UPDATES

പോസിറ്റീവ് സ്റ്റോറീസ്

അരുണാചലം മുരുകാനന്ദത്തിന്റെ നാപ്കിന്‍ വിപ്ലവം

അരുണാചലത്തിന്റെ സ്റ്റാര്‍ട്ട് അപ്പുകള്‍ 75,000 രൂപയ്ക്ക് മെഷിനുകള്‍ വില്‍ക്കുന്നു. ഇതിനായി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് ബാങ്ക് ലോണുകള്‍ ലഭ്യമാക്കുന്നു. വനിതാസംഘനകളുടേയും എന്‍ജിഒകളുടേയും സഹായം ഇവര്‍ക്ക് കിട്ടുന്നുണ്ട്. ഉല്‍പ്പാദനം, വിപണനം, വില്‍പ്പന എല്ലാം സ്ത്രീകള്‍ തന്നെയാണ് ചെയ്യുന്നത്.

കാമവെറിയനായാണ് അരുണാചലം മുരുഗാനന്ദം അറിയപ്പെടുന്നത്. 2014ല്‍ ടൈംസ് മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 പേരില്‍ ഒരാളായി അരുണാചലത്തെ തിരഞ്ഞെടുത്തിരുന്നു. യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആമസോണ്‍ തലവന്‍ ജെഫ് ബിസോസുമെല്ലാം ഉള്‍പ്പെട്ട പട്ടികയിലായിരുന്നു ഇത്. 2016ല്‍ പദ്മശ്രീ നേടി. ഇന്ത്യയുടെ ആര്‍ത്തവ പുരുഷന്‍ എന്ന് തമിഴ്നാട് സ്വദേശിയായ അരുണാചലം അറിയപ്പെടുന്നു. ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് അരുണാചലം പ്രവൃത്തിയിലൂടെ ബോദ്ധ്യപ്പെടുത്തി.

മാര്‍ക്കറ്റ് റിസര്‍ച്ച് ഗ്രൂപ്പായ എസി നീല്‍സന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ആര്‍ത്തവമുള്ള 35.5 കോടി സ്ത്രീകളില്‍ 12 ശതമാനം പേര്‍ മാത്രമേ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നുള്ളൂ. ബാക്കി 88 ശതമാനം പേരും വൃത്തിയില്ലാത്ത തുണികളും മറ്റുമാണ് ഉപയോഗിക്കുന്നത്. 70 ശതമാനം സ്ത്രീകള്‍ക്കും കാര്യമായ അണുബാധയുണ്ടാകുന്നുണ്ട്. സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ പണമില്ലാത്തത് തന്നെയാണ് പ്രശ്‌നം. ആര്‍ത്തവകാലത്തെ തന്റെ ഭാര്യയുടെ ബുദ്ധിമുട്ട് കണ്ടാണ് അരുണാചലം ഇത്തരമൊരു കാര്യത്തെ പറ്റി ആലോചിക്കുന്നത്.

സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അരുണാചലം ഒരു വെല്‍ഡിംഗ് ഷോപ്പില്‍ സഹായിയായി നില്‍ക്കുകയായിരുന്നു. ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ ശേഖരിച്ച് മൃഗങ്ങളുടെ ചോര വച്ച് പരിശോധിച്ച് നോക്കി. പിന്നീട് ഇതിന്റെ മാതൃകയില്‍ നാപ്കിനുകള്‍ നിര്‍മ്മിച്ചു. സഹോദരിമാരോട് ധരിച്ച് പരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അരുണാചലത്തിന്റെ നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ച് ആദ്യം അയാളുടെ ഭാര്യയും പിന്നീട് അമ്മയും വീട് വിട്ടു. അയല്‍ക്കാരും നാട്ടുകാരും അരുണാചലത്തെ ഒറ്റപ്പെടുത്തി. പക്ഷെ തന്റെ ഉദ്യമത്തില്‍ നിന്ന് അയാള്‍ പിന്മാറിയില്ല. ആറ് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും അവഗണനകള്‍ക്കും അവജ്ഞകള്‍ക്കും ഇടയില്‍ പോരാടി നിന്ന അരുണാചലം അവസാനം തന്റെ പദ്ധതിയില്‍ വിജയം കണ്ടു. 2006ല്‍ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ ഗ്രാസ്‌റൂട്ട്‌സ് ടെക്‌നോളജിക്കല്‍ ഇന്നവേഷന്‍ അവാര്‍ഡ് അരുണാചലത്തെ തേടിയെത്തി. അരുണാചലം മുരുകാനന്ദത്തിന്റെ നാപ്കിന്‍ വിപ്ലവത്തെ രണ്ടാം ഇന്ത്യന്‍ ധവള വിപ്ലവം എന്ന് വിളിക്കുന്നവരുണ്ട്.

അരുണാചലത്തിന്റെ സ്റ്റാര്‍ട്ട് അപ്പുകള്‍ 75,000 രൂപയ്ക്ക് മെഷിനുകള്‍ വില്‍ക്കുന്നു. ഇതിനായി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് ബാങ്ക് ലോണുകള്‍ ലഭ്യമാക്കുന്നു. വനിതാസംഘനകളുടേയും എന്‍ജിഒകളുടേയും സഹായം ഇവര്‍ക്ക് കിട്ടുന്നുണ്ട്. ഉല്‍പ്പാദനം, വിപണനം, വില്‍പ്പന എല്ലാം സ്ത്രീകള്‍ തന്നെയാണ് ചെയ്യുന്നത്. എട്ട് സാനിറ്റി പാഡുകളുടെ പാക്കറ്റിന് 10 രൂപയോളമാണ് നിര്‍മ്മാണച്ചിലവ് വരുന്നത്. മറ്റ് കമ്പനികളുടെ പാഡുകള്‍ക്ക് തുല്യമായ നിലവാരം ഇവയ്ക്കുണ്ടെന്നാണ് സ്ത്രീകളുടെ വിലയിരുത്തല്‍. ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവസമയത്ത് സാനിറ്ററി പാഡ് ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അരുണാചലം പറയുന്നു. സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി ഗ്രാമങ്ങളില്‍ 10 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ അരുണാചലത്തിന് കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍