UPDATES

പോസിറ്റീവ് സ്റ്റോറീസ്

27 വര്‍ഷത്തെ അദ്ധ്വാനം: ശ്യാം ലാല്‍ ഒറ്റക്ക് കുളം കുഴിച്ചു; നാട്ടുകാര്‍ വെള്ളം കുടിച്ചു

ഇന്ന് ഗ്രാമീണര്‍ ശ്യാംലാലിനോട് നന്ദിയുള്ളവരാണ്. തന്റെ പരിശ്രമത്തില്‍ ഇപ്പോള്‍ 42 കാരനായ ശ്യാം ലാല്‍ അഭിമാനം കൊള്ളുന്നു. ഈ ഉദ്യമത്തില്‍ ഭരണകര്‍ത്താക്കളോ ഗ്രാമീണരോ തന്നെ സഹായിച്ചില്ലെന്ന് ശ്യാം ലാല്‍ പറഞ്ഞു.

1959ല്‍ ബിഹാറിലെ ഒരു ദരിദ്ര തൊഴിലാളിയുടെ ഭാര്യയെ സമയത്ത് സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാത്തത് കൊണ്ടുമാത്രം അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഗ്രാമത്തിനും സമീപത്തുള്ള ആശുപത്രിക്കും ഇടയിലുണ്ടായിരുന്ന ഒരു വലിയ കുന്നായിരുന്നു തടസം. ഇതുമൂലം 55 കിലോമീറ്റര്‍ ചുറ്റിയാണ് അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. ജീവിതത്തിലെ ഏക ആശ്രയമായിരുന്ന ഭാര്യ മരിച്ചതോടെ ഈ വിധി ഗ്രാമത്തിലെ മറ്റാര്‍ക്കും സംഭവിക്കരുതെന്ന ഉറച്ച തീരുമാനം കൈക്കൊണ്ടു. ഒരു ചുറ്റികയും ഉളിയും ആയുധമാക്കിയ ദശരഥ് മാഞ്ചി 22 കൊല്ലം കൊണ്ട് മല കീഴടക്കി റോഡുണ്ടാക്കി.

ഇപ്പോള്‍ ചത്തീസ്ഗഢിലെ കൊരിയ ജില്ലയിലെ സാജ പഹാദ് ഗ്രാമത്തില്‍ നിന്നും സമാനമായ ഒരു കഥയാണ് പുറത്തുവരുന്നത്. ജലക്ഷാമം രൂക്ഷമായ ഗ്രാമത്തില്‍ മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഒരിക്കലും ആവശ്യത്തിന് വെള്ളം ലഭിക്കാറില്ല. ജലക്ഷാമം മൂലം ഗ്രാമീണര്‍ നട്ടംതിരിയുമ്പോഴും സര്‍ക്കാരുകള്‍ തിരിഞ്ഞുനോക്കിയില്ല. പ്രശ്‌നം പരിഹരിക്കുന്നതിന് ഗ്രാമവാസികളില്‍ നിന്നും വേണ്ട ശ്രമങ്ങള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഒരു 15 വയസുകാരന്‍ അചിന്ത്യമായ ഒരു കാര്യം ചെയ്തു. ഗ്രാമത്തിലേക്ക് ജലം എത്തിക്കുന്ന ദൗത്യം അയാള്‍ സ്വയം ഏറ്റെടുത്തു. വെള്ളം ലഭിക്കാന്‍ സാധ്യതയുള്ള ഒരു സ്ഥലം കണ്ടെത്തിയ ശ്യാം ലാല്‍ എന്ന പയ്യന്‍ അവിടെ ഒറ്റയ്ക്ക് ഒരു വലിയ ചിറ നിര്‍മ്മിച്ചു. ഒരു കൈക്കോട്ട് മാത്രമായിരുന്നു സഹായം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മനുഷ്യര്‍ തയ്യാറാവുമ്പോഴാണ് ഇത്തരം അത്ഭുതങ്ങള്‍ സംഭവിക്കുന്നത്.

തങ്ങള്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ശ്യാം ലാലിനെ കളിയാക്കാനാണ് ഗ്രാമീണര്‍ തുടക്കത്തില്‍ ശ്രമിച്ചത്. ശ്രമം ഉപേക്ഷിക്കാന്‍ പാകത്തിലുള്ള നിരുത്സാഹപ്പെടുത്തലും കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്മാറാന്‍ ശ്യാം തയ്യാറായില്ല. 27 വര്‍ഷം നീണ്ട അദ്ധ്വാനത്തിലൂടെ ഒരു ഏക്കര്‍ വിസ്തൃതിയും 15 മീറ്റര്‍ ആഴവുമുള്ള ഒരു വലിയ ചിറ അദ്ദേഹം നിര്‍മ്മിച്ചു. ഇന്ന് ഗ്രാമീണര്‍ ശ്യാംലാലിനോട് നന്ദിയുള്ളവരാണ്. തന്റെ പരിശ്രമത്തില്‍ ഇപ്പോള്‍ 42 കാരനായ ശ്യാം ലാല്‍ അഭിമാനം കൊള്ളുന്നു. ഈ ഉദ്യമത്തില്‍ ഭരണകര്‍ത്താക്കളോ ഗ്രാമീണരോ തന്നെ സഹായിച്ചില്ലെന്ന് ശ്യാം ലാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. സ്ഥലം എംഎല്‍എ ശ്യാം ബിഹാരി ജയ്‌സ്വാള്‍ ഗ്രാമം സന്ദര്‍ശിക്കുകയും പതിനായിരം രൂപ ശ്യാം ലാലിന് പാരിതോഷികമായി നല്‍കുകയും ചെയ്തു. വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് കൊരിയ ജില്ല കളക്ടര്‍ നരേന്ദ്ര ദുഗ്ഗലും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ശ്യാം ലാല്‍ പറയുന്നു. ശ്യാം ലാലിന്റെ നേട്ടം അപൂര്‍വമാണെന്നും ഗ്രാമം സന്ദര്‍ശിച്ച് ശ്യാം ലാലിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ജില്ല കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍