UPDATES

പോസിറ്റീവ് സ്റ്റോറീസ്

പ്രധാനമന്ത്രി മോദിക്ക് മൂന്ന് മാസം പ്രായമുള്ള മകളെ നഷ്ടപ്പെട്ട അച്ഛന്റേയും അമ്മയുടേയും കത്ത്

നവജാത ശിശുക്കളടക്കം എല്ലാ പ്രായത്തിലും പെട്ടവര്‍ക്ക് അവയവദാനത്തിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടാകണം. വലിയ ആശയക്കുഴപ്പങ്ങളാണ് ഈ മേഖലയിലുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറെ വൈകാരികമായ ഒരു കത്ത് അയച്ചിരിക്കുകയാണ് തങ്ങളുടെ മൂന്ന് മാസം പ്രായമുള്ള മകളെ നഷ്ടപ്പെട്ട ഒരു അച്ഛനും അമ്മയും. മഹാരാഷ്ട്രയിലെ അമരാവതിയില്‍ താമസിക്കുന്ന ഡോ.ഉമേഷ് സവര്‍ക്കറും ഭാര്യ ഡോ.അശ്വനി സവര്‍ക്കറുമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ഡോ.ഉമേഷ് ഗൈനക്കോളജിസ്റ്റും ഡോ.അശ്വിനി പതോളജിസ്റ്റുമാണ്. അമരാവതിയില്‍ ഒരു ഫെര്‍ട്ടിലിറ്റി സെന്റര്‍ നടത്തുകയാണ് ഇവര്‍. ഡിസംബര്‍ ഡോക്ടര്‍മാരുടെ ഒരു പരിപാടി കഴിഞ്ഞ് മകള്‍ മീരയോടൊപ്പം കാറില്‍ വരുകയായിരുന്നു ഇവര്‍ ഡ്രൈവര്‍ വീടിന്റെ ഗെയിറ്റ് തുറക്കാനായി പുറത്തേക്കിറങ്ങിയ സമയം അതിവേഗത്തില്‍ വന്ന ഒരു കാര്‍ ഇവരുടെ കാറിനെ ഇടിച്ചുതെറിപ്പിച്ചു. അശ്വിനിക്കും മീരയ്ക്കും ഗുരുതരമായി പരിക്കേറ്റു.

ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സിസിടിവി ഫൂട്ടേജ് പ്രകാരം സംശയിക്കുന്നു. പൊലീസ് നാല് ദിവസത്തേയ്ക്ക് രക്ത സാമ്പിളുകള്‍ എടുത്തില്ല. തെളിവുകളെല്ലാം പോയിരുന്നു. മാധ്യമങ്ങള്‍ ഈ അലംഭാവം വാര്‍ത്തയാക്കിയതോടെയാണ് മന്ത്രി രഞ്ജിത് പാട്ടീല്‍ ഇടപെടുകയും കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തത്. മീരയ്ക്ക് ബ്രെയിന്‍ ഹെമറേജ് ഉണ്ടായിരുന്നു. എട്ട് മണിക്കൂറിനകം നാഗ്പൂരിലെ സെന്‍ട്രല്‍ ഇന്ത്യാസ് ചില്‍ഡ്രണ്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഐസിഎച്ച്ആര്‍ഐ). അശ്വനിക്ക് ശരീരത്തിന്റെ പല ഭാഗത്തും പൊട്ടലുകളുണ്ടായിരുന്നു. 48 മണിക്കൂറിനകം മീര അതിജീവിക്കില്ലെന്ന് എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ടിലൂടെ ഉമേഷിന് മനസിലായി. മാരകമായ പരിക്കാണ് തലച്ചോറിന് സംഭവിച്ചത്. പല മാതാപിതാക്കളും ചെയ്യാന്‍ മടി കാണിക്കുന്ന കാര്യം ഉമേഷും അശ്വിനിയും ചെയ്തു. മീരയുടെ അവയവങ്ങള്‍ ദാനം ചെയ്തു. അതേസമയം ഇത്രയും ചെറിയ കുട്ടികളുടെ അവയവം ദാനം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ഉമേഷിനേയും അശ്വിനിയേയും നിരുത്സാഹപ്പെടുത്തി.

എന്നാല്‍ നാഷണല്‍ ഒര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി (NOTTO) ബന്ധപ്പെട്ടപ്പോള്‍ അവര്‍ അവയവദാനം സാധ്യമാണെന്ന് പറഞ്ഞു. അതേസമയം മൂന്ന് മാസം മാത്രം പ്രായമുള്ള കുട്ടിയുടെ മസ്തിഷ്‌ക മരണം നിര്‍ണയിച്ച് സാക്ഷ്യപ്പെടുത്താന്‍ കഴിയുന്ന വിദഗ്ധരെയൊന്നും ലഭ്യമായിരുന്നില്ല. അപ്പോള്‍ ഡോക്ടര്‍ ദമ്പതി ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചു. 12 മണിക്കൂറിനകം അനുമതിയും കിട്ടി. എന്നാല്‍ പരിശോധനകള്‍ക്കൊടുവില്‍ 24 മണിക്കൂറിനകം ബ്രെയിന്‍ ഡെത്ത് സെര്‍ട്ടിഫൈ ചെയ്തു. ആറ് മണിക്കൂറിനുള്ളില്‍ രണ്ട് സ്വീകര്‍ത്താക്കളെ കിട്ടി. കിഡ്‌നിയും ലിവറും ന്യൂഡല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റലിന് കൈമാറാന്‍ തീരുമാനിച്ചു. മീര രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറുമായിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്.

മീരയുടെ അവയവങ്ങള്‍ കൊണ്ടുപോകാനുള്ള ആംബുലന്‍സ് രാവിലെ എട്ട് മണിക്കാണ് എത്തേണ്ടിയിരുന്നത്. എന്നാല്‍ വെന്റിലേറ്ററില്‍ നാലാം ദിവസത്തിലേയ്ക്ക് കടന്നിരുന്ന മീരയ്ക്ക് ഹൃദയാഘാതമുണ്ടായി. മരണം സംഭവിച്ചു. മറ്റുള്ളവരിലൂടെ തന്റെ മകളെ ജീവിപ്പിക്കാമെന്ന മോഹവും പൊലിഞ്ഞതിന്റെ വേദനയിലായിരുന്നു ഉമേഷ്. ഉമേഷിന്റേയും അശ്വിയുടേയും ദുഖം അവയവ ദാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അധികൃതര്‍ക്ക് ഇതിന്റെ നടപടിക്രമങ്ങളെക്കുറിച്ചോ മാര്‍ഗനിര്‍ദ്ദേശങ്ങളെ പറ്റിയോ വ്യക്തമായ ധാരണകളില്ല. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

പ്രസവത്തിലെ പ്രശ്‌നങ്ങള്‍ കാരണം അഡ്മിറ്റ് ചെയ്ത് 15 ദിവസത്തിനകം മസ്തിഷ്‌ക മരണം സംഭവിക്കുന്ന കുട്ടികളെ ഒരു ഗൈനക്കോളജിസ്റ്റായ താന്‍ ഇടയ്ക്കിടെ കാണാരുണ്ടെന്ന് ഡോ.ഉമേഷ് പറയുന്നു. നവജാത ശിശുക്കളുടെ അവയവ ദാനം സംബന്ധിച്ച ചട്ടങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ മറ്റ് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിന് തടസമുണ്ടാകുന്നു. ആരോഗ്യ മന്ത്രാലയവും സര്‍ക്കാരും ഇത് പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് കത്തില്‍ ഉമേഷ് പറയുന്നു.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

മൂന്ന് മാസം പ്രായമുണ്ടായിരുന്ന മീരയുടെ അമ്മയും അച്ഛനുമായ ഞങ്ങള്‍ ഡോ.അശ്വിനി സവര്‍കറും ഡോ.ഉമേഷ് സവര്‍കറും കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ഒരു റോഡ് അപകടത്തില്‍ പെട്ടു. ഞങ്ങള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ ഞങ്ങളുടെ മകള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. ഞങ്ങളുടെ പ്രിയപ്പെട്ട മീരയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഞങ്ങള്‍ താല്‍പര്യപ്പെട്ടു. എന്നാല്‍ മസ്തിഷ്‌ക മരണം സാക്ഷ്യപ്പെടുത്താന്‍ കഴിയുന്ന വിദ്ഗധരുടെ അഭാവം ഞങ്ങളുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചു.

നോട്ടോയ്ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നേടിയ ശേഷമാണ് പരിശോധനകള്‍ നടത്തി ബ്രെയിന്‍ ഡെത്ത് സ്ഥരീകരിച്ചത്. അപ്നിയ ടെസ്റ്റ് പോസിറ്റീവാണ് എന്നാല്‍ അടുത്ത അപ്നിയ ടെസ്റ്റിനുള്ള 24 മണിക്കൂര്‍ ഞങ്ങളുടെ മകള്‍ അതിജീവിച്ചില്ല. നാല് ദിവസമെടുത്താണ് അവളുടെ ബ്രെയിന്‍ ഡെത്ത് തന്നെ സ്ഥിരീകരിച്ചത്. അവയവ ദാനത്തിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. തലച്ചോറിന് സംഭവിക്കുന്ന ഗുരുതരമായ പരിക്കുകള്‍ സോണല്‍ ഓര്‍ഗന്‍ ഡൊണേഷന്‍ കമ്മിറ്റികളെ അറിയിക്കാന്‍ സംവിധാനമുണ്ടാകണം. ഇങ്ങനെ പെട്ടെന്ന് വിവരം നല്‍കാനുള്ള സംവിധാനമുണ്ടെങ്കില്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ആശുപത്രിയിലെത്തി ബന്ധുക്കള്‍ക്ക് കൗണ്‍സിലിംഗ് നടത്തി അവയവ ദാനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധ്യപ്പെടുത്താം.

നവജാത ശിശുക്കളടക്കം എല്ലാ പ്രായത്തിലും പെട്ടവര്‍ക്ക് അവയവദാനത്തിന് വ്്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടാകണം. വലിയ ആശയക്കുഴപ്പങ്ങളാണ് ഈ മേഖലയിലുള്ളത്. നവജാത ശിശുക്കള്‍ക്കിടയില്‍ മസ്തിഷ്‌ക മരണത്തിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണെന്നും അവയവങ്ങള്‍ ആവശ്യമുള്ള കുട്ടികള്‍ വളരെയധികമുണ്ടെന്നും മാതാപിതാക്കളെ ബോധ്യപ്പെടുത്താനാകണം. ആദ്യത്തെയും രണ്ടാമത്തേയും അപ്‌നിയ ടെസ്റ്റുകള്‍ക്കിടയിലുള്ള സമയം ചെറിയ കുട്ടികളെ സംബന്ധിച്ച് വളരെ കൂടുതലാണ്. രോഗിയുടെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കണം ഇക്കാര്യം തീരുമാനിക്കേണ്ടത്. ഡോക്ടര്‍മാരുടേയും ബന്ധുക്കളുടേയും അഭിപ്രായങ്ങള്‍ പരിഗണിക്കണം. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരും അവയവദാനത്തിന് തയ്യാറാണ്. എന്നാല്‍ അവര്‍ക്ക് പരിശോധനകളുടെ ചിലവ് താങ്ങാനാവുന്നില്ല.

ഇക്കാര്യത്തില്‍ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
നന്ദി.

ഡോ.അശ്വിനി സവര്‍കര്‍, ഉമേഷ് സവര്‍കര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍