UPDATES

പോസിറ്റീവ് സ്റ്റോറീസ്

പണമില്ലാത്തതുകൊണ്ട് ഇനിയാരും പട്ടിണി കിടക്കേണ്ട; സിപിഎമ്മിന്റെ ജനകീയ ഭക്ഷണശാലയിലേക്ക് സ്വാഗതം

ആലപ്പുഴ- ചേര്‍ത്തല ദേശീയപാതയിലെ പാതിരപ്പള്ളിയിലാണ് ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്

പണമില്ല എന്ന ഒറ്റക്കാരണത്താല്‍ ഇനി ആരും പട്ടിണി കിടക്കേണ്ടി വരില്ല! ആലപ്പുഴ- ചേര്‍ത്തല ദേശീയപാതയിലെ ജനകീയ ഭക്ഷണശാലയിലേക്ക് ആര്‍ക്കും വരാം. വയറു നിറയെ ഭക്ഷണം കഴിക്കാം. എല്ലാ ഹോട്ടലുകളിലും ഭക്ഷണ ശേഷം നിങ്ങളെ കാത്തിരിക്കുന്ന ബില്ലും ക്യാഷ് കൗണ്ടറും ഇവിടെയുണ്ടാവില്ല. എന്തെങ്കിലും കൊടുക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഹോട്ടലില്‍ സൂക്ഷിച്ചിരിക്കുന്ന പണപ്പെട്ടിയില്‍ അവര്‍ക്കിഷ്ടമുള്ള തുക നിക്ഷേപിക്കാം. എത്രയെന്ന് ആരും ചോദിക്കില്ല, കുറഞ്ഞ് പോയെന്ന് പറയുകയുമില്ല.

കയ്യില്‍ പണമില്ലെന്ന് കരുതി ആരും പട്ടിണി കിടക്കരുത്; ഇതാണ് ആലപ്പുഴയിലെ സിപിഎമ്മിന്റെ നിലപാട്. വിശപ്പടക്കാനായി അരി മോഷ്ടിച്ച മധുവിനെ തല്ലിക്കൊല്ലുന്ന നാട്ടില്‍ ഇനി വിശന്ന് വലയുന്നവരേ വേണ്ടെന്നാണ് സിപിഎം പറയുന്നത്. പക്ഷെ വെറും പറച്ചില്‍ മാത്രമല്ല, വിശപ്പുരഹിത ഗ്രാമം പദ്ധതിയും അതിന് പിന്നാലെ ഇപ്പോള്‍ ജനകീയ ഭക്ഷണ ശാലയും തുടങ്ങി അവര്‍ അത് പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്.

ദേശീയപാതയോരത്ത് പാതിരപ്പള്ളിയിലാണ് ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. രാവിലെ ഇഡ്‌ഡലി, ദോശ, പുട്ട്, ഉച്ചയ്ക്ക് മീന്‍കറിയും പച്ചക്കറിയും അടക്കം നാലോ അഞ്ചോ കൂട്ടം കറികള്‍ കൂട്ടിയുള്ള ഊണ്, രാത്രിയില്‍ ചൂട് കഞ്ഞി-ഇതായിരിക്കും ഇവിടെ വിളമ്പുന്ന ഭക്ഷണങ്ങള്‍; പൂര്‍ണമായും സൗജന്യമായി ഇത് ലഭ്യമാവുകയും ചെയ്യും.

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ജീവതാളം പാലിയേറ്റീവ് കെയറിന് കീഴിലുള്ള സ്‌നേഹജാലകം യൂണിറ്റാണ് ജനകീയ ഭക്ഷണ ശാല ഒരുക്കിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ‘വിശപ്പുരഹിത ഗ്രാമം’ പദ്ധതിക്ക് തുടക്കമിട്ടതും സ്‌നേഹജാലകമാണ്. പിന്നീട് ജീവതാളത്തിന് കീഴിലുള്ള കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് അതിന്റെ നടത്തിപ്പ് ഏറ്റെടുത്തു.

“വിശപ്പുരഹിത ഗ്രാമം പദ്ധതിയുടെ എക്സ്റ്റന്‍ഷന്‍ തന്നെയാണ് ജനകീയ ഭക്ഷണശാല. സിപിഎമ്മിന്റെ ജീവതാളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സംവിധാനത്തിന് കീഴില്‍ ഒമ്പത് പാലിയേറ്റീവ് സൊസൈറ്റികളുണ്ട്. അതില്‍ പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് സൊസൈറ്റിയുടെ കീഴിലാണ് ‘വിശപ്പു രഹിത ഗ്രാമം’ നടക്കുന്നത്. മറ്റൊരു സൊസൈറ്റിയായ സ്‌നേഹജാലകം ആണ് ജനകീയ ഭക്ഷണശാല തുടങ്ങിയത്. പ്രദേശത്തെ വീടുകളിലെ ആഘോഷങ്ങളിലും ഓര്‍മ്മദിനങ്ങളും ലഭിക്കുന്ന സംഭാവന വഴി ഭക്ഷണം സമാഹരിച്ച് ഭക്ഷണശാലയിലെ ദൈനംദിന കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവും. സര്‍ക്കാരിന്റെ ധനസഹായം ഒന്നും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ‘വിശപ്പ് രഹിത കേരളം പദ്ധതി’ ഞങ്ങളുടെ പദ്ധതിയെ മാതൃകയാക്കിയാണ്. ഇത് ആദ്യത്തെ സംരംഭമാണ്. ഇനി വളവനാട്, മണ്ണഞ്ചേരി, കോമളപുരം എന്നിവിടങ്ങളിലും ഭക്ഷണശാലകള്‍ ആരംഭിക്കും.” ജീവതാളം ഏരിയാ കണ്‍വീനറായ ആര്‍. റിയാസ് ജനകീയ ഭക്ഷണശാലയെക്കുറിച്ച് പറയുന്നു.

“വിശപ്പ് രഹിത ഗ്രാമം’ പദ്ധതി ഇപ്പോള്‍ നാല് പഞ്ചായത്തുകളിലാണ് നടത്തുന്നത്. മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ എണ്‍പത് വാര്‍ഡുകളിലായി നാനൂറ് പേര്‍ക്കുള്ള ഭക്ഷണമാണ് പദ്ധതി പ്രകാരം വീടുകളിലെത്തിച്ച് നല്‍കുന്നത്. അസുഖം മൂലം കിടപ്പിലായവര്‍, മാനസികാസ്വാസ്ഥ്യമനുഭവിക്കുന്നവര്‍, ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍, ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍, ഇതിലുപരിയായി ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളയാളുകള്‍ എന്നിവര്‍ക്ക് വീടുകളില്‍ ഭക്ഷണമെത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്. ഈ പദ്ധതി വിജയകരമായി നടപ്പിലായപ്പോഴാണ് ആര്‍ക്കും വന്ന് ഭക്ഷണം കഴിക്കാവുന്ന ഒരു കേന്ദ്രം തുടങ്ങുന്നതിനെക്കുറിച്ച് ജീവതാളം പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. അങ്ങനെയാണ് ആവശ്യത്തിനനുസരിച്ച് കഴിക്കുക, കഴിവിനനുസരിച്ച് നല്‍കുക എന്ന ആശയവുമായി ഭക്ഷണശാല ആരംഭിക്കുന്നത്“.

സ്‌നേഹജാലകം ഏരിയാ കണ്‍വീനര്‍ ടി.ജെ. ബിനുമോന്‍ പറയുന്നു; “നാട്ടില്‍ വിശപ്പുള്ളവരും പട്ടിണികിടക്കുന്നവരും ഉണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് ഞങ്ങള്‍ അവരുടെ വീടുകളില്‍ ഭക്ഷണമെത്തിച്ചുകൊടുക്കാന്‍ തുടങ്ങിയത്. അത് നടന്നുവരുന്നതിനിടെയാണ് ചെലവ് കുറഞ്ഞ ഭക്ഷണം ആളുകള്‍ക്ക് കൊടുക്കണമെന്ന ചിന്ത വരുന്നത്. ജിഎസ്ടിയും മറ്റുമൊക്കെ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലവര്‍ധിച്ചപ്പോള്‍ തൊഴിലാളികളടക്കം പലരും ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണത്തിന്റെ കാര്യത്തില്‍ പണം ഒരു വിഷയമാവരുത്, പണമില്ലാതെയും ഭക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്ന തോന്നലില്‍ നിന്നാണ് ജനകീയ ഭക്ഷണശാലയിലേക്കെത്തിയത്. ആളുകളില്‍ നിന്നും വലിയ സഹകരണവുമാണ്. ഇതിനകം 10 വാര്‍ഡുകളില്‍ നിന്നായി 22,76,000 രൂപയ്ക്കുള്ള ഭക്ഷണ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 1576 പേരില്‍ നിന്നായി സന്നദ്ധ ഫോറം മന്ത്രി തോമസ് ഐസക് ഒപ്പിട്ടുവാങ്ങിയിട്ടുമുണ്ട്.”

രണ്ട് നിലകളിലായാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ കഴിയുന്ന സ്റ്റീം കിച്ചനാണ് താഴെ നിലയില്‍. മുകള്‍ നിലയിലാണ് ഭക്ഷണം കഴിക്കാനുള്ള ഇടം. ഭക്ഷണം മുകളിലെത്തിക്കാനുള്ള ലിഫ്റ്റും ഒരുക്കിയിട്ടുണ്ട്. ഭക്ഷണശാലയിലേക്കാവശ്യമായ പച്ചക്കറി കണ്ടെത്തുന്നതിന് ജൈവ പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണശാലയോട് ചേര്‍ന്നുള്ള സജീവിന്റെ രണ്ടരയേക്കര്‍ സ്ഥലത്താണ് ഹോട്ടലിലേക്കാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്.

അഴിമുഖം ഇംപാക്ട്: കഞ്ഞിക്കുഴി ബ്രാന്‍ഡ് തിരിച്ചു പിടിക്കാന്‍ പഞ്ചായത്ത്; പുറം പച്ചക്കറികളെ തുരത്തും

ഇത് ഒരു മനോജിന്റെ മാത്രം കഥയല്ല; അടാട്ട് എന്ന നാട് വിസ്മയമാകുന്നതിനെയും കുറിച്ചാണ്

വരമ്പത്തല്ല, പാടത്ത്

സര്‍ക്കാര്‍ കാണാത്തതും സി പി ഐ എം കണ്ടതും; ഓണത്തിരക്കിനിടയില്‍ ചില ശുഭസൂചനകള്‍

മായമില്ല, കൊടുംവിഷങ്ങളില്ല; കാസര്‍ഗോഡ് കൊന്നക്കാട്ട് ഗ്രാമീണ വിപ്ലവം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍