UPDATES

പോസിറ്റീവ് സ്റ്റോറീസ്

അച്ഛനെ കോമയില്‍ നിന്നുണര്‍ത്താന്‍ പഠനം; ഈ ഫുള്‍ എ പ്ലസ് ഒരു മകളുടെ മനക്കരുത്തിന്റെ വിജയം

അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി അടുത്തിരുന്ന് ഉറക്കെ വിളിച്ചുകൊണ്ടിരിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ആര്യ ചെയ്തത്, രാത്രിയും പകലും അച്ഛനരികിലിരുന്ന് പാഠങ്ങള്‍ ഉറക്കെ വായിച്ചു പഠിക്കുകയാണ്

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട് മലാപ്പറമ്പിലെ ഓടിട്ട കൊച്ചു വാടകവീട്ടിലേക്ക് കടക്കുമ്പോള്‍, ആദ്യത്തെ മുറിയ്ക്കു പുറത്ത് ‘സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല’ എന്ന് എഴുതിവച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ മുതല്‍ ഈ കൊച്ചുവീട്ടിലേക്കും സന്ദര്‍ശകരെ അനുവദിക്കാത്ത ഈ മുറയിലേക്കുമാണ് കേരളത്തിലെ മാധ്യമങ്ങളുടെയെല്ലാം ശ്രദ്ധ. പത്താം ക്ലാസ്സില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച ആര്യ രാജിന്റെ അച്ഛന്‍ രാജന്‍ ഓര്‍മകള്‍ നഷ്ടപ്പെട്ട് ഒരു ഭാഗം തളര്‍ന്നു കിടക്കുന്നത് ഈ മുറിയിലാണ്. അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി അടുത്തിരുന്ന് ഉറക്കെ വിളിച്ചുകൊണ്ടിരിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ആര്യ ചെയ്തത്, രാത്രിയും പകലും അച്ഛനരികിലിരുന്ന് പാഠങ്ങള്‍ ഉറക്കെ വായിച്ചു പഠിക്കുകയാണ്. പത്താം ക്ലാസ്സിലെ പഠനം തന്നെ അച്ഛനുള്ള ചികിത്സാ വിധിയായി ആര്യ മാറ്റാനും കാരണങ്ങളുണ്ട്.

ഗ്യാസ് പൈപ്പിന്റെ ജോലികള്‍ ചെയ്തിരുന്ന രാജന്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ഡിസംബറില്‍ കൂട്ടുകാര്‍ക്കൊപ്പം കോട്ടയത്തേക്ക് യാത്ര തിരിച്ചത്. കോട്ടയത്തുവച്ച് ക്രിസ്തുമസ് രാത്രിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ രാജന് ഓട്ടോയിടിച്ചാണ് അപകടമുണ്ടാകുന്നത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളേജിലേക്കും പിന്നീട് മാതാ ആശുപത്രിയിലേക്കും രാജനെ മാറ്റിയെങ്കിലും, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പോലും ആദ്യം വിവരമറിഞ്ഞില്ല. രാജന്റെ പക്കല്‍ നിന്നും ലഭിച്ച ഫോണിലെ അവസാന കോളിന്റെ വിവരങ്ങള്‍ നോക്കി ആശുപത്രി അധികൃതര്‍ ഭാര്യ സബിതയെ വിവരമറിയിക്കുമ്പോഴേക്കും വൈകിയിരുന്നു താനും. മാതാ ആശുപത്രിയിലെ ചികിത്സ മികച്ചതായിരുന്നുവെങ്കിലും രാജന്റെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായിരുന്നു. തലയോട്ടിയുടെ ഒരു ഭാഗം ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് മാതാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയത്തെത്തി അച്ഛനെ കണ്ട ആര്യയും അമ്മയും പാടേ തളര്‍ന്നുപോയി. ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ പഠനം പോലും ഉപേക്ഷിച്ച് ഒന്നരമാസത്തോളം ആര്യ കോട്ടയത്ത് അച്ഛന് കൂട്ടിരുന്നു. ആ ദിവസങ്ങള്‍ക്കൊടുവിലാണ്, അച്ഛനെ ഉണര്‍ത്താനായി അരികിലിരുന്ന ഉറക്കെ വിളിച്ചുകൊണ്ടിരിക്കൂ എന്ന നിര്‍ദ്ദേശം ആര്യയ്ക്ക് ലഭിക്കുന്നത്. തിരികെ വീട്ടിലെത്തിയ ആര്യ, അച്ഛന്‍ കിടക്കുന്ന മുറിയില്‍ അച്ഛനൊപ്പമിരുന്നായി പിന്നീട് പഠനം. വാടക വീടിനു സമീപത്ത് താമസിക്കുന്നവര്‍ ദിവസവും ആര്യ ഉറക്കെയുറക്കെ വായിച്ചു പഠിക്കുന്നത് കേട്ടുകൊണ്ടിരുന്നു.

ആര്യയുടെ പഠനം എന്തുകൊണ്ട് അച്ഛനുള്ള ചികിത്സ കൂടിയാകുന്നു എന്ന ചോദ്യത്തിന് അമ്മ സബിതയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. ‘വാശിയോടെത്തന്നെയാണ് അവള്‍ പഠിച്ചത്. അച്ഛന്‍ എഴുന്നേറ്റു വരുമ്പോള്‍ പത്താം ക്ലാസ് പരീക്ഷയെക്കുറിച്ച് പറയേണ്ടിവരുമെന്നും അപ്പോള്‍ ഏറ്റവും നല്ല വാര്‍ത്ത തന്നെ അച്ഛനു കൊടുക്കണമെന്നും അവള്‍ ചിന്തിച്ചു. വലിയ കൂട്ടാണ് അച്ഛനും മോളും. എന്നെക്കാളും അവള്‍ക്ക് അടുപ്പവും അച്ഛനോടു തന്നെയാണ്. കൂട്ട് എന്ന് പറഞ്ഞാല്‍ പോരാ, ചങ്ങാതിമാരെപ്പോലെത്തന്നെയാണ്. അവള്‍ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ക്കു തന്നെ, ഒരു നിമിഷം പോലും രണ്ടാളും പിരിഞ്ഞിരിക്കില്ല. കാണാതിരിക്കാന്‍ വയ്യെന്നു പറഞ്ഞ് ശബരിമലയ്ക്കു പോകുമ്പോള്‍പ്പോലും രണ്ടു വയസ്സുള്ള അവളെ തോളത്തിട്ട് കൊണ്ടുപോയ ആളാണ്. ജോലിക്കു പോകുമ്പോള്‍പ്പോലും ചിലപ്പോള്‍ ഒപ്പം കൊണ്ടുപോകും. അന്ന് കോട്ടയത്തു പോകുമ്പോഴും, അഞ്ചു മിനുട്ട് കൂടുമ്പോള്‍ ഓര്‍ക്കണേ എന്നാണ് ഇവള്‍ അച്ഛനോടു പറഞ്ഞത്. ഓര്‍ത്തില്ലെങ്കില്‍ അച്ഛനെ ഓര്‍മിപ്പിക്കാന്‍ കൂടെയുള്ള സൂഹൃത്തുളോടും പറഞ്ഞു.’

കോട്ടയത്തു നിന്നും തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും സഹായത്തോടെയാണ് ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ആര്യയും സബിതയും മുന്നോട്ടു നീക്കിയിരുന്നത്. അതിനൊപ്പം പ്രൊവിഡന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് പഠനവും പുനരാരംഭിച്ച ആര്യ, അച്ഛന് ഓര്‍മകള്‍ തിരികെ കിട്ടാനുള്ള വഴികള്‍ ആലോചിച്ചു. തന്റെ നിരന്തരമായ സാന്നിധ്യവും പഠനവും അച്ഛനെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് ആര്യ ഉറച്ചു വിശ്വസിച്ചതിന്റെ ഫലമാണ് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഈ എ പ്ലസ്. രാത്രികളില്‍ അച്ഛന് കൂട്ടിരുന്നും, എല്ലാത്തിനും പരസഹായം വേണ്ട അച്ഛനെ അമ്മയോടൊപ്പം മാറി മാറി ശുശ്രൂഷിച്ചും, ഇടയ്ക്കിടെ ആശുപത്രിയിലേക്ക് അച്ഛനേയും കൊണ്ട് ഓടിയും അതിനിടെ അച്ഛനൊപ്പമിരുന്ന പഠിച്ചും നേടിയ ഉന്നത വിജയം എല്ലാവര്‍ക്കും അത്ഭുതമായിരുന്നു, ആര്യയ്‌ക്കൊഴിച്ച്. മുഴുവന്‍ എ പ്ലസ് ലഭിക്കുമെന്ന് തനിക്കുറപ്പായിരുന്നുവെന്ന് പറയുമ്പോള്‍ ആര്യയുടെ മുഖത്തുള്ളത് ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുഞ്ചിരിയാണ്. ഓര്‍മകള്‍ തിരിച്ചു ലഭിച്ച ശേഷം ശസ്ത്രക്രിയകളും ചികിത്സകളും തുടര്‍ന്ന്, അച്ഛന്‍ ജീവിതത്തിലേക്ക് തിരികെയെത്തുന്ന നിമിഷത്തിനയാണ് ആര്യ കാത്തിരിക്കുന്നത്.

രാജന്റെ അപകടത്തിനു ശേഷം ജീവിതം മാറിമറിഞ്ഞത് പല തരത്തിലാണെന്ന് സബിത പറയുന്നുണ്ട്. രാജന്റെ ആരോഗ്യസ്ഥിതിയിലുള്ള ആശങ്കയും, തുടര്‍ചികിത്സകള്‍ക്കായുള്ള ചെലവും, ഭക്ഷണം പോലും ട്യൂബ് വഴി നല്‍കേണ്ടിവരുന്നതിന്റെ ആയാസവുമെല്ലാം ഉള്ളപ്പോള്‍ത്തന്നെ, അതിലുമേറെ ഈ അമ്മയേയും മകളേയും ഭയപ്പെടുത്തിയ പല വസ്തുതകളുമുണ്ട്. ‘സ്വന്തമായി ഒരു കാര്യം പോലും ചെയ്യാന്‍ അറിവില്ലാത്തവരായിരുന്നു ഞാനും മോളും. എല്ലാം അച്ഛന്‍ നോക്കിക്കൊള്ളുമായിരുന്നല്ലോ. സ്വന്തമായി ബസ്സ് കയറി സ്‌കൂളില്‍ പോകേണ്ടത് എങ്ങനെയാണെന്നു പോലും അറിയില്ലായിരുന്നു മോള്‍ക്ക്. അച്ഛന്‍ എന്നും വണ്ടിയില്‍ കൊണ്ടുചെന്നാക്കിയിരുന്നതു കൊണ്ട് അവള്‍ക്കത് ചിന്തിക്കേണ്ടി വന്നിട്ടുമില്ല. ആദ്യത്തെ പകപ്പിനു ശേഷം അവള്‍തന്നെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തു തുടങ്ങി. എന്റെ കാര്യവുമതുതന്നെയാണ്. വീട്ടിലേക്ക് ഗ്യാസ് ബുക്കു ചെയ്യേണ്ടത് എങ്ങിനെയെന്നു പോലും എനിക്കറിയില്ല. ഓരോ ദിവസവും വീട്ടില്‍ എന്തു ഭക്ഷണമുണ്ടാക്കണം എന്ന കാര്യത്തില്‍പ്പോലും ഇടപെട്ടിരുന്ന ആളാണ്. ഞങ്ങളെ ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല. സാമ്പത്തികമായി ഇപ്പോള്‍ തളര്‍ന്നു പോകാനുള്ള കാരണവും സമ്പാദ്യമില്ല എന്നതാണ്. കിട്ടിയിരുന്ന തുകയെല്ലാം അന്നന്നത്തെ കാര്യത്തിനു വേണ്ടി ചെലവഴിച്ചു. ഒന്നും എടുത്തുവച്ചില്ല. സ്വന്തമായി സ്ഥലമോ വീടോ ഇല്ല. ഇങ്ങനെ ഒരു അപകടം വരുമെന്ന് അന്നു ചിന്തിച്ചില്ലല്ലോ. ഇപ്പോഴും ഇടയ്ക്കിടെ അണുബാധ കാരണം ആശുപത്രിയില്‍ പോകേണ്ടിവരും. മുറിയിലേക്ക് ആരും കടക്കാതെ ശ്രദ്ധിച്ചും, ഞങ്ങള്‍ പോലും ഇടയ്ക്കിടെ കൈകള്‍ കഴുകി വൃത്തി ഉറപ്പുവരുത്തിയിട്ടും, അണുബാധ ഇടയ്ക്ക് ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ന്യൂമോണിയയുടെ ലക്ഷണങ്ങളും വരും.’

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

അച്ഛന്റെ ചികിത്സയ്ക്ക് തന്റെ പഠനം സഹായമാകും എന്ന ആര്യയുടെ പ്രതീക്ഷ ഏതായാലും തെറ്റിയില്ല. ആര്യ പ്രതീക്ഷിച്ച വഴിയിലല്ലെങ്കില്‍ക്കൂടി, ആര്യയുടെ പത്താം ക്ലാസ് പഠനവും ഉയര്‍ന്ന ഫലവും രാജന്റെ ചികിത്സയ്ക്കുള്ള വലിയ സഹായം തന്നെയായി മാറിയിരിക്കുകയാണ്. മാധ്യമങ്ങള്‍ വഴി ആര്യയുടെ കഥയറിഞ്ഞ മന്ത്രിമാരും സന്നദ്ധ സംഘടനകളും ആര്യയെത്തേടി എത്തിക്കഴിഞ്ഞു. ആര്യയുടെ തുടര്‍പഠനം, കുടുംബത്തിന്റെ ഭദ്രത, രാജന്റെ ചികിത്സ എല്ലാം ഇപ്പോള്‍ സുരക്ഷിതമായ കൈകളില്‍ത്തന്നെയാണ്. മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ആര്യയുടെ കഥയറിഞ്ഞ് വീട് സന്ദര്‍ശിച്ചിരുന്നു. എല്ലാ കാര്യത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നറിയിച്ച്, ആര്യയെ അഭിനന്ദിച്ച ശേഷമാണ് മൂവരും മടങ്ങിയത്. ചികിത്സയുടെ ചെലവിനൊപ്പം വീടില്ലാത്ത ഈ കുടുംബത്തിന് വീടുവച്ചുകൊടുക്കുന്നതിനേക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ധ സംഘം ആര്യയുടെ വീട്ടിലെത്തി രാജനെ പരിശോധിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ വി. ആര്‍ രാജേന്ദ്രനും സൂപ്രണ്ട് കെ.ജി സജിത്കുമാറുമടക്കം ആറുപേരാണ് രാജന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താനെത്തിയത്. ലഭ്യമായതില്‍ ഏറ്റവും മികച്ച ചികിത്സ രാജന് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഇവരും വാക്കു നല്‍കിയിട്ടുണ്ട്. പതിയെയാണെങ്കിലും രാജന്‍ ജീവിതത്തിലേക്കു തിരികെ വരുമെന്നു തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

അതിനൊപ്പം രാജന്റെ മുടങ്ങിക്കിടക്കുന്ന ഫിസിയോതെറാപ്പി പുനരാരംഭിക്കാനുള്ള സൗകര്യമൊരുക്കാന്‍ ചെറുവണ്ണൂര്‍ കോയാസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷാനുവും, ആര്യയുടെ തുടര്‍പഠനത്തിന്റെ ചെലവ് വഹിക്കാന്‍ മലബാര്‍ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.എ ലളിതയും തയ്യാറായിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ആര്യയുടെ പത്താം ക്ലാസ് ഫലം രാജന് വലിയ സഹായം തന്നെയായി മാറിയിരിക്കുന്നു. പഠിച്ചിരുന്ന പ്രൊവിഡന്‍സ് സ്‌കൂളില്‍ത്തന്നെ പ്‌ളസ് വണ്ണില്‍ സയന്‍സ് ഗ്രൂപ്പില്‍ ചേരാനും, ഒപ്പം തന്നെ ഈ മാസമാദ്യം ആരംഭിച്ച എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സില്‍ പോകാനുമുള്ള തിരക്കുകളിലാണ് ഇനി ആര്യ. അച്ഛന്‍ എഴുന്നേറ്റു വരുമ്പോള്‍ കേള്‍പ്പിക്കാനായി ഇനിയും നല്ല വാര്‍ത്തകള്‍ അവള്‍ക്കു വേണം. ‘ഇപ്പോള്‍ പ്ലസ് വണ്ണിനു ചേരുന്ന കാര്യമേ ആലോചിച്ചിട്ടുള്ളൂ. പ്രൊവിഡന്‍സില്‍ത്തന്നെ ചേരണം. പിന്നെ എന്‍ട്രന്‍സ് എഴുതണം. അതു കഴിഞ്ഞ് മെഡിക്കല്‍ രംഗത്തേക്ക് മാറണം എന്നാണ് ആഗ്രഹം.’ ഭാവി പരിപാടികളെക്കുറിച്ച് സംസാരിക്കുമ്പോഴും ആര്യയുടെ പാതി ശ്രദ്ധ ‘സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത’ ആ മുറിയിലേക്കാണ്. അച്ഛന്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കിയാല്‍ ഉടന്‍തന്നെ സഹായവുമായി ഓടിച്ചെല്ലാന്‍.

പഠനത്തില്‍ മിടുക്കിയായിരുന്ന ആര്യ പത്താം ക്ലാസ് ആരംഭിച്ചതു മുതല്‍ കുത്തിയിരുന്നു പഠിച്ചിരുന്നതും സബിത ഓര്‍ക്കുന്നു. മറ്റൊരു വിനോദത്തിനും നില്‍ക്കാതെ പഠിച്ചു കൊണ്ടിരുന്ന ആര്യയ്ക്ക് മികച്ച വിജയം ലഭിക്കുമെന്ന് രാജനും സബിതയ്ക്കും ഉറപ്പായിരുന്നു താനും. ഒടുവില്‍ ഫലം വരുമ്പോള്‍ സന്തോഷിക്കാനുള്ള വകയുണ്ടാകുമെന്നും, ജൂണില്‍ ആര്യയുടെ പിറന്നാള്‍ വരുമ്പോള്‍ പരീക്ഷയുടെ വിജയം കൂടി വലിയ തോതില്‍ ആഘോഷിക്കാമെന്നുമായിരുന്നു പദ്ധതി. അത്രനാളും പഠനമല്ലാതെ മറ്റൊന്നും ചിന്തിക്കാതിരുന്ന ആര്യയ്ക്കു വേണ്ടി വലിയൊരു ആഘോഷം മനസ്സില്‍ കൊണ്ടു നടന്നിരുന്നിടത്തേക്കാണ് ഒരു ക്രിസ്തുമസ് രാത്രി രാജന്റെ അപകടവാര്‍ത്തയെത്തുന്നത്. ലോകം മുഴുവന്‍ അഭിനന്ദിച്ചാലും, അച്ഛന്‍ എഴുന്നേറ്റ് ചേര്‍ത്തുപിടിക്കാതെ ആര്യയുടെ വിജയം പൂര്‍ണമാകില്ലെന്നുതന്നെയാണ് ഇവരുടെ വിശ്വാസം.

Read More: “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍