UPDATES

പോസിറ്റീവ് സ്റ്റോറീസ്

കാശ്മീര്‍; ഒരു തേന്‍ താഴ്വര

കാശ്മീരിലെ ആയിരക്കണക്കിന് ഹെക്ടറുകളിലായി പരന്നുകിടക്കുന്ന പൂന്തോട്ടങ്ങളുടെ ലഭ്യത വെച്ചുനോക്കുമ്പോള്‍, തേന്‍ വളര്‍ത്തലിന്റെ സാധ്യത ഇവിടെ എത്രയോ വലുതാണ്

കാശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ ഷാല്‍ഹാര്‍ ഗ്രാമത്തിലെ വനിത സംരംഭകയായ തൌസീഫ റിസ്വി സര്‍ക്കാര്‍ ജോലിയുള്ള സ്ത്രീകളെപ്പോലെയാണ് തന്നെ കാണുന്നത്. പക്ഷേ ഒരു വലിയ വ്യത്യാസം അവര്‍ കാണുന്നു: “ഞാന്‍ സ്വതന്ത്രയാണ്.” കാശ്മീര്‍ താഴ്വര കാര്‍ഷിക വ്യവസായത്തിന്റെ (KVAI) ഉടമയാണ് റിസ്വി. ഭര്‍ത്താവ് പര്‍വേശ് അവിടെ ഉത്പാദനത്തിന്റെ മേല്‍നോട്ടക്കാരനാണ്.

തേന്‍ ആണ് അവരുടെ പ്രധാന വ്യാപാരം. അതവര്‍ തന്റെ ഗ്രാമത്തിലെ ശാലയില്‍ ഉണ്ടാക്കിയെടുക്കുകയും വില്‍പ്പനക്കായി തയ്യാറാക്കുകയും ചെയ്യുന്നു. “എനിക്കു സ്വന്തം വ്യാപാരം തുടങ്ങാനുള്ള ആഗ്രഹം എല്ലാക്കാലത്തും ഉണ്ടായിരുന്നു,” നിറഞ്ഞ ചിരിയോടെ റിസ്വി പറഞ്ഞു. വലിയ പൂന്തോട്ടകൃഷിയുള്ള കാശ്മീര്‍ താഴ്വരയുടെ വിഭവസമൃദ്ധി, തേനീച്ചകളെ വളര്‍ത്തുന്നതിനും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് തേന്‍ കയറ്റി അയക്കുന്നതിനും സഹായകമാണ്.

ആ പ്രദേശത്തെല്ലാം കുറഞ്ഞത് രണ്ടു തേനീച്ചക്കൂടെങ്കിലും ഓരോ വീട്ടുകാരും സൂക്ഷിക്കുമെന്നും അത് പരമ്പരാഗത കാശ്മീര്‍ ശൈലിയിലുള്ള തേനീച്ചക്കൂടുകളാണെന്നും റിസ്വി പറയുന്നു. “എന്തുകൊണ്ട് ഇത് വലിയ തോതില്‍ നമുക്ക് ചെയ്തുകൂടാ എന്ന് ഞാന്‍ ചിന്തിച്ചു. നമുക്ക് സ്വന്തമായി ഒരു തേന്‍ സംസ്കരണ ശാല തുടങ്ങാമെന്ന് ഞാനെന്റെ ഭര്‍ത്താവിനോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വായ്പക്ക് അപേക്ഷിക്കുകയും പിന്നെ പ്രതിദിനം മൂന്ന് ടണ്‍ തേന്‍ സംസ്കരണ ശേഷിയുള്ള ഒരു ശാല തുടങ്ങുകയും ചെയ്തു. തേന്‍ കച്ചവടത്തില്‍ നിന്നുള്ള വരുമാനംകൊണ്ട് ഞങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാനും കുട്ടികളുടെ വിദ്യാഭ്യാസം നടത്താനും കഴിയുന്നുണ്ട്.” റിസ്വി ഈ കച്ചവടം തുടങ്ങിയിട്ട് ഇപ്പോള്‍ 10 വര്‍ഷമായി.

റിസ്വിയുടെ കച്ചവടം നന്നായി മുന്നോട്ടുപോകുന്നു എന്നു കണ്ടപ്പോളാണ് താന്‍ തേനീച്ചക്കൂടുകള്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ആ ഗ്രാമത്തിലെ ഗുലാം മുഹമ്മദ് ഭട്ട് പറഞ്ഞു. “സര്‍ക്കാരില്‍ നിന്നും കുറഞ്ഞ നിരക്കില്‍ 2015-ല്‍ അഞ്ച് തേനീച്ചക്കൂടുകളാണ് കിട്ടിയത്. അതിപ്പോള്‍ ഇരുപതായി.”

തേനീച്ചകള്‍ തിരക്കുപിടിപ്പിച്ച് മൂളിക്കൊണ്ടിരുന്നില്ലെങ്കില്‍ ശ്രീനഗറിലെ സംരംഭകയായ സംരൂദ ഖാന് ജീവിതത്തിലെ വലിയ വെല്ലുവിളികളെ നേരിടാന്‍ കഴിയുമായിരുന്നില്ല. വിവാഹ മോചനത്തിന് ശേഷം സ്തനാര്‍ബുദത്തെ നേരിട്ട ഖാന്‍ ഒരു വ്യവസായ സംരംഭക എന്ന നിലയില്‍ ജീവിതം തുടങ്ങുകയായിരുന്നു. ഒരു സ്വകാര്യ വിദ്യാലയത്തിലെ അധ്യാപിക ജോലിയില്‍ നിന്നും വളരെ തുച്ഛമായ വരുമാനം മാത്രമാണു അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്.

“എന്റെ അച്ഛന്‍ അക്കാലത്ത് വിജയകരമായി തീനീച്ചവളര്‍ത്തല്‍ നടത്തിയിരുന്ന ഒരാളായിരുന്നു. അദ്ദേഹത്തില്‍ നിന്നും ഇതിന്റെ പല വിദ്യകളും ഞാന്‍ വശമാക്കിയിരുന്നു. അതുകൊണ്ട് ഒട്ടും സമയം കളയാതെ ഞാന്‍ ചെറിയ തേനീച്ചക്കൂടുകളുടെ ഒരു കൂട്ടം ഉണ്ടാക്കി.” ഖാന്‍ പറഞ്ഞു. 2003- കൃഷിവകുപ്പില്‍ നിന്നും കൂടുതല്‍ പരിശീലനം ലഭിച്ചതോടെ അവര്‍ Buy Bee Honey Apiary തുടങ്ങി. ഇതവര്‍ക്ക് വെറും കച്ചവടം മാത്രമല്ല, മക്കള്‍ക്ക് ഭക്ഷണവും തനിക്കുള്ള മരുന്നുകളും കൂടിയാണ്. ഓരോ തേനെടുപ്പ് കാലത്തും ഏതാണ്ട് 100 കിലോ തേന്‍ അവരുടെ തേനീച്ചക്കൂടുകളില്‍ നിന്നും ഉണ്ടാക്കുന്നു. “ഭാവിയില്‍ സംസ്കരണശാല കൂടി തുടങ്ങി ഇത് വിപുലീകരിക്കാന്‍ എനിക്കു പരിപാടിയുണ്ട്. ഈ ജോലിയോട് എനിക്കു വലിയ താത്പര്യമാണ്,” ഖാന്‍ പറഞ്ഞു.

കാശ്മീര്‍ കൃഷിവകുപ്പിലെ സാങ്കേതിക മുഖ്യ ഉദ്യോഗസ്ഥനായ ഷാ പറയുന്നതു, കാശ്മീരില്‍ ഇപ്പോള്‍ 35,0000 തേനീച്ചക്കൂട് കൂട്ടങ്ങള്‍ ഉണ്ടെന്നും 1484 തേനീച്ച വളര്‍ത്തലുകാര്‍ ഉണ്ടെന്നുമാണ്. കാര്‍ഷിക വിദഗ്ദ്ധരുടെ കണക്കുപ്രകാരം കാശ്മീരില്‍ 1,20,000 തേനീച്ചക്കൂട് കൂട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കാശ്മീരിലെ ആയിരക്കണക്കിന് ഹെക്ടറുകളിലായി പരന്നുകിടക്കുന്ന പൂന്തോട്ടങ്ങളുടെ ലഭ്യത വെച്ചുനോക്കുമ്പോള്‍, തേന്‍ വളര്‍ത്തലിന്റെ സാധ്യത ഇവിടെ എത്രയോ വലുതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍