UPDATES

പ്രളയാനന്തര കേരളം അതിജീവിക്കും; ചേന്ദമംഗലം വഴികാട്ടുന്നു: ചേക്കുട്ടിപ്പാവകളിലൂടെ

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഈ പരിശ്രമത്തെ പ്രശംസിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി.

വിപണിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ സൂപ്പര്‍ ഹിറ്റായി ചേറും ചെളിയും അതിജീവിച്ച ചേന്ദമംഗലത്തിന്റെ ‘ചേക്കുട്ടി’. പ്രളയത്തില്‍ മുച്ചൂടും നശിച്ച കൈത്തറി സാരികള്‍ കൊണ്ട് ഉണ്ടാക്കുന്ന ചേക്കുട്ടിപ്പാവകള്‍ ഇന്ന് പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി മാറിയിരിക്കുകയാണ്. പ്രാദേശികമായുള്ള വസ്തുക്കള്‍, സാധനങ്ങള്‍ എങ്ങനെ പുന:രുപയോഗിക്കാമെന്നുള്ള മാതൃക കൂടിയാവുകയാണ് യുവാക്കള്‍ മുന്നോട്ട് വെച്ച ചേക്കുട്ടി എന്ന സംരംഭം. കേരളത്തിലുള്ള എണ്ണം പറഞ്ഞ കൈത്തറി ഗ്രാമങ്ങളില്‍ ഒന്നായ ചേന്ദമംഗലത്തെ നെയ്ത്തുകാര്‍ ഊടും പാവും നെയ്‌തൊരുക്കിയ സ്വപ്‌നങ്ങള്‍ കൂടിയായിരുന്നു പ്രളയത്തില്‍ ഒലിച്ചു പോയത്. എന്നാല്‍ ചേക്കുട്ടിയിലൂടെ, നഷ്ടമായതില്‍ നിന്ന് തന്നെ ജീവിതം തിരിച്ചുപിടിക്കുകയാണ് ചേന്ദമംഗലം. കൊച്ചി സ്വദേശികളായ ദ് ബ്ലൂ യോണ്ടര്‍ എന്ന ട്രാവല്‍ കമ്പനി ഉടമ ഗോപിനാഥ് പാറയിലും ഫാഷന്‍ ഡിസൈനറായ ലക്ഷ്മി മേനോനും ചേര്‍ന്നാണ് ‘ചേക്കുട്ടി’ എന്ന ആശയം നെയ്ത്തുകാരുടെ മുന്നില്‍ എത്തിച്ചത്.

ചേന്ദമംഗലത്തെ അഞ്ച് സഹകരണ നെയ്ത്തുശാല യൂണിറ്റുകളിലായി 300 നെയ്ത്തുകാര്‍ ഉണ്ട്. നെയ്ത്താണ് അവരുടെ ഉപജീവനമാര്‍ഗം. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ ഇവരുടെ തറികള്‍ മുങ്ങിപ്പോയി. ആവശ്യമായ നൂലുകളും ഓണവിപണിക്കായി തയാറാക്കിയ വസ്ത്രങ്ങളും നശിച്ചു. ചേന്ദമംഗലത്തെ ഒരു നെയ്ത്ത് ശാല യൂണിറ്റില്‍ മാത്രമായി 21 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ നഷ്ടമായിരുന്നു. “നെയ്ത്ത് സഹകരണശാല യൂണിറ്റ് സെക്രട്ടറി അജിത് കുമാറിനോട് നശിച്ചു പോയ തുണിയെ മറ്റൊരു ഉത്പന്നമാക്കാന്‍ തയാറാണ്, അതിന് വേണ്ടി നല്‍കാമോയെന്ന് ഞാനും ലക്ഷ്മി മേനോനും ചെന്ന് ചോദിക്കുകയായിരുന്നു. 1300 രൂപയ്ക്ക് ഓണത്തിന് വില്‍ക്കാനായി തയാറാക്കിയ സാരികളായിരുന്നു നശിച്ചു പോയത്. നശിച്ചു പോയ സാരികള്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞു. 6 മീറ്റര്‍ നീളമുള്ള സാരിയില്‍ നിന്ന് 360 ചേക്കുട്ടികളെ ഉണ്ടാക്കാനാകും. ഒരു ചേക്കുട്ടിക്ക് 25 രൂപയാണ് വില. അതായത് ഒരു സാരിയില്‍ നിന്ന് 9000രൂപ വരെ ലഭിക്കും”, ഗോപിനാഥ് പാറയില്‍ പറഞ്ഞു.

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഈ പരിശ്രമത്തെ പ്രശംസിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. വിവിധ മേഖലകളില്‍ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംരക്ഷിക്കാനാകുമെന്നും സ്റ്റാര്‍ട് അപ് മിഷനുകളുമായി ചേര്‍ന്ന് ഇത്തരം പദ്ധതികള്‍ കണ്ടെത്താന്‍ ഐടി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

“പൂര്‍ണമായി നശിച്ചുവെന്ന് കരുതിയിരുന്ന തുണികളില്‍ നിന്നാണ് ചേക്കുട്ടി രൂപപ്പെടുന്നത്. അങ്ങനെയൊരു രൂപമാറ്റം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതല്ല. പ്രളയം ബാധിക്കാത്ത ആളുകള്‍ എങ്ങനെ പ്രളയത്തിന് ശേഷമുള്ള അതിജീവനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നതാണ് ഇതിലൂടെ പ്രകടമാകുന്നത്”, നെയ്ത്ത്ശാല യൂണിറ്റ് സെക്രട്ടറി അജിത്കുമാര്‍ സന്തോഷം പങ്കുവെച്ചു.

നെയ്ത്തുകാര്‍ തന്നെ സാരികള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി പുഴുങ്ങിയാണ് ചേക്കുട്ടിക്കായി നല്‍കുക. ഇങ്ങനെ വൃത്തിയാക്കിയ തുണികള്‍ വോളണ്ടിയര്‍മാര്‍ ശേഖരിക്കും. പിന്നീട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ചേക്കുട്ടിയെ തയാറാക്കാന്‍ തുടങ്ങും. ഒരു ചേക്കുട്ടിയുടെ വില 25 രൂപയാണ്. നിരവധി ആവശ്യക്കാര്‍ ഇപ്പോള്‍ തന്നെ വിളിച്ചു തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈനായി കുറഞ്ഞത് 20 ചേക്കുട്ടികളുടെ എങ്കിലും ഓര്‍ഡര്‍ ഉണ്ടാകണം. 180 സാരികളാണ് ചേക്കുട്ടിയുടെ നിര്‍മാണത്തിനായി ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇനിയും സാരികള്‍ എത്തുന്നുണ്ട്. ആവശ്യക്കാരുടെ കൈകളിലേക്ക് എത്താനുള്ള ചേക്കുട്ടികളുടെ നിര്‍മാണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്‌കൂളുകളില്‍ നിന്നും റെസിഡന്റ്‌സ് അസോസിയേഷനുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ചേക്കുട്ടി നിര്‍മാണത്തിന് സജ്ജരായി ആളുകള്‍ എത്തുന്നുണ്ട്. ചേക്കുട്ടിയെ വാങ്ങുന്ന തുക നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിനായി നേരിട്ട് എത്താനുള്ള സംവിധാനങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

“ചേക്കുട്ടിയിലൂടെ വീണ്ടും വീണ്ടും നമ്മുടെ ഐക്യം തെളിയിക്കപ്പെടുകയാണ്. മുഖ്യമന്ത്രി തന്നെ പിന്തുണയുമായി രംഗത്തെത്തിയതിലും നന്മ നിറയുന്നതിലും വലിയ സന്തോഷമാണ് തോന്നുന്നത്. സ്‌കൂള്‍ കുട്ടികളെ ചേക്കുട്ടിയുടെ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. കുട്ടികള്‍ ഉണ്ടാക്കുന്ന പാവ അവര്‍ തന്നെ വാങ്ങിക്കുകയോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നല്‍കുകയോ ചെയ്യാവുന്നതാണ്. കേരളത്തിന്റെ അതിജീവനത്തില്‍ അവര്‍ക്കും അതിലൂടെ പങ്കാളികളാകാം. കൂടാതെ ചേക്കുട്ടിക്ക് ഒരു വൈകാരികപരമായ അടുപ്പവും കൂടി ലഭിക്കുന്നു. കുട്ടികള്‍ നിര്‍മാണത്തില്‍ പങ്കെടുക്കുമ്പോള്‍ അവരുടെ സര്‍ഗാത്മകമായ കഴിവുകള്‍ കൂടി ഉപയോഗിക്കപ്പെടുന്ന ഒരു ഫണ്‍ ക്രാഫ്റ്റ് ആക്ടിവിറ്റി കൂടിയാകും ഇത്”, ലക്ഷ്മി മേനോന്‍ അഭിപ്രായപ്പെട്ടു.

ചേക്കുട്ടി ഉണ്ടാക്കുന്ന വിധം

നിങ്ങള്‍ക്കും ചേക്കുട്ടിയെഉണ്ടാക്കാം; ബന്ധപ്പെടുക: ചേറിനെ അതിജീവിച്ച കുട്ടി

ചേന്ദമംഗലം: മഹാപ്രളയം തകര്‍ത്ത നെയ്ത്ത് ഗ്രാമം

തകർന്ന ഒരു തറിയുടെ രേഖാചിത്രമാണ് ഇന്ന് ചേന്ദമംഗലം

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍