ജാതിയോ മതമോ രാഷ്ട്രീയമോ മാനദണ്ഡമാക്കിയില്ല; പ്രമാണം രജിസ്റ്റര്‍ ചെയ്തത് സ്ത്രീകളുടെ പേരില്‍
ഗുരുതര രോഗബാധിതനായ ശ്യാമിന് തലചായ്ക്കാന്‍ സ്വന്തമായി ഒരു വീടോ ഒരു തുണ്ടു ഭൂമിയോ ഉണ്ടായിരുന്നില്ല. കിഡ്‌നി രോഗത്തോട് മല്ലിട്ടുകൊണ്ട് ലോട്ടറി വില്‍പന വഴി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ശ്യാമിന് രണ്ടു പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന്റെ ഭാവിയെക്കരുതി ഇനി ആശങ്കപ്പെടേണ്ടിവരില്ല. സ്വന്തമായി ഒരു വീടിനു വേണ്ടി കൊതിച്ചിരുന്ന ശ്യാമടക്കം ഇരുപതു പേര്‍ക്കായി കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ഒരുങ്ങുന്നത് വീടു മാത്രമല്ല, ഒരു പുതിയ ഗ്രാമം തന്നെയാണ്. അതിനു പിന്നിലുള്ളതാകട്ടെ, ഒരു പൊതുപ്രവര്‍ത്തകന്റെ പരിശ്രമവും നിസ്വാര്‍ത്ഥതയും.
പാരമ്പര്യ സ്വത്തായി ലഭിച്ച ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ചുകൊടുത്തിരിക്കുകയാണ് അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ നിയാസ് ചിതറ. കരുനാഗപ്പള്ളിയിലെ ചിതറയിലുള്ള നിയാസിന്റെ ഒരേക്കര്‍ പത്തു സെന്റ് ഭൂമി ഇനി ഭൂരഹിതര്‍ക്കായുള്ള സ്വയം പര്യാപ്ത ഗ്രാമമാണ്. ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കിടെ വീടെന്നത് ഒരു സ്വപ്‌നം മാത്രമായിപ്പോയ ഇരുപതു പേര്‍ ഇവിടെയാണിനി താമസിക്കുക. നാലു സെന്റ് വീതമാണ് നിയാസ് ഓരോ കുടുംബത്തിനും രജിസ്റ്റര്‍ ചെയ്തു നല്‍കിയിരിക്കുന്നത്. എണ്‍പതു സെന്റ് വീടുകള്‍ക്കായി മാറ്റിവച്ചതിനു ശേഷം ബാക്കിയുള്ള ഭൂമിയില്‍ ഇവര്‍ക്കാവശ്യമായ പൊതുഇടങ്ങള്‍ ഒരുങ്ങും.
നാലു മക്കള്‍ക്കായി മാതാപിതാക്കള്‍ തുല്യമായി ഭാഗിച്ചു നല്‍കിയ പാരമ്പര്യ സ്വത്തിനു പുറമേ, ഹജ്ജ് കര്‍മമനുഷ്ഠിക്കാന്‍ പോകുന്നതിനു മുന്നോടിയായി ഉമ്മ തനിക്കു നല്‍കിയ ഭൂമിയാണിതെന്നും, സഹോദരങ്ങള്‍ക്കുള്ളതിനേക്കാള്‍ അധികമായി കിട്ടിയ ഈ സ്ഥലം മറ്റെന്തെങ്കിലും വിഷയത്തിനായി ഉപയോഗപ്പെടുത്തണമെന്ന ചിന്ത തനിക്ക് നേരത്തേ ഉണ്ടായിരുന്നതായും നിയാസ് പറയുന്നു. ആ ചിന്ത ഒരു വലിയ പദ്ധതിയായി മാറിയതിനെക്കുറിച്ച് നിയാസിന് പറയനുള്ളതിതാണ്:
‘പഞ്ചായത്ത് ഓഫീസില്‍ ഒരാവശ്യത്തിനു പോയപ്പോഴാണ് അവിടെ മാനസിക വെല്ലുവിളി നേരിടുന്ന ഒരു കൊച്ചു പയ്യനെ കാണുന്നത്. വല്ലാതെ ബഹളമൊക്കെ വയ്ക്കുന്നു. അല്‍പം പ്രായമുള്ളൊരു സ്ത്രീയാണ് കൂടെയുള്ളത്. അവര്‍ക്കീ പയ്യനെ നിയന്ത്രിക്കാനും പറ്റുന്നില്ല. കുട്ടിയുടെ അമ്മ എവിടെ എന്നു ചോദിച്ചപ്പോള്‍, ഇവന്‍ ഇങ്ങനെയായതുകൊണ്ട് അമ്മ ഉപേക്ഷിച്ചുപോയി എന്ന് മറുപടി കിട്ടി. അച്ഛനാകട്ടെ അപകടത്തില്‍പ്പെട്ട് ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലും. ആകെയുള്ള സ്ഥലം കുട്ടിയുടെ ചികിത്സയ്ക്കായി ചെലവഴിച്ചു. ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. വല്ലാത്ത അവസ്ഥയല്ലേ അത്. അപ്പോഴാണ് ഞാന്‍ പഴയ ആലോചനയിലേക്ക് വീണ്ടുമെത്തിയതും എന്റെ സ്ഥലത്തിലൊരു ഭാഗം ഇവര്‍ക്കായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതും.’
25 കിലോമീറ്റര്‍ ദൂരെയുള്ള തന്റെ സ്ഥലത്ത് വീടു വച്ചു തന്നാല്‍ താമസിക്കാന്‍ തയ്യാറാണോ എന്ന നിയാസിന്റെ ചോദ്യത്തോട് ‘തലചായ്ക്കാന്‍ ഒരിടം കിട്ടിയാല്‍ മതി’ എന്ന് അവര്‍ പറഞ്ഞതോടെ, ഇന്നേവരെ കേട്ടു കേള്‍വി പോലുമില്ലാത്ത ഒരു ഭവനപദ്ധതിക്കാണ് തുടക്കമായത്. സ്ഥലമിരിക്കുന്നയിടത്തെ രണ്ടു വില്ലേജുകളില്‍ നിന്നായാണ് നിയാസ് ഒറ്റയ്ക്ക് ബാക്കിയുള്ള 19 പേരെയും കണ്ടെടുത്തത്. വില്ലേജോഫീസില്‍ നിന്നും ഭൂരഹിതരുടെ പട്ടിക എടുത്തതിനു ശേഷം ഓരോരുത്തരേയും പ്രത്യേകം പോസ്റ്റ് കാര്‍ഡിട്ട് വിളിച്ചു വരുത്തുകയായിരുന്നു ആദ്യ ഘട്ടം. എല്ലാവരോടും വ്യക്തിപരമായി സംസാരിച്ച് ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ഏറ്റവും അത്യാവശ്യക്കാരുടെ ഒരു ചുരുക്കപ്പട്ടികയുണ്ടാക്കി നിയാസ്.
അതിനു ശേഷം, തെരഞ്ഞെടുക്കപ്പെട്ടവരുടെ വീടുകളില്‍ നേരിട്ടു പോയി ജീവിതസാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ് 19 പേരെ കണ്ടെത്തുന്നത്. ഇതെല്ലാം തനിച്ചു തന്നെയാണ് ചെയ്തതെന്നും തന്റെ സംഘടനയുടേയോ മറ്റേതെങ്കിലും ഏജന്‍സിയുടേയോ ബാനറിലല്ല താനിതു ചെയ്യുന്നതെന്നും നിയാസ് വിശദീകരിക്കുന്നുണ്ട്. എങ്കിലും, ശേഷമുള്ള കാര്യങ്ങള്‍ തനിക്ക് ഒറ്റയ്ക്കു ചെയ്യാന്‍ സാധിക്കില്ലന്ന തിരിച്ചറിവില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രൂപീകരണവും നിയാസ് ലക്ഷ്യമിടുന്നുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിക്കുന്ന കാര്യം ഓരോ പ്രമാണത്തിലും ഉപാധിയായി വച്ചിട്ടുമുണ്ട്.
ഇരുപതു വീടുകളും, അവയ്ക്കുള്ള വെള്ളവും വൈദ്യുതിയുമടക്കമുള്ള സൗകര്യങ്ങളും ചേര്‍ത്തുള്ളതാണ് നിയാസിന്റെ പദ്ധതി. ഏറ്റക്കുറച്ചിലുകളില്ലാതെ പൊതുരൂപത്തിലുള്ള ചെലവു കുറഞ്ഞ വീടുകളാണ് ഭൂരഹിതര്‍ക്കായി ഇവിടെ പണിയാന്‍ പോകുന്നത്. ഓരോ വീടിനും അഞ്ചു ലക്ഷം രൂപ വീതം ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ ആദ്യത്തെ വീട് പഞ്ചായത്ത് ഏറ്റെടുത്തിട്ടുമുണ്ട്. തന്നെ ഈ പദ്ധതിയിലേക്കെത്തിച്ച മാനസിക വെല്ലുവിളി നേരിടുന്ന ബാലന്റെ വീട് നിയാസ് നേരിട്ടു തന്നെ നിര്‍മിച്ചു നല്‍കും. മറ്റു വീടുകള്‍ക്കുള്ള ചെലവ് ഏറ്റെടുക്കാന്‍ സന്നദ്ധരായവര്‍ മുന്നോട്ടു വരുമെന്നും തന്റെ ഉദ്യമത്തില്‍ പങ്കാളികളാകുമെന്നുമാണ് നിയാസിന്റെ പ്രതീക്ഷ.
സ്വയം പര്യാപ്തമായ നിയാസിന്റെ ‘ഗാന്ധി ഗ്രാമ’ത്തിന്റെ രൂപരേഖയില്‍ ഒരു പൊതു പ്രാര്‍ത്ഥനാലയവും റീഡിംഗ് റൂമും അംഗന്‍വാടിയുമെല്ലാമുണ്ട്. മഴവെള്ള സംഭരണി, പച്ചക്കറിത്തോട്ടം, സോളാര്‍ പ്ലാന്റുകള്‍ എന്നിവയടക്കം സ്ഥാപിച്ച് സമ്പൂര്‍ണ പര്യാപ്തത നേടുക എന്നതാണ് ഗ്രാമത്തിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്. തങ്ങളുടെ ജീവിതപരിസരവും തൊഴില്‍പരിസരവും വിട്ടെത്തുന്നവര്‍ക്കായി ചെറുകിട തൊഴില്‍ യൂണിറ്റുകളും ഗ്രാമത്തിലുണ്ടാകും. ഒരേക്കര്‍ പത്തു സെന്റുള്ള ഭൂമിയില്‍ നാലു സെന്റ് വീതം ഇരുപതു പേര്‍ക്കു നല്‍കിക്കഴിഞ്ഞ ശേഷമുള്ള സ്ഥലമെല്ലാം ഇത്തരം ആവശ്യങ്ങള്‍ക്കായാണ് വിനിയോഗിക്കുക.
ഇത്രയേറെ ഗഹനമായ പദ്ധതികള്‍ തനിച്ച് ആവിഷ്‌കരിച്ചു കഴിഞ്ഞെങ്കിലും, സമാനമായി സഹായങ്ങളെത്തിക്കാന്‍ താല്‍പര്യപ്പെടുന്നവരില്ലാതെ ഇരുപതു പേര്‍ക്കുള്ള വീടുകളൊരുങ്ങില്ലെന്നും നിയാസ് പറയുന്നുണ്ട്. ‘ഒരു തരത്തിലുള്ള പിരിവും ഇതിന്റെ പേരില്‍ ആരും നടത്തുന്നില്ല. വാര്‍ത്തയൊക്കെ കണ്ട് മറ്റു വീടുകളുടെ ചെലവെടുക്കാന്‍ ആരെങ്കിലുമെത്തും എന്നു തന്നെയാണ് പ്രതീക്ഷ. മേല്‍നോട്ടം വഹിക്കാനൊക്കെ നമ്മളുണ്ടാകും. ആദ്യമൊക്കെ വലിയ ആശങ്കയുണ്ടായിരുന്നു, വീട്ടുകാര്‍ എങ്ങനെയെടുക്കുമെന്ന് അറിയില്ലല്ലോ. എന്നെ വട്ടനാക്കുമോ എന്നൊക്കെ ഭയന്നു. സ്‌കൂള്‍ കാലം മുതല്‍ക്കേ സംഘടനാ പ്രവര്‍ത്തനമൊക്കെ നടത്തിവരുന്ന ആ ധൈര്യത്തില്‍ അങ്ങിറങ്ങിയതാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷവും പിന്തുണയുമാണ്. ജനുവരി അവസാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീടുകള്‍ ഉദ്ഘാടനം ചെയ്യും. പ്രമാണ വിതരണവും അന്നു തന്നെ ചടങ്ങില്‍ വച്ച് നടത്തും. അതു രഹസ്യമായി നടത്തേണ്ടതല്ല എന്നാണ് എനിക്കു തോന്നുന്നത്. ഇതറിഞ്ഞ് കൂടുതല്‍ പേര്‍ മുന്നോട്ടു വന്നാല്‍ ഭൂരഹിതര്‍ക്കു തന്നെയല്ലേ ഗുണം’
25 വീടുകള്‍ക്കായിരുന്നു ആദ്യം സ്ഥലം കണ്ടിരുന്നതെങ്കിലും, ബഡ്‌സ് സ്‌കൂളിനായി പഞ്ചായത്ത് സ്ഥലം ചോദിച്ചിട്ടുള്ളതിനാല്‍ തല്‍ക്കാലത്തേക്ക് ഇരുപതിലൊതുക്കിയിരിക്കുകയാണ്. എങ്കിലും, അത്രയധികം ബുദ്ധിമുട്ടുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ വീടിനു തന്നെയാകും ആദ്യ പരിഗണനയെന്നും അദ്ദേഹം പറയുന്നു. രോഗബാധിതനായ ശ്യാമിനെപ്പോലെ കഷ്ടതയനുഭവിക്കുന്നവരാണ് നിയാസിന്റെ ഗാന്ധി ഗ്രാമത്തില്‍ ഇടം നേടിയിട്ടുള്ളവരെല്ലാം. മാതാപിതാക്കള്‍ മരിച്ചുപോയ കുട്ടികളും, വിധവകളും, മക്കളെ വിവാഹം കഴിപ്പിച്ചയച്ച ശേഷം വാടകവീടുകളില്‍ ഒറ്റയ്ക്കായിപ്പോയ വയോധികരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ജാതിയോ മതമോ രാഷ്ട്രീയമോ തനിക്ക് മാനദണ്ഡമായിട്ടില്ലെന്നും നിയാസ് വ്യക്തമാക്കുന്നു.
ചിതറ, മാങ്കോട്, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നിയാസിന്റെ സ്വപ്‌ന ഗ്രാമത്തിലെത്തിയിരിക്കുന്നത്. ഗാന്ധിഗ്രാമില്‍ വീടു വയ്ക്കുന്ന കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കിയപ്പോള്‍ പക്ഷേ, ഒരു ഉടമ്പടി നിയാസ് മുന്നോട്ടു വച്ചിരുന്നു. കുടുംബത്തിലെ സ്ത്രീകളില്‍ ഒരാളുടെ പേരിലാണ് പ്രമാണം രജിസ്റ്റര്‍ ചെയ്യുക എന്ന ആ നിര്‍ബന്ധം എന്തുകൊണ്ടാണെന്നും നിയാസ് തന്നെ വിശദീകരിക്കുന്നുണ്ട്. ‘വീടുകളില്‍ ഇവരുടെ ഭര്‍ത്താക്കന്മാരെല്ലാം എത്തരക്കാരാണെന്ന് പറയാന്‍ സാധിക്കില്ലല്ലോ. അവര്‍ കുഴപ്പക്കാരാണെങ്കിലോ? വീട്ടിലെ സ്ത്രീകളുടെ പേരില്‍ ഭൂമി നല്‍കിയാല്‍ അത് കൂടുതല്‍ സഹായമാണെന്നു മാത്രമല്ല, വീടു നോക്കുന്ന സ്ത്രീകള്‍ക്ക് ആ വീട്ടില്‍ അധികാരം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണത്.’
ഗാന്ധിജി വിഭാവനം ചെയ്ത സ്വയം പര്യാപ്ത ഗ്രാമമാണ് നിയാസ് ചിതറയില്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത്. സ്ഥലമൊരുക്കാനും വീടുകള്‍ക്കുള്ള ധനസഹായം പഞ്ചായത്തില്‍ നിന്നും മറ്റും കണ്ടെത്താനും, പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കുമായി പൊതു പ്രവര്‍ത്തനത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ നിയാസ് ചിതറ. വീടു കെട്ടാന്‍ പാകത്തില്‍ സ്ഥലം മണ്ണിട്ടു നിരപ്പാക്കുക, ഗാന്ധിഗ്രാമത്തിലെ വീടുകള്‍ക്കെല്ലാം ജലസ്രോതസ്സ് കണ്ടെത്തുക, കൂടുതല്‍ ആവശ്യക്കാരെ തേടി കണ്ടെത്തുക എന്നതടക്കമുള്ള തിരക്കുകളിലാണ് നിയാസിപ്പോള്‍.