UPDATES

പോസിറ്റീവ് സ്റ്റോറീസ്

വെള്ളപ്പൊക്കം; ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കോളേജ് പ്രിന്‍സിപ്പലും സംഘവും

മഴക്കാല ദുരിതം പേറി ഹോസ്റ്റലുകളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്കായി പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നും കുടിവെള്ളം, ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എത്തിച്ചു നല്‍കിയാണ് ഡോ. സുനില്‍ കുമാറും സംഘവും രക്ഷകരായത്.

കുസാറ്റ് പുളിങ്കുന്ന് എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല ഡോ. എന്‍ സുനില്‍ കുമാറെന്ന അധ്യാപകനെ. പുളിങ്കുന്നിലെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ്ങ് കുട്ടനാടിന്റെ പ്രിന്‍സിപ്പലാണ് ഡോ. എന്‍ സുനില്‍ കുമാര്‍. സംസ്ഥാനത്ത് പെയ്ത കനത്തമഴയില്‍ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ തന്റെ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സഹായങ്ങളുമായി മുന്നിട്ടിറങ്ങിയ വ്യക്തിയാണ് കുട്ടനാട്ടുകാരന്‍ കൂടിയായ ഈ അധ്യാപകന്‍.

മഴക്കാല ദുരിതം പേറി ഹോസ്റ്റലുകളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്കായി പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നും കുടിവെള്ളം, ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എത്തിച്ചു നല്‍കിയാണ് ഡോ. സുനില്‍ കുമാറും സംഘവും രക്ഷകരായത്.
മധ്യ വേനലവധി കഴിഞ്ഞ് കുട്ടികള്‍ ക്യാംപസിലേക്ക് എത്തിത്തുടങ്ങിയ സമയത്താണ് കേരളത്തില്‍ കനത്ത മഴ ആരംഭിക്കുന്നത്. മഴ രൂക്ഷമായതോടെ വിദ്യാര്‍ഥികളില്‍ ഭുരിഭാഗവും മടങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 ഓളം വിദ്യാര്‍ഥികള്‍ കോളജിനു സമീപത്തെ ഹോസ്റ്റലുകളില്‍ തന്നെ തങ്ങുകയായിരുന്നു.

കനത്ത മഴയില്‍ കുട്ടനാട്ടില്‍ ക്രമാതീതമായി വെള്ളം കയറിയതോടെ കുട്ടികള്‍ തങ്ങിയിരുന്ന സ്വകാര്യ ഹോസ്റ്റലുകളില്‍ വെള്ളത്തിലാവുകയും, കുടിവെള്ളം ഭക്ഷണം എന്നിവ പ്രതിസന്ധി നേരിടുകയുമായിരുന്നു. തിങ്കാളാഴ്ച രാത്രിയോടെ വിദ്യാര്‍ഥികള്‍ ഇക്കാര്യം തങ്ങളുടെ പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അദ്ദേഹം തന്റെ കുട്ടികളെ ദുരിതം അനുഭവിക്കാന്‍ വിടാന്‍ തയ്യാറല്ലായിരുന്നു.

ഇതോടെ വിദ്യാര്‍ഥികളോട് കോളജ് കാംപസിലേക്ക് മാറാനും, കാന്റീന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ഡോ. സുനില്‍ കുമാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ളവ അപ്പോഴും ലഭ്യമായിരുന്നില്ല. വെള്ളം ശേഖരിക്കുന്ന മോട്ടോര്‍ അടക്കം തകരാറിലാവുകയു ചെയ്തിരുന്നു.

ഇതോടെയാണ് കുട്ടികള്‍ക്കാവശ്യമായ സാധനങ്ങളുമായി അധ്യാപകരുടെ സംഘം ഡോ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയത്. ചങ്ങനാശ്ശേരിയില്‍ നിന്നും കഴിയുന്നത്ര കുടിവെള്ളവും, അവശ്യ സാധനങ്ങളും ശേഖരിച്ച് അധ്യാപകനായ ഹരികൃഷ്ണന്‍, സ്റ്റാഫ് അനൂപ് എന്നിവര്‍ക്കൊപ്പം ബോട്ടില്‍ കുട്ടികള്‍ക്കടുത്തേക്ക് പോവുകയാരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷമാണ് ഇവര്‍ സാധനങ്ങള്‍ ശേഖരിച്ചത്. സ്വന്തം കയ്യില്‍ നിന്നു തന്നെയാണ് അദ്ധ്യാപകര്‍ പണം മുടക്കിയത്. 30 ഓളം വലിയ കുടിവെള്ള കാനുകളും ഇവര്‍ എത്തിച്ചു. കുട്ടികള്‍ ആവശ്യപ്പെട്ട പൊന്നി അരി, ന്യൂഡില്‍സ് ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങും ഇവര്‍ കരുതിയിരുന്നു. ഹരികൃഷ്ണന്‍, അനൂപ് എന്നീ ജീവനക്കാരും സജീവമായി സുനില്‍ കുമാറിനൊപ്പമുണ്ടായിരുന്നു.

അവശ്യ സാധനങ്ങളുമായി വന്ന അധ്യാപകരുടെ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഡോ. സുനില്‍ കുമാറിനെയും സംഘത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കുട്ടനാട് കാവാലം സ്വദേശിയായ ഡോ. സുനില്‍ കുമാര്‍ കോളജിന്റെ തുടക്കം മുതല്‍ 19 വര്‍ഷത്തോളമായി ക്യാംപസില്‍ അധ്യാപകനാണ്. ഒരു വര്‍ഷം മുന്‍പാണ് കോളജിന്റെ പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുന്നത്.

ഒറ്റപ്പെട്ട് കുട്ടനാട്; ജനങ്ങള്‍ കഞ്ഞി വീഴ്ത്ത് കേന്ദ്രങ്ങളില്‍; മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പോലും വഴിയില്ല

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍