UPDATES

ഞാനും ഭിക്ഷ യാചിച്ചിട്ടുണ്ട്, ജീവിക്കാന്‍ വേണ്ടി; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയാകാന്‍ തൃപ്തി

“ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഇരുട്ടില്‍ കാണുന്നവര്‍ എന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ഞങ്ങളെ ഇരുട്ടിലേക്ക് സമൂഹം തള്ളിവിടുകയാണ്.”

പ്രതിസന്ധികളെ തരണം ചെയ്ത് മുപ്പത്തിയൊന്നുകാരി തൃപ്തി നേടിയെടുക്കുന്നത് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംരംഭകയെന്ന ഖ്യാതി. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ട വിഭാഗമല്ല തങ്ങളെന്നും മറിച്ച് കരുതലും പരിഗണനയും നല്‍കിയാല്‍ തങ്ങള്‍ക്കും ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാകുമെന്നും തെളിയിക്കുകയാണ് കാസര്‍ഗോഡ് സ്വദേശിയായ തൃപ്തി ഷെട്ടി. സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തയായി ഒരു പടി കയറി ഒരു തൊഴില്‍ ദാതാവ് എന്ന തലത്തിലേക്ക് തൃപ്തിയേപോലുള്ളവര്‍ സ്വപ്‌നം കാണുമ്പോള്‍ എല്ലാവര്‍ക്കും ഇത് പ്രചോദനമാകുകയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുഖ്യ പരിഗണന കൊടുക്കുമ്പോള്‍ ഒരു വശത്ത് സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ഉയര്‍ച്ചയും മറുവശത്ത് സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ മുന്നോട്ടുള്ള പോക്കിനും അത് സഹായകമാകുന്നു.

സ്വന്തമായി ഹാന്‍ഡി ക്രാഫ്റ്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന തൃപ്തി കൊച്ചിയില്‍ കൗരകൗശല വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റും അതോടൊപ്പം കൊച്ചി കേന്ദ്രമാക്കി ഒരു വിപണന കേന്ദ്രവുമാണ് ലക്ഷ്യമിടുന്നത്. സ്വന്തമായി വീടോ സ്ഥിര മേല്‍വിലാസമോ ഇല്ലാത്ത തൃപ്തിയുടെ ഈ സ്വപ്‌ന സാക്ഷാത്കാരത്തിനായി സഹായിക്കുന്നത് കുടുംബശ്രീയാണ്. തൃപ്തി ഉള്‍പ്പെടുന്ന കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ കുടുംബശ്രീയാണ് വിപണന കേന്ദ്രം തുടങ്ങുന്നതിന് സഹായിക്കുന്നത്. കുടുംബശ്രീയുടെ സഹായത്തോടെ മുദ്ര ലോണ്‍ പദ്ധതിയിലൂടെ ബാങ്കില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് തൃപ്തി അഴിമുഖത്തോട് പറഞ്ഞു.

“ആഭരണനിര്‍മ്മാണത്തില്‍ വൈദഗ്ദ്യം നേടുന്ന പഠനകോഴ്‌സില്‍ ചേര്‍ന്നത് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ ആനിയുടെ പിന്തുണയോടെ ആയിരുന്നു. ജീവിതത്തില്‍ താന്‍ അനുഭവിക്കേണ്ടി വന്ന വേദനകള്‍ കേട്ടപ്പോള്‍ തന്റെ അഭിരുചി മനസിലാക്കി ആഭരണനിര്‍മ്മാണ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുകയായിരുന്നു. തുടര്‍ന്ന് ഇഗ്‌നോയില്‍ കൗശകൗശല വസ്തുക്കളുടെ പ്രദര്‍ശന പരിപാടിയിലും പങ്കെടുപ്പിച്ചു.” തൃപ്തി പറഞ്ഞു. 17 ദിവസം കൊണ്ട് ആഭരണ നിര്‍മ്മാണത്തിന്റെ വിജയമന്ത്രം പഠിച്ചെടുത്ത തൃപ്തിക്ക് പിന്നീടങ്ങോട്ട് പിന്നോട്ട് നോക്കേണ്ടി വന്നിട്ടില്ല. സ്വന്തമായി നിര്‍മ്മിച്ചെടുക്കുന്ന ഹാന്‍ഡിക്രാഫ്റ്റ് ഉത്പന്നങ്ങള്‍ പല ഇടങ്ങളിലായി നടക്കുന്ന എക്‌സിബിഷനുകളില്‍ പ്രദള്‍ശിപ്പിച്ച് വിപണനം ചെയ്ത് പണം സ്വരുകൂട്ടി. കൊച്ചിയില്‍ തുടങ്ങാന്‍ പോകുന്ന വിപണന കേന്ദ്രത്തില്‍ തൃപ്തി നിര്‍മ്മിച്ചെടുത്ത ഹാന്‍ഡിക്രാഫ്റ്റ് സെമി പ്രോസസ് സ്‌റ്റോണ്‍, ഹാന്‍ഡ്‌മെയ്ഡ് ജ്വല്ലേഴ്സ്, പെയ്ന്‍റിംഗ് എന്നിവയാണ് ഉള്‍പ്പെടുത്തുന്നത്.

“ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തങ്ങളോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രത്യേകിച്ച് കൊച്ചിയില്‍. സിനിമാ മേഖലയായാലും ബിസിനസ് മേഖലയായാലും വലിയ മാറ്റങ്ങളാണ് കാണുന്നത്.” വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുനിരത്തില്‍ അനുവഭിക്കേണ്ടി വന്ന ദുരനുഭവത്തിന്റെ വെളിച്ചത്തില്‍ തൃപ്തി പറയുന്നു. “എപ്പോഴും എനിക്ക് ഒരു പെണ്‍മനസായിരുന്നു. അന്ന് താന്‍ കിരണായിരുന്നു. എല്ലാവരില്‍ നിന്നും അകന്ന് കൂട്ടുകാരില്‍ നിന്ന് നാട്ടില്‍ നിന്ന് എല്ലായിടത്തും അവഗണനയും അവഹേളനങ്ങളും ആയിരുന്നു. പിന്നീടാണ് പെണ്ണായി തന്നെ ജീവിക്കണമെന്നാഗ്രഹിച്ചത്. ഇതിനു വേണ്ടി ഒത്തിരി യാതനകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.”

“ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഇരുട്ടില്‍ കാണുന്നവര്‍ എന്നാണ് പൊതുവെ പറയാറ്. എന്നാല്‍ അങ്ങനെയല്ല പറയേണ്ടത്. ഞങ്ങളെ ഇരുട്ടിലേക്ക് സമൂഹം തള്ളിവിടുകയാണ്. സ്വന്തമായി ഒരു ജോലിയോ ഉപജീവന മാര്‍ഗമോ ഇല്ലാതെ ഞങ്ങള്‍ എങ്ങനെ ജീവിക്കും. ഭിക്ഷാടനമാണ് ഞങ്ങളില്‍ പലരുടെയും ഏകമാര്‍ഗം. ട്രെയിനുകളിലും മറ്റും ഒരു പക്ഷെ ഇത് സാധാരണ ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം. എല്ലാം ജീവിക്കാന്‍ വേണ്ടി മാത്രമാണ്. ഞാനും ഭിക്ഷ യാചിച്ചിട്ടുണ്ട്. ഒരു സഹജീവിയെന്ന നിലക്ക് ഞങ്ങളെയും കൂട്ടത്തില്‍ കൂട്ടാമോ എങ്കില്‍ നമുക്കൊരുമിച്ച് മുന്നേറാം” തികഞ്ഞ ആത്മവിശ്വാസത്തോടെ തൃപ്തി പറഞ്ഞു.

ഞങ്ങള്‍ തൊഴിലെടുത്ത് ജീവിച്ച് കാണിക്കും; കൊച്ചി മെട്രോയില്‍ നിയമനം കിട്ടിയ ട്രാന്‍സ്‌ജെന്‍ഡര്‍ രാഗ രഞ്ജിനി

തൃപ്തിയുടെ(കിരണ്‍) കഥ
കാസര്‍ഗോഡ് സതീശ് കുമാറിന്റെയും ധനലക്ഷ്മിയുടെയും മകനായി ജനനം. വിദ്യോദയ സ്‌കളില്‍ പഠനം. നാലാം ക്ലാസു മുതല്‍ നാടക അഭിനയത്തോട് താത്പര്യമായിരുന്നു. എന്നാല്‍ പത്താം തരം പൂര്‍ത്തീകരിക്കാനായില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കളിക്കുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. മാസങ്ങളോളം വിശ്രമത്തിന് ശേഷം സ്‌കൂളില്‍ ചെന്നപ്പോള്‍ ടിസി നല്‍കി മടക്കി. പഠനം തുടരണമെന്നാഗ്രഹം ഉണ്ടായിന്നെങ്കിലും അത് നടന്നില്ല. പിന്നീടങ്ങോട്ട് യാത്രകളായിരുന്നു. നാട് വിട്ട് മംഗ്‌ളൂരിലെത്തി. ആദ്യം ഓഫീസ് ബോയിയായി ജോലി ചെയ്തു. പിന്നീട് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയില്‍ അംഗത്വം നേടി. ജോലി വാഗ്ദാനം ചെയ്ത് ഒരാള്‍ മുംബൈയിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ അവിടെയെത്തി കുറച്ചു ദിവസം കഴിഞ്ഞ് അയാള്‍ മുങ്ങി. പിന്നീട് കാറ്ററിങ്ങ് ജോലിയായിരുന്നു. എന്നാല്‍ ആറുമാസം ജോലി ചെയ്‌തെങ്കിലും ശമ്പളം കിട്ടിയില്ല. നാട്ടിലുള്ള അമ്മയുടെ നമ്പര്‍ ഒരു കൊച്ചു ഡയറിയില്‍ എഴുതി വെച്ചിരുന്നു. ബാഗ് നഷ്ടപ്പെട്ട കൂട്ടത്തില്‍ അത് പോയി. ഭിക്ഷയെടുത്തു കിട്ടിയ തുക സ്വരുകൂട്ടി നാട്ടിലെത്തിയപ്പോള്‍ കേട്ട വാര്‍ത്ത നെഞ്ച് തകരുന്നതായിരുന്നു. മകനെ കാണാത്ത വേദനയില്‍ എല്ലാം എല്ലാമായ അമ്മ ആത്മഹത്യചെയ്തു. അഛനുമായി അകന്ന് ഒറ്റക്കായിരുന്നു അമ്മ താമസിച്ചിരുന്നത്. പിന്നീട് ചെന്നെയിലെ ഹിജഡ കമ്മ്യൂണിറ്റിയില്‍ ചേര്‍ന്ന് അവിടെ വെച്ചാണ് അവനില്‍ നിന്ന് അവളിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഭിക്ഷ യാചിച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്തി. എന്നാല്‍ അവിടെ വെച്ച് ഒന്നും നടന്നില്ല. ചിലര്‍ അവിടെയും സ്വസ്ഥത തരാതായപ്പോള്‍ അവിടെ നിന്നും കൂടും കുടുക്കയുമെടുത്ത് മുംബൈയിലേക്ക്. അവിടെയും യാത്രകള്‍, വിവിധ ദേശങ്ങള്‍.. ഒടുവില്‍ 2013ല്‍ ബംഗ്‌ളൂരുവിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. കിരണില്‍ നിന്ന് തൃപ്തിയായി മാറി. ആ ദിവസങ്ങളിലൊക്കെ പറയാന്‍ പറ്റാത്ത തരം വേദനയായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ അന്ന് തന്നെ ഡിസ്ചാര്‍ജാകണം അതായിരുന്നു കണ്ടീഷന്‍. പിന്നെ ആശുപത്രിയില്‍ നിന്ന് ഓട്ടോ വിളിച്ചായിരുന്നു മടക്കം. മാസങ്ങളോളം വേദനയായിരുന്നു. മൂത്രസഞ്ചി തൂക്കികൊണ്ട് തന്നെ ജീവിക്കാനായി കഠിനമായ ജോലി എടുത്തു.

2016 ല്‍ കൊച്ചിയിലെത്തി കൊച്ചിയിലെ ഒരു ഹോട്ടലില്‍ കാഷ്യറായി ജോലി ചെയ്തു. അന്നൊക്കെ സിനിമാ മോഹമായിരുന്നു. കള്ളന്‍മാരുടെ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാന്‍ ആ പടം റിലിസായില്ലെന്ന് തോന്നുന്നു. ഫിനാന്‍ഷ്യല്‍ പ്രോബ്ലം കാരണം നടന്നില്ല. ആ സമയത്തായിരുന്നു എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ആനിയെ കാണുന്നത്. അവരുടെ സഹായമില്ലായിരുന്നെങ്കില്‍ ഇവിടെ വരെ എത്തില്ലായിരുന്നു.

ആഭരണ നിര്‍മ്മാണത്തില്‍ കൂടാതെ. ഫാഷന്‍ രംഗത്തും കരകൗശലത്തിലും ചിത്രകലയിലും പ്രഭാഷണത്തിലും തൃപ്തി ഷെട്ടിക്ക് പ്രാവീണ്യം ഉണ്ട്. ഫാഷന്‍ രംഗത്ത് ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ ആര്‍ട്‌സ് ആന്‍ഡ് സൊസൈറ്റിയില്‍ തൃപ്തിക്ക് അംഗത്വമുണ്ട്. 2017 ല്‍ ക്യൂന്‍ ഓഫ് ദയ 2017ല്‍ പങ്കെടുത്തു. 300 പേര്‍ പങ്കെടുത്ത മത്സരത്തില്‍ പതിനഞ്ചാമതായി. ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് സൊസൈറ്റി ഓഫ് കേരളയുടെ കൈരളിയില്‍ അംഗത്വം നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍, കേരള ലളിതകലാ അക്കാദമയില്‍ അംഗത്വം, കൊച്ചി മെട്രോ ജോലിക്കായി പരിശീലനം നേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങി വിവിധങ്ങളായ മേഖലയില്‍ കാല്‍വെപ്പ് നടത്തിയിട്ടുണ്ട് തൃപ്തി ഷെട്ടി.

“കേരളത്തില്‍ സംരഭകത്വ മേഖലയില്‍ ഉള്‍പ്പെടെ സമീപനങ്ങളില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്നു. അതുകൊണ്ട് തന്നെയാണ് തന്നെപ്പോലുള്ള ആരാലും സഹായമില്ലാത്തവര്‍ക്ക് പോലും അവസരം ലഭിക്കുന്നത്. എല്ലാവരും ആത്മവിശ്വാസത്തോടെ കടന്നു വരൂ..നമുക്കു ഒരുമിച്ച് മുന്നേറാം…” തൃപ്തി പറഞ്ഞു നിര്‍ത്തി.

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ജീവിതം; അല്ല, പോരാട്ടം

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍