UPDATES

പോസിറ്റീവ് സ്റ്റോറീസ്

പ്രളയ പാഠം; 5000 മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി നല്‍കി ഒരു മുന്‍സിപ്പാലിറ്റി

ഉപയോഗ ക്രമങ്ങളും ശുചിത്വരീതിയുമെല്ലാം പറഞ്ഞ് കൊടുക്കാനുള്ള കൗണ്‍സിലിങ്ങുകള്‍ ആലപ്പുഴ നഗരസഭ നടത്തി വരുന്നുണ്ട്. ഉപയോഗിക്കുന്നവരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു കോള്‍സെന്‍ററും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

2018 ലെ വെള്ളപ്പൊക്കം ഒലിച്ചു കളഞ്ഞത് കേരളത്തിലെ മനുഷ്യര്‍ക്ക് സാനിറ്ററി നാപ്കിനെന്ന് പറയാനുള്ള ലജ്ജ കൂടിയായിരുന്നു. ദുരിതാശ്വാസ ക്യാംപുകളിലെ ആ ആവശ്യവസ്തുവിന്‍റെ പേര് ഉച്ചരിക്കാനും അത് ശേഖരിക്കാനും ക്ഷാമം പരിഹരിക്കാനുമൊക്കെ ലിംഗ പ്രായ ഭേദമന്യേ ആളുകള്‍ ശീലിച്ചു. പ്രളയകാലത്ത് ഉപേക്ഷിക്കപ്പെട്ട ചാക്ക് കണക്കിന് പാഡുകള്‍ കേരളത്തിലെ ഒരു പ്രാദേശിക സര്‍ക്കാരിനെ എത്തിച്ചത് വിപ്ളവകരമായ ഒരു പദ്ധതിയിലേക്കാണ്. ആര്‍ത്തവകാലം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ഉദ്ദേശത്തോടെ മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ‘തിങ്കള്‍’ എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ആലപ്പുഴ നഗരസഭ.

ആദ്യഘട്ടത്തില്‍ 5000 മെന്‍സ്ട്രല്‍ കപ്പുകളും രണ്ടാം ഘട്ടമായി കഴുകി ഉപയോഗിക്കാവുന്ന തുണികളും നല്‍കും. നഗരസഭയും ഹിന്ദുസ്ഥാന്‍ ലാറ്റക്സും ചേര്‍ന്ന് കോള്‍ ലിമിറ്റഡിന്‍റെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രളയകാലത്ത് നഗരസഭക്കകത്തെ 47 ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നായി ഉണ്ടായ ചാക്കുകണക്കിന് സാനിറ്ററി നാപ്കിന്‍ മാലിന്യങ്ങള്‍ എന്ത് ചെയ്യും എന്നറിയാതെ നിന്ന സാഹചര്യത്തില്‍ നിന്നാണ് ഇത്തരമൊരു ആലോചനയുണ്ടായതെന്ന് ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി ജഹാംഗിര്‍ പറയുന്നു.

‘പ്രളയകാലത്താണ് ഇങ്ങനെയൊരു പദ്ധതി മനസില്‍ വരുന്നത്. അന്ന് വന്ന മാലിന്യങ്ങള്‍ കുറേ പരമ്പരാഗതരീതിയില്‍ കത്തിച്ചു. സ്പോണ്‍സര്‍ ചെയ്ത് കിട്ടിയ ഇന്‍സിനേറ്റര്‍ വഴി നിര്‍മ്മാര്‍ജ്ജനം നടത്തി. കുറേ കുഴിച്ചിട്ടു. കനാലിലെല്ലാം നിറയെ ഉപയോഗിച്ച പാഡുകളായിരുന്നു. മാലിന്യസംസ്കരണത്തിന് അവാര്‍ഡുകള്‍ ഉള്‍പ്പെടെ ലഭിച്ച മുനിസിപ്പാലിറ്റിയായിരുന്നിട്ടും ഈ വിഷയത്തിന് പരിഹാരം കാണാന്‍ സാധിച്ചിരുന്നില്ല. 25 വര്‍ഷമെങ്കിലും എടുക്കും ഒരു സാനിറ്ററി പാഡ് മണ്ണില്‍ അലിഞ്ഞു ചേരാന്‍. അങ്ങനെയാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി ചര്‍ച്ചകള്‍ നടത്തുന്നത്. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുക എന്ന പരിഹാരമാണ് മുന്നില്‍ വന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ പരമ്പരാഗതമായി തുണിയോ പാഡോ ഉപയോഗിച്ചു വരുന്ന രീതിയായതിനാലും കപ്പ് ഉപയോഗിക്കുന്നതിനോട് പലതരം ടാബൂ ഉള്ളതിനാലും ആദ്യം ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. പിന്നീടാണ് എച്ച്.എല്‍.എല്ലും കോള്‍ ഇന്ത്യാ ലിമിറ്റഡും സ്പോണ്‍സര്‍ ചെയ്യുന്ന രീതിയില്‍ പദ്ധതി ആവിഷ്കരിച്ചത്.’

ധനമന്ത്രി തോമസ് ഐസക്ക് ആണ് പദ്ധതി ഉത്ഘാടനം ചെയ്തത്. ആദ്യ ദിവസം എണ്‍പതോളം മെനുസ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു. കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് പ്രവര്‍ത്തകരാണ് ആദ്യ ഘട്ടത്തില്‍ കപ്പുകള്‍ വാങ്ങിയിരിക്കുന്നത്.

ഒരു സത്രീ വര്‍ഷം ശരാശരി 156 പാഡുകള്‍ എങ്കിലും ഉപയോഗിക്കും. നാല്‍പത് വര്‍ഷമുള്ള ആര്‍ത്തവകാലത്ത് 6240 പാഡുകള്‍ ഒരു വ്യക്തി പുറത്ത് കളയാം. നൂറ്റാണ്ടുകള്‍ കൊണ്ടേ ഈ മാലിന്യം മണ്ണില്‍ നിന്ന് പോകൂ. ഒരു മെനുസ്ട്രല്‍ കപ്പ് പക്ഷെ പത്ത് വര്‍ഷത്തോളമാണ് തുടര്‍ച്ചയായി ഉപയോഗിക്കാനാകും. 5000 സ്ത്രീകള്‍ അതുപയോഗിച്ചാല്‍ ഇല്ലാതാകുന്നത് 6 ലക്ഷത്തോളം പാഡുകളുടെ മാലിന്യകൂമ്പാരമാണ്.

ഇപ്പോള്‍ വിരലിലെണ്ണാവുന്ന കമ്പനികളാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലെ സാനിറ്ററി നാപ്കിന്‍റെ വിതരണം കൈയ്യാളുന്നത്. വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്ന കപ്പുകള്‍ ഭീഷണിയുയര്‍ത്തുന്നത് ഈ കച്ചവടത്തിനാണെന്നത് കൊണ്ട് തന്നെ മാര്‍ക്കറ്റില്‍ വളരേ സുലഭമായി തുടങ്ങിയിട്ടില്ല കപ്പുകള്‍. ഓണ്‍ലൈന്‍ വഴിയാണ് ഭൂരിഭാഗം പേരും വാങ്ങുന്നത്. യോനിയില്‍ കയറ്റി വെക്കുന്നതിനെ കുറിച്ചുള്ള ഭയമാണ് മെന്‍സ്ട്രല്‍ കപ്പിന്‍റെ ഉപയോഗത്തില്‍ നിന്ന് പലരേയും വിലക്കുന്നത്. എന്നാല്‍ അത്തരം ഭയങ്ങളൊന്നും കൂടാതെ തന്നെ ഇതുപയോഗിക്കാമെന്നും വളരേ കംഫര്‍ട്ടബിള്‍ ആയാണ് തോന്നുന്നതെന്നും ‘തിങ്കള്‍’ പദ്ധതിയിലൂടെ മെന്‍സ്ട്രല്‍ കപ്പ് ലഭിച്ച ആലപ്പുഴയിലെ റാണി പറയുന്നു.

‘കപ്പ് കിട്ടി, ഞാന്‍ ഉപയോഗിക്കാനും തുടങ്ങി. തുണിയും പാഡും ഉപയോഗിക്കുന്നതിനേക്കാള്‍ സുഖമാണ് ഇത്‌. കപ്പിന്‍റെ പുറത്തേക്ക് എടുക്കുന്ന ഭാഗത്തിന്‍റെ നീളം ചെറുതായത് കൊണ്ട് കുറച്ച് ബുദ്ധിമുട്ടുണ്ടായതേ ഒള്ളു.’

300 മുതല്‍ 600 രൂപ വരെ വിലക്ക് ലഭ്യമാകുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ മാര്‍ക്കറ്റില്‍ ഉണ്ട്. 12 മണിക്കൂര്‍ വരെ ഉപയോഗിക്കാം. രക്തം നിറയുന്ന മുറക്ക് ഒഴിച്ചു കളയുകയും സാധാരണ വെള്ളത്തില്‍ കഴുകി വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. ഒരു ആര്‍ത്തവം കാലം കഴിയുമ്പോള്‍ തിളച്ച വെള്ളത്തിലിട്ട് അണുനശീകരണം നടത്തി സൂക്ഷിച്ച് വെക്കണം. മെഡിക്കല്‍ സിലിക്കണില്‍ നിര്‍മിച്ച കപ്പുകള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. സാധാരണ ഗതിയില്‍ ഈ വസ്തു ശരീരത്തിന് യാതൊരു അസ്വസ്ഥതകളും ഉണ്ടാക്കില്ല. ഉപയോഗ ക്രമങ്ങളും ശുചിത്വരീതിയുമെല്ലാം പറഞ്ഞ് കൊടുക്കാനുള്ള കൗണ്‍സിലിങ്ങുകള്‍ ആലപ്പുഴ നഗരസഭ നടത്തി വരുന്നുണ്ട്. ഉപയോഗിക്കുന്നവരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു കോള്‍സെന്‍ററും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗത്തിന് ശേഷം നിരവധി പേരാണ് കോള്‍ സെന്‍ററിലേക്ക് വിളിക്കുന്നതെന്ന് ഇത് കൈകാര്യം ചെയ്യുന്ന സെലിന്‍ പറയുന്നു.

‘മെനുസ്ട്രല്‍ കപ്പുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് എന്തെങ്കിലും സംശയങ്ങള്‍, ആശങ്കകള്‍ ഒക്കെയുണ്ടെങ്കില്‍ പരിഹരിക്കാനാണ് ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ട് നഴ്സുമാരുള്‍പ്പെടെ മൂന്ന് പേരാണ് കോള്‍സെന്‍റര്‍ കൈകാര്യം ചെയ്യുന്നത്. ഉപയോഗ ശേഷം പലരും വിളിക്കുന്നുണ്ട്. ആദ്യമായി വച്ചപ്പോള്‍ ചെറിയ ആശങ്കയുണ്ടായിരുന്നെന്നും ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ സുഖകരമായിരുന്നെന്നും വിളിച്ചവര്‍ പറയുന്നുണ്ട്. ആദ്യ ഉപയോഗത്തില്‍ ചെറിയ വേദനയുണ്ടാകാമെന്ന് പറഞ്ഞിരുന്നെങ്കിലും അത്തരം ബുദ്ധിമുട്ടുകളും ഉണ്ടായില്ല എന്നും അറിയിച്ചു.’

ആലപ്പുഴ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്‍റെ ഫ്രണ്ട് ഓഫീസില്‍ നിന്നും നഗരസഭാ കുടുംബശ്രീ/സി.ഡി.എസ് വിഭാഗത്തില്‍ നിന്നും സ്ത്രീകള്‍ക്ക് കപ്പുകള്‍ വാങ്ങാനാകും.

Explainer: എന്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്? ഇടത്തും വലത്തും നിന്ന് എതിർക്കുന്നവർ ആരൊക്കെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍