UPDATES

വിദ്യാഭ്യാസമാണ് കരുത്തെന്ന് പഠിപ്പിച്ച കൂലിപ്പണിക്കാരനായ ഒരച്ഛന്റെ മകള്‍ ജീവിതം പറയുന്നു

പരിഹസിച്ച നാട്ടുകാരുടെ മുന്നിലേക്ക് ഡോക്ടറേറ്റുമായാണ് പ്രീതി മാടമ്പി ഇന്നലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മടങ്ങിയത്

‘കുറേ പഠിച്ചാല്‍ ചെക്കനെ കിട്ടില്ല’ എന്ന് പറയുന്നവരുടെ, ‘ദാ, സോഡാപ്പന്റെ വീട്ടിലെ ചേച്ചിമാരെ കണ്ടില്ലേ?, കല്യാണോന്നും കഴിക്കാണ്ടെ നിക്കണെ. അവരേ പഠിച്ചതോണ്ടാ’ എന്ന് സ്വന്തം വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് ചൂണ്ടിക്കാണിച്ച് കൊടുക്കുന്ന തലമുതിര്‍ന്ന നാട്ടുകാരുടെ, ബന്ധുക്കളുടെ ഇടയില്‍ നിന്നാണ് പ്രീതി മാടമ്പി വരുന്നത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ ‘ഡീ, ഇങ്ങനെ പഠിക്കാന്‍ പോയാ കല്യാണം നടക്കില്ലാട്ടോഡീ’ എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ മാത്രമേ പലരുമുണ്ടായിട്ടുള്ളൂ. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും മകളെ പഠിക്കാനയച്ച അച്ഛനോട് ‘മാടമ്പ്യേട്ടാ… നിങ്ങളിതെന്ത് വിചാരിച്ചാ, മകള് ഡോക്ടറേറ്റെടുക്ക്വോ?’ എന്ന് ചോദിച്ച് പരിഹസിച്ച നാട്ടുകാരുടെ മുന്നിലേക്ക് ഡോക്ടറേറ്റുമായാണ് പ്രീതി ഇന്നലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മടങ്ങിയത്. കീഴാളരില്‍ ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയല്ല പ്രീതി. ജീവിതത്തോട് മല്ലടിച്ച് വിജയം നേടിയവരില്‍ ഒരാള്‍ മാത്രം. പക്ഷെ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളും അവഗണനയും സഹിക്കാനാവാതെ വിദ്യാഭ്യാസം എന്ന സ്വപ്‌നം പോലും പൂര്‍ത്തീകരിക്കാനാവാതെ പാതിവഴിയില്‍ ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമൂലമാരുടെയും രജനിമാരുടെയും കൂട്ടത്തില്‍ നിന്ന് പൊരുതി നേടിയെടുത്ത വിജയമാണ് പ്രീതിയുടേത്. തന്റെ ജീവിതത്തെക്കുറിച്ച്, വിജയങ്ങളെക്കുറിച്ച് പ്രീതി മാടമ്പി എന്ന പ്രീതി ടി.എം സംസാരിക്കുന്നു.

മാടമ്പി- അച്ഛനും വഴികാട്ടിയും കരുത്തും
“അച്ഛന്‍ നാല് വര്‍ഷം മുമ്പ് മരിച്ചു. പക്ഷെ ഇന്നും എന്റെ വിജയത്തിന്, ആത്മവിശ്വാസത്തിന് ഒരാള്‍ക്കേ അവകാശമുള്ളൂ. അത് തേറത്ത് മാടമ്പി എന്ന എന്റെ അച്ഛനാണ്. എനിക്ക് ഓര്‍മ്മയുള്ള നാള്‍ മുതല്‍ അച്ഛന്‍ കൂലിപ്പണിക്കാരനാണ്. കുന്നംകുളത്തെ തെക്കേപ്പുറം എന്ന ഗ്രാമത്തിലെ ചെറിയ ചെറിയ കൂലിവേലകള്‍ ചെയ്തിരുന്ന കണക്ക സമുദായക്കാരന്‍. കൂലിപ്പണിക്കാരനാവുന്നതിന് മുമ്പ് അച്ഛന്‍ പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണക്ക സമുദായത്തില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദം നേടി, പത്തൊമ്പതാമത്തെ വയസ്സില്‍ ജോലിക്ക് കയറിയയാള്‍. പക്ഷെ ഓഫീസിലുള്ള ആരെയോ സഹായിക്കാനായി 1000 രൂപ അച്ഛന്‍ ഓഫീസില്‍ നിന്ന് എടുത്ത് നല്‍കി. ഓഡിറ്റിങ് വന്നപ്പോള്‍ ഈ പണം തിരികെ വയ്ക്കാനായില്ല. ജീവിതത്തില്‍ ഒരുപാട് ആദര്‍ശങ്ങള്‍ പിന്തുടരുന്നയാളായിരുന്നു അദ്ദേഹം. പണം തിരികെ വയ്ക്കാത്തതിന്റെ പേരില്‍ കള്ളന്‍ എന്ന വിളി കേള്‍ക്കാന്‍ അച്ഛന് കരുത്തുണ്ടായിരുന്നില്ല. 24 വയസ്സുകാരന്റെ ആകുലതകളായിരുന്നിരിക്കാം ഒരുപക്ഷേ അതെല്ലാം. പക്ഷെ ആ ആയിരം രൂപയുടെ പേരില്‍ അച്ഛന്‍ നാട് വിട്ടു. ബോംബയിലേക്കാണ് വണ്ടി കയറിയത്. അവിടെ നിന്ന് ഇറാഖിലേക്ക് പോയി. നാട്ടുകാരില്‍ ചിലരാണ് പിന്നീട് അച്ഛനെ കണ്ടെത്തി തിരികെ നാട്ടിലെത്തിക്കുന്നത്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം. അച്ഛന്‍ മരിച്ചിരുന്നുവെന്നാണ് നാട്ടുകാരില്‍ പലരും വിശ്വസിച്ചിരുന്നത്. നാട്ടിലെത്തിയതിന് ശേഷം ചില കൂട്ടുകാരോടൊപ്പം സോഡ വില്‍പ്പന തുടങ്ങി. ആ സംരംഭം സാമ്പത്തികമായി പൊളിഞ്ഞു. അങ്ങനെയാണ് അച്ഛന്‍ നാട്ടിലെ കൂലിപ്പണിക്കാരനാവുന്നത്.”

"</p

“ബിരുദം വരെ പഠിച്ചതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ വില അച്ഛന് നന്നായറിയാം. ആറാം ക്ലാസ് വരെ നാട്ടിലെ ഒരു മലയാളം മീഡിയം സ്‌കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. ഏഴാം ക്ലാസില്‍ നവോദയയില്‍ പ്രവേശനം കിട്ടി പോയപ്പോള്‍ ഇംഗ്ലീഷിലുള്ള പാഠങ്ങള്‍ എനിക്ക് കീറാമുട്ടിയായി. പോരാത്തതിന് സി.ബി.എസ്.ഇ. സിലബസും. അവിടെയും എനിക്ക് തുണയായത് അച്ഛനാണ്. സ്‌കൂളില്‍ നിന്ന് പുസ്തകങ്ങളെല്ലാം സൗജന്യമായിരുന്നു. അച്ഛന്‍ പണി ചെയ്തുണ്ടാക്കിയ കാശ് കൊടുത്ത് എന്‍.സി.ഇ.ആര്‍.ടി.യുടെ അതേ പുസ്തകങ്ങള്‍ പുറത്തു നിന്ന് വാങ്ങും. എന്നിട്ട് വീട്ടില്‍ കൊണ്ടുപോയി ഡിക്ഷ്‌ണറിയുമെടുത്ത് വച്ച് എനിക്ക് മനസ്സിലാവാനിടയില്ലാത്ത പാഠങ്ങളില്‍ വാക്കുകള്‍ക്കടുത്തായി മലയാള അര്‍ഥവുമെഴുതി വയ്ക്കും. സ്‌കൂളില്‍ എന്നെക്കാണാന്‍ വരുന്ന സമയം ഈ പുസ്തകങ്ങള്‍ എനിക്ക് തന്നിട്ട്, എന്റെ കയ്യിലിരിക്കുന്ന പുസ്തകങ്ങള്‍ അച്ഛന്‍ മേടിച്ചുകൊണ്ടുപോവും. എന്നിട്ട് ഇതേ ജോലി തുടരും. മുടങ്ങാതെ എന്നെക്കാണാനെത്തിയിരുന്ന അച്ഛന്‍ യാത്രകളില്‍ അമ്മയേയും ചേച്ചിയേയും ഒഴിവാക്കും. അവരുടെ യാത്രാ ചെലവ് മിച്ചം പിടിച്ച കാശ് എനിക്ക് സഞ്ചയികയിലടയ്ക്കാനായി തരും.

നവോദയയിലായിരുന്നതുകൊണ്ട് എന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി അച്ഛന് കൂടുതല്‍ പണം ചെലവാക്കേണ്ടി വന്നില്ല. അതിന്റെ ഗുണം കൂടുതലും കിട്ടിയത് ചേച്ചിക്കാണ്. ഞാന്‍ നവോദയയില്‍ പോയതുകൊണ്ട് ചേച്ചിയെയും പഠിപ്പിക്കാന്‍ അച്ഛനായി.

നവോദയക്കാലം
നവോദയ എന്നെ സംബന്ധിച്ച് എനിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ സ്വര്‍ഗമായിരുന്നു. നല്ല ഭക്ഷണം, നല്ല വസ്ത്രം, പുസ്തകം, വിദ്യാഭ്യാസം- എല്ലാം അവിടുന്ന് ലഭിച്ചു. മറ്റ് കുട്ടികള്‍ ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ് പലപ്പോഴും പഴിച്ചപ്പോള്‍ ഞാന്‍ അതെല്ലാം ആര്‍ത്തിയോടെ കഴിച്ചു. ചമ്മന്തിയും ചേമ്പും ചേനയും കപ്പയുമല്ലാതെ മറ്റ് രുചികളും ഈ ലോകത്തുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് അവിടെ നിന്നാണ്. മീന്‍, മുട്ട, ചിക്കന്‍, പച്ചക്കറികള്‍… അങ്ങനെ തരാതരത്തിലായിരുന്നു ഭക്ഷണം. എന്റെ വീട്ടില്‍ ഇതൊന്നും എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവുമായിരുന്നില്ല. നമ്മുടെ ജീവിതത്തിനാവശ്യമായ, എന്തിനധികം സോപ്പും എണ്ണയും വരെ നവോദയയില്‍ നിന്ന് തന്നെ കിട്ടും. അതുകൊണ്ട് അക്കാലം അല്ലലില്ലാ കാലമായിരുന്നു.


ബിരുദവും ബിരുദാനന്തര ബിരുദവും
തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്നാണ് ബി.കോം പൂര്‍ത്തിയാക്കുന്നത്. ബിരുദപഠനത്തിന് ചേരുന്നതിനും പഠനത്തിനുമായി അച്ഛന്‍ തന്നെ പണം നല്‍കി. എസ്.സി ഗ്രാന്റുമുണ്ടായിരുന്നു. ബിരുദാനന്തര ബിരുദവും അതേ കോളേജില്‍ നിന്നായതിനാല്‍, അധ്യാപകര്‍ക്കെല്ലാം പരിചിതയായിരുന്നതിനാല്‍ അഡ്മിഷന്‍ എടുക്കാന്‍ പോലും അച്ഛന്‍ വരേണ്ടി വന്നില്ല. ആ സമയം ഞാന്‍ ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു കോഴ്‌സ് പഠിപ്പിക്കാന്‍ തുടങ്ങി. 1500, 2000 രൂപ വരെ അതില്‍ നിന്ന് കിട്ടും. അങ്ങനെ പഠനകാലം കഴിച്ചുകൂട്ടി.

അറിയാതെ വഴിക്ക് വന്ന ജെ.ആര്‍.എഫ്
ഞാന്‍ പി.ജി. കഴിഞ്ഞപ്പോഴേക്കും അച്ഛന്‍ ശാരീരിക അസ്വസ്ഥതകള്‍ മൂലം കൂലിപ്പണി ഉപേക്ഷിച്ചിരുന്നു. കുറച്ചുകാലം സെക്യൂരിറ്റി പണിക്ക് പോയി. പക്ഷെ ഒരിക്കല്‍ രക്തസമ്മര്‍ദ്ദം കൂടി ടെറസ്സില്‍ നിന്ന് താഴെ വീണ അച്ഛന്‍ പിന്നീട് കിടന്നകിടപ്പില്‍ നിന്ന് എഴുന്നേറ്റില്ല. അച്ഛന്റെ ചികിത്സ, മരുന്ന്, വീട്ടുചെലവ്- ഇതായിരുന്നു പിന്നീട് എന്റേയും ചേച്ചിയുടേയും ലക്ഷ്യം. ചേച്ചി അപ്പോഴേക്കും എഞ്ചിനീയറിങ് പഠനം പൂര്‍ത്തീയാക്കിയിരുന്നു. അടുത്തുള്ള ഒരു പാരലല്‍ കോളേജില്‍ ഞാന്‍ അധ്യാപികയായി. 3500 രൂപ മാസശമ്പളമായി കിട്ടിയിരുന്നു. ചേച്ചി പൊതുമരാമത്ത് വകുപ്പില്‍ അപ്രന്റൈസ് ആയതുകൊണ്ട് സ്റ്റൈപന്റ് ആയി 4000 രൂപ കിട്ടും. അങ്ങനെ ഒരുവിധം തട്ടിയും തടഞ്ഞും ഞങ്ങള്‍ മുന്നോട്ട് പോവുമ്പോഴാണ് എനിക്ക് ജെ.ആര്‍.എഫ് (യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്) കിട്ടുന്നത്.

റിസര്‍ച്ച് ചെയ്യാനുള്ള ആര്‍ത്തികൊണ്ടല്ല ഞാന്‍ ഗവേഷകയാവാന്‍ തീരുമാനിച്ചത്. അന്ന് ഗവേഷകര്‍ക്ക് ഒരുമാസം 16,000 രൂപ കിട്ടും. ആ സമയത്ത് ഞാന്‍ നാട്ടില്‍ ഏത് പണിക്ക് പോയാലും അത്രയും പൈസ എനിക്ക് എവിടെ നിന്നും കിട്ടില്ല. എനിക്ക് പണം വേണമായിരുന്നു, വീട്ടിലെ കാര്യങ്ങള്‍ നടക്കണമായിരുന്നു. അതിനുവേണ്ടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പോവാന്‍ തീരുമാനിച്ചു. അന്നും നിരവധി പഴി കേട്ടു. അച്ഛന്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ ദൂരെ പോയി ഗവേഷണം ചെയ്യുന്നതെന്തിനാണെന്നുള്ള ചോദ്യങ്ങള്‍ പലയിടത്തുനിന്നും വന്നു. പക്ഷെ ഞാന്‍ പോയി. അതുകൊണ്ട് ദാ, ഇപ്പോള്‍ ഡോക്ടറേറ്റ് കിട്ടി.

"</p

മാറാത്ത സമൂഹമനഃസ്ഥിതി
ഞങ്ങള്‍ കണക്ക സമുദായത്തിലുള്ളവരാണ്. കണക്ക സമുദായത്തിലെ പെണ്‍കുട്ടികള്‍ പലരും പ്ലസ്ടുവിനപ്പുറം പഠിക്കാറില്ല. പുരുഷന്‍മാര്‍ക്കും പൊതുവെ വിദ്യാഭ്യാസം കുറവാണ്. വിദ്യാഭ്യാസമുള്ള ചെറുക്കനെ സമുദായത്തില്‍ നിന്ന് കിട്ടില്ലെന്ന വിശ്വാസത്തിലാണ് പെണ്‍കുട്ടികളെ പഠിക്കാനയയ്ക്കാത്തതും, അവര്‍ പഠിക്കാന്‍ തയാറാവാത്തതും. എന്റെ വളരെ അടുത്ത ഒരു കുടുംബത്തിലെ പെണ്‍കുട്ടി ഡിഗ്രി വരെ പഠിച്ചു. അവള്‍ക്ക് നല്ല മാര്‍ക്കുണ്ട്. പി.ജിക്ക് ചേരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന്, ‘എനിക്ക് വയ്യ എന്റെ ചേച്ചീ, ന്നിട്ട് വേണം എനിക്ക് ചെക്കനെ കിട്ടാണ്ടിരിക്കാന്‍, എനിക്ക് കല്യാണം കഴിക്കണ്ടതാ’ എന്നായിരുന്നു അവളുടെ മറുപടി. വിവാഹം കഴിക്കുന്നതാണ് ജീവിതത്തിന്റെ പരമപ്രധാന ലക്ഷ്യം എന്നാണ് പാവങ്ങള്‍ കരുതുന്നത്. അതവരുടെ കുഴപ്പമല്ല. വീടുകളില്‍ നിന്ന് പഠിപ്പിക്കുന്നത് ഇത്തരം പാഠങ്ങളാണ്. ‘സോഡാപ്പന്റെ (അച്ഛന്‍ സോഡവിറ്റ് നടന്നിരുന്നതുകൊണ്ട് പലരും അങ്ങനെയാണ് വിളിക്കുന്നത്) വീട്ടിലെ ചേച്ചിമാരെ കണ്ടില്ലേ? കല്യാണോന്നും കഴിക്കാണ്ടെ നിക്കണെ. അവരേ, പഠിച്ചതോണ്ടാ’ എന്നാണ് ചിലര്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്നത്. പഠിക്ക ആഗ്രഹമുള്ള പെണ്‍കുട്ടികളെപ്പോലും നിരുത്സാഹപ്പെടുത്തുന്നതാണ് പൊതുസ്വഭാവം. ഇതില്‍ നിന്ന് മാറാതെ എങ്ങനെയാണ് ഒരു സമൂഹം രക്ഷപെടുക?

വിദ്യാഭ്യാസം കരുത്ത്
ജാതിയില്‍ താഴ്ന്നവര്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ വിദ്യാഭ്യാസം മാത്രമേയുള്ളൂ. വിദ്യാഭ്യാസമാണ് കരുത്ത്. അതാണ് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനുള്ള ആത്മവിശ്വാസം തരുന്നതും. എന്നിട്ടും അതിന്റെ മഹത്വം മനസ്സിലാക്കാതെ പോവുന്നതും സങ്കടകരമാണ്. എന്റെയൊപ്പം പഠിച്ച പലരും വിദ്യാഭ്യാസമുണ്ടായിട്ടു കൂടി മനസ്സുമാറ്റാന്‍ കഴിയാതെ വരുന്നവരാണ്. തിരൂര്‍ ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയാണ് ഞാനിപ്പോള്‍. പി.എസ്.സി. പരീക്ഷയെഴുതി ഇന്റര്‍വ്യൂവും കഴിഞ്ഞു. റാങ്ക് ലിസ്റ്റില്‍ വരുമെന്നാണ് വിശ്വാസം. എന്നെ പോലെ പണമില്ലാത്തവര്‍ക്ക്, പി.എച്ച്.ഡി കഴിഞ്ഞതുകൊണ്ടു മാത്രം എവിടേയും ജോലി കിട്ടില്ല. ലക്ഷങ്ങള്‍ കൊടുത്ത് എയ്ഡഡ് കോളേജുകളില്‍ അധ്യാപകരാവാനും കഴിയില്ല. അതുകൊണ്ട് സര്‍ക്കാര്‍ കോളേജുകള്‍ തന്നെയാണ് ആശ്രയവും വിശ്വാസവും.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍