UPDATES

പോസിറ്റീവ് സ്റ്റോറീസ്

വരുണ്‍ ചന്ദ്രന്‍: ഇതൊരു ഗ്രാമീണ കഥയല്ല; ആളൊരു ആഗോള സംരംഭമാണ്

ലോകത്താകെയുള്ള ഐടി ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് 360 എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ ഉടമയാണു വരുണ്‍ ചന്ദ്രന്‍.

പാടം എന്ന ചെറിയ ഗ്രാമത്തില്‍ കാടുവെട്ടി പിടിച്ച് കപ്പ കൃഷിക്ക് വന്നവര്‍ക്ക് വാറ്റ് ചാരായം ഉണ്ടാക്കി വില്‍ക്കലായിരുന്നു എന്റെ വല്യമ്മ (അച്ഛന്റെ അമ്മ)യുടെ പണി. ആ നാട്ടിലെ വലിയൊരു ‘വ്യവസായസംരംഭക’ ആയിരുന്നു വല്യമ്മയായ ഷാപ്പു പൊന്നമ്മ. പിന്നീട് അവരുടെ മകന്‍ ബാലചന്ദ്രന്‍, എന്റെ അച്ഛന്‍ അതേറ്റെടുത്തു. പിന്നീട് പുള്ളി കൂപ്പിലെ ലോഡിംഗ് പണിക്കാരനായി. അന്ന് അച്ഛന് ചോറുകൊണ്ടു പോയി കൊടുക്കുന്നത് ഞാനായിരുന്നു. അന്ന് എന്റെ വലിയ ആഗ്രഹങ്ങള്‍ വലുതാകുമ്പോള്‍ ഒരു ലോറി ഡ്രൈവര്‍ ആകണം, അല്ലെങ്കില്‍ ഒരു ലോഡിംഗ് തൊഴിലാളി ആകണം എന്നതായിരുന്നു;

ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന ഒരു പ്രസംഗത്തിലെതാണ്. കൈരളി – പീപ്പിള്‍ ടീവിയുടെ ഇന്നോടെക്ക് പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് വരുണ്‍ ചന്ദ്രന്‍ എന്ന യുവസംരംഭകന്‍ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍.

കൊല്ലത്തിന്റെയും പത്തനംതിട്ടയുടെയും അതിര്‍ത്തിയിലുള്ള പാടം എന്ന ചെറിയ ഗ്രാമത്തില്‍ കഷ്ടപാടുകള്‍ നിറഞ്ഞ ബാല്യകാലത്തില്‍ നിന്നു വളര്‍ന്ന്, ഇന്നു ലോകത്താകെയുള്ള ഐടി ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് 360 എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ ഉടമയാണ് വരുണ്‍ ചന്ദ്രന്‍.

വരുണ്‍ ചന്ദ്രന്‍ ഇതിന് മുമ്പ് തന്നെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞ വ്യക്തിയാണ്. 2016 ഒക്ടോബറിലെ ഫോബ്‌സ് മാഗസിന്‍ വരുണ്‍ ചന്ദ്രനെക്കുറിച്ച് എഴുതിയിരുന്നു. എന്തുകൊണ്ടാണ് വരുണ്‍ സ്മാര്‍ട്ട് സിറ്റികള്‍ തേടിപ്പോകാതെ സ്മാര്‍ട്ട് വില്ലേജുകള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നായിരുന്നു ഫോബ്‌സിന്റെ അന്വേഷണം. വരുണ്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്ന അതേ ജീവിതാനുഭവങ്ങളും വളര്‍ന്നുവന്ന പശ്ചാത്തലവും ആയിരുന്നു അങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍.

ഇന്നോടെക് പുരസ്‌കാര വേദിയില്‍ തന്റെ ജീവിത പശ്ചാത്തലവും അനുഭവങ്ങളും വരുണ്‍ വിശദീകരിക്കുന്നുണ്ട്.

പത്രം വായിക്കുന്നയാളായിരുന്നു അമ്മ (അമ്മ പിന്നീട് കടം കയറി നാടുവിട്ടുപോയി, ഇതുവരെ തിരിച്ചുവന്നിട്ടില്ല) അതുകൊണ്ടുകൂടിയാണ് സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാനുള്ള സാഹചര്യം ഉണ്ടായത്. പക്ഷേ കൃത്യമായി ഫീസൊന്നും കൊടുക്കാന്‍ ഇല്ലാതിരുന്നതുകൊണ്ട് എപ്പോഴും ക്ലാസിനു പുറത്തായിരുന്നു. സ്‌കൂളില്‍വച്ചാണ് ഫുട്‌ബോളിനോട് കമ്പം കയറുന്നത്. പിന്നീടുള്ള മോഹം വലിയ ഫുട്‌ബോള്‍ കളിക്കാരനാകണം എന്നതായി. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടി തിരുവനന്തപുരത്ത് എത്തി. അണ്ടര്‍ 11 കേരള ടീമിന്റെ ക്യാപ്റ്റനാകാനും മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കാനും കഴിഞ്ഞു. അവിടെ നിന്നാണു സന്തോഷ് ട്രോഫി ക്യാമ്പില്‍ എത്തുന്നത്. പക്ഷേ അവിടെ വിധി തിരിച്ചടിയായി. തോളിനേറ്റ പരിക്ക് ക്യാമ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു.


ഒരു തരത്തില്‍ വരുണിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായതും ആ പരിക്കാണ്. തിരിച്ചു നാട്ടിലെത്തി. അങ്ങനെ നില്‍ക്കുമ്പോഴാണ് വല്യമ്മ ഷാപ്പു പൊന്നമ്മ ഒരു വള ഊരി തന്നിട്ട് ഇതു വിറ്റ് കാശുമായി എങ്ങോട്ടെങ്കിലും പോയി ഒരു ജോലി കണ്ടെത്താന്‍ പറയുന്നത്. എത്തപ്പെടുന്നത് ബാംഗ്ലൂരിലാണ്. അന്ന് ഇംഗ്ലീഷിലൊന്നും വര്‍ത്തമാനം പറയാന്‍ അറിയില്ല. കുറെ കഷ്ടപ്പെട്ടും ശ്രമിച്ചും ഒരു ജോലി സ്വന്തമാക്കി. പക്ഷേ അതുള്‍പ്പെടെ മൂന്നുനാലു ജോലികളില്‍ നിന്നും പുറത്തായി. അവിടെ നിന്നും ഹൈദരാബാദില്‍ എത്തി. അവിടെയൊരു ജോലി കിട്ടി. അവിടെ നിന്നും അമേരിക്കയില്‍ എത്തി… വരുണിന്റെ ജീവിതം വിജയത്തിലേക്ക് എത്തുന്നത് ഈ വഴികളിലൂടെയൊക്കെയാണ്.

പുരസ്‌കാരദാന ചടങ്ങില്‍ വരുണ്‍ ഈ കഥകളെല്ലാം പറയുമ്പോള്‍ അടുത്ത് തന്നെ ഒരു പെണ്‍കുട്ടി നില്‍പ്പുണ്ട്. വരുണിന്റെ ഭാര്യ. ഭാര്യയെ കണ്ടുമുട്ടിയ കാര്യവും ഇതിനിടയില്‍ വരുണ്‍ പറഞ്ഞു. ഒരു പ്രൊജക്ട് കഴിഞ്ഞ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും വിമാനത്തില്‍ മടങ്ങുമ്പോള്‍ തൊട്ടടുത്തായാണ് ഇരുവരും ഇരുന്നത്. കണ്ടാല്‍ മദാമ്മയുടെ ലുക്ക് ഒക്കെ ഉണ്ടെങ്കിലും സംസാരിച്ചപ്പോഴാണ് അറിയുന്നത് ആള് ചാലക്കുടിക്കാരിയാണെന്ന്, നര്‍മം കലര്‍ന്ന വാക്കുകളോടെ വരുണ്‍ പറയുന്നു. എന്താണ് പറയേണ്ടതെന്നൊന്നും ആദ്യം അറിയില്ലായിരുന്നു. മണിച്ചേട്ടനെയും (കലാഭവന്‍ മണി) ചാലക്കുടി ചന്തയെക്കുറിച്ചുമെല്ലാം പറഞ്ഞു. പുള്ളിക്കാരിക്ക് അതൊന്നും അറിയില്ല. പിന്നെ പുറകെ കൂടി നമ്മുടെ ആശയമെല്ലാം പങ്കുവച്ചു. എന്റെ മനസിലുള്ള ഒരു ബിസിനസ് ഐഡിയ പറഞ്ഞപ്പോള്‍ ഒരുമിച്ച് ചെയ്യാമെന്നു പറഞ്ഞു. എംബിബിസ് കഴിഞ്ഞയാളാണ്. അങ്ങനെ അമേരിക്കയില്‍ നിന്നും ബംഗ്ലൂര്‍ എത്തി. അവിടെ നിന്നും സിംഗപൂര്‍ എത്തി അവിടെ ഒരു കമ്പനി ആരംഭിച്ചു. അന്ന് 40,000 ഡോളറില്‍
താഴെയെ ബാങ്ക് അകൗണ്ടില്‍ പണമുള്ളൂ. പക്ഷേ പുള്ളിക്കാരി ഒപ്പം നിന്നു, കമ്പനി മുന്നോട്ടു പോയി, ഒടുവില്‍ വിവാഹം കഴിച്ചു; വരുണ്‍ പറഞ്ഞു.

തന്റെ ചേട്ടനെ കുറിച്ചും വരുണ്‍ പറയുന്നുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനായിരുന്നു ചേട്ടന്‍. ആയിരം രൂപ കൂടുതല്‍ കിട്ടുമെന്നുള്ളതുകൊണ്ട് വീട്ടിലെ കടങ്ങളും ബുദ്ധിമുട്ടുകളും അമ്മ നാടുവിട്ടുപോയതുമെല്ലാം ഓര്‍ത്ത് ചേട്ടന്‍ യുദ്ധസമയത്ത് ആര്‍ ആര്‍ റൈഫിള്‍സിന്റെ ഭാഗമാവുകയായിരുന്നു. അവിടെ നിന്നും വന്നശേഷം ചേട്ടന്‍ ഇന്ത്യന്‍ ആര്‍മിയുടെ കൂടെ സുഡാനില്‍ പോയി. ആ ചേട്ടന്റെ സഹായവും തന്റെ ബിസിനസ് വിജയത്തിന്റെ പിന്നിലുണ്ടെന്നും വരുണ്‍ പറയുന്നു.

ഇംഗ്ലീഷോ, ഇമെയിലോ എന്തെന്നറിയാത്ത ഒരു കാലം വരുണിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ആ അറിവില്ലായ്മകള്‍ തിരിച്ചടികളായിട്ടുണ്ടെങ്കിലും പിന്നീട് ജീവിതത്തില്‍ വിജയിക്കാന്‍ അന്നത്തെ വാശി സഹായകമായി വരുണിന്.

ഫുട്‌ബോള്‍ താരമായ ഒരു സുഹൃത്താണ് ആദ്യമായി ഇമെയില്‍ വരുണിനെ പരിചയപ്പെടുത്തുന്നത്. ഇന്റര്‍നെറ്റിനേയും ഇമെയിലിനേയും കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാതിരുന്നു ആ സമയത്ത്. ഒരു ജോലിയുടെ കാര്യത്തിനായാണു സുഹൃത്ത് ഇമെയില്‍ തന്നത്. ഫോണ്‍ നമ്പരായിരുന്നു വരുണ്‍ ആവശ്യപ്പെട്ടത്. ഇ മെയിലാണ് ആശയവിനിമയത്തിന് ഏറ്റവും യോജിച്ച മാര്‍ഗമെന്നാണു സുഹൃത്ത് പറഞ്ഞത്. കേരളത്തില്‍ തിരിച്ചെത്തിയ വരുണ്‍ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ കയറി ഇ മെയില്‍ അകൗണ്ട് തുടങ്ങുകയായിരുന്നു.

തൊഴില്‍ അന്വേഷണത്തിലാണ് ഇംഗ്ലീഷ് വില്ലനാകുന്നത്. കോള്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു തൊഴില്‍ അന്വേഷണം. നാല്‍പ്പതോളം ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തു. എല്ലാത്തിലും പരാജയപ്പെട്ടു. ഇംഗ്ലീഷ് നല്ല രീതിയില്‍ സംസാരിക്കാന്‍ കഴിയാത്തത് തന്നെയായിരുന്നു പ്രശ്‌നം. അവസാനം ഇന്റര്‍വ്യൂവിന് വേണ്ടി ഇംഗ്ലീഷ് മെച്ചപ്പെടുത്തുകയും ഒരു ഇന്റര്‍വ്യൂവില്‍ വിജയിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ജോലി. വീണ്ടും ഇംഗ്ലീഷ് വില്ലനായി. മൂന്ന് മാസത്തിനുള്ളില്‍ പണി പോയി. പിന്നെ വീണ്ടും ഒമ്പത് മാസത്തെ ഇംഗ്ലീഷ് പരിശീലനം. ശരിക്കും ഇംഗ്ലീഷ് പഠിച്ചു. എങ്കിലും പിന്നീടും രണ്ട് ജോലികളില്‍ നിന്ന് കൂടി വരുണ്‍ പുറത്തായി. അവസാനം ഒരു കണ്‍സള്‍ട്ടന്റിന്റെ ജോലിയില്‍ വരുണ്‍ വിജയം കണ്ടു. എസ്എപി, ഒറാക്കിള്‍, എന്‍ടിടി ഡാറ്റകളുമായി ബന്ധപ്പെട്ട്. അങ്ങനെയാണ് അമേരിക്കയിലേയ്ക്കു പോകുന്നത്. അരിസോണയിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമായി ആറ് വര്‍ഷം.

2014ലാണ് കേരളത്തില്‍ വരുണ്‍ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നത്. ഒരു വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം ഡോളര്‍ വരുമാനം നേടി. രണ്ട് വര്‍ഷമായപ്പോളേക്കും വരുമാനം മൂന്നിരട്ടിയായി 90,000 ഡോളറിലെത്തി. 2014-16 കാലത്ത് കേരളത്തിലെ ഗ്രാമങ്ങളില്‍ നൂറിലധികം തൊഴിലവസരങ്ങളുണ്ടാക്കാന്‍ വരുണിന് കഴിഞ്ഞിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഓഫീസ് തുടങ്ങുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അവസാനം അതും ശരിയായി. അഞ്ച് പേരെ വച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. ചെറുപ്പക്കാരും തൊഴില്‍ പരിചയമില്ലാത്തവരുമായ സ്ത്രീകളാണ് കൂടുതലും സ്റ്റാര്‍ട്ട് അപ്പിന്റെ ഭാഗമായത്. ഭിന്നശേഷിക്കാര്‍ക്കും അവസരമൊരുക്കാന്‍ കഴിഞ്ഞു. ഡാറ്റ ഫോര്‍മാറ്റിംഗ്, ഡാറ്റ സോര്‍ട്ടിംഗ്, ഇ മെയില്‍ കാംപെയിനുകള്‍, ഇന്റര്‍നെറ്റ് ഡാറ്റ റിസര്‍ച്ച് തുടങ്ങിയവയിലെല്ലാം ഗ്രാമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് വരുണ്‍ പറയുന്നു.

സ്മാര്‍ട്ട് വില്ലേജുകളിലേയ്ക്ക് കൂടി ശ്രദ്ധ തിരിച്ച് സാമ്പത്തിക വികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും അവസരമൊരുക്കുന്നതിന് പകരം ഇത്തരം ആശയങ്ങളെ അവഗണിക്കുകയാണ് പൊതുവെ സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന പരാതി വരുണിനുണ്ട്. ആളുകള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയണമെന്നും തന്റെ ജീവിതകഥ പങ്കുവച്ചുകൊണ്ട് വരുണ്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍