണ്ടി വന്നു. മൂന്നാമത്തെ അവസരത്തിലാണ് എനിക്ക് അവയവദാനം ചെയ്യാന്‍ സാധിച്ചത്”, സുകുമാരന്‍ പറയുന്നു.

സുകുമാരന്‍ വൃക്ക ദാനം ചെയ്ത കുട്ടിക്കൊപ്പം

കുടുംബം ഉപേക്ഷിച്ച സുകുമാരന് ഇപ്പോള്‍ കൂട്ടായിട്ടുള്ളത് സഹായമെത്തിക്കുന്നതിനിടെ പരിചയപ്പെട്ട സമിതയും കുഞ്ഞുമാണ്. രോഗബാധിതനായി മരിച്ച സുഹൃത്തിന്റെ ഭാര്യയായിരുന്ന സമിതയെ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടു വലയുന്നതിനിടെയാണ് സുകുമാരന്‍ ആശുപത്രിയിലെത്തിക്കുന്നത്. ജീവിതത്തിലേക്ക് തിരികെവരാന്‍ ഒരു ശതമാനം സാധ്യത മാത്രം കല്‍പിച്ച സമിത ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ട് സുകുമാരനൊപ്പമുണ്ട്.

പട്ടാമ്പിയില്‍ ചികിത്സ തേടിയെത്തിയ മറ്റു രണ്ടു പേരും കഴിഞ്ഞ ഒരാഴ്ചയായി സുകുമാരന്റെ സംരക്ഷണയിലുണ്ട്. വൃദ്ധയായ അമ്മയെയും രക്തസമ്മര്‍ദ്ദത്താല്‍ തളര്‍ന്നു പോയ അവരുടെ മകനെയും ഉപേക്ഷിക്കാന്‍ തോന്നിയില്ലെന്ന് സുകുമാരന്‍ പറയുന്നു. കുടുംബാംഗങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ഇരുവരെയും സുകുമാരന്‍ സ്വന്തം വീട്ടില്‍ താമസിപ്പിച്ച് ചികിത്സിക്കുന്നു. സാമ്പത്തിക ബാധ്യതകള്‍ തനിക്ക് ഏറെയുണ്ടെന്നും സന്നദ്ധ സംഘടനകളില്‍ നിന്നുള്ള സഹായങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

എങ്കിലും, താന്‍ മുന്‍കൈയെടുത്തു കൊണ്ടുവന്ന നിയമഭേദഗതിയില്‍ നിലവിലുള്ള നിബന്ധനകള്‍ കൂടി തിരുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് സുകുമാരന്‍. “തടവുകാരുടെ ബന്ധുക്കള്‍ക്കു മാത്രമല്ലല്ലോ രോഗം വരിക. ജയില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്കും അവയവദാനം ചെയ്യാമെന്ന കാര്യം വാര്‍ത്തകളില്‍ വന്നതോടെ, ധാരാളം പേരാണ് ജയിലില്‍ നിന്നുള്ള ഡോണര്‍മാരെ അന്വേഷിച്ചെത്തി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ദാനം ചെയ്യാന്‍ സന്നദ്ധരായി തടവുകാരും മുന്നിലുണ്ട്. ഇവരെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കണം. ഇക്കാര്യത്തിന് മുഖ്യമന്ത്രിക്ക് എഴുതുകയല്ല, നേരിട്ട് പോയിക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് അപേക്ഷ നല്‍കുകയാണ് വേണ്ടത്. അതിനുള്ള സ്വാധീനമോ പരിചയക്കാരോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. ഉടനെ തന്നെ അതിനുള്ള നടപടികളാരംഭിക്കും”.

ഒരിക്കല്‍ ചെയ്ത ക്രൂരകൃത്യത്തിന്റെ ഓര്‍മകളില്‍ വേദനിച്ച്, ഒടുവില്‍ അനവധി പേര്‍ക്ക് പുതുജീവനുണ്ടാകാന്‍ കാരണമാകുകയാണ് സുകുമാരന്‍. സഹതടവുകാരെ അവയവദാനത്തിന്റെ ആവശ്യകതയെക്കുറിച്ചു വിശദീകരിച്ച് പ്രചോദിപ്പിക്കുന്ന, ഊര്‍ജസ്വലനും കര്‍മനിരതനുമായ വ്യക്തിയായാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി മഹേഷും സുകുമാരനെക്കുറിച്ച് ഓര്‍ക്കുന്നത്. ജയില്‍വാസം പഠിപ്പിച്ച പാഠങ്ങളുമായി പുതിയ ജീവിതമാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സുകുമാരന്‍. ‘എന്നെക്കൊണ്ടാവുന്നതെല്ലാം ഞാന്‍ ചെയ്യും’ എന്ന നിശ്ചയദാര്‍ഢ്യത്തോടെത്തന്നെ.

അവയവദാനത്തിനെതിരെ തെറ്റായ പ്രസ്താവന നടത്തിയതിന് മാപ്പ് ചോദിക്കുന്നു: ശ്രീനിവാസന്‍

അവയവദാനം; ജീവിച്ചിരിപ്പുണ്ടോ എന്നന്വേഷിക്കണം എന്ന് ശ്രീനിവാസന്‍ പറഞ്ഞയാള്‍ മറുപടിയുമായി രംഗത്ത്

അവയവദാനത്തിന്റെ മഹത്തായ മാതൃക; കേരളത്തിലെ ബസ് ക്ലീനര്‍ക്ക് വൃക്ക നല്‍കി ഡല്‍ഹി കോളേജ് പ്രൊഫസര്‍

മരണം മുഖാമുഖം കണ്ടിരിക്കുന്നവരോട് ‘സ്വന്തം ചോര’യുടെ ശുദ്ധി പ്രസംഗിക്കരുത്

അവയവദാനം തട്ടിപ്പല്ല: തെറ്റിദ്ധാരണകള്‍ മാറ്റൂ, നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം

അവയവദാനം: കേരളം പിറകില്‍? ഈ വര്‍ഷം ഇതുവരെ ദാനം ചെയ്തത് 52 എണ്ണം മാത്രം

അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഞാന്‍ ഒപ്പുവച്ചു; നിങ്ങളോ?

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍