UPDATES

പോസിറ്റീവ് സ്റ്റോറീസ്

സഹതാപം ഇഷ്ടമല്ല, ജീവിച്ചിരിക്കുന്നതാണ് ആഘോഷം; മാളവിക അയ്യരുടെ അത്ഭുതജീവിതം

പതിമൂന്നാം വയസ്സില്‍ ബോംബ് സ്ഫോടനത്തില്‍നിന്ന് രക്ഷപ്പെട്ടതു മുതല്‍ യുഎന്നില്‍ പ്രസംഗിക്കുന്നതു വരെ തുടരുന്ന മാളവിക അയ്യരുടെ അതിജീവനം

ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് മാളവിക അയ്യര്‍ക്ക് രണ്ടു കയ്യും നഷ്ടമായി. കാലുകളില്‍ ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യത്തെ ആറുമാസം നടക്കാന്‍ പോലും കഴിയില്ലായിരുന്നു. 18 മാസത്തെ ആശുപത്രി വാസത്തിനു ശേഷം അവള്‍ സ്വയം നടക്കാന്‍ പഠിപ്പിച്ചു. കൃത്രിമക്കൈയ്യുകളുടെ ഒരു ജോഡി ഉപയോഗിക്കാനും തുടങ്ങി. പ്രചോദന ജീവിതകഥകള്‍ പങ്കുവെക്കുന്ന ഫെയ്സ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയോട് മാളവിക അയ്യര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

“എന്നെപ്പോലെത്തന്നെ സഹതാപം വെറുക്കുന്നവരാണ് ഭൂരിപക്ഷം വികലാംഗരും. ഞങ്ങള്‍ ജീവിച്ചിരിക്കുന്നു, അതുതന്നെ ആഘോഷമാണ് ” അവള്‍ പറയുന്നു. “വര്‍ഷങ്ങള്‍ നീണ്ട അരക്ഷിതാവസ്ഥ, എന്റെ പുതിയ ശരീരത്തെ ഒളിപ്പിച്ചുവെക്കല്‍, അപരിചിതരുടെ കണക്കില്ലാത്ത തുറിച്ചുനോട്ടങ്ങളും ചോദ്യങ്ങളും, ഇതെല്ലാം മറികടന്ന് 2012ല്‍ എന്റെ അപകടത്തിന്റെ വാര്‍ഷികദിനത്തില്‍ എനിക്കെന്തു പറ്റിയെന്ന് ഞാന്‍ ഫെയ്സ്ബുക്കിലെഴുതി”. അവള്‍ പറഞ്ഞു. ഭാഗ്യമെന്നതുപോലെ മാളവികയുടെ പോസ്റ്റ് പ്രശസ്തമാവുകയും അവള്‍ തന്റെ ജീവിതം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രചോദമായി പകര്‍ന്നുകൊടുക്കുകയും ചെയ്തു. മാളവിക തന്റെ പിഎച്ച്ഡി പൂര്‍ത്തിയാക്കി. കൂടാതെ,ന്യൂയോര്‍ക്കിലെ വേള്‍ഡ് എമെര്‍ജിങ് ലീഡേഴ്സ് അവാര്‍ഡ് വാങ്ങുന്ന ആദ്യ വനിതയുമായി. കഴിഞ്ഞ വര്‍ഷം യുഎന്‍ തലസ്ഥാനത്ത് സംസാരിക്കാനായി ക്ഷണിക്കപ്പെടുകയും ന്യൂഡല്‍ഹിയില്‍ വെച്ചു നടന്ന വേള്‍ഡ് ഇക്കണോമിക്സ് ഫോറത്തിന്റെ ഇന്ത്യ ഇക്കണോമിക് ഉച്ചകോടിയില്‍ സഹ അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്തു.

“എന്നെ നോക്കൂ- ഞാന്‍ കയ്യില്ലാത്ത പിഎച്ച്ഡിക്കാരിയാണ്! ഒരു മോശം അവസ്ഥയോ വൈകല്യമോ നിങ്ങളുടെ പുസ്തകത്തിലെ ഒരു അധ്യായം മാത്രമാണ്… അത് പൂര്‍ണ്ണമായ കഥയല്ല. നിങ്ങള്‍ പിന്നീട് കാലങ്ങളോളം സന്തോഷമായി ജീവിച്ചു എന്നെഴുതാന്‍ കഴിയുന്ന ഒരാളേയുള്ളു- അത് നിങ്ങള്‍ തന്നെയാണ്”.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ഞാന്‍ ജിജ്ഞാസുവായ കുട്ടിയായിരുന്നു – പതിമൂന്നാം വയസ്സില്‍ ഗാരേജില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് എന്റെ ജീവിതം എന്നെന്നേക്കുമായി മാറിയത്. അടുത്തുള്ള വെടിമരുന്നു നിര്‍മ്മാണശാലയില്‍ തീപിടിത്തം ഉണ്ടായി, അതിന്റെ കഷ്ണങ്ങള്‍ എല്ലായിടത്തേക്കും തെറിച്ചു വീണു, ഒരു ഗ്രനേഡ് വന്നുവീണത് എന്റെ ഗാരേജിലായിരുന്നു- ഞാനെടുത്തപ്പോള്‍ അത് പൊട്ടിത്തെറിച്ചു. ഉടന്‍ തന്നെ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്നത്തെ രാത്രി ഞാന്‍ അത്ഭുതകരമായി അതിജീവിച്ചു. ഡോക്ടര്‍മാര്‍ അതി‌നുശേഷം എന്റെ ചിതറിയ ശരീരത്തെ ഒന്നാക്കുവാന്‍ തുടങ്ങി. എന്റെ രണ്ടു കയ്യും നഷ്ടമായി. കാലിന് ഗുരുതരമായ മുറിവേല്‍ക്കുകയും പക്ഷാഘാതം ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്തു. ആദ്യത്തെ ആറുമാസം എനിക്ക് നടക്കാനാവില്ലായിരുന്നു. ജീവിതം ഒരു ചക്രക്കസേരയില്‍ ഒതുങ്ങി. എന്റെ കാലുകളില്‍ എപ്പോഴോ സ്റ്റീല്‍ കമ്പികള്‍ തുളച്ചുകയറ്റിയിരുന്നു. പതിനെട്ടുമാസത്തെ ആശുപത്രിവാസത്തിനും ശസ്ത്രക്രിയകള്‍ക്കും ശേഷം ഞാന്‍ സ്വയം നടക്കാനും കൃത്രിമക്കയ്യുപയോഗിക്കാനും പഠിച്ചു. പത്താം ക്ലാസിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഞാന്‍ പകുതി വഴിയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പക്ഷേ എനിക്ക് കുറേ ക്ലാസ് നഷ്ടമായി, കൂടുതല്‍ സമയം നഷ്ടപ്പെടുത്തുക എന്നതല്ലാതെ വേറെ വഴിയില്ലായിരുന്നു – പക്ഷേ, അതിനെനിക്ക് സമ്മതമല്ല എന്ന് ഞാന്‍ തീരുമാനിച്ചു. എന്റെ പൂര്‍ണ്ണമായ ശ്രദ്ധ, തുടര്‍ച്ചയായ പഠനത്തിനും ക്ലാസുകളില്‍ പോകുന്നതിനും ക്രാഷ് കോഴ്സില്‍ പരിശീലനം നേടുന്നതിനുമായി തിരിച്ചുവിട്ടു. എന്റെ തീരുമാനം അത്ര ഉറച്ചതായതിനാല്‍, എഴുതാന്‍ ഒരാളുടെ സഹായത്തോടെ ഞാന്‍ ബോര്‍ഡ് പരീക്ഷ വിജയിച്ചു – എന്റെ ആദ്യത്തെ ഉന്നതവിജയം! അതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടതിനാല്‍ ഞാന്‍ സ്വയം ഒരു ലക്ഷ്യം നിര്‍ണ്ണയിച്ച്, അത് നടപ്പിലാക്കി – ഇത്തവണ സംസ്ഥാന റാങ്ക് ആയിരുന്നു കിട്ടിയത് – മുമ്പെന്നത്തേക്കാളും ഞാന്‍ പ്രചോദിതയായി.

ഞാന്‍ തുടര്‍ന്ന് ഇക്കണോമിക്സ് പഠിച്ചു, അതിനുശേഷം സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്സും എടുത്തു. കോളേജിലെ ആദ്യ വര്‍ഷങ്ങള്‍ കഠിനമായിരുന്നു. എന്റെ കാര്യങ്ങള്‍ സ്വയം നോക്കണമായിരുന്നു. എന്നെ ചുറ്റി നില്‍ക്കുന്ന മനുഷ്യരെല്ലാം എല്ലാം തികഞ്ഞവര്‍ ആണെന്നും അവര്‍ കുറവുകളില്ലാത്ത ജീവിതം നയിക്കുകയുമാണെന്നും എനിക്കു തോന്നി. പ്രത്യേകിച്ചും ഞാന്‍ തകര്‍ന്നിരിക്കുന്ന ഈ അവസ്ഥയില്‍. എന്താണ് സംഭവിച്ചത് എന്ന് പറയുന്നത് ഒഴിവാക്കാനായി ഞാന്‍ സ്വയം പൊതിഞ്ഞുവെച്ചു. എന്നെ സ്വയം വിലയുള്ളവളായി കാണുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഞാന്‍ അപൂര്‍ണ്ണയാണെന്ന് തോന്നിപ്പോയി. ആ സമയത്താണ് എന്റെ കുടുംബം പാറപോലെ എന്റെ പിന്നില്‍ ഉറച്ചുനിന്നത് – അവര്‍ എന്നെ എപ്പോഴും വിശ്വസിച്ചു, എന്റെ ഓരോ ചെറിയ വിജയവും ആഘോഷിച്ചു- അവര്‍ക്കു വേണ്ടി എനിക്ക് പിടിച്ചുനില്‍ക്കേണ്ടതുണ്ടായിരുന്നു. ആ സമയത്തുതന്നെയാണ് ഞാനെന്റെ ജീവിതത്തിലെ പ്രണയത്തെ കണ്ടുമുട്ടിയത്. അവനെന്നെ നോക്കിയത് ഞാന്‍ എറ്റവും പൂര്‍ണ്ണയായ വ്യക്തിയാണെന്ന മട്ടിലായിരുന്നു. എന്റെ വൈകല്യങ്ങള്‍ അവനൊരു വിഷയമേ ആയിരുന്നില്ല. ജീവിച്ചിരിക്കുന്നു എന്നതുതന്നെ സത്യത്തില്‍ ഒരു അത്ഭുതമാണ് എന്ന് ഞാന്‍ എന്നെ ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങി. ഈ അപകടത്തെ തരണം ചെയ്യാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍, എനിക്കെന്തും ചെയ്യാന്‍ കഴിയും. വൈകല്യമുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഞാന്‍ ഗവേഷണം ചെയ്യാന്‍ തുടങ്ങി. ഞാന്‍ തിരിച്ചറിഞ്ഞ ഒരു കാര്യം, മിക്കവാറും വികലാംഗര്‍ക്കും എന്നെപ്പോലെത്തന്നെ സഹതാപം ഇഷ്ടമേയല്ല, ഞങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നതുതന്നെ ആഘോഷമാണ്.

ഞാന്‍ എന്നെ ആഘോഷിക്കാന്‍ തീരുമാനിച്ചു – വര്‍ഷങ്ങള്‍ നീണ്ട അരക്ഷിതാവസ്ഥ, എന്റെ പുതിയ ശരീരത്തെ ഒളിപ്പിച്ചുവെക്കല്‍, അപരിചിതരുടെ കണക്കില്ലാത്ത തുറിച്ചുനോട്ടങ്ങളും ചോദ്യങ്ങളും ഇതെല്ലാം മറികടന്ന് 2012ല്‍, എന്റെ അപകടത്തിന്റെ വാര്‍ഷികദിനത്തില്‍ എനിക്കെന്തു പറ്റിയെന്ന് ഞാന്‍ ഫെയ്സ്ബുക്കിലെഴുതി. അത് വേഗം പ്രചരിച്ചു. എന്റെ ആദ്യത്തെ ടെഡ് പ്രസംഗം (TED Talk) ഉടന്‍ തന്നെ ഉണ്ടായി. എന്തു സംഭവിക്കുന്നു എന്ന് തിരിച്ചറിയും മുമ്പേ, ലോകമെമ്പാടും മുന്നൂറോളം വേദികളില്‍ ഞാന്‍ സംസാരിച്ചു. 2016ല്‍ ഞാന്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് എമെര്‍ജിങ് ലീഡേഴ്സ് അവാര്‍ഡ് വാങ്ങുന്ന ആദ്യ വനിതയായി. അതേ വര്‍ഷം തന്നെ പിഎച്ച്ഡി പൂര്‍ത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം യു എന്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ സംസാരിക്കാനായി ക്ഷണിക്കപ്പെടുകയും ന്യൂഡല്‍ഹിയില്‍ വെച്ചു നടന്ന വേള്‍ഡ് ഇക്കണോമിക്സ് ഫോറത്തിന്റെ ഇന്ത്യ ഇക്കണോമിക് സമ്മിറ്റില്‍ സഹ അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്തു! അപ്പോള്‍ ഇതാണെന്റെ പ്രയാണം- കയറ്റവും ഇറക്കവും നിറഞ്ഞത് – വേദന സഹിക്കാനാവാത്തതിനാല്‍ ജീവിക്കണ്ട എന്നു തോന്നിയ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും, കൃത്രിമക്കൈ ധരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ എനിക്ക് വേര്‍തിരിവ് അനുഭവപ്പെടാറുണ്ട്. പക്ഷേ അത് മാറ്റിയെടുക്കാനുള്ള ദൌത്യത്തിലാണ് ഞാന്‍. ഒരു പൊടിക്ക് അവിശ്വാസം എല്ലാ കാര്യത്തിലും എനിക്കുണ്ട്. ഇപ്പോള്‍ എന്തു പുതിയ കാര്യവും എനിക്ക് സാഹസികമായാണ് തോന്നുന്നത്. കൈമുട്ടുകൊണ്ട് പാചകം ചെയ്യാനാണ് ഞാനിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങള്‍ ആരാണ് എന്നതാണ് ഏറ്റവും വലിയ ശക്തി എന്നും നിങ്ങളെ കാണാന്‍ എങ്ങനെയാണെന്നതോ നിങ്ങളുടെ കുറവുകള്‍ എന്താണെന്നതോ ഒന്നും ആ ശക്തിയെ കുറയ്ക്കുന്നില്ല എന്നും ലോകത്തിന് കാണിച്ചുകൊടുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ നോക്കൂ- ഞാന്‍ കയ്യില്ലാത്ത പിഎച്ച്ഡിക്കാരിയാണ്! ഒരു മോശം അവസ്ഥയോ വൈകല്യമോ നിങ്ങളുടെ പുസ്തകത്തിലെ ഒരു അദ്ധ്യായം മാത്രമാണ്… അത് പൂര്‍ണ്ണമായ കഥയല്ല. നിങ്ങള്‍ പിന്നീട് കാലങ്ങളോളം സന്തോഷമായി ജീവിച്ചു എന്നെഴുതാന്‍ കഴിയുന്ന ഒരാളേയുള്ളു- അത് നിങ്ങളാണ്.

പതിനഞ്ചാം വയസില്‍ ബലാത്സംഗം ചെയ്യപ്പെട്ടു; എത്തിയത് ചുവന്ന തെരുവില്‍- ഒരു യുവതിയുടെ തിരിച്ചുവരവിന്റെ കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍