ഭിന്നശേഷിയുള്ള കുട്ടികള്‍, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചവര്‍, വീടില്ലാത്തവര്‍, ഒരു നിമിഷത്തെ തെറ്റുകൊണ്ട് അമ്മമാരായവര്‍ – എല്ലാവരെയും ഐല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കൂട്ടായ്മയാണ് യാസ്മിന്റെ സ്വപ്നം
374 സ്ത്രീകള്‍, അഞ്ഞൂറിലധികം ഏക്കറിലെ നെല്‍കൃഷി, ഒന്‍പതോളം ഉല്‍പന്നങ്ങള്‍ – മലപ്പുറം ജില്ലയിലെ തെന്നല എന്ന പിന്നാക്ക പഞ്ചായത്തിനെ മികച്ച കര്‍ഷകഗ്രാമങ്ങളുടെ പട്ടികയില്‍ അടയാളപ്പെടുത്തിയ ഒരു കമ്പനിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തെന്നലയിലെ തരിശു നിലങ്ങളെ പാടശേഖരങ്ങളാക്കുകയും, അവിടെ കൃഷിചെയ്യുന്ന നെല്ല് വിദേശരാജ്യങ്ങളില്‍ വരെയെത്തിക്കുകയും ചെയ്ത ഒരു കമ്പനി. സ്ത്രീകളുടെ മാത്രം കൂട്ടായ്മയില്‍ ഒരു ഗ്രാമത്തിലെ കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചു പിടിക്കുകയും, വീടിനു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ഒരു കൂട്ടം വീട്ടമ്മമാരെ വാണിജ്യ മേഖലയിലേക്കിറക്കുകയും ചെയ്തതിന്റെ വിജയകഥകളാണ് തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്ന കുടുംബശ്രീ സംരംഭത്തിനു പിറകിലുള്ളത്.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഒരു സംഘം സ്ത്രീകളുടെ ഇച്ഛാശക്തി മാത്രമാണ് ഇന്ന് അഞ്ഞൂറോളം ഓഹരിയുടമകളുള്ള തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സിനു പിന്നിലെ ചാലക ശക്തി. ‘തെന്നല’ എന്ന നാടന്‍ അരി ഒരു ബ്രാന്‍ഡാക്കി മാറ്റിയ സ്ത്രീകളുടെ കഥകളെക്കുറിച്ച് പറയുമ്പോള്‍ നാട്ടുകാര്‍ക്കെല്ലാവര്‍ക്കും ആവര്‍ത്തിക്കാനുള്ളത് യാസ്മിന്‍ എന്ന പേരാണ്. സ്വയം മുന്നോട്ടു നടക്കുമ്പോഴും തനിക്കു ചുറ്റുമുള്ള 374 പേരെ ഒപ്പം കൂട്ടിയ യാസ്മിന്‍ അരിമ്പ്ര, തെന്നല അഗ്രോയുടെ മാനേജിംഗ് ഡയറക്ടര്‍. തെന്നല അരി എന്ന ബ്രാന്‍ഡിന്റെ കഥ യാസ്മിന്റേതു കൂടിയാണ്.
യാസ്മിന്‍ അരിമ്പ്ര, തെന്നല അഗ്രോയുടെ സാരഥി
തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ തെന്നലയുടെ മാറ്റങ്ങള്‍ കൂടിയായതിന്റെ കഥ യാസ്മിന്‍ തന്നെ പറയുന്നതിങ്ങനെ: ‘ഞാന്‍ അധികമൊന്നും പഠിച്ചിട്ടില്ലായിരുന്നു. ഇവിടെയുള്ള മറ്റു യാഥാസ്ഥിതിക കുടുംബങ്ങളിലെന്ന പോലെ, നേരത്തേ പഠിത്തം നിര്‍ത്തി വീട്ടില്‍ത്തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു. 2011 വരെ പുറത്തു പോലും ഇറങ്ങാത്ത ഒരു സാധാരണ സ്ത്രീയായിരുന്നു ഞാന്‍. അയല്‍ക്കൂട്ടങ്ങള്‍ വളരെ പെട്ടെന്ന് രൂപീകരിക്കപ്പെട്ടു വരുന്ന കാലമായിരുന്നു അത്. ഇവിടെയുള്ള അയല്‍ക്കൂട്ടത്തില്‍ പോയിത്തുടങ്ങിയതാണ്. അവിടുത്തെ ഭാരവാഹികളില്‍ ഒരാളായി സ്ഥാനമേല്‍ക്കേണ്ടി വന്നു, അതിനു ശേഷം അയല്‍ക്കൂട്ടത്തിന്റെ പല കാര്യങ്ങള്‍ക്കുമായി പഞ്ചായത്തില്‍ കയറിയിറങ്ങി അവിടെയൊക്കെ നല്ല പരിചയമായി. കുടുംബശ്രീയുടെ നേതൃസ്ഥാനത്തേക്ക് പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്ന സമയത്ത് ഞാനറിയാതെ തന്നെ അവര്‍ എന്നെയും ഉള്‍പ്പെടുത്തി. അങ്ങിനെയാണ് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ആകുന്നത്.’
ചെയര്‍പേഴ്‌സണായി സ്ഥാനമേറ്റ് യാസ്മിന്‍ ആദ്യമായി മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷന്‍ യോഗത്തിനു ചെല്ലുന്നതോടെയാണ് കഥ മാറുന്നത്. 94 ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ പദ്ധതികള്‍ കണക്കിലെടുത്ത് വിലയിരുത്തുമ്പോള്‍ 94ാം സ്ഥാനത്തായിരുന്നു അന്ന് തെന്നല. താന്‍ ചെയര്‍പേഴ്‌സണായിരിക്കുന്ന കാലയളവിനുള്ളില്‍ ആ ചീത്തപ്പേരു മാറ്റണമെന്ന യാസ്മിന്റെ ചിന്തയിലാണ് പിന്നീട് വലിയ വിജയമായി മാറിയ സ്പര്‍ശം, ആശ്രയം, അതുല്യം എന്നീ പദ്ധതികള്‍ക്കൊപ്പം ഫാര്‍മേഴ്‌സ് ക്ലബ് എന്ന ആശയവും നടപ്പില്‍ വരുത്തുന്നത്.
കൃഷിയിലേക്ക് തിരിയാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം എന്തു ചെയ്യണമെന്ന അറിവുപോലും ഉണ്ടായിരുന്നില്ലെന്ന് യാസ്മിന്‍ പറയുന്നു. പതിയെ എല്ലാം പഠിച്ചെടുത്തും, തരിശു ഭൂമിയുടെ ഉടമസ്ഥരെ കണ്ടു സംസാരിച്ച് പാട്ടത്തിനെടുത്തുമാണ് സ്ത്രീകളുടെ കര്‍ഷകക്കൂട്ടായ്മ തെന്നലയില്‍ ആദ്യമുണ്ടാകുന്നത്. കുടുംബശ്രീയിലെ സഹപ്രവര്‍ത്തകരോടൊപ്പം 13 ഏക്കറില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിവെച്ച നെല്‍കൃഷി ഇന്ന് അഞ്ഞൂറിലധികം ഏക്കറില്‍ നെല്ലുല്‍പാദിപ്പിക്കുന്ന കമ്പനിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവിടെ കര്‍ഷകരായ ഓരോ സ്ത്രീകളും ഇന്ന് സംരംഭകര്‍ കൂടിയാണ്. യാസ്മിന്‍ എന്ന ഒറ്റയാള്‍പ്പട്ടാളം വിഭാവനം ചെയ്ത നെല്‍കൃഷിക്കൂട്ടായ്മ ഇന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട, വിദേശത്തു നിന്നു പോലും ആവശ്യക്കാരുള്ള ബ്രാന്‍ഡാണ്.
കുടുംബശ്രീയാണ് തനിക്ക് നട്ടെല്ലായത് എന്നാണ് യാസ്മിന്റെ പക്ഷം. ചട്ടക്കൂടുകളില്‍ നിന്നും പുറത്തു വരാനോ, ഒപ്പമുള്ളവരെ ധൈര്യപ്പെടുത്തി കൂടെക്കൂട്ടാനോ കുടുംബശ്രീയില്ലായിരുന്നെങ്കില്‍ കഴിയുമായിരുന്നില്ലെന്ന് പറയുന്നുണ്ട് യാസ്മിന്‍. തൊണ്ണൂറ്റിനാലാം സ്ഥാനത്തു നിന്നും തെന്നല ഗ്രാമത്തെ ജില്ലയിലെ കുടുംബശ്രീക്കൂട്ടായ്മകളില്‍ ഒന്നാമതെത്തിക്കാന്‍ യാസ്മിനു വേണ്ടി വന്നത് വെറും ഒരു വര്‍ഷക്കാലമാണ്.
തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനി
കുടുംബശ്രീ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2012ല്‍ ആരംഭിച്ച ഫാര്‍മേഴ്‌സ് ക്ലബ് തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനിയായി മാറിയത് 2015 സെപ്തംബറിലാണ്. നബാര്‍ഡിന്റെയടക്കം സഹായത്തോടെയാണ് പ്രവര്‍ത്തനമെല്ലാം. ഓഹരിയുടമകളായ കര്‍ഷകസ്ത്രീകളില്‍ നി്ന്നും നെല്ല് ശേഖരിച്ച് അരിയാക്കി വില്‍പനയ്‌ക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച് കമ്പനി വര്‍ഷങ്ങള്‍ക്കിപ്പുറം തെന്നല അരിക്ക് വലിയ പേരുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. കര്‍ഷകരില്‍ നിന്നു തന്നെ തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ്, മാനേജിംഗ് ഡയറക്ടര്‍ യാസ്മിന്‍. ചെയര്‍പേഴ്‌സണ്‍ ഹാജറ എന്നിവരടങ്ങുന്നതാണ് നിലവില്‍ തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് എന്ന സ്ഥാപനം.
ലാഭേച്ഛയല്ല, കാര്‍ഷിക സ്വയം പര്യാപ്തതയ്ക്കു വേണ്ടിയുള്ള ശ്രമങ്ങളാണ് തെന്നല അഗ്രോയെ നയിക്കുന്നതെന്ന് കമ്പനിയുടെ സി.ഇ.ഓ ആയി കുടുംബശ്രീ നിയോഗിച്ച ഉദ്യോഗസ്ഥന്‍ ജയേഷ് വിശദീകരിക്കുന്നുണ്ട്. കര്‍ഷകരില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് നെല്ലെടുക്കുന്നതിനാല്‍ കമ്പനിയുടെ ലാഭം യഥാര്‍ത്ഥത്തില്‍ എത്തിച്ചേരുന്നത് കര്‍ഷകരില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നതായും ജയേഷ് പറയുന്നു:
‘നെല്ല് പുറത്തെ മറ്റു മാര്‍ക്കറ്റുകളില്‍ വിറ്റാല്‍ കര്‍ഷകര്‍ക്കു ലഭിക്കുക കിലോയ്ക്ക് പതിനാറു രൂപ മാത്രമാണ്. ഈ സ്ഥാനത്താണ് കമ്പനി 21 രൂപയ്ക്ക് നെല്ലു വാങ്ങിക്കുന്നതെന്നോര്‍ക്കണം. രണ്ടായിരവും മൂവായിരവും തുടങ്ങി അയ്യായിരം കിലോ നെല്ലു വരെയാണ് ഒരു ജെ.എല്‍.ജിയില്‍ നിന്നും കമ്പനി വാങ്ങിക്കുന്നത്. അത്രയും ലാഭം പോകുന്നത് കര്‍ഷകര്‍ക്കാണ്. നെല്ല് അരിയാക്കാനുള്ള ചെലവും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജുകളുമടക്കം സത്യത്തില്‍ 49 രൂപയോളം ഒരു കിലോയില്‍ ചെലവു വരും. 50 കിലോയ്ക്ക് വില്‍ക്കുകയും ചെയ്യും. കര്‍ഷകര്‍ക്ക് ഏറ്റവും ഗുണം കിട്ടുക, ഉപഭോക്താക്കള്‍ക്ക് ഏറ്റവും നല്ല അരി കിട്ടുക-ഇത്രയേയുള്ളൂ ഉദ്ദേശം. മട്ടയരി, തവിടുള്ള അരി, ഉണങ്ങലരി, അരിപ്പൊടി, അവില്‍ എന്നിങ്ങനെ ഒന്‍പത് ഉല്‍പന്നങ്ങളാണ് കമ്പനി നിലവില്‍ വിപണിയിലെത്തിക്കുന്നത്. ഐശ്വര്യ, ജ്യോതി, ഉമ, നവര എന്നിവയെല്ലാമാണ് കൃഷി ചെയ്യുന്നത്.’
ആയിരം രൂപ വീതം മുഖവിലയുള്ള 450 ഓഹരികള്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. 374 ഓഹരിയുടമകളുമുണ്ട്. അഞ്ഞൂറേക്കറില്‍ നാലു പേര്‍ വീതമടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ അഥവാ ജെ.എല്‍.ജികളിലായി അത്രയും സ്ത്രീകള്‍ കമ്പനിക്കുവേണ്ടി നെല്ലുല്‍പാദിപ്പിക്കുന്നു. തെന്നല ഗ്രാമപഞ്ചായത്തിലെ മിക്ക ഗൃഹനാഥന്മാരും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരായിരുന്നതിനാല്‍ കൃഷി മുടങ്ങിയും കാടുപിടിച്ചും കിടന്നിരുന്ന ഏക്കറുകണക്കിന് വയല്‍നിലങ്ങള്‍ ഈ സ്ത്രീകള്‍ കാരണം വീണ്ടും സജീവമായിക്കഴിഞ്ഞു. മക്കരപ്പാടം, വെന്നിയൂര്‍, വലക്കുളം എന്നിവിടങ്ങളിലടക്കം അഞ്ചിടങ്ങളിലായാണ് കൃഷി. തങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്തുകൊള്ളാനാവശ്യപ്പെട്ട് സമീപിച്ചവരുണ്ടെന്നും യാസ്മിന്‍ പറയുന്നു. കീടനാശിനികള്‍ ചേര്‍ക്കാതെയും ജൈവവളമുപയോഗിച്ചും ഇവര്‍ വിളയിക്കുന്ന നെല്ലിന് ഇപ്പോള്‍ സ്ഥിരം ഉപഭോക്താക്കളുമുണ്ട്.
‘മരുന്നടിക്കാത്ത’ നാടന്‍ അരി തേടി കടകളില്‍ച്ചെന്നാല്‍ തെന്നല അരി ലഭിക്കില്ലെന്നതാണ് മറ്റൊരു കാര്യം. അരി ഏറെനാള്‍ കേടുകൂടാതെയിരിക്കാന്‍ രാസമിശ്രിതങ്ങള്‍ ചേര്‍ക്കുന്ന പതിവില്ലാത്തതിനാല്‍ ആവശ്യത്തിനനുസരിച്ച് മാത്രമേ കമ്പനി നെല്ല് അരിയാക്കുകയുള്ളൂ. നിലവില്‍ 108 ടണ്‍ നെല്ല് അഞ്ചു ഗോഡൗണുകളിലായുണ്ടെങ്കിലും, ആവശ്യക്കാരെത്തുന്ന മുറയ്ക്കു മാത്രമാണ് അതെടുത്ത് അരിയാക്കി പായ്ക്കു ചെയ്യുന്നത്. സാധാരണ അരി പോലെ അധികകാലം പ്രാണിശല്യമില്ലാതെ തെന്നല അരി ഇരിക്കില്ലെന്ന് ജയേഷ് വിശദീകരിക്കുന്നുണ്ട്. സ്ഥിരം ഉപഭോക്താക്കള്‍ക്കു വേണ്ടിയും മേളകളില്‍ എത്തിക്കുന്നതിനും മാത്രമേ നിലവില്‍ തെന്നല അരി ഉത്പാദിപ്പിക്കുന്നുള്ളൂ. ആ വകയ്ക്കു തന്നെ ധാരാളം ആവശ്യക്കാരാണ് എത്തിച്ചേരുന്നത്.
തെന്നല അരിയുടെ ഭാവി
ചുരുങ്ങിയ കാലയളവിനുള്ളില്‍ പേരു നേടാനായെങ്കിലും, കര്‍ഷകക്കൂട്ടായ്മകള്‍ക്കു തന്നെ മാതൃക സൃഷ്ടിക്കാന്‍ സാധിച്ചെങ്കിലും, പരിമിതികള്‍ പലതാണ് ഈ വനിതാ സംരംഭത്തിന്. നിലവില്‍ തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സിന് ഒരു ഓഫീസില്ല. പായ്ക്കിംഗിനും മറ്റുമായി ഉണ്ടായിരുന്ന കെട്ടിടം ഹൈവേ വികസനത്തില്‍ നഷ്ടമായതോടെ, സി.ഇ.ഓയുടെ വീട്ടിലെ ഒരു മുറിയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. പായ്ക്കിംഗും ചര്‍ച്ചകളും കണക്കെഴുത്തും എല്ലാം ഇവിടെ നിന്നു തന്നെ. സ്വന്തമായൊരു കെട്ടിടമോ മില്ലോ ഇല്ലാത്ത അവസ്ഥയില്‍ എങ്ങിനെ കമ്പനി അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്.
ഓണവിപണി മുന്നില്‍ക്കണ്ട് അരിയാക്കി മാറ്റിയ നെല്ല് വാടകയ്‌ക്കെടുത്ത ഗോഡൗണുകളില്‍ ഇപ്പോഴുമുണ്ട്. പ്രളയം വന്നതോടെ വിപണിയില്ലാതാവുകയും അരിയടക്കം എല്ലാ ഉല്‍പന്നങ്ങളും വലിയ തോതില്‍ ബാക്കിവരികയുമായിരുന്നു. ഈ അരി അരിപ്പൊടിയായും പുട്ടുപൊടിയായും മാറ്റി വില്‍പനയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകരും ജയേഷും. തവിടടങ്ങുന്ന പുട്ടുപൊടിക്ക് ആവശ്യക്കാര്‍ കൂടുതലായിരിക്കുമെന്നു തന്നെയാണ് ഇവരുടെ കണക്കുകൂട്ടല്‍. ഉത്പന്നങ്ങള്‍ക്കായി ഒരു സ്ഥിരം വിപണനകേന്ദ്രം ഒരുക്കുക എന്നതും ഇവരുടെ ആഗ്രഹമാണ്.
ഇറാഖില്‍ നിന്നു മുതല്‍ ലക്ഷദ്വീപില്‍ നിന്നു വരെ വിദ്യാര്‍ത്ഥികളും മറ്റുമെത്തി പഠനം നടത്തുന്ന തങ്ങളുടെ കമ്പനിയില്‍, കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കാനുള്ള എളുപ്പത്തിനായെങ്കിലും സ്വന്തമായി പ്രൊസസിംഗ് യൂണിറ്റ് വേണമെന്ന ആഗ്രഹം ചെയര്‍പേഴ്‌സണ്‍ ഹാജറയും പങ്കുവയ്ക്കുന്നു. കൂടുതല്‍ സ്ത്രീകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും, മറ്റിടങ്ങളിലേക്ക് തെന്നല മാതൃക വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. യാസമിന്‍ കണ്ട സ്വപ്‌നം ഒരു ഗ്രാമത്തിന്റേതാകെയായി മാറുമ്പോള്‍, അധികം കാലതാമസമെടുക്കാതെ തന്നെ അതിനു സാധിക്കുമെന്ന ശുഭാപ്തിവിശ്വാസവും ഇവര്‍ക്കുണ്ട്.
കമ്പനിയല്ല, സ്‌കൂള്‍; യാസ്മിന്റെ സ്വപനങ്ങള്‍ ഇതാണ്
‘യാസ്മിന്‍ എന്ന വ്യക്തിയില്ലെങ്കിലും തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് നടക്കും എന്ന നിലയിലേക്ക് അവരെത്തിച്ചിട്ടുണ്ട്. പക്ഷേ, യാസ്മിന്‍ എന്ന വ്യക്തിയില്ലെങ്കില്‍ ഇല്ലാതായിപ്പോകുന്ന കുറേയധികം പേരുടെ സ്വപ്‌നങ്ങളുണ്ട്’ തെന്നല അരിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ജയേഷാണിത് പറഞ്ഞത്. അതിനു തുടര്‍ച്ചയെന്നോണം തന്റെ വഴികളെപ്പറ്റി യാസ്മിന്‍ തന്നെ പറഞ്ഞു തുടങ്ങി:
‘കൃഷി തുടങ്ങാമെന്നു തീരുമാനിച്ചപ്പോള്‍ത്തന്നെ പലയിടത്തു നിന്നും എതിര്‍പ്പായിരുന്നു. പുരുഷന്മാരുടെ പ്രാതിനിധ്യം ഇല്ലാത്തതു കൊണ്ട് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. എന്തുകൊണ്ട് പുരുഷന്മാരെ പങ്കെടുപ്പിക്കുന്നില്ല? ഡയറക്ടര്‍ ബോര്‍ഡില്‍ എന്തുകൊണ്ട് പുരുഷന്മാരില്ല? എന്നു തുടങ്ങി എത്രയോ വിമര്‍ശനങ്ങള്‍ ഇപ്പോഴും പലയിടത്തു നിന്നും കേള്‍ക്കുന്നുണ്ട്. എല്ലാത്തിനെയും ചിരിച്ചുകൊണ്ട് തന്നെ തള്ളിക്കളഞ്ഞിട്ടുമുണ്ട്.
കൃഷിയുടെ ആവശ്യത്തിനായി പല വീടുകള്‍ കയറിയിറങ്ങിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. മിക്ക വീടുകളിലും ഭിന്നശേഷിക്കാരായ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുണ്ട്. തെന്നല പഞ്ചായത്തില്‍ മാത്രം ഇരുന്നൂറ്റി എണ്‍പത്തിയഞ്ചു പേര്‍. അത് വലിയൊരു ഞെട്ടലായിരുന്നു. ഇങ്ങനെയുള്ള രണ്ടും മൂന്നും കുട്ടികളുള്ള വീടുകള്‍ പോലുമുണ്ട്. അതിലുമധികം എന്നെ അസ്വസ്ഥയാക്കിയ കാര്യം, ഈ കുഞ്ഞുങ്ങളുടെ വീട്ടുകാര്‍ക്ക് പോലും ഇവരെ വേ്ണ്ടാത്ത് അവസ്ഥയാണുള്ളത് എന്നതാണ്. പലരേയും അച്ഛന്മാര്‍ ഉപേക്ഷിച്ചു പോയി, അല്ലെങ്കില്‍ ഒഴിവാക്കി നിര്‍ത്തിയിരിക്കുന്നു. തുറന്നു പറഞ്ഞില്ലെങ്കിലും വീട്ടുകാര്‍ക്കു പോലും ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കിയാല്‍ മതിയെന്നാണ്.’
ഇതു തിരിച്ചറിഞ്ഞാണ് യാസ്മിന്‍ ഈ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ ആരംഭിക്കുന്നത്. പകല്‍ സമയം കുട്ടികളെ നോക്കാനൊരിടമൊരുക്കിയാല്‍ അമ്മമാര്‍ക്കും സ്വസ്ഥമായി ജോലിക്കു പോകാമല്ലോ എന്ന ചിന്തയായിരുന്നു ഇതിനു പിന്നില്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച സ്‌കൂള്‍ അധിക കാലം മുന്നോട്ട് കൊണ്ടു പോകാന്‍ യാസ്മിനായില്ല. സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടേണ്ടി വന്നു.
‘പൈസയുണ്ടാക്കാന്‍ കുറേ നടന്നു. പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേട്ടു. പത്രത്തില്‍ പേരു വരാന്‍ ചെയ്യുകയാണെന്ന് പറഞ്ഞവരുണ്ട്. ദേഷ്യം വച്ച് കമ്പനിയിലെ സ്ത്രീകളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവര്‍ പോലുമുണ്ട്. രാഷ്ട്രീയക്കാര്‍ പോലും സഹായിക്കാന്‍ വിമുഖത കാണിച്ചു. സന്മനസ്സുള്ള ചിലരുടെ സഹായത്തോടെ കുറച്ചു കാലം മുന്നോട്ടു പോയി, പക്ഷേ പൂട്ടേണ്ടി വന്നു. അമ്മമാര്‍ക്കെല്ലാം അത് വലിയ വിഷമമായി. അവരുടെ നിര്‍ബന്ധം കാരണം വീണ്ടും തുറന്നു. അപ്പോഴും ഇതേ അവസ്ഥ തന്നെ. അവസാനം കഴിഞ്ഞ മാര്‍ച്ചില്‍ സ്‌കൂള്‍ വീണ്ടും തുറന്നിട്ടുണ്ട്. ഫണ്ട് സംഘടിപ്പിക്കാന്‍ വലിയ വിഷമമാണ്. എന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ല.’
യാസ്മിന്റെ ബ്ലൂംസ് സ്‌കൂളില്‍ 36 കുട്ടികളാണുള്ളത്. ടീച്ചറുടെയും ആയയുടെയും ശമ്പളം, കുട്ടികളെ എത്തിക്കുന്ന ഓട്ടോയുടെ പ്രതിഫലം, കെട്ടിടത്തിന്റെ വാടക എല്ലാം ചേര്‍ന്ന് മുപ്പതിനായിരത്തോളം രൂപ പ്രതിമാസം ചെലവുണ്ട്. പതിനഞ്ചു സെന്റ് സ്ഥലമില്ലാതെ ബഡ്‌സ് സ്‌കൂളായി പ്രവര്‍ത്തിക്കാനോ സര്‍ക്കാര്‍ സഹായം കൈപ്പറ്റാനോ സാധിക്കാത്ത അവസ്ഥയാണ്. കൈരളി ടി.വിയുടെ അവാര്‍ഡ് ദാന ചടങ്ങില്‍വച്ച് യാസ്മിന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ സഹായിക്കാന്‍ സന്നദ്ധത കാണിച്ച കല്യാണ്‍ സില്‍ക്‌സ് എം.ഡിയുടെ ചെക്ക് പോലും നികുതി രേഖകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലതാമസത്താല്‍ കൈപ്പറ്റാനായിട്ടില്ല.
തെന്നല അഗ്രോ പ്രൊഡ്യൂസേഴ്‌സ് എന്ന മികച്ച സ്ഥാപനത്തെ മികച്ച കൈകളില്‍ത്തന്നെ ഏല്‍പ്പിച്ച ശേഷം യാസ്മിന്‍ പതിയെ പിന്‍വാങ്ങുന്നത് ഈ കുട്ടികളുടെയടുത്തേക്കാണ്. പാട്ടത്തിനെടുത്ത അഞ്ചേക്കറില്‍ രാവിലെ ആറുമണിക്ക് തുടങ്ങുന്ന കൃഷിപ്പണി ഉച്ചയോടെ അവസാനിപ്പിച്ച് ഓടിയെത്തുന്നതും ഇവരുടെയടുക്കല്‍ തന്നെ. പലയിടത്തു നിന്നുമുള്ള അമ്മമാര്‍ തങ്ങളുടെ കുട്ടികള്‍ക്കു വേണ്ടി യാസ്മിനെ സമീപിക്കുന്നുമുണ്ട്. ബ്ലൂംസിനെ വലിയൊരു കെട്ടിടത്തിലേക്ക് മാറ്റാനും, കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനുമാണ് ഇനി യാസ്മിന്റെ പരിശ്രമം. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാനും, അവര്‍ക്കു വേണ്ട ചികിത്സയെത്തിക്കാനും, ഒപ്പം അവരെ സ്വയം തൊഴില്‍ പരിശീലിപ്പിക്കാനും അത് വിപണനം ചെയ്യാനുമുള്ള സമഗ്രമായ പദ്ധതിയാണ് യാസ്മിന്റേത്. സാമ്പത്തിക തടസ്സം മാത്രമാണ് തനിക്കു മുന്നിലുള്ളതെന്ന് യാസ്മിന്‍ തന്നെ പറയുന്നു.
‘കൃഷിയുമായി ഇറങ്ങിയപ്പോള്‍ കേട്ടതിലും എത്രയോ വലിയ പഴികളാണ് ബ്ലൂംസിനു വേണ്ടി ഫണ്ടു പിരിക്കാനിറങ്ങുമ്പോള്‍ കേള്‍ക്കുന്നത്. ഈ കുട്ടികള്‍ പഠിച്ച് കലക്ടറാകാന്‍ പോകുന്നോ എന്നാണ് ചോദ്യം. കുട്ടികളുടെ അമ്മമാരെ ചേര്‍ത്ത് ഒരു ട്രസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോള്‍. അടുത്ത ഘട്ടമെന്ത് എന്ന ചിന്തയിലാണ്. ഒരുപാട് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയാണ് ഈ സ്ഥാപനം. കഴിവുള്ളവര്‍ മനസ്സിലാക്കി സഹായമെത്തിക്കുമെന്ന പ്രതീക്ഷയിലാണെല്ലാവരും.’
ഭിന്നശേഷിയുള്ള കുട്ടികള്‍, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചവര്‍, വീടില്ലാത്തവര്‍, ഒരു നിമിഷത്തെ തെറ്റുകൊണ്ട് അമ്മമാരായവര്‍ – എല്ലാവരെയും ഐല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കൂട്ടായ്മയാണ് യാസ്മിന്റെ സ്വപ്നം. വിവാഹം കഴിക്കാതെ ഒറ്റപ്പെട്ടു പോയ തന്നെപ്പോലുള്ള അനവധി പേര്‍ ചുറ്റുമുണ്ടെന്ന തിരിച്ചറിവിലാണ് സഹായമര്‍ഹിക്കുന്ന എല്ലാവര്‍ക്കും അതെത്തിക്കുക എന്ന വിശാല ലക്ഷ്യം മുന്‍നിര്‍ത്തി അത്തരം കൂട്ടായ്മകള്‍ക്കായി യാസ്മിന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. കൈവച്ചതെന്തും പൊന്നാക്കിയിട്ടുള്ള യാസ്മിന്, തെന്നല അഗ്രോയെപ്പോലെ ബ്ലൂംസ് എന്ന ആശയത്തേയും വിജയിപ്പിക്കാനാകും എന്ന ഉറപ്പ് സഹപ്രവര്‍ത്തകര്‍ക്കുണ്ട്. ആ ഉറപ്പാണ് ഇപ്പോള്‍ തെന്നലയിലെ ഒരു കൂട്ടം അമ്മമാരുടെ പ്രതീക്ഷ.